
വിലക്കയറ്റം നിയന്ത്രിക്കാനാകാത്ത നരേന്ദ്രമോദിക്കും , സംസ്ഥാന നികുതി കുറയ്ക്കാത്ത പിണറായി വിജയനും , ജനത്തിനുവേണ്ടി ഒരു പ്രതിഷേധവും നടത്താത്ത രാഹുൽഗാന്ധിക്കും നല്ലതുമാത്രം വരുത്തണേ എണ്ണക്കമ്പനി ദൈവങ്ങളേ- സിന്ധു സൂര്യകുമാര്‍ എഴുതുന്നു
സന്തോഷം കൊണ്ട് ഇരിക്കാൻ മേലാത്ത സ്ഥിതി. എന്താ വളർച്ച, എന്താ വികസനം, റോക്കറ്റ് പോലെ എന്താ വേഗം. അടുത്തയാഴ്ചയെങ്കിലും സെഞ്ച്വറിയടിക്കണേ അംബാനി ഭഗവാനേ എന്ന് മാത്രമാണ് പ്രാർത്ഥന. വിലക്കയറ്റം നിയന്ത്രിക്കാനാകാത്ത നരേന്ദ്രമോദിക്കും, സംസ്ഥാന നികുതി കുറയ്ക്കാത്ത പിണറായി വിജയനും , ജനത്തിനുവേണ്ടി ഒരു പ്രതിഷേധവും നടത്താത്ത രാഹുൽഗാന്ധിക്കും നല്ലതുമാത്രം വരുത്തണേ എണ്ണക്കമ്പനി ദൈവങ്ങളേ. ഇതിലൊന്നും ഒന്നും പറയാനും ചെയ്യാനുമില്ലാത്ത കോൺഗ്രസും സിപിഎമ്മും ബിജെപിയും കേരളത്തിൽ നടത്തുന്ന വർഗീയ ധ്രുവീകരണ മത്സരം പറഞ്ഞ് തുടങ്ങാം.
ഒന്നുമാലോചിക്കാതെ എടുത്തുചാടി കളിക്കുന്നവരല്ല രണ്ട് നേതാക്കളും
കേരളരാഷ്ട്രീയത്തിൽ നിലവിലുള്ള വർഗീയവിഷം കലക്കിക്കൂട്ടി കുളമാക്കിയെടുക്കാൻ എ.കെ. ആന്‍റണിയും പിണറായി വിജയനും ശ്രമിക്കുന്നത് അതിബുദ്ധികൊണ്ടാണോ, ആനമണ്ടത്തരം കൊണ്ടാണോ? ഒന്നുമാലോചിക്കാതെ എടുത്തുചാടി കളിക്കുന്നവരല്ല രണ്ട് നേതാക്കളും. വർഗീയ ധ്രൂവീകരണം എന്ന ബിജെപി അജണ്ടയിലേക്ക് ഇവർ ചെന്നുചാടുന്നത് ദയനീയമായ കാഴ്ചയാണ്. ഇവർ രണ്ടുപേർ മാത്രമല്ല കോടിയേരിയും ഉമ്മൻചാണ്ടിയും രമേശുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കർണാടകത്തിൽ മതേതരമുന്നണിക്ക് വേണ്ടി കൈകോർത്ത രാഹുൽഗാന്ധിയുടെയും സീതാറാം യെച്ചൂരിയുടെയും പാർട്ടിനേതാക്കളാണ്, തലമുതിർന്ന നേതാക്കളാണ് സ്വന്തം നാട്ടിൽ തറക്കളി കളിക്കുന്നത്.
സമദൂരവും സമുദായ സ്നേഹവുമൊക്കെ അളവുകോലാക്കുന്ന മതജാതിവാദികളെക്കൊണ്ടുള്ള ശല്യം ഒരു ഭാഗത്ത്. ധ്രുവീകരിക്കാനാഞ്ഞു പിടിക്കുന്ന ബിജെപി തൊട്ടടുത്ത്. അങ്ങനെയുള്ളപ്പോഴാണ് രണ്ട് തീയിലും നല്ല പെട്രോൾ കോരിയൊഴിച്ച് സിപിഎമ്മും കോൺഗ്രസും മത്സരിക്കുന്നത്. പകൽ സിപഎമ്മും കോൺഗ്രസും ആയിരിക്കുന്ന പലരും രാത്രിയിലും ഉള്ളിന്റെയുള്ളിലും വർഗീയത പറയുന്നവരാണ് എന്നെത്രയോ കാലമായി നമുക്കറിയാം.
ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയപ്രവർത്തനമാണിത്
ഒന്നോ രണ്ടോ തെരഞ്ഞെടുപ്പ് കൊണ്ട് തീരുന്ന ആഘാതമല്ല നേതാക്കൾ ഉണ്ടാക്കിവയ്ക്കുന്നത്. അപകടരഹിതമെന്ന് പുറമേയ്ക്ക് മാത്രം തോന്നിപ്പിക്കുന്ന കേരള സമൂഹത്തെ അകത്ത് ആളിക്കത്തിച്ച് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിൽ നിർത്തുകയാണ് കക്ഷിഭേദമില്ലാതെ നമ്മുടെ നേതാക്കൾ. ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയപ്രവർത്തനമാണിത്. നയങ്ങളും നിലപാടുകളും പ്രവർത്തനങ്ങളും പറയേണ്ട രാഷ്ട്രീയം ജാതിക്കളങ്ങളിൽ കുടുങ്ങുന്ന കാഴ്ച കേരളത്തിന് അപമാനമാണ്.
കേരളരാഷ്ട്രീയത്തിൽ സ്വയംവരത്തിന് ഭാഗ്യം കിട്ടിയ ഒരുനേതാവേയുള്ളൂ , കെ. എം. മാണി. ബാർകോഴ എന്ന നാണംകെട്ട അഴിമതിക്കേസിൽ കുടുങ്ങി രാജിവയ്ക്കേണ്ടിവന്ന കെ. എം. മാണി കേരള നിയമസഭയ്ക്ക് ചരിത്രത്തിന്റെ ഏടിൽ ലഡ്ഡുവിരുദ്ധസമരം എന്ന അദ്ധ്യായവും സംഭാവന ചെയ്തിട്ടുണ്ട്. ആ കെ. എം. മാണിയെകെട്ടാൻ പിണറായി വിജയനും ഉമ്മൻചാണ്ടിയും കുമ്മനവും പിന്നാലെ നാണംകെട്ട് നടന്നു എന്നു പറയുമ്പോഴറിയാമല്ലോ നാണംകെട്ട രാഷ്ട്രീയത്തിന്റെ പോക്ക്.
ആ തീരുമാനം കെ. എം. മാണിക്കും ഗതികെട്ട് അംഗീകരിക്കേണ്ടിവന്നു
പ്രത്യേകിച്ച് സിദ്ധാന്തവും ആദർശവുമൊന്നും ഭാരമാകാത്ത കെ. എം. മാണിക്ക് പക്ഷേ ഇക്കുറി ചുവട് പിഴച്ചു. കേരള കോൺഗ്രസിന്റെ മകൻ ജോസ് കെ. മാണി ആഗ്രഹിച്ച ഇടതുകൂടാരത്തിൽ കെട്ടാൻ കഴിഞ്ഞില്ല. പി.ജെ. ജോസഫും സി.എസ് . തോമസുമൊക്കെ എടുത്ത തീരുമാനം കെ. എം. മാണിക്കും ഗതികെട്ട് അംഗീകരിക്കേണ്ടിവന്നു. 85 കാരനായ വയോവൃദ്ധനെ വല്ലാതെ വിഷമിപ്പിക്കണ്ട , നാണംകെടുത്തിയത് മതിയെന്ന് യുഡിഎഫ് നേതാക്കൾ ദയാവായ്പ് കാണിച്ചതുകൊണ്ട് മാണിക്കും മകനും മാന്യതയോടെ യുഡിഎഫിൽ നിൽക്കാം.
ബാർകോഴയുടെ പേരിൽ നാണംകെട്ട കേരളകോൺഗ്രസ് നേതാക്കൾക്ക് ഒരൽപ്പം ആശ്വാസം. ലഡ്ഡുവിരുദ്ധസമരം നടത്തിയ സിപിഎം , ഇ.പി. ജയരാജനും തോമസ് ഐസക്കും വി. ശിവൻകുട്ടിയുമൊക്കെ നടത്തിയ ഐതിഹാസിക അഴിമതി പ്രതിരോധത്തെ പോട്ടെ പുല്ലെന്ന് തള്ളിക്കളഞ്ഞ് കെ. എം. മാണിയെ പുണ്യാളനായി പ്രഖ്യാപിച്ചിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വല്യ കസേര പുഷ്പം പോലെ തള്ളിയിട്ട ഇ.പി. ജയരാജനും ഭരണം കിട്ടിയ ശേഷം കെ.എം. മാണിയെ പുകഴ്ത്തിയത് കേട്ടാൽ കേരള കോൺഗ്രസുകാര്‍ പോലും സഹിക്കില്ല.
ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ജീവിതം എന്തെല്ലാം കണ്ടാലാണ് ഒന്ന് തീർന്നുകിട്ടുക
ഉമ്മൻചാണ്ടി സർക്കാരിനെ അഴിമതിച്ചാലിലേക്ക് തള്ളിയിട്ട പ്രധാന കേസായിരുന്നു ബാർകോഴക്കേസ്. സർക്കാരിനേയും മുന്നണിയേയുമൊക്കെ നാണംകെടുത്തിയ മാണിയോട് ഇനി കൂട്ടുകൂടേണ്ടെന്ന് പറഞ്ഞുനടന്ന വി.ഡി. സതീശൻ ഇപ്പോഴെവിടെയാണോ എന്തോ? അന്ന് ലഡ്ഡു തിന്നാൽ കൂട്ടാക്കാതിരുന്ന വി.ടി. ബെൽറാമൊക്കെ ഇന്നും ലഡ്ഡുവിരോധിയാണോ എന്തോ? കോൺഗ്രസിന് കോട്ടയത്തൊരു ജില്ലാ കമ്മിറ്റിയുണ്ടായിരുന്നു, കെ. എം. മാണി വേണ്ട, കേരള കോൺഗ്രസ് വേണ്ട എന്ന് രണ്ടോ മൂന്നോ തവണ പ്രമേയം പാസാക്കിയവർ. അവരൊക്കെ തലയിൽ മുണ്ടിടാതെ തന്നെ നടക്കുന്നുണ്ടോ എന്തോ? ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ജീവിതം എന്തെല്ലാം കണ്ടാലാണ് ഒന്ന് തീർന്നുകിട്ടുക?
ഈ കെ.എം. മാണിക്ക് വേണ്ടിയാണ് കോടിയേരി കാനത്തോട് ഏറ്റുമുട്ടിയത്. ഈ കെ. എം. മാണിക്ക് യുഡിഎഫ് എംഎൽഎമാരൊക്കെക്കൂടി ലഡ്ഡുകൊടുക്കാൻ നടത്തിയ ശ്രമം എത്രപാടുപെട്ടാണോ അന്ന് എൽഡിഎഫ് എംഎൽഎമാർ തടഞ്ഞത് , അതിലേറെ പാടുപെട്ടാണ് എൽഡിഎഫ് സർക്കാർ കെ. എം. മാണിയെ അഴിമതിക്കുരുക്കിൽ നിന്ന് മോചിപ്പിച്ചെടുത്ത് കൂടെയിരുത്തി ഓമനിച്ചത്. ഇനി കെ. എം. മാണി അങ്ങോട്ട് പോയെന്ന് വച്ച് പിണറായി കെറുവിക്കരുത്.
കേസൊന്നും പൊടിതട്ടിയെടുക്കരുത്. നോട്ടെണ്ണൽ യന്ത്രം , ബാർകോഴ എന്നൊന്നും പറയരുതെന്ന് കോടിയേരി സഖാവ് താഴേത്തട്ടിലേക്കൊരു നിർദ്ദേശം കൊടുക്കണം. 2019ൽ കോട്ടയം സീറ്റിൽ ജോസ് കെ മാണിയെ കോൺഗ്രസ് വാരിക്കിടത്തുമോ , ഇടതനുകൂലമായി മാണി മനംമാറ്റുമോ, കുമ്മനത്തിന്റെ മാണി പ്രണയം സഫലമാകുമോ എന്നീ നാണംകെട്ട കളികൾക്കായി 2019 വരെ കാത്തിരിക്കാം.
(കവര്‍ സ്റ്റോറിയില്‍ നിന്ന്)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.