ചെങ്ങന്നൂര്‍: ഇനിയും പഠിക്കേണ്ട പാഠങ്ങള്‍

സുധി സി.ജെ |  
Published : Jun 02, 2018, 04:21 PM ISTUpdated : Jun 29, 2018, 04:28 PM IST
ചെങ്ങന്നൂര്‍: ഇനിയും പഠിക്കേണ്ട പാഠങ്ങള്‍

Synopsis

സുധി സി.ജെ എഴുതുന്നു

തിരഞ്ഞെടുപ്പില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുള്ളത് ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ്. 1885ലെ രൂപികരണ കാലഘട്ടം മുതല്‍ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയും അഗ്‌നിപരീക്ഷണങ്ങളിലൂടെയുമാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. നേതൃത്വവും ശൈലിയും നയങ്ങള്‍ തിരുത്തപ്പെടേണ്ടിയും വരും. കേരള ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ പഴി കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് ഇവിടുത്തെ ഉറങ്ങിക്കിടക്കുന്ന പ്രതിപക്ഷത്തിനുമുണ്ട്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയത്തെ ഒരു തരത്തിലും കുറച്ചു കാണിക്കുന്നത് ഉചിതവും നീതിയുമല്ല. ബിജെപിയുടെ 7412 വോട്ടുകള്‍ കുറക്കാനായി എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശം. കര്‍ണാടകയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ചെറിയതോതിലെങ്കിലും വലിയൊരു മാറ്റത്തിന്റെ ചൂണ്ടുപലകകളായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുള്ളത് ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ്. 1885ലെ രൂപികരണ കാലഘട്ടം മുതല്‍ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയും അഗ്‌നിപരീക്ഷണങ്ങളിലൂടെയുമാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. നേതൃത്വവും ശൈലിയും നയങ്ങള്‍ തിരുത്തപ്പെടേണ്ടിയും വരും. കേരള ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ പഴി കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് ഇവിടുത്തെ ഉറങ്ങിക്കിടക്കുന്ന പ്രതിപക്ഷത്തിനുമുണ്ട്. മാധ്യമങ്ങള്‍ കൂടി വിമര്‍ശിക്കാനില്ലെങ്കില്‍ ഭൂരിപക്ഷം ഇനിയും അനായാസമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. 

വി.എസ്. വിഭാഗീയതയൊക്കെ മാറ്റിവെച്ച് ഭരണപരിക്ഷകാര കസേരയില്‍ നല്ല കുട്ടിയായി ഇരുപ്പാണ്. അതുകൊണ്ടു പാര്‍ട്ടി ഭരിക്കുമ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും പ്രതിപക്ഷ നേതാവായി തിളങ്ങാറുള്ള അദ്ദേഹത്തിന്റെ സേവനവും ഇപ്പോള്‍ ലഭ്യമല്ല. നോട്ടക്കും പിന്നില്‍ അഞ്ഞൂറ് വോട്ടുകള്‍ പോലും നേടാനാകാതെ കേവലം 368 വോട്ടുകള്‍ നേടാന്‍ മാത്രമാണ് രാജീവ് പള്ളത്തിനായാത്. സി.ആര്‍. നീലകണ്ഠന്‍ നേതൃത്വം നല്‍കുന്ന ആംആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ അവസ്ഥ എത്രത്തോളം ദയനീയമാണെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. 

ചെങ്ങന്നൂരില്‍ സമുദായിക ധ്രുവികരണവും സമാഹരണവും നടന്നിട്ടുണ്ട്. അത് ഒരു യഥാര്‍ഥ്യമാണ്. സജി ചെറിയാന് ലഭിച്ച വോട്ടുകളെല്ലാം മതനിരപേക്ഷ വോട്ടുകളല്ല. അതേ സമയം അത് വര്‍ഗീയ വോട്ടുകളാണെന്ന വാദം തെറ്റാണ്. വര്‍ഗീയതയും സമുദായിക വോട്ട് സമാഹരണവും രണ്ടാണ്. എല്ലാ കാലത്തും സമുദായ സംഘടനകളും കോര്‍പ്പറ്റേറ്റ് കമ്പനികളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സമ്മര്‍ദ്ദ, താല്‍പ്പര്യ ഗ്രൂപ്പുകളായി വര്‍ത്തിക്കാറുണ്ട്. അംബാനിയിലും അദാനിയിലും തുടങ്ങി എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്കും മെത്രാന്‍മാര്‍ക്കും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും വരെ ചെറുതും വലുതുമായ സ്വാധീനം ചെലുത്താന്‍ കഴിയും. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ എല്ലാ മുന്നണികളും പല മണ്ഡലങ്ങളിലും സമുദായിക സാന്നിധ്യത്തെ മാനിക്കാറുമുണ്ട്. തൃശൂരില്‍ ഏറെകാലം തേറമ്പില്‍ രാമകൃഷ്ണനും റാന്നിയില്‍ ഇപ്പോഴും എപ്പോഴും രാജു എബ്രാഹാമും വിജയിച്ചു കയറിയിട്ടുള്ളത് കൃത്യമായ ജാതിസമവാക്യങ്ങളിലൂടെ തന്നെയാണ്.  അല്ലാതെ ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവര്‍ ആ മണ്ഡലങ്ങളില്‍ അഭൂതപൂര്‍വ്വമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കാണാം. കേരള കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ജനപ്രതിനിധികളുള്ള മണ്ഡലങ്ങളില്‍ സമുദായിക അനുകൂല്യം ഉണ്ട്. അതിനര്‍ത്ഥം ഈ പാര്‍ട്ടികള്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ആണെന്നല്ല. ഇതര-സമുദായങ്ങളുടെ വോട്ടുകളും എല്ലാ കാലത്തും അവരുടെ പെട്ടിയില്‍ വീഴാറുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണം ഉണ്ടായിട്ടുണ്ട്. പാരമ്പരാഗതമായി കോണ്‍ഗ്രസിനു ലഭിച്ചു കൊണ്ടിരുന്ന വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ബിജെപി രാജ്യവ്യാപകമായി ഉയര്‍ത്തികൊണ്ടുവന്ന വര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായില്ല. സ്വാഭാവികമായും കേരളത്തില്‍ ബിജെപിക്കെതിരെ പ്രതിരോധം തീര്‍ത്ത എല്‍ഡിഎഫിന്റെ വോട്ട് പെട്ടിയിലേക്ക് ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണമുണ്ടായി. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ എന്ന് പറയാന്‍ പറ്റില്ല. അരസംഘികളായി തുടരാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുിക്കേണ്ടി വരും. 

ചെങ്ങന്നൂരില്‍ പ്രത്യക്ഷമായി സുകുമാരന്‍ നായരോടോ വെള്ളാപ്പള്ളിയോടോ ക്രൈസ്തവ സഭകളോടോ വിലപേശല്‍ നടത്താതെ തന്നെ വോട്ട് പെട്ടിയിലാക്കാന്‍ സിപിഎമ്മിനു കഴിഞ്ഞു. മുന്നോക്ക സംവരണം ഉള്‍പ്പടെയുള്ള നയങ്ങള്‍, എന്‍ഡിഎയെ ബിഡിജെഎസിനോട് കാട്ടുന്ന അവഗണന, ട്രെയിന്‍ വിട്ടു കഴിഞ്ഞ് കംപാര്‍ട്ട്‌മെന്റിലേക്ക് ഓടി കയറിയ മാണി സാര്‍, സിഎസ്‌ഐക്കാര്‍ ഉള്ള പ്രദേശത്ത് സജി ചെറിയാനെ സിഎസ്‌ഐക്കാരനാക്കിയും അല്ലാത്തയിടത്ത് മതേനിരപേക്ഷതയുടെ മണിമുത്താക്കിയും നടത്തിയ ക്യാംപയനിങ്, ശോഭന ജോര്‍ജ്ജിന്റെ വ്യക്തിബന്ധങ്ങള്‍, കെകെആറിനോടുള്ള സഹതാപം തരംഗം തുടങ്ങി ചെറുതും വലുതുമായ പല ഘടകങ്ങളും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സജി ചെറിയാന്റെ വിജയത്തിന്റെ ശോഭ കെടുത്തുന്നില്ല. സംഘടന സംവിധാനത്തെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി എന്നത് തന്നെയാണ് എല്‍ഡിഎഫിന്റെ വിജയ രഹസ്യം, അതില്‍ കുറുക്കുവഴികളൊന്നും ഇല്ല. 

കോണ്‍ഗ്രസിനു വോട്ട് സമാഹരണം നടത്താന്‍ കഴിയമായിരുന്ന പല മേഖലകളിലും അവര്‍ പിന്നാക്കം പോയി. സ്ഥാനാര്‍ഥിയുടെ പഞ്ചായത്തില്‍ ഉള്‍പ്പടെ എല്ലായിടത്തും കോണ്‍ഗ്രസ് പിന്നിലായി എന്നത് ആഘാതം അത്ര ചെറുതല്ല എന്ന ഓര്‍മപ്പെടുത്തലാകുന്നു. മാവേലിക്കര ലോകാസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂരിന്റെ പരിസരത്തെങ്ങും മഷി ഇട്ടു നോക്കിയാല്‍ പോലും കൊടുക്കുന്നില്‍ സുരേഷിനെ കാണാന്‍ കിട്ടുന്നില്ല. ലോകാസഭാ തിരഞ്ഞെടുപ്പ് ആസന്നമായി ഇരിക്കുന്ന വേളയില്‍ കഴിഞ്ഞ നാലു വര്‍ഷമായി സുരേഷ് എന്ത് വികസനമാണ് മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ ചെയ്തിട്ടുള്ളതെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. 

സുരേഷിനു വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കോണ്‍ഗ്രസിനു കഴിയുമായിരുന്നു. സംവരണ മണ്ഡലത്തില്‍ ശക്തനായ എതിരാളി ഇല്ലാത്തതു കൊണ്ട് വിജയം അനായാസമാകും എന്ന അലസത എല്ലാ കാലത്തും സുരേഷിനു ഗുണം ചെയ്‌തെന്നു വരില്ല. നേതൃമാറ്റവും ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പുകളിലൂടെയും സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിനു പിടിച്ചു നില്‍ക്കാനാകു. കര്‍ണാടകയും കേരളത്തിനു പുറത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നു അടിവരയിടുന്നു. 

അതേസമയം, ചെങ്ങന്നൂര്‍ അവസാന വാക്കാണെന്ന മട്ടില്‍ നടത്തുന്ന അതിരുവിടുന്ന ആവേശ പ്രകടനങ്ങള്‍ ജനവിധിയെ അവഹേളിക്കുന്നതിനും തുല്യമാണ്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ഈ ഉള്ളവന്‍ ഇന്നലെ പുറത്ത് ഇറങ്ങിയപ്പോള്‍ കേട്ട ഒരു മുദ്രവാക്യം 'ആരാആരാ ചെളിയുടെ മറവില്‍ ഞാനാ ഞാനാ വിജയനാ' എന്നതായിരുന്നു. ചെങ്ങന്നൂരില്‍ വിജയിച്ചത് കൊണ്ട് അടുത്ത വര്‍ഷത്തെ ലോകസഭാ തിരഞ്ഞെടുപ്പിലും 21ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാകുമെന്ന അമിതപ്രതീക്ഷ എല്‍ഡിഎഫിനു വിനയാകരുത്. അതിനു ദീര്‍ഘവീക്ഷണമുള്ള നയസമീപനങ്ങള്‍ ഉണ്ടാവണം. സ്വയം വിമര്‍ശനവും തിരുത്തലുകളുമുണ്ടാവണം. 

പിണറായി-മാധ്യമ ദ്വന്ദ്വത്തിലും ഇരുപക്ഷത്തും പൂര്‍ണ്ണമായ ശരിയും തെറ്റുകളും ഉണ്ടെന്നു പറയാന്‍ പറ്റില്ല. ആര്‍ക്കും നൂറു ശതമാനം ശരിയാകാനും ശരിയാക്കാനും പറ്റില്ലല്ലോ. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പല പുരോഗമനപരമായ നയപരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ചിലപ്പോഴെങ്കിലും മാധ്യമങ്ങള്‍ വിമുഖത കാട്ടാറുണ്ട്. ചില മാധ്യമ പ്രവര്‍ത്തകര്‍ മുന്‍വിധിയോടെയാണ് സംസാരിക്കുന്നത്. അത് തികച്ചും വ്യക്തിപരമാണ്. അത് ആ മാധ്യമത്തില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും നിലപാടാകണമെന്നില്ല.  

മറുപക്ഷത്ത് പിണറായിയുടെ അനാവശ്യ വാശിയും ധാര്‍ഷ്ട്യവും അദ്ദേഹത്തിന്റെ തന്നെ ഭരണ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നുണ്ട്. ആഭ്യന്തരമന്ത്രിയായി അദ്ദേഹം വലിയ പരാജയമാണ്. ഇതിനു മുന്‍പ് എല്‍ഡിഎഫ് ഭരിച്ച സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമാന്യം മികച്ച രീതിയില്‍ ആ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തെ പിണറായിക്കു മാതൃകയാക്കാവുന്നതാണ്. 

എന്നാല്‍, സിപിഎം അനുകൂല വാര്‍ത്തകളും സംഘി വിരുദ്ധ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമധര്‍മ്മത്തിന്റെ കാവലാളുകളായി വാഴ്ത്തുകയും സിപിഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ മാധ്യമവേശ്യകളാക്കി അവഹേളിക്കുകയും ചെയ്യുന്ന സൈബര്‍ പോരാളികളുടെ നിലപാട് പരിതാപകരമാണ്. തങ്ങള്‍ നിശ്ചയിച്ച് ഉറപ്പിച്ച ഉത്തരങ്ങള്‍ തന്നെ പറയണമെന്ന ചില വാര്‍ത്താ അവതാരകരുടെ വാശിയും അപഹാസ്യമാണ്. ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കള്‍, വാര്‍ത്തകളുടെ വരികള്‍ക്കിടയിലൂടെ അവരുടെ ശരികളെ കണ്ടെത്താനുള്ള ബോധം കേരളീയ ജനതക്കുണ്ട്. 

മറുവശത്ത് പിണറായി വിജയനും ഇതേ പ്രശ്‌നമുണ്ട് മാധ്യമങ്ങളെല്ലാം തന്നെ ആക്രമിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന മുന്‍വിധി അദ്ദേഹത്തിനുമുണ്ട്. വിമര്‍ശനങ്ങളെ ഭയപ്പെടുന്ന ഒരു ഫാസിസ്റ്റ് ഏകാധിപതിയുടെ ശരീരഭാഷ ചിലപ്പോഴെങ്കിലും അദ്ദേഹത്തിനു ഉണ്ട് താനും. കെവിനെ കാണാതായി എന്ന് പരാതിപ്പെട്ട നീനുവിനോട് മുഖ്യമന്ത്രിയുടെ സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടാകാം അന്വേഷണം എന്ന് എസ്‌ഐ പറഞ്ഞതായി ഒരു ആക്ഷേപമുണ്ടാല്ലോ, അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ലേഖിക പി.ആര്‍. പ്രവീണയുടെ ചോദ്യം. 

മലയാളത്തിലെ മികച്ച വനിതാ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് പ്രവീണ. ആരോഗ്യം പ്രവീണയുടെ പ്രധാനപ്പെട്ട ബൈറ്റുകളില്‍ ഒന്നാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടും അല്ലാതെയും ഒട്ടേറെ മികച്ച സ്‌റ്റോറികള്‍ ചെയ്തിട്ടുള്ള വ്യക്തിയുമാണ്. സെന്‍സേഷണല്‍ ജേണലിസമല്ല മറിച്ച് നാടിനും നാട്ടുകാര്‍ക്കും പ്രയോജനമുള്ള സ്‌റ്റോറികള്‍ തന്നെ. പ്രവീണ ചോദ്യം ചോദിക്കുമ്പോള്‍, ഏതു ചാനലില്‍ നിന്നാണ്, ഇത് ഏഷ്യാനെറ്റിന്റെ ചോദ്യമാണല്ലോ എന്ന മട്ടിലുള്ള മറുപടി തികച്ചും അസഹണിഷ്തയാണ്. കെവിന്‍ കേസില്‍ പോലീസുകാരുടെ വീഴ്ച ഉണ്ടായിട്ടുണ്ട്. ആഭ്യാന്തരമന്ത്രിക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയുകയുമില്ല. അതേസമയം കെവിനെ കൊല്ലാന്‍ ഒത്താശ ചെയ്തു നല്‍കിയത് പിണറായി ആണെന്നുള്ള മട്ടിലുള്ള ചില വ്യാഖ്യാനങ്ങളും ശുദ്ധ അസംബന്ധമാണ്. ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കാള്‍, വാര്‍ത്തകളുടെ വരികള്‍ക്കിടയിലൂടെ അവരുടെ ശരികളെ കണ്ടെത്താനുള്ള ബോധം കേരളീയ ജനതക്കുണ്ട്.

പിന്നെ എപ്പോഴും ഈ ഊരിപിടിച്ച കത്തികള്‍ക്കിടയിലൂടെ നടക്കാതെ വല്ലപ്പോഴും സാധാരണക്കാരുടെ കണ്ണീരൊപ്പാനും അവര്‍ക്കു സ്വാന്തനമാകാനും കൂടി മുഖ്യമന്ത്രി അല്‍പം സമയം കണ്ടെത്തണം. കെവിന്റെ വീട് സന്ദര്‍ശിച്ചതു കൊണ്ട് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വാസിപ്പിക്കുന്നതു കൊണ്ട് അങ്ങയുടെ ഇമേജിനു ഒരു കോട്ടവും വരില്ല.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്