തിന്നാന്‍ വേണ്ടി മനുഷ്യരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍, ജയില്‍മോചിതനായിട്ടും കൊല നടത്തി, ഇനി ജീവപര്യന്തം

By Web TeamFirst Published Mar 21, 2020, 3:25 PM IST
Highlights

മൃതദേഹങ്ങൾ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയും, വേവിച്ചത്തിന് ശേഷം ഭക്ഷണമായി കഴിക്കുകയും ചെയ്തു. ബാക്കി മൃതദേഹം അർഖാൻഗെൽസ്ക് മേഖലയിലെ ഒരു നദിയിലേക്ക് വലിച്ചെറിഞ്ഞു. 

'ദി സൈലൻസ് ഓഫ് ദി ലാംപ്‍സ്' എന്ന സിനിമ കണ്ടിട്ടുള്ള ആരും അതിലെ വില്ലനെ മറക്കാൻ സാധ്യതയില്ല. ഹാനിബാൾ ലെക്ടർ എന്ന ആ വില്ലൻ കുറ്റകൃത്യങ്ങളുടെ ഒരു കലവറയാണ്. ഒരു സീരിയൽ കില്ലർ എന്നതിലുമുപരി, അയാളെ കൂടുതൽ ഭീകരനാക്കുന്നത് അയാൾ ഒരു നരഭോജിയാണ് എന്നതാണ്. ഒരാളെ കൊല്ലുകയും, അത് ഭക്ഷിക്കുകയും ചെയ്യുക എന്നത് നമ്മിൽ ഭയം മാത്രമല്ല വെറുപ്പും ഉളവാക്കുന്ന ഒരു കാര്യമാണ്. ഇരുളടഞ്ഞ മനോവൈകല്യത്തിന്റെ ലക്ഷണമാണ് അത് എന്നതിൽ സംശയമില്ല. യഥാർത്ഥ ജീവിതത്തിൽ അത്തരം ഹാനിബാൾ ലെക്ടർമാര്‍ അങ്ങനെ കാണില്ല. എന്നാൽ, റഷ്യൻ മീറ്റ് പ്ലാന്‍റ് തൊഴിലാളിയായ എഡ്വേർഡ് സെലെസ്നെവ് എന്ന അമ്പത്തിയൊന്നുകാരൻ അത്തരത്തിലൊരു കൊലയാളിയാണ്. അയാൾക്ക് ആളുകളെ കൊല്ലുകയും, കൊന്ന ആളുകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നത് വല്ലാത്ത ലഹരിയാണ്.  

വടക്ക്-പടിഞ്ഞാറൻ റഷ്യൻ പ്രദേശമായ അർഖാൻഗെൽസ്‍ക് നഗരത്തിൽ താമസിക്കുന്ന അയാൾ തന്റെ മൂന്ന് സുഹൃത്തുക്കളെയാണ് ഈ രീതിയിൽ കൊലപ്പെടുത്തിയത്. മനുഷ്യരെ മാത്രമല്ല പൂച്ചകളെയും നായ്ക്കളെയും പക്ഷികളെയും അയാൾ കൊന്ന് ഭക്ഷിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അയാൾ ഓരോരുത്തരെയും കൊല്ലുന്നത് വിചിത്രമായ രീതിയിലായിരുന്നു. അയാൾ ആദ്യം അവരെ മദ്യം കൊടുത്തു മയക്കിക്കിടത്തും. മദ്യത്തിന്റെ ലഹരിയിൽ ബോധം കെട്ട് ഉറങ്ങുന്ന അവരുടെ നെഞ്ചിൽ അയാൾ കത്തി കുത്തിയിറക്കും. ആദ്യ ഇരയെയും അയാൾ കൊന്നത് നെഞ്ചിൽ കത്തി കുത്തിയിറക്കിയാണ്. കൊന്നശേഷം ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് പാകം ചെയ്‍ത് അയാൾ കഴിക്കുകയായിരുന്നു. മൃതദേഹങ്ങൾ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയും, വേവിച്ചതിന് ശേഷം ഭക്ഷണമായി കഴിക്കുകയും ചെയ്‍തു അയാള്‍. ബാക്കി മൃതദേഹം അർഖാൻഗെൽസ്‍ക് മേഖലയിലെ ഒരു നദിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീടുള്ള രണ്ടുപേരെയും അയാൾ ഈ വിധം കുത്തി മലർത്തി. അതിനുശേഷം ശരീരത്തിന്റെ ഒരു ഭാഗം കഴിച്ചശേഷം അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി തടാകത്തിലേക്ക് എറിയുകയായിരുന്നു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഈ ബാഗുകൾ കണ്ടെത്തിയിരുന്നു. അതിനകത്ത് മനുഷ്യ അസ്ഥികളോടൊപ്പം അയാൾ കഴിച്ച പൂച്ചയുടെയും, പട്ടിയുടെയും അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. 

കൊലപാതകം നടത്താൻ അയാളെ എന്താണ് പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് തന്റെ ശിരസ്സിൽ 'ചില ശബ്ദങ്ങൾ' കേൾക്കാറുണ്ടെന്നും, അത് പറഞ്ഞതനുസരിച്ചാണ് താൻ കൊലപാതകങ്ങൾ ചെയ്‍തതെന്നും അയാൾ കോടതിയിൽ പറഞ്ഞു. അതിനെതുടർന്ന് നടന്ന വൈദ്യപരിശോധനയിൽ അയാൾക്ക് മാനസിക അസ്വാസ്ഥ്യമൊന്നുമില്ല എന്നു കണ്ടെത്തുകയും ചെയ്‍തു. ആദ്യത്തെ രണ്ട് കൊലപാതകങ്ങളിൽ അയാള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും 13 വർഷം ജയിലിൽ കിടന്ന ശേഷം അയാളെ വിട്ടയക്കുകയായിരുന്നു. എന്നാൽ, ജയിലിൽ നിന്ന് ഇറങ്ങിയ അയാൾ വെറിപിടിച്ച് വീണ്ടും കൊലപാതകം നടത്താൻ ആരംഭിച്ചു. പക്ഷേ, അതിന് ശേഷം നടന്ന കൊലയിൽ അയാൾ പിടിക്കപ്പെടുക തന്നെ  ചെയ്‍തു. റഷ്യയിലെ ജയിലിൽ കഴിയുന്ന അയാൾ ഈയിടെയാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്.  


 

click me!