
' ശാസ്ത്രം ശിക്ഷകനോ രക്ഷകനോ ' എന്നൊരു പാഠം പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്. ആ വിഷയത്തിൽ പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. ഇപ്പോൾ ശിക്ഷയും രക്ഷയും കടന്ന് ശാസ്ത്രം നമ്മെ ഭരിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരുപടി കടന്ന് ജനാധിപത്യത്തെ വിഴുങ്ങുന്നു. നമ്മൾ കൊയ്ത വയലൊക്കെ ചിലപ്പോൾ നമ്മുടേതാകും, പക്ഷെ നമ്മൾ ചെയ്ത വോട്ടൊക്കെ നമ്മുടേതല്ല പൈങ്കിളിയേ എന്ന് മാറ്റിപ്പാടണം. ലോകമെന്പാടും ജനാധിപത്യം നിയന്ത്രിക്കാൻ ഫേസ്ബുക്കിനും കാംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും കഴിയുമെങ്കിൽ നമ്മൾ ആർക്ക്, എന്തിന് വോട്ട് ചെയ്യണം? ഇതാണോ കൊട്ടിഘോഷിക്കുന്ന ജനാധിപത്യം?
ഡാറ്റാ ചോർത്തൽ, ഡാറ്റാ സംരക്ഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ചുക്കാണോ ? ചുണ്ണാമ്പാണോ?
ആധാറിലെ വ്യക്തിവിവരങ്ങളൊക്കെ പത്തടിപ്പൊക്കമുള്ള കെട്ടിടത്തിൽ ആരും കട്ടോണ്ടുപോകാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പരമോന്നത കോടതിയിൽ പറഞ്ഞത് ഇന്ത്യയുടെ അറ്റോർണി ജനറലാണ്. ഇത്രേയുള്ളൂ, അല്ല ഇതിലും താഴെയാണ് നമ്മുടെ ശരാശരി ഇന്റർനെറ്റ് സാക്ഷരത. ഫേസ്ബുക്കിലെ ആപ്പുവഴി ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് മാർക്ക് സക്കർബർഗ് സമ്മതിച്ച കാലത്താണ് നമ്മളിവിടെ ഡാറ്റ പത്തടിപ്പൊക്കത്തിൽ കെട്ടിടം പണിതുവയ്ക്കുന്നത്.
ഡാറ്റാ ചോർത്തൽ, ഡാറ്റാ സംരക്ഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ചുക്കാണോ ? ചുണ്ണാമ്പാണോ? എന്നറിയാത്തത് കുറ്റമല്ല. പക്ഷെ അതേപ്പറ്റി കേസ് വാദിക്കുന്നവർക്ക് മിനിമം ധാരണ വേണം. ഏതായാലും ആധാർ കേസിൽ വാദം തുടരുകയാണ്. സുപ്രീംകോടതി തീരുമാനിച്ചില്ലെങ്കിലും സകലമാന ബാങ്കുകളും മൊബൈൽ കന്പനികളും ആധാർ താ, ആധാർ താ എന്ന് നമ്മളെ പേടിപ്പിക്കുന്നുണ്ട്. പാവം നമ്മൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ? പറഞ്ഞുവന്നത് പക്ഷെ വിവര ചോർച്ചയെപ്പറ്റിയാണ്, ഫെയ്സ്ബുക്കിനെപ്പറ്റിയാണ്, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യമാണ്.
ഫേസ്ബുക്ക് എന്ന സമൂഹമാധ്യമമാണ് പ്രതിക്കൂട്ടിൽ
2006ലെ കഥയാണ്. നേപ്പാളിൽ തെരഞ്ഞെടുപ്പ് സമയം. അഭിപ്രായ സർവേ നടത്തുന്നവരിൽ സ്റ്റാൻ ഗ്രീൻബെർഗെന്നൊരു അമേരിക്കക്കാരനുമുണ്ടായിരുന്നു. ഗ്രീൻബെർഗിന് വേണ്ടി നേപ്പാളിൽ വിവരങ്ങൾ ശേഖരിച്ച പ്രദേശവാസിയെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി. നീണ്ട ചർച്ചയ്ക്കൊടുവിൽ മാവോയിസ്റ്റുകൾ ആളെ വിട്ടുകൊടുത്തു. അതിനുള്ള മോചനദ്രവ്യം പണമായിരുന്നില്ല, അതുവരെ ശേഖരിച്ച വിവരങ്ങൾ. രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കാനുളള , ജനവികാരം തിരിച്ചറിയാനുള്ള വിവരങ്ങൾ.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജയിംസ് ഹാർഡിംഗിന്റെ ആൽഫ ഡോഗ്സ് എന്ന പുസ്തകം ഈ സംഭവം വിശദീകരിക്കുന്നുണ്ട്. വിവരശേഖരണം, വിവര സംരക്ഷണം - എല്ലാം പുതിയ തൊഴിൽമേഖലകളാണ്. 12 കൊല്ലത്തിനിപ്പുറം ഇതേ വിവരശേഖരണവും വിൽപ്പനയും വലിയ ആരോപണവും വിവാദവുമാകുന്നു. ഫേസ്ബുക്ക് എന്ന സമൂഹമാധ്യമമാണ് പ്രതിക്കൂട്ടിൽ. ആപ്പുകൾ വഴി ആളുകളുടെയും അവരുടെ സുഹൃത്തുക്കളുടെയുമൊക്കെ വിവരങ്ങളെടുത്ത് വിശകലനം ചെയ്യുക, ആ വിവരം വൻതോതിൽ കച്ചവടം ചെയ്യുക, അതുപയോഗിച്ച് കാംബ്രിഡ്ജ് പോലുള്ളവർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക-, അതാണ് കഥ.
ട്രംപിന്റെ വിജയത്തിന് പിന്നിൽ ഫേസ്ബുക്കുണ്ടെന്ന് ആരോപണം പണ്ടേയുണ്ട്
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ താത്പര്യവും ഇടപെടലും പണ്ടേ ചർച്ചയായതാണ്. ട്രംപിന്റെ വിജയത്തിന് പിന്നിൽ ഫേസ്ബുക്കുണ്ടെന്ന് ആരോപണം പണ്ടേയുണ്ട്. സക്കർബർഗ് അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനെല്ലാമിടയിലേക്കാണ് കാംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ വിൽപ്പന നടത്തിയ വിവരം പുറത്തുവരുന്നത്.
വിവരചോർച്ച ഇന്ത്യയിലേക്കും നീളുന്നു. അനലിറ്റിക്കയുമായി ബന്ധമുള്ള ഒവ്‍ലിനോ ബിസ്നസ് ഇന്റലിജൻസ് എന്ന സ്ഥാപനം 2010ൽ ബിജെപി -,ജെഡിയു സംഖ്യത്തിന് വേണ്ടി ബീഹാറിൽ ഇപ്പണി ചെയ്തിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്കും ജെഡിയുവിനും വേണ്ടി പ്രവർത്തിച്ചതായി അവകാശപ്പെടുന്നുണ്ട്. ജെഡിയു നേതാവ് കെ സി ത്യാഗിയുടെ മകൻ അമിത് ത്യാഗിയാണ് ഒവ്‍ലിനോയുടെ ഒരു ഉടമ. കാംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃകന്പനിയായ എസ്.സി.എല്ലിന്റെ ഇന്ത്യൻ സ്ഥാപനമായ എസ്.സി.എൽ ഇന്ത്യയുമായി ചേർന്നാണ് ത്യാഗി ഒവ്‍ലിനോ തുടങ്ങിയത്.
എല്ലാം വലിയ പിഴയായിപ്പോയെന്നും തിരുത്തുമെന്നും ഫേസ്ബുക്ക് സിഇഒ സക്കർബർഗ് പറയുന്നത്
ആർക്കും എന്തും എഴുതാവുന്ന ഇടം മാത്രമല്ല ഫേസ്ബുക്ക്. അതൊരു വന്പൻ സാമ്രാജ്യമാണ്. രണ്ടു തവണ നിങ്ങൾ ഒരു പേജ് സന്ദർശിച്ചാൽ അതേ സ്വഭാവത്തിൽ കൂടുതൽ പേജുകൾ നിങ്ങൾക്കായി വരുന്നില്ലേ? നിങ്ങളുടെ സുഹൃത്‍വലയത്തിലേക്ക് , നിങ്ങളറിയുന്നവരെ നിർദ്ദേശിക്കുന്നില്ലേ? നിങ്ങളതിൽ രേഖപ്പെടുത്തുന്ന വിവരങ്ങളൊക്കെ ആവശ്യക്കാർക്കെടുക്കാം. മൊബൈലിൽ ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റാഗ്രാമുമൊക്കെ ഉപയോഗിക്കുന്നവരാണ് കൂടുതലും. നിങ്ങളുടെ കോൺടാക്ട് ലിസ്റ്റും രഹസ്യമല്ല. എല്ലാം വലിയ പിഴയായിപ്പോയെന്നും തിരുത്തുമെന്നും ഫേസ്ബുക്ക് സിഇഒ സക്കർബർഗ് ഇപ്പോൾ കുറ്റസമ്മതം നടത്തുന്നുണ്ട്.
അമേരിക്ക, ബ്രിട്ടൺ, യൂറോപ്യൻ യൂണിയൻ, കെനിയ -- ഇടപെടലിന്റെ ഭൂമിശാസ്ത്രം വലുതാണ്. മനുഷ്യന്റെ വിവരങ്ങൾ ഊറ്റിയെടുക്കുന്ന സൗമ്യമുഖമാണ് സക്കർബർഗ്. മോദി പ്രധാനമന്ത്രിയായ ശേഷം സക്കർബർഗ് ഇവിടെ വന്നതോർമ്മയില്ലേ? അന്ന് ഒരുപാട് പരിശീലന ക്ലാസ്സുകൾ നടത്തിയതും ഓർമ്മയുണ്ടാകും.
ഇലക്ഷൻ എഞ്ചിനീയറിംഗ് എന്നൊരു വാക്കുണ്ട്. ബിജെപിയേയും മോദിയേയും അമിത് ഷായേയും തന്ത്രത്തിന്റെ പേരിൽ പുകഴ്ത്തുന്പോൾ ഉപയോഗിക്കുന്ന വാക്ക്. അതാണ് പ്രധാനം. പുതിയ കാലത്ത് ജനാധിപത്യമെന്നാൽ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ തെരഞ്ഞെടുക്കുന്നതല്ല. ജനങ്ങൾ ഏതെല്ലാം ജനങ്ങളെ തെരഞ്ഞെടുക്കണമെന്ന് മറ്റു ജനങ്ങൾ തീരുമാനിക്കുന്നതാണ്, നാമറിയാതെ നമ്മുടെ ചിന്തയേയും മനസ്സിനേയും സ്വാധീനിക്കുന്നതാണത്.
വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് ഉപയോഗിക്കാൻ വാദിക്കുകയല്ല വേണ്ടത്
ഭൂരിപക്ഷ താത്പര്യം എന്താകണമെന്ന് മൂന്നോ നാലോ പേർ പണമെറിഞ്ഞ് തീരുമാനിക്കുന്നതാണ്. 2 എംഎൽഎമാരുള്ള പാർട്ടി 20 എംഎൽഎമാരുള്ള പാർട്ടിയെ കൂട്ടുപിടിച്ച് ഭരണം നയിക്കുന്നത് പോലെ ജനാധിപത്യത്തിന്റെ മറ്റൊരു മുഖം. അധികാരം കിട്ടുന്ന പാർട്ടിക്കാരെ കൂട്ടത്തോടെ മറുകണ്ടം ചാടിക്കുന്ന ജനാധിപത്യത്തിന്റെ സാങ്കേതിക മുഖം. അങ്ങനെയൊരു കാലത്ത് വിവിപാറ്റ് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് ഉപയോഗിക്കാൻ വാദിക്കുകയല്ല വേണ്ടത്, പണമെറിഞ്ഞ് ജനഹിതത്തെ സാങ്കേതികമായി സ്വാധീനിക്കുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധിക്കും അറിവുണ്ടാകും.
(കഴിഞ്ഞ ലക്കം കവര്‍സ്റ്റോറിയില്‍ നിന്ന് )
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.