മറുപിള്ളയിലും മൈക്രോപ്ലാസ്റ്റിക്ക് സാന്നിധ്യം, കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് ഗവേഷകർ

By Web TeamFirst Published Dec 27, 2020, 1:46 PM IST
Highlights

'പ്ലാസ്റ്റിസെന്റ' എന്ന് വിളിക്കുന്ന ഈ പഠനം മറുപിള്ളയിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ ആദ്യ തെളിവുകളാണ്. അത് എൻവയോൺമെന്റ് ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

പ്ലാസ്റ്റിക് ഇന്ന് മനുഷ്യരാശിയ്ക്ക് വളരെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിന്റെ ദൂരവ്യാപകമായ ഫലങ്ങളിൽ നിന്നും ഗർഭസ്ഥശിശുക്കൾ പോലും മോചിതരല്ല എന്നത് ഞെട്ടിക്കുന്ന ഒരു സത്യമാണ്. പ്രസവശേഷം ആരോഗ്യവതികളായ നാല് സ്ത്രീകളുടെ മറുപിള്ളയിൽ നിന്ന് മൈക്രോപ്ലാസ്റ്റിക്ക് കണങ്ങൾ ഗവേഷകർ കണ്ടെത്തിയത് വളരെയധികം ആശങ്കയ്ക്ക് ഇടനൽകുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ മറുപിള്ളയിൽ ആദ്യമായിട്ടാണ് ഈ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തുന്നത്.  

പഠനത്തിന് വിധേയരായ സ്ത്രീകൾ ആരോഗ്യവതികളാണെങ്കിലും, അവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥ എന്താണെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. എന്നിരുന്നാലും പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുഞ്ഞുങ്ങളുടെ വികസനത്തിന് തടസ്സമാകുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു. പഠനത്തിൽ നാല് പ്ലാസന്റകളിലായി 12 മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ ഗവേഷകർ കണ്ടെത്തി. മറുപിള്ളയുടെ മൂന്ന് ശതമാനം മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. മൊത്തം മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ യഥാർത്ഥത്തിൽ ഇതിലും വളരെ ഉയർന്നതായിരിക്കാമെന്ന് അവർ അനുമാനിക്കുന്നു. കുഞ്ഞിന്റെ രോഗപ്രതിരോധശേഷിയെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് ഗവേഷകർ ഭയക്കുന്നു. ഈ മൈക്രോപ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അമ്മമാർ കഴിക്കുകയോ, ശ്വസിക്കുകയോ ചെയ്‌തിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

'പ്ലാസ്റ്റിസെന്റ' എന്ന് വിളിക്കുന്ന ഈ പഠനം മറുപിള്ളയിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ ആദ്യ തെളിവുകളാണ്. അത് എൻവയോൺമെന്റ് ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പരിശോധനയിൽ പിഗ്മെന്റിന്റെ അടയാളങ്ങളുള്ള പ്ലാസ്റ്റിക്ക് കണങ്ങളാണ് കണ്ടെത്തിയത്. അവ നീല, ചുവപ്പ്, ഓറഞ്ച് , പിങ്ക് നിറങ്ങളിലുള്ളവയായിരുന്നു. അവ പാക്കേജിംഗ്, പെയിന്റുകൾ അല്ലെങ്കിൽ സൗന്ദര്യവർദ്ധകവസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നായിരിക്കാം എന്ന് അനുമാനിക്കുന്നു. കുട്ടിയുടെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. “ഇനി മനുഷ്യകോശങ്ങൾ മാത്രമല്ല, ജൈവശാസ്ത്രപരവും അസ്ഥിരവുമായ വസ്തുക്കളുടെ മിശ്രിതമായി മാറും കുഞ്ഞുങ്ങളുടെ ശരീരം” റോമിലെ സാൻ ജിയോവന്നി കാലിബിറ്റ ഫേറ്റ്ബെനെഫ്രാറ്റെല്ലി ആശുപത്രിയിലെ പ്രസവചികിത്സ, ഗൈനക്കോളജി ഡയറക്ടറും പ്രധാന രചയിതാവുമായ അന്റോണിയോ രാഗുസ പറഞ്ഞു.  

പ്രാഥമികമായി 10 മൈക്രോൺ വലുപ്പമുള്ള (0.01 മിമി) മൈക്രോപ്ലാസ്റ്റിക്കുകളായിരുന്നു അവ. രക്തത്തിൽ എളുപ്പത്തിൽ ഒഴുകി നടക്കാൻ ഇവയ്ക്ക് കഴിയും. ഈ കണികകൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കാം. എന്നിരുന്നാലും ഇത് വിലയിരുത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. മൈക്രോപ്ലാസ്റ്റിക്സ് മലിനീകരണം ഭൂമിയിൽ എല്ലായിടത്തുമുണ്ട്. ഈ ചെറിയ കണികകൾ ഭക്ഷണം, വെള്ളം, അല്ലെങ്കിൽ ശ്വസനം എന്നിവ വഴി ആളുകളുടെ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നു. ശിശുക്കളിൽ ഇത് എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ പറഞ്ഞു.   


 

click me!