
തയമ്മാള്‍ 75 വയസുള്ള റിട്ട. അധ്യാപികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തയമ്മാള്‍ 'ഗവണ്‍മെന്‍റ് സ്കൂള്‍ അധ്യാപിക'യെന്ന ജോലിയില്‍ നിന്ന് വിരമിച്ചത്. വിരമിക്കുമ്പോള്‍ ഒറ്റ മോഹമേ ഉണ്ടായിരുന്നുള്ളൂ, പ്രകൃതിയുടെ മടിത്തട്ടില്‍ പച്ചപ്പ് ആസ്വദിച്ച് ഇനിയുള്ള കാലം കഴിയണം. ഇന്ന്, 'മരങ്ങളുടെ അമ്മ' എന്നാണ് തയമ്മാള്‍ അറിയപ്പെടുന്നത്. അതിനേക്കാള്‍ നല്ലൊരു വിശേഷണം അവരെക്കുറിച്ച് പറയാനുമില്ല.
ഇങ്ങനെയാണ് അവര്‍ വൃക്ഷങ്ങള്‍ക്ക് അമ്മയായത്
''ഞാന്‍ അധ്യാപികയായിരിക്കുമ്പോള്‍ എനിക്കും ഭര്‍ത്താവിനും കൂടി കുറച്ച് ഭൂമിയുണ്ടായിരുന്നു. അതില്‍ നിറയെ തെങ്ങുകളായിരുന്നു. വിരമിച്ചതിനു ശേഷം ആ ഭൂമിയില്‍ കൂടുതല്‍ നേരം ചെലവഴിക്കാനുണ്ടായിരുന്നു. എല്ലാ മാസവും പെന്‍ഷന്‍ രൂപത്തില്‍ പണവും വരുന്നുണ്ടായിരുന്നു. എനിക്ക് തോന്നി ആ പണമുപയോഗിച്ച് ഇഷ്ടമുള്ള കാര്യം ചെയ്യണമെന്ന്. '' തയമ്മാള്‍ പറയുന്നു.
37 വര്‍ഷമായി അവര്‍ എട്ട് വരെ ക്ലാസിലുള്ള കുട്ടികളെ ജ്യോഗ്രഫി, ഹിസ്റ്ററി, കണക്ക് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. ''വിരമിച്ച ശേഷം എന്തെങ്കിലും ചെയ്താല്‍ പോരായിരുന്നു എനിക്ക്. മറിച്ച് എന്‍റെ മനസിന് സന്തോഷവും സംതൃപ്തിയും കിട്ടുന്ന എന്തെങ്കിലും തന്നെ ചെയ്യണമെന്നുണ്ടായിരുന്നു.'' അവര്‍ പറയുന്നു.
എതായാലും ഈ അധ്യാപനജീവിതം കഴിഞ്ഞ ശേഷം പച്ചപ്പിലേക്ക് തിരിഞ്ഞ തയമ്മാളിന് ഗ്രാമവാസികളുടെ പിന്തുണ കിട്ടി. പക്ഷെ, കിട്ടുന്ന തുക മുഴുവന്‍ ഇങ്ങനെ മരവും ചെടിയും നട്ടുകളയുന്നതിനെ നാട്ടുകാരും കൂടെയുണ്ടായിരുന്ന അധ്യാപകരുമെല്ലാം എതിര്‍ത്തു. പക്ഷെ, അതൊന്നും തന്നെ ഈ റിട്ട. അധ്യാപിക കൈക്കൊണ്ടില്ല.
ഭര്‍ത്താവ് നാരായണസ്വാമിയും അന്ന് തയമ്മാളിന്‍റെ സ്വപ്നങ്ങള്‍ നട്ടുവളര്‍ത്താന്‍ കൂടെനിന്നു. മണിക്കൂറുകളോളം കൃഷി, മണ്ണ് തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ വായിക്കാനും മറ്റുമായി അവര്‍ ചെലവഴിച്ചു. വാങ്ങിയ ഭൂമിയെല്ലാം അവര്‍ തനിച്ചു തന്നെ കൈകാര്യം ചെയ്തു. കഠിനമായ വരള്‍ച്ചയിലൂടെ അതിനിടയില്‍ ഗ്രാമം കടന്നുപോയി. കിണറുകള്‍ വറ്റി. ഈ വരള്‍ച്ചയെ കുറിച്ചും പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം അവര്‍ ഗ്രാമവാസികളോട് സംസാരിച്ചു. അന്നും മൂന്നും നാലും മണിക്കൂര്‍ അവര്‍ ആ കൃഷിഭൂമിയില്‍ ചെലവഴിച്ചു. അവിടെ ജോലിക്കായി ഒരാളെയും വച്ചു. അയാള്‍ ദിവസവും തെങ്ങും, പത്തുദിവസത്തിലൊരിക്കല്‍ ഔഷധച്ചെടികളും നനച്ചു. സീസണായപ്പോള്‍ കുറച്ചുപേരെ കൂടി സഹായത്തിന് വെച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തിരുപ്പൂര്‍ വ്യാവസായികാടിസ്ഥാനത്തില്‍ വികസിക്കുന്നുണ്ട്. അതിന് ഏറ്റവുമധികം വില കൊടുക്കേണ്ടി വന്നത് പരിസ്ഥിതിക്കാണ്. 'വനത്തുകള്‍ തിരുപ്പൂര്‍' എന്ന എന്‍.ജി.ഒ ആ സമയത്ത് തരിശായിക്കിടക്കുന്ന ഭൂമിയില്‍ ഭൂമിയുടെ ഉടമസ്ഥന്‍റെ അനുമതിയോടെ തൈകള്‍ നട്ടുതുടങ്ങി. അങ്ങനെ തരിശായിക്കിടന്ന ഭൂമി പച്ചപ്പ് പുതച്ചു തുടങ്ങി. തയമ്മാള്‍ ഈ എന്‍.ജി.ഒയിലെ ഒരു അംഗമായിരുന്നു. നാല് ലക്ഷം രൂപയാണ് ഇങ്ങനെ മരം നട്ടുപിടിപ്പിക്കുന്നതിനായി തയമ്മാള്‍ ചെലവഴിച്ചത്. അതെല്ലാം പരിസ്ഥിതിയോടുള്ള സ്നേഹത്താലും. അതിനാല്‍ തന്നെയാണ് അവര്‍ 'വൃക്ഷങ്ങളുടെ അമ്മ' എന്ന് അറിയപ്പെടുന്നതും.