മറക്കരുത് ഇന്ത്യാ,  ഈ ജീവബലി!

Published : Jun 13, 2017, 11:33 AM ISTUpdated : Oct 05, 2018, 01:11 AM IST
മറക്കരുത് ഇന്ത്യാ,  ഈ ജീവബലി!

Synopsis

ഒരുമാസം മുമ്പ് ഞെട്ടിക്കുന്ന ഒരു ലക്കമിറക്കി തെഹല്‍ക്ക. ഏറെ നാളിന്റെ ഇടവേളക്കു ശേഷമാണ് ഇത്രയേറെ 'തെഹല്‍കത്തം' നിറഞ്ഞ പതിപ്പ് തേജ്പാലിന്റെ അച്ചുകൂടത്തില്‍ നിന്നിറങ്ങുന്നത്. മാവോയിസ്റ്റുകളുടെ ആയുധപ്പുരയെന്ന് ഭരണകൂടവും പട്ടാളവും നമ്മളോടു പറഞ്ഞു തന്നിരുന്ന ഛത്തീസ്ഗഢിലെ ഒരു ദേശത്തിന്റെ കഥയായിരുന്നു അത്. ഗോണ്ഡി ഭാഷയില്‍ 'അറിയാ കുന്നുകള്‍' എന്നര്‍ഥം വരുന്ന  അബുജ്മാഢ് എന്ന നാടിനെക്കുറിച്ച് ഭരണകൂടം പടച്ചു വിട്ടിരുന്ന പേടിപ്പിക്കലുകളും  സര്‍ക്കാര്‍ വിലാസം പത്രക്കാര്‍ അടിച്ചുവിട്ടിരുന്ന പ്രേതകഥകളും മാത്രമായിരുന്നു നമുക്ക് മുന്നിലുണ്ടായിരുന്ന അപാരമായ അറിവ്. നേരത്തേ അറിഞ്ഞത് നേരോ എന്നറിയാന്‍ രണ്ട് യുവ പത്രപ്രവര്‍ത്തകര്‍ കാടും മേടും നിറഞ്ഞ,  മാവോവാദികളും മാനുകളും മൈനുകളും മേയുന്ന ആ ഭൂപ്രദേശത്തേക്ക് കടന്നു ചെല്ലാന്‍ കാണിച്ച ധീരതയായിരുന്നു നടേ പറഞ്ഞ തെഹല്‍ക്കാ പതിപ്പിന്റെ കാതല്‍  

മാഗസിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് കല്‍ക്കട്ടക്കാരി തുഷാ മിത്തലും ദില്ലിക്കാരന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് തരുണ്‍ സെറാവത്തുമായിരുന്നു ആ രണ്ടു പേര്‍. തുഷക്ക് പ്രായം 27, തരുണ്‍ ശരിക്കും തരുണന്‍ 22 വയസ്.  ക്യാമറകള്‍ക്കും നോട്ട് ബുക്കുകള്‍ക്കും പുറമെ  വെള്ളക്കുപ്പികളും കുറച്ച് ബിസ്‌ക്കറ്റും നൂഡില്‍സും സഞ്ചിയില്‍ പെറുക്കിയിട്ടായിരുന്നു അവരുടെ പുറപ്പാട്. കൊടും കാടകങ്ങളിലൂടെ കിലോമീറ്ററുകളോളം  നടന്ന് കണ്‍പാര്‍ത്തതെല്ലാം അവര്‍ വായനക്കാര്‍ക്കായി കരുതിവെച്ചു. എക്‌സ്‌ക്ലൂസീവ് എന്ന സീല്‍ പതിച്ച ആ തെഹല്‍ക്കാ ലക്കം ന്യൂസ് സ്റ്റാന്റുകളിലും നമ്മുടെ വായനാ മേശകളിലും എത്തിയ വിവരം പക്ഷെ അവരിരുവരും അറിഞ്ഞതേയില്ല. കടുത്ത പനി പിടിപെട്ട്  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു തുഷയും തരുണും.

തരുണ്‍ ശരിക്കും തരുണന്‍ 22 വയസ്.

ദരിദ്ര ഇന്ത്യയുടെ രക്തം
യാത്രയില്‍ കയ്യില്‍ കരുതിയ വെള്ളക്കുപ്പികള്‍ കാലിയായതോടെ കാലികള്‍ കുളിക്കുകയും മനുഷ്യര്‍ കുടിക്കുകയും ചെയ്യുന്ന ചോലകളില്‍ നിന്നുള്ള വെള്ളം മാത്രമായിരുന്നു അവര്‍ക്കാശ്രയം.  മലേറിയ പരത്തുന്ന കൊതുകുകള്‍ ഊഴം തിരിഞ്ഞു ചോരയൂറ്റുന്ന ചോലക്കാടുകളിലായിരുന്നു അവരുടെ ഉറക്കം. ഇരുവരുടെയും ആരോഗ്യത്തെ അത്രമേല്‍ അപകടത്തില്‍ തള്ളിയത് ഈ സാഹചര്യങ്ങളായിരുന്നു. വെള്ളം തിളപ്പിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ പല നിറത്തിലെ ഊറലുകള്‍ അടിയുന്ന  ഒരു ദ്രാവകമാണെത്രേ അവരുടെ പാത്രങ്ങളില്‍ തിളച്ചു മറിഞ്ഞത്. അക്ഷരാര്‍ഥത്തില്‍ ദരിദ്ര ഇന്ത്യയുടെ രക്തമാണത്. ഈ നഗര ശിശുക്കള്‍ ഒരാഴ്ച അനുഭവിച്ച  ദുരിതങ്ങള്‍ ഗ്രാമീണ ഇന്ത്യയുടെ മുക്കുമൂലകളിലും നഗരദരിദ്രരുടെ ജീവിതങ്ങളിലും പുതുമയേതുമില്ലാത്ത നിത്യയാഥാര്‍ത്യങ്ങള്‍. 

രണ്ടാഴ്ചത്തെ ചികില്‍സക്കൊടുവില്‍ താന്‍ ആരോഗ്യം വീണ്ടെടുത്തുവെന്നും തരുണിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും തുഷ അവരുടെ ഫെയ്‌സ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു. പക്ഷെ തരുണ്‍?

കടുത്ത പനിബാധയുമായാണ് അവന്‍ യാത്രകഴിഞ്ഞെത്തിയത്.  പരിശോധനയില്‍ അത് മലേറിയ എന്ന് കണ്ടത്തെി. പിന്നീടത് തലച്ചോറിനെ കീഴ്‌പ്പെടുത്തുന്ന ജ്വരമായി മാറി, ക്രമേണ കരളിനേയും വൃക്കകളേയും ബോധത്തെയും ഞെരിച്ചു കളഞ്ഞു, ആ വില്ലന്‍ പനി.  തരുണ്‍ സുഖം പ്രാപിക്കുന്നതായി തെഹല്‍ക്കയിലെ അവന്റെ കൂട്ടുകാര്‍ ഇടക്കൊരു സന്തോഷ വര്‍ത്തമാനം പറഞ്ഞു; ബോധം വീണെടുത്ത വേളയില്‍ അവന്‍ കാമറ ചോദിച്ച് കൈ നീട്ടിയെന്നും! 

ഒരാണ്ടു മുന്‍പ് അവരൊരുമിച്ച് ചെയ്ത ഒരു സ്‌റ്റോറിക്കു വേണ്ടി അവനെടുത്ത, മാഗസിനില്‍ അടിച്ചു വരാതെ പോയ മൊട്ടത്തലയന്‍ കുട്ടിയുടെ ചിത്രം കാണിച്ചാല്‍ അവന്‍ തിരിച്ചറിയുമെന്നും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും പ്രത്യാശയോടെ തുഷ ഫെയ്‌സ്ബുക്കിലെഴുതി. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുകയും ഊറ്റം കൊള്ളുകയും ചെയ്ത ചിത്രമായിരുന്നു അത്. ഒരാഴ്ചക്കകം തരുണ്‍ ആശുപത്രി വിടുമെന്ന് അവരെഴുതി. പൊടുന്നനെ കാര്യങ്ങളെല്ലാം വിപരീതമായി, ഇന്നലെ പുലര്‍ച്ചെ ജൂണിന്റെ മറ്റൊരു മഴച്ചിത്രമായി വിക്ടര്‍ ജോര്‍ജിനു പിന്നാലെ അവനും പോയി.

ബോധം വീണെടുത്ത വേളയില്‍ തരുണ്‍ കാമറ ചോദിച്ച് കൈ നീട്ടി

ആ മരണം ഓര്‍മ്മിപ്പിക്കുന്നത് 
രാജ്യത്തെ കുഞ്ഞുങ്ങളുടെ പഠനത്തിനും ആരോഗ്യത്തിനും വേണ്ടി ചിലവിടേണ്ട ഖജനാവിലെ പണം ആയുധകമ്പനികള്‍ക്ക് അച്ചാരം കൊടുക്കുകയും 35 ലക്ഷം മുടക്കി കക്കൂസു പണിയുകയും 230 കോടി മുടക്കി ഉലകം ചുറ്റുകയും ചെയ്യുന്ന വാലിബന്‍മാരുടെ നാട്ടില്‍ ഒരു കുടം കുടിവെള്ളം ശേഖരിക്കാന്‍  കിലോമീറ്ററുകള്‍ താണ്ടുന്ന മനുഷ്യരും ജീവിച്ചിരിപ്പുണ്ടെന്ന് അവന്‍ മരണം കൊണ്ട് നമ്മെ ഓര്‍മിപ്പിക്കുന്നു. ഒന്നാം പേജില്‍ പോയിട്ട് ചരമപ്പേജുകളുടെ കോണുകളില്‍ പോലും എത്താന്‍ യോഗ്യതയില്ലാത്ത പരമ ദയനീയമായ മരണങ്ങള്‍ ഓരോ നിമിഷവും ഈ നാട്ടില്‍ സംഭവിക്കുന്നുവെന്നും.

മകന്റെ ശരീരം വൈദ്യവിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു നല്‍കാന്‍ ഒരുക്കമായിരുന്നു രണ്‍ബീര്‍ സെറാവത്ത്. പക്ഷെ അച്ഛാ, താങ്കളുടെ മകനെ പഠന വിധേയമാക്കേണ്ടത് വൈദ്യശാസ്ത്രമല്ല, മറിച്ച് മാധ്യമ ലോകമാണ്. പോലീസ് ആസ്ഥാനത്തു നിന്ന്  കെട്ടിയുണ്ടാക്കിയ കഥകളും  സ്ഥാപിത താല്‍പര്യക്കാരുടെ വെബ്‌സൈറ്റുകളില്‍ കണ്ട കല്ലുവെച്ച നുണകളും നിറവും മസാലയും ചേര്‍ത്ത് വേവിച്ച് വാര്‍ത്തയാക്കി വിളമ്പുന്ന മാധ്യമ പണ്ഡിറ്റുകള്‍ വാഴുന്ന ലോകത്താണ് നേരിന്റെ ഉറവ തേടിപ്പോകാന്‍ വെറും 22 ആണ്ടുകളുടെ മാത്രം പരിചയമുള്ള ഈ വിസ്മയം മനസുകാണിച്ചത് എന്ന് മറക്കാനാവുന്നില്ല.

മൂടിവെക്കപ്പെട്ട നേരുകള്‍ പുറം ലോകത്തത്തെിക്കാന്‍ തെഹല്‍കാ വെബ്‌സൈറ്റും പിന്നീട് മാഗസിനും ആയുധമാക്കി  വര്‍ഷങ്ങളായി പൊരുതുന്ന തരുണ്‍ തേജ്പാല്‍ എന്ന പത്രാധിപരെ പോലും തരുണ്‍ സെറാവത്ത് എന്ന തുടക്കക്കാരനായ ഈ മാധ്യമപ്രവര്‍ത്തകന്‍ കടത്തിവെട്ടിയിരിക്കുന്നു. 

മൂടിവെക്കപ്പെട്ട വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യയെന്ന നേരിനെ പുറം ലോകത്തെ അറിയിക്കാന്‍ അവന്‍ ആയുധമാക്കിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. പകരം വെക്കാനാവാത്ത, ഈ ബലി പാഴാവാതിരിക്കട്ടെ!

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
മനുഷ്യത്വം മരവിച്ചോ? ഹൃദയാഘാതം വന്ന് റോഡിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ അപേക്ഷിച്ച് ഭാര്യ, നിർത്താതെ വാഹനങ്ങൾ; വീഡിയോ