ട്രാഫിക് നിയന്ത്രണത്തിന് റോബോട്ട്, വികസിപ്പിച്ചത് ആറ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്

By Web TeamFirst Published Jan 15, 2019, 1:21 PM IST
Highlights

പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് പി റോബോട്ടിക് മേക്കര്‍ ലാബാണ് റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 16 ഇഞ്ച് എല്‍ ഇ ഡി ഡിസ്പ്ലേയാണ് റോബോട്ടിന്, അതില്‍ ഹെല്‍മറ്റ് ധരിക്കുക, സിഗ്നല്‍ തെറ്റിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം തെളിയും. കൂടാതെ, കൈ നീട്ടി വാഹനങ്ങളോട് സ്റ്റോപ് പറയും, സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്ന റോബോട്ട് സൈറണ്‍ മുഴക്കുകയും ചെയ്യും. 
 

ഗതാഗതക്കുരുക്ക് പലതരത്തിലും നഗരങ്ങളെ വലക്കാറുണ്ട്. ഇതിനൊരു നൂതനപരിഹാരം കണ്ടെത്തിയിരിക്കുകയാണ് പൂനെയില്‍. ട്രാഫിക് പൊലീസുകാര്‍ക്ക് സഹായകമാകുന്ന രീതിയിലാണ് പുതിയ സംവിധാനം. മറ്റൊന്നുമല്ല ട്രാഫിക് നിയന്ത്രിക്കാന്‍ കഴിയുന്നൊരു റോബോട്ട്. ഒരുപക്ഷെ, റോബോട്ട് കൂടി ട്രാഫിക് നിയന്ത്രിക്കാനെത്തുന്ന ഇന്ത്യയിലെ ആദ്യ നഗരമായിരിക്കും ഈ നഗരം.

അധികൃതര്‍ പറയുന്നത് റോഡിയോ (‘Roadeo’ ) എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് പെട്ടെന്ന് തന്നെ ട്രാഫിക് നിയന്ത്രിക്കാനെത്തുമെന്നാണ്. ഇനി ആരാണ് ഈ റോബോട്ട് വികസിപ്പിച്ചതെന്ന് നോക്കാം. ആറ് കുട്ടികള്‍ ചേര്‍ന്നാണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്. പൂനെ നഗരത്തിലുള്ള ആദി കഞ്ചങ്കര്‍, പാര്‍ത്ഥ് കുല്‍ക്കര്‍ണി, റചിത്ത് ജയിന്‍, ശൌര്യ സിങ്, ശ്രുതന്‍ പാണ്ടേ, വിനായക് കൃഷ്ണ എന്നീ കുട്ടികളാണ് റോബോട്ട് വികസിപ്പിച്ചെടുത്തത്.

പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് പി റോബോട്ടിക് മേക്കര്‍ ലാബാണ് റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 16 ഇഞ്ച് എല്‍ ഇ ഡി ഡിസ്പ്ലേയാണ് റോബോട്ടിന്, അതില്‍ ഹെല്‍മറ്റ് ധരിക്കുക, സിഗ്നല്‍ തെറ്റിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം തെളിയും. കൂടാതെ, കൈ നീട്ടി വാഹനങ്ങളോട് സ്റ്റോപ് പറയും, സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്ന റോബോട്ട് സൈറണ്‍ മുഴക്കുകയും ചെയ്യും. 

എസ് പി റോബോട്ടിക്സ് മേക്കര്‍ ലാബ് തലവന്‍ സന്ദിപ് ഗൌതം പറയുന്നു, '' കഴിഞ്ഞ വര്‍ഷം കുറച്ച് മാസങ്ങളുപയോഗിച്ചാണ് റോബോട്ട് നിര്‍മ്മിച്ചിട്ടുള്ളത്. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികളെല്ലാം ഏഴ്, എട്ട് ക്ലാസില്‍ പഠിക്കുന്നവരാണ്. ചെന്നൈയിലുള്ള ഒരു സംഘത്തിനൊപ്പമായിരുന്നു ഇവര്‍ ജോലി ചെയ്തത്. റോഡിയോ എന്ന റോബോട്ട് ട്രാഫിക് ഡിപ്പാര്‍ട്മെന്‍റിന്, ടീം നല്‍കുന്ന സമ്മാനമാണ്.''

റോഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ വിജയമാണെങ്കില്‍ അതായിരിക്കും ഇന്ത്യയിലെ ആദ്യത്തെ ട്രാഫിക് നിയന്ത്രിക്കുന്ന റോബോട്ട്. മാത്രവുമല്ല, മറ്റ് നഗരങ്ങളിലേക്ക് കൂടി ഇത്തരം റോബോട്ടുകളെ പരീക്ഷിക്കാം. ഇത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക് ഡിപ്പാര്‍ട്മെന്‍റിനും പൊലീസുകാര്‍ക്കും സഹായകമാകും. 

ജനുവരി 15 നാണ് റോഡിയോ പ്രവര്‍ത്തനം തുടങ്ങുക. ഇത് വികസിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കും. 

click me!