അച്ഛനൊപ്പം കിണര്‍ കുഴിക്കാനിറങ്ങി ബിരുദധാരികളായ പെണ്‍മക്കള്‍

By Web TeamFirst Published Aug 2, 2018, 5:41 PM IST
Highlights

സഹായിക്കാന്‍ ഇനിയാരുമുണ്ടാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ജ്യോതിയും കവിതയും സഹോദരനും അച്ഛനൊപ്പം ചേര്‍ന്നു. അച്ഛന്‍ വിഷമിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. 

മധ്യപ്രദേശ്: ബിരുദധാരികളാണ് ജ്യോതിയും കവിതയും. മധ്യപ്രദേശിലെ ഘര്‍ഗോണിലെ ബീക്കാന്‍ഗണ്‍ ഗ്രാമത്തിലെ ബാബു ഭാസ്കറിന്‍റെ മക്കള്‍. ബാബു ഭാസ്കറിനൊപ്പമാണ് രണ്ട് പെണ്‍മക്കളും കിണര്‍ കുഴിക്കാനിറങ്ങിയത്. കൂടെ എന്‍ജിനീയറായ സഹോദരനുമുണ്ടായിരുന്നു. കര്‍ഷകനായ ബാബു ഭാസ്കറിന്‍റെ വരുമാനമെല്ലാം മക്കളെ പഠിപ്പിക്കാനുപയോഗിച്ചിരുന്നു‍. കൃഷിപ്പണി മോശമായതോടെ ജീവിതം ബുദ്ധിമുട്ടിലായി. അതിന് സഹായകമാകാനാണ് കിണര്‍ കുഴിക്കാനിറങ്ങിയത്. അധികാരികളുടെ സഹായവുമുണ്ടായിരുന്നു. 50,000 രൂപയും പാസായി. പക്ഷെ, കുറച്ച് അടി കുഴിച്ചപ്പോഴേക്കും അധികാരികള്‍ അവരെ അവഗണിച്ചു തുടങ്ങി. സഹായിക്കാന്‍ ഇനിയാരുമുണ്ടാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ജ്യോതിയും കവിതയും സഹോദരനും അച്ഛനൊപ്പം ചേര്‍ന്നു. അച്ഛന്‍ വിഷമിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. 

താന്‍ കൊടുത്ത വിദ്യാഭ്യാസത്തിനു പകരം മക്കളില്‍ നിന്ന് തനിക്ക് കിട്ടുന്ന സ്നേഹത്തില്‍ കണ്ണ് നിറയുകയാണ് ഈ അച്ഛന്. കിണറില്‍ നിന്നുള്ള കല്ലും മണ്ണുമെല്ലാം മാറ്റിയത് ഈ പെണ്‍മക്കള്‍ തന്നെയാണ്. 28 അടിയെത്തിയപ്പോള്‍ വെള്ളം കണ്ടു. ബിരുദമുണ്ട്, ജോലിക്കും ശ്രമിക്കണം. അതിനേക്കാളെല്ലാം വലുത് അച്ഛനാണെന്നും അദ്ദേഹത്തിന്‍റെ വേദനകള്‍ സഹിക്കാനാകില്ലെന്നും ജ്യോതിയും കവിതയും പറയുന്നു. 

click me!