മറികടക്കാനാവും വിഷാദരോഗവും!

സന്ധ്യ ബിജോ |  
Published : Apr 07, 2018, 05:31 PM ISTUpdated : Jun 08, 2018, 05:48 PM IST
മറികടക്കാനാവും വിഷാദരോഗവും!

Synopsis

സന്ധ്യ ബിജോ എഴുതുന്നു

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം എട്ടു ലക്ഷത്തോളം ആള്‍ക്കാരാണ് ഒരു വര്‍ഷം പലവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നത് അതില്‍ ഡിപ്രെഷന് ചെറുതല്ലാത്തൊരു പങ്കുമുണ്ട്, അത്‌പോലെ 15-29 വയസുവരെ പ്രായമുള്ളവരില്‍ കണ്ട് വരുന്ന ആത്മഹത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കാരണവും ഡിപ്രെഷനാണ്. ആ സാഹചര്യത്തില്‍, വിഷാദ രോഗത്തില്‍നിന്ന് കരകയറാനുള്ള വഴികളെ കുറിച്ച് സന്ധ്യ ബിജോ എഴുതുന്നു
 

Hello Sandhya,
Read one of your article. Would like to know something.

have you faced any tension/depression after delivery?

I am experiencing now...

just wanted to know its common or not...

I got a kind of fear...?

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ പഴയ ഒരു സുഹൃത്ത് അപ്രതീക്ഷിതമായി മെസേജ് അയച്ചതാണ്. നാളുകള്‍ക്ക് ശേഷം അന്ന് കുറെ ഞങ്ങള്‍ സംസാരിച്ചു, അവള്‍ക്കൊന്നു സമാധാനമാകുന്നത് വരെ, കാരണം വിഷാദം അനുഭവിച്ചവര്‍ക്കു മാത്രമേ മറ്റൊരാള്‍ അതനുഭവിക്കുമ്പോളുള്ള തീവ്രത മനസിലാകുള്ളൂ, കേള്‍ക്കാനൊരാളുണ്ടാകുന്നതിന്റെ ആശ്വാസം മനസിലാകുള്ളൂ.

നമ്മളോരോരുത്തരും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍, ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഡിപ്രഷന്‍ അനുഭവിച്ചവരായിരിക്കും. പക്ഷേ അതിന്റെ തീവ്രത പലരിലും പല രീതിയിലായിരിക്കും എന്ന് മാത്രം. 

ഒട്ടു മിക്കപെണ്ണുങ്ങളും പ്രസവ ശേഷം ഈ അവസ്ഥയില്‍ക്കൂടി കടന്നു പോയിട്ടുമുണ്ടാവും. 

ഞാനും അനുഭവിച്ചിട്ടുണ്ട് ചെറുതായി. പ്രസവത്തിനു ശേഷം കുഞ്ഞിനോട് താല്‍പര്യക്കുറവും, ദേഷ്യവും, പലവിധ പ്രശ്‌നങ്ങളുടെ നടുവില്‍ പെട്ട് പോകുമ്പോഴുള്ള സങ്കടവും, എല്ലാം കൂടി മറ്റൊരു മാനസികാവസ്ഥ തന്നെയായിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍. വായിക്കാനിരുന്നാല്‍  അത് മുഴുമിക്കാനൊക്കില്ല. ടിവി കാണാനിരുന്നാല്‍ കാണാന്‍ വയ്യ...പാട്ടു കേള്‍ക്കാന്‍ വയ്യ...എല്ലാത്തിലും ഒരു തരം മടുപ്പ്...

പാല് കൊടുക്കുന്ന സമയത്തൊഴികെ എന്റെ കുഞ്ഞിനെ അപ്പോഴെല്ലാം നോക്കിയത് എന്റെ അമ്മയും.

നാട്ടില്‍ കുഞ്ഞിനെ കാണാന്‍ വരുന്നവരും, ബന്ധുക്കളും, സ്വന്തക്കാരും, അവരുടെ ഉപദേശങ്ങളും, കുറ്റപ്പെടുത്തലുകളും ഈയൊരു മാനസികാവസ്ഥ കൂട്ടുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. എന്റെ കുടുംബത്തിന്റെയും,  ഭര്‍ത്താവിന്റെയും ഇടപെടലുകളാണ് ആ സമയത്തൊക്കെ എന്നെ താങ്ങി നിര്‍ത്തിയത്.

അമ്മ ഹെല്‍ത്ത് സെക്ടറില്‍ ജോലി ചെയ്തിരുന്നത് കൊണ്ടോ അല്ലെങ്കില്‍ അമ്മ കൂടുണ്ട് എന്ത് വന്നാലും എന്നൊരു ധൈര്യം കുഞ്ഞുന്നാള്‍ മുതല്‍ മനസിലടിയുറച്ചു പോയത് കൊണ്ടോ പലപ്പോഴും ഒരു വല്ലായ്ക വന്നാല്‍ അതൊരു ചെറിയ പനി ആണെങ്കില്‍ പോലും അമ്മ നീ ഓക്കേ ആണെന്ന് പറഞ്ഞാല്‍ ഞാനും ഓക്കേ ആണ്. അതൊരു പരിധി വരെ എന്നെ സഹായിക്കുകയും ചെയ്തു.

ഒട്ടു മിക്കപെണ്ണുങ്ങളും പ്രസവ ശേഷം ഈ അവസ്ഥയില്‍ക്കൂടി കടന്നു പോയിട്ടുമുണ്ടാവും. 

52 ദിവസം കഴിയുന്നതിന് മുമ്പേ  ഞാന്‍ എനിക്ക് പോകണം എന്ന് പറയുന്നിടത്തൊക്കെ പോയി, ഇഷ്ടമുള്ളതൊക്കെ കഴിച്ചു, കറങ്ങി നടന്നു, വായിച്ചു, എഴുതി, പോസിറ്റീവ് ആയി മാത്രം ചിന്തിച്ചു, അതിനൊന്നും വീട്ടുകാരോ ഭര്‍ത്താവോ പ്രസവശേഷമുള്ള മാമൂലുകള്‍ പറഞ്ഞു എന്നെ തടസപ്പെടുത്തിയില്ല. ആ യാത്ര പക്ഷേ ഇതെഴുതും  പോലെ അത്ര എളുപ്പമായിരുന്നില്ല. കുടുംബത്തിന്റെ പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ സപ്പോര്‍ട്ട് അത്രമാത്രം ഈ സമയത്തു പ്രധാനമാണ്, അതിനൊപ്പം മറ്റുള്ളവരുടെ നെഗറ്റീവ് ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍ ഒന്നും എന്റെ സന്തോഷത്തെ നശിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുള്ള ഉറച്ച തീരുമാനവും എന്നെ കൂടുതല്‍ സ്‌ട്രോങ്ങ് ആക്കി. അതുകൊണ്ടൊക്കെ ഞാന്‍ ഈ അവസ്ഥയെ പൂര്‍ണമായി അതിജീവിക്കുകയും ചെയ്തു. പക്ഷേ എന്റെ സ്വഭാവം കുറച്ചു കൂടി ഷാര്‍പ് ആയി, നെഗറ്റീവ് ആയി സംസാരിക്കുന്നവര്‍, പേര്‍സണല്‍ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നവര്‍, കള്ളത്തരം കാണിക്കുന്നവരെയൊക്കെ മനപ്പൂര്‍വം അകറ്റി നിര്‍ത്താന്‍ തുടങ്ങി, കാരണം സ്‌നേഹം കാണിക്കുന്ന പലരും കുത്തി നോവിച്ചു രരസിക്കുന്നവരാണ്, അതോടൊപ്പം മറ്റുള്ളവരുടെ വ്യക്തിപരമായ ഇടത്തെ സ്‌പേസിനെ, അവരുടെ തീരുമാനങ്ങളെ, വ്യക്തിത്വത്തെ, ഞാനും കൂടുതല്‍ വില കൊടുക്കാന്‍ തുടങ്ങി...

മോനിപ്പോള്‍ ആറ് വയസായി, വിഷാദത്തിന്റെ ഒരു ശല്യവുമില്ലാതെ ഞങ്ങള്‍ മൂന്ന് പേരുമിപ്പോള്‍ ലണ്ടനിലുണ്ട്. ജോലിയും ഇവിടത്തെ ജീവിതവും ആസ്വദിച്ചു കൊണ്ട്. ഒരു പക്ഷേ ഇത്രയ്ക്കും സപ്പോര്‍ട്ട് ചെയ്തു, എന്നെ ചേര്‍ത്തു പിടിക്കാനാരുമില്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമാരുന്നു എന്നെനിക്കറിയില്ല, അങ്ങനൊരു സപ്പോര്‍ട്ട് കിട്ടാത്ത എത്രയോ പേര്‍ എനിക്ക് ചുറ്റുമുണ്ട് എന്നതിന് തെളിവാണ് എന്റെ സുഹൃത്തിന്റെ അവസ്ഥ...

പ്രസവം കഴിഞ്ഞു 52 ദിവസം കഴിയാതെ വീടിനു പുറത്തിറങ്ങാന്‍ എന്റെ സുഹൃത്തിനെ അവളുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല, ഭര്‍ത്താവ് ജോലി സംബന്ധമായി ദൂരെയും, മൂത്ത കുഞ്ഞുണ്ടാക്കുന്ന കുഞ്ഞുപ്രശ്‌നങ്ങള്‍ വേറെയും, ആകെ വല്ലാത്തൊരു അവസ്ഥയായിലായിരുന്നു അവള്‍. 
കുറെ നേരം സംസാരിച്ചു നിര്‍ത്തിയപ്പോഴേക്കും, കുറച്ചെങ്കിലും സമാധാനം ആയി നിന്നോടു സംസാരിച്ചപ്പോള്‍ എന്നവള്‍ പറഞ്ഞപ്പോള്‍ എനിക്കൂഹിക്കാമായിരുന്നു അതെത്രമാത്രമായിരിക്കുമെന്ന്. 

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മെസേജ് വന്നു, ട്രീറ്റ്‌മെന്റ് തുടങ്ങിയെന്നും പറഞ്ഞ്. 

സഹോദരന്‍ ഡോക്ടര്‍ ആയത് കൊണ്ട് സാഹചര്യം മനസിലാക്കി ഇപ്പോള്‍ ട്രീറ്റ്‌മെന്റ് തുടങ്ങി അവളിപ്പോള്‍ പതുക്കെ ആ കറുത്തദിനങ്ങളെ അതിജീവിച്ചു തുടങ്ങിയെന്നത് വളരെ സന്തോഷം തരുന്നുണ്ട്. വിദ്യാഭ്യാസവും ലോകപരിചയവുമുണ്ടായിട്ടും ഇത് പോലുള്ള സാഹചര്യങ്ങളില്‍ ഇത്തരം മാമൂലുകള്‍ക്ക് ഒരു ജീവനേക്കാള്‍ വില കൊടുക്കുന്നുണ്ട് ഇപ്പോഴും നമ്മുടെ സമൂഹം എന്നത് ചിന്തനീയമാണ്...

ഇതിന് ശരിയായ ഒരു ട്രീറ്റ്‌മെന്റ് ഉണ്ട്

പ്രസവത്തിനു ശേഷം വിശ്വമം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെയുള്ള മാമൂലുകള്‍ എങ്കിലും ഇങ്ങനെയൊരു അവസ്ഥയില്‍ പെട്ട് പോകുമ്പോള്‍ അതനുഭവിക്കുന്നയാളുടെ മാനസികാവസ്ഥയ്ക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്. കാരണം ലോകത്ത് അനേകം ആള്‍ക്കാര്‍ വിഷാദം/ഡിപ്രെഷന്‍ കാരണം ഇന്ന് ആത്മഹത്യ ചെയ്യുന്നുണ്ട്, കൂടുതലും സ്ത്രീകള്‍. ആര്‍ത്തവം, പ്രസവം, ആര്‍ത്തവ വിരാമം ഒക്കെ അനുബന്ധിച്ചു മൂഡ് മാറി വരുകയും, കടുത്ത ഡിപ്രെഷന്‍ അനുഭവിക്കുന്നവരുമാണ് സ്ത്രീകളില്‍ പലരും.  ഇതൊക്കെ അറിഞ്ഞു സ്ത്രീകളോട് അനുഭാവപൂര്‍വം പെരുമാറുന്ന എത്ര പെരുണ്ടാകും നമുക്ക് ചുറ്റും...?

ഇതിന് ശരിയായ ഒരു ട്രീറ്റ്‌മെന്റ് ഉണ്ട് എന്ന കാര്യവും, പ്രായഭേദമന്യേ ഇതാര്‍ക്കും വരാം എന്നുള്ളതും, രൂക്ഷമാവുന്ന അവസ്ഥയില്‍ ആത്മഹത്യക്കു തന്നെ ഇത് കാരണമാകാം എന്നുള്ള കാര്യങ്ങളെപറ്റിയുള്ള ശരിയായ ഒരു അവബോധം ഇതുവരെ നാട്ടില്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നതും നിരാശാജനകം  തന്നെയാണ്.

WHO യുടെ കണക്ക് പ്രകാരം എട്ടു ലക്ഷത്തോളം ആള്‍ക്കാരാണ് ഒരു വര്‍ഷം പലവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നത് അതില്‍ ഡിപ്രെഷന് ചെറുതല്ലാത്തൊരു പങ്കുമുണ്ട്, അത്‌പോലെ 15-29 വയസുവരെ പ്രായമുള്ളവരില്‍ കണ്ട് വരുന്ന ആത്മഹത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കാരണവും ഡിപ്രെഷനാണ്...

കഴിയുന്ന പോലെ കുടുംബവും ചുറ്റുമുള്ളവരും ഇങ്ങനെയുള്ളവരെ  സപ്പോര്‍ട്ട് ചെയ്യുക, മാമൂലുകളൊക്കെ ഒരു സൈഡിലോട്ടു മാറ്റി വെച്ചിട്ട് എവിടെയെങ്കിലും ഒരു ഡ്രൈവ് പോകുക, ഒരു കുഞ്ഞു ഷോപ്പിംഗ്, കറക്കം, എഴുത്തു, വായന, പെയിന്റിംഗ്, ഗാര്‍ഡനിങ് അങ്ങനെ മനസിന് സന്തോഷം തോന്നുന്നവയിലേക്കു മനസ് തിരിച്ചു വിടാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ ആശ്വാസം അല്ലെങ്കിലും ചെറിയൊരു ആശ്വാസം തന്നെയാണ്. വിഷാദ രോഗം അനുഭവിക്കുന്നവരോട് കൂടുതല്‍ സംസാരിക്കാനും ഇടപഴകാനും വീട്ടിലുള്ളവര്‍ തന്നെ കുറച്ചു മുന്‍കൈയെടുക്കുക. ഞങ്ങള്‍ കൂടെയുണ്ടെന്നൊരു തോന്നല്‍ അവരിലുണ്ടാക്കുക. എല്ലായ്‌പ്പോഴും, എന്തിനേക്കാളും മുന്‍ഗണന ഒരു ജീവന് തന്നെയാകട്ടെ.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം