ഒരിക്കലും ചിരിക്കാത്ത സ്ത്രീ, ചിരിപ്പിച്ചാല്‍ പ്രതിഫലം ലക്ഷങ്ങള്‍; എന്തായിരുന്നു രഹസ്യം?

By Web TeamFirst Published Jul 6, 2020, 12:38 PM IST
Highlights

ലോകമെമ്പാടുമുള്ള ഹാസ്യനടന്മാരും, ജനങ്ങളും തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്‍തുനോക്കി അവരെ ഒന്ന് ചിരിപ്പിക്കാൻ. എന്നാൽ, സൂസൻ അപ്പോഴും നിർവികാരമായ മുഖത്തോടെ അവരെയൊന്ന് നോക്കുക മാത്രം ചെയ്‍തു.

എന്തിനെയും നേരെയാക്കാൻ പുഞ്ചിരിയ്ക്ക് കഴിയുമെന്ന് ഹാസ്യനടൻ ഫിലിസ് ഡില്ലർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരാൾക്ക് ചിരിക്കാനുള്ള ശേഷി നഷ്‍ടമായാൽ അയാളുടെ ജീവിതം എങ്ങനെയായിരിക്കും? ചിന്തിക്കാൻ പോലും സാധിക്കില്ല അത്, അല്ലെ? 1900 -ത്തിന്‍റെ തുടക്കത്തിൽ അത്തരത്തിൽ ഒരു സ്ത്രീ ജീവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അവർ ജീവിതത്തിൽ ഒരിക്കലും ചിരിച്ചിട്ടില്ല. സോബർ സ്യൂ എന്ന് വിളിപ്പേരുള്ള ആ സ്ത്രീയെ ആർക്കും ചിരിപ്പിക്കാൻ സാധിച്ചിട്ടുമില്ല. അവരുടെ യഥാർത്ഥ പേര് സൂസൻ കെല്ലി എന്നായിരുന്നു. ഇവരുടെ ഈ കഴിവ് ഉപയോഗിച്ച് അവർ ഒരുപാട് ധനം സമ്പാദിച്ചിട്ടുണ്ട്. എങ്ങനെയെന്നല്ലേ?

ഒരുകാലത്ത് അമേരിക്കൻ വിനോദത്തിന്റെ ഏറ്റവും ജനപ്രിയമായ രൂപമായിരുന്നു വാഡെവിൽ. ഇന്നത്തെ കാലത്ത് കാർണിവൽ എന്നോ മേളയെന്നോ ഒക്കെ പറയുംപോലെ ഒന്നായിരുന്നു അത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓസ്‍കാർ ഹമ്മർ‌സ്റ്റൈൻ ഒന്നാമൻ ആരംഭിച്ച ന്യൂയോർക്കിലെ ഒരു പ്രമുഖ അമേരിക്കൻ വാഡെവിൽ തിയേറ്ററായിരുന്നു പാരഡൈസ് റൂഫ് ഗാർഡൻ. ഓസ്‍കാർ ഹമ്മർ‌സ്റ്റൈന്റെ മകൻ വില്ലിയുടെ സമയത്ത്  പാരഡൈസ് റൂഫ് ഗാർഡനിൽ നടന്ന വളരെ പ്രചാരമുള്ള ഒരു ഷോ ആയിരുന്നു സോബർ സ്യൂ ആക്റ്റ്. ഒരിക്കലും ചിരിക്കാത്ത സൂസനെ ചിരിപ്പിക്കുകയെന്നതായിരുന്നു ആ ഷോയുടെ ലക്ഷ്യം. അവരെ കാണാൻ ഒരു വലിയ ജനക്കൂട്ടം തന്നെ അവിടേയ്ക്ക് ഇടിച്ചുകയറുമായിരുന്നു. സോബർ സ്യൂവിന്റെ മുഖത്ത് ആർക്കെങ്കിലും ഒരു പുഞ്ചിരി കൊണ്ടുവരാൻ കഴിഞ്ഞാൽ അവർക്ക് കമ്പനി 100 ഡോളർ കൊടുക്കും. ഇനി എങ്ങനെയെങ്കിലും അവരെ ഒന്ന് ചിരിപ്പിക്കാൻ കഴിഞ്ഞാൽ, ആ ആൾക്ക് ആദ്യം വാഗ്ദ്ധാനം ചെയ്‍ത തുകയുടെ പത്തിരട്ടി കിട്ടും. ഇന്നത്തെ കണക്കനുസരിച്ച്, ഒരു പുഞ്ചിരിക്ക് രണ്ടുലക്ഷത്തിന് മീതെയും, ഒരു ചിരിക്ക് 22 ലക്ഷത്തിന് മീതെയും ലഭിക്കുമായിരുന്നു. അത് കൊള്ളാമല്ലോ, ഒന്ന് ചിരിപ്പിക്കുന്നതിനാണോ ഇത്രയും തുക എന്ന് ചിന്തിക്കുന്നുണ്ടാകും. പക്ഷേ, അത് ഒരിക്കലും നടക്കാത്ത ഒരു കാര്യമായിരുന്നു.    

ലോകമെമ്പാടുമുള്ള ഹാസ്യനടന്മാരും, ജനങ്ങളും തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്‍തുനോക്കി അവരെ ഒന്ന് ചിരിപ്പിക്കാൻ. എന്നാൽ, സൂസൻ അപ്പോഴും നിർവികാരമായ മുഖത്തോടെ അവരെയൊന്ന് നോക്കുക മാത്രം ചെയ്‍തു. കേട്ടറിഞ്ഞ്, അവരുടെ ഷോ പതുക്കെ ജനപ്രിയമായിത്തീർന്നു. അക്കാലത്തെ മികച്ച പ്രൊഫഷണൽ ഹാസ്യനടന്മാർ അടക്കം പലരും എത്തി അവരെ രസിപ്പിക്കാൻ, എന്നിട്ടും സൂസന് ഒരു കുലുക്കവുമുണ്ടായില്ല. ഷോയുടെ പ്രതിഫലമായി വില്ലി ഹമ്മർ‌സ്റ്റൈൻ ആഴ്ചയിൽ 20 ഡോളർ വീതം സോബർ സ്യൂവിന് നൽകിയിരുന്നു. അവിടെ വന്നിരുന്ന ഹാസ്യനടന്മാർ സൗജന്യമായാണ് ഷോകൾ അവതരിപ്പിച്ചിരുന്നത്. ഇത് മൂലം ഇതിൽ നിന്ന് വലിയ ലാഭം ഉണ്ടാക്കാനായി വില്ലിയ്ക്ക്. സൂസന്റെ ചിരിക്കാത്ത മുഖം കണ്ട് ആളുകൾ അത്ഭുതത്തോടെ പരസ്പരം പറഞ്ഞു, "ഇവർക്ക് എങ്ങനെ ഇതിന് കഴിയുന്നു? എന്താണ് ഇതിന്റെ രഹസ്യം?" തുടർന്ന്, സോബർ സ്യൂവിന്റെ വികാരരഹിതമായ മുഖത്തെക്കുറിച്ച് രസകരമായ പല കഥകളും പ്രചരിപ്പിച്ചു. അവർ ചിലപ്പോൾ ഭാഗികമായി അന്ധയോ ബധിരയോ ആയിരിക്കാമെന്ന് ചിലർ പറഞ്ഞു. എന്നാൽ, പക്ഷേ 1907 -ലെ ശൈത്യകാലത്ത് സത്യം പുറത്തുവന്നു. അവരുടെ മുഖത്തെ പേശികൾ തളർന്നതിനാൽ സ്യൂവിന് ഒരിക്കലും ചിരിക്കാൻ കഴിയില്ല. ഒടുവിൽ സത്യം അറിഞ്ഞ ലോകം, എല്ലാവരെയും വഞ്ചിച്ചതിന് വില്ലിയെ കുറ്റപ്പെടുത്തി. 

സോബർ സ്യൂവിനെക്കുറിച്ച് ഒരുപാടൊന്നും അറിയില്ല. അവർക്ക് മോബിയസ് സിൻഡ്രോം എന്ന അസുഖമുണ്ടായിരുന്നു എന്ന് മാത്രം അറിയാം. ഒന്നിലധികം ഞരമ്പുകൾക്ക് ബലഹീനതയോ പക്ഷാഘാതമോ സംഭവിക്കുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് ഇത്. എന്നാൽ, ഇപ്പോഴും പല ഷോകളിലും സോബർ സ്യൂവിന്റെ പേര് മുഴങ്ങി കേൾക്കാം. പല കോമഡി ഷോകളിലും, ചിരിക്കാൻ പ്രയാസമുള്ള ആളുകളുടെ പ്രതീകമായി അവർ മാറി.  

click me!