യാത്രയ്ക്കിടയിലെ ഉറക്കം; ബാലഭാസ്ക്കറിനും ജഗതിക്കും സംഭവിച്ച ദുരന്തം; ഒഴിവാക്കാന്‍ വഴിയുണ്ട്

Published : Sep 30, 2018, 04:09 PM IST
യാത്രയ്ക്കിടയിലെ ഉറക്കം; ബാലഭാസ്ക്കറിനും ജഗതിക്കും സംഭവിച്ച ദുരന്തം; ഒഴിവാക്കാന്‍ വഴിയുണ്ട്

Synopsis

റോഡപകടമരണങ്ങളിൽ ഏകദേശം 20 ശതമാനത്തോളും (അഞ്ചിൽ ഒന്ന്) Driver fatigue (ആലസ്യം/ഉറക്കം) കാരണം ആണ് എന്ന് പല പഠനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡ്രൈവറെ ഒരിക്കലും ഇതിൽ പഴിക്കാൻ പറ്റില്ല. അവരും മനുഷ്യരല്ലേ? ഉറക്കം എന്നത് വളരെ സ്വാഭാവികമായ പ്രക്രിയ അല്ലേ. ചില്ലപ്പോൾ ക്ഷീണം കാരണം ഉറക്കം നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല

കൊച്ചി: റോഡപകടങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഓരോ ദിവസവും നിരവധി അപകട വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാത്രിയാത്രയ്ക്കിടിയില്‍ ഡ്രൈവറുടെ ഉറക്കം തുങ്ങല്‍ പലപ്പോഴും അപകടം വിളിച്ചുവരുത്താറുണ്ട്. ജഗതി ശ്രീകുമാറിനും, ബാലഭാസ്കറിനും കുടുംബത്തിനും ഉണ്ടായ അപകടത്തിലും ഡ്രൈവറുടെ ഉറക്കം പ്രശ്നമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശാസ്ത്ര ഗവേഷകനായ സുരേഷ് സി പിള്ള രാത്രി യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ ഉറക്കം തൂങ്ങാതിരിക്കാനുള്ള പോംവഴികള്‍ നിര്‍ദ്ദേശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

സുരേഷ് സി പിള്ളയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

റോഡപകടമരണങ്ങളിൽ ഏകദേശം 20 ശതമാനത്തോളും (അഞ്ചിൽ ഒന്ന്) Driver fatigue (ആലസ്യം/ഉറക്കം) കാരണം ആണ് എന്ന് പല പഠനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജഗതി ശ്രീകുമാറിനും, ബാലഭാസ്കറിനും കുടുംബത്തിനും ഉണ്ടായ അപകടത്തിലും ഡ്രൈവറുടെ ഉറക്കം ആയിരിക്കാം കാരണം എന്ന് പത്രങ്ങളിൽ വായിച്ചു കാണുമല്ലോ?.

ഡ്രൈവറെ ഒരിക്കലും ഇതിൽ പഴിക്കാൻ പറ്റില്ല. അവരും മനുഷ്യരല്ലേ? ഉറക്കം എന്നത് വളരെ സ്വാഭാവികമായ പ്രക്രിയ അല്ലേ. ചില്ലപ്പോൾ ക്ഷീണം കാരണം ഉറക്കം നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല.

യാത്രയുടെ ഇടയിൽ ഉണ്ടാവുന്ന അഞ്ചോ പത്തോ നിമിഷത്തെ ഉറക്കം മതി വലിയ ഒരു അപകടം ഉണ്ടാവാൻ.

അപ്പോൾ യാത്രയുടെ ഇടയിൽ ഡ്രൈവർ ഉറങ്ങാതെ ഇരിക്കാൻ എന്തൊക്കെ ചെയ്യാം.

1. "Stop, Sip, Sleep". അതായത് 'വണ്ടി നിർത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ' അയർലണ്ടിൽ ഉള്ള റോഡ് സേഫ്റ്റി അതോറിട്ടി FM റേഡിയോ, TV വഴിയൊക്കെ സ്ഥിരമായി പരസ്യപ്രസ്താവന നടത്തുന്നതാണ് ഇത്. ദൂര യാത്രകൾ പോകുമ്പോൾ നിങ്ങൾ ഡ്രൈവ് ചെയ്യുകയോ, അല്ലെങ്കിൽ ഡ്രൈവറെ കൂട്ടി പോകുകയോ ചെയ്യുമ്പോൾ തീർച്ചയായും ഓർക്കേണ്ട കാര്യമാണ്. "Stop, Sip, Sleep" അതായത്, ക്ഷീണം തോന്നുകയോ, ഉറക്കം വരുന്നതായി തോന്നുകയോ ചെയ്താൽ അപ്പോൾ തന്നെ വാഹനം സുരക്ഷിതമായി ഒരു സ്ഥലത്തു നിർത്തുക (Stop). ദൂര യാത്രകളിൽ ഒരു ഫ്ലാസ്കിൽ ചൂടു കാപ്പിയോ, ചായയോ തീർച്ചയായും കരുതണം. വണ്ടി നിർത്തി തണുത്ത വെള്ളത്തിൽ മുഖം ഒക്കെ ഒന്ന് കഴുകി, കാപ്പി കുടിക്കാം (Sip). വേണമെങ്കിൽ 15 മിനിട്ട് ഉറങ്ങാം (Sleep). നിങ്ങളുടെ കൂടെ ഡ്രൈവർ ഉണ്ടെങ്കിൽ അവരോട് "Stop, Sip, Sleep" എന്താണ് എന്ന് പറഞ്ഞു കൊടുക്കുക. ക്ഷീണം തോന്നുക ആണെങ്കിൽ വണ്ടി നിർത്തുന്നതിൽ ഒരു വിരോധവും ഇല്ല എന്ന് പ്രത്യേകം പറയാം. ദൂരെ യാത്രകളിൽ ഒരു മന്ത്രം പോലെ കരുത്തേണ്ടതാണ് "Stop, Sip, Sleep" എന്നത്.

2. നിങ്ങൾ ഒരു ദൂര യാത്ര പോകുന്നു എന്ന് കരുതുക,ഉദാഹരണത്തിന് ഊട്ടിക്കു പോകുന്നു. കൂടെ ഡ്രൈവർ ഉണ്ട്. രാത്രി അദ്ദേഹം എങ്ങിനെയാണ് ഉറങ്ങുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോളും കാറിൽ തന്നെ ആവും ഉറക്കം. കാറിൽ ഇരുന്ന് ഒരിക്കലും നന്നായി ഉറങ്ങാൻ പറ്റില്ലല്ലോ? ആ ഉറക്ക ക്ഷീണവും ആയാവും അടുത്ത ദിവസം യാത്ര. അപകടം ഉണ്ടാവാൻ ഇതു മതി. വിനോദ യാത്രകൾ Overnight (രായ്‌ക്കുരാമാനം)യാത്ര ആണെങ്കിൽ നിങ്ങളുടെ താമസം ഒരുക്കുന്ന കൂട്ടത്തിൽ ഹോട്ടലിൽ/വിശ്രമ കേന്ദ്രത്തിൽ ഒരു ബെഡ് ഡ്രൈവർക്കും കൂടി ബുക്ക് ചെയ്യാൻ മറക്കരുതേ. യാത്രകൾ പ്ലാൻ ചെയുമ്പോൾ ഇതും കൂടി പ്ലാൻ ചെയ്തു വേണം ബഡ്ജറ്റ് ഉണ്ടാക്കാൻ. കാരണം നിങ്ങളുടെ ജീവൻ ഡ്രൈവറുടെ കൈകളിൽ ആണ്. അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെയും കൂടി ആവശ്യമാണ്.

3. കഴിവതും രാത്രി അല്ലെങ്കിൽ അതി രാവിലെ ഉള്ള യാത്രകൾ ഒഴിവാക്കുക. പല പഠനങ്ങളിലും പറഞ്ഞിരിക്കുന്നത് ഉറക്കം മൂലം ഉണ്ടായ കൂടുതൽ വാഹന അപകടങ്ങളും രാത്രി രണ്ടു മണിക്കു ശേഷവും, രാവിലെ ആറു മണിക്ക് മുൻപും ആണെന്നാണ്.

4. യാത്ര ചെയ്യുന്നതിന്റെ മുൻപത്തെ രാത്രി നന്നായി ഉറങ്ങണം. അഞ്ചു മണിക്കൂർ എങ്കിലും ഉറങ്ങി ഇല്ലെങ്കിൽ ഒരിക്കലും ഡ്രൈവ് ചെയ്യാൻ ശ്രമിക്കരുത്.

5. തുടർച്ചയായി ഡ്രൈവ് ചെയ്യുന്ന സമയത്ത് കൃത്യമായി ഓരോ രണ്ടു മണിക്കൂറിലും പതിനഞ്ചു മിനിറ്റ് വിശ്രമിക്കണം.

6. എങ്ങിനെ ക്ഷീണം/ഉറക്കം വരുന്നു എന്നറിയാം? കോട്ടുവായിടല്‍ (yawning), കണ്ണുകളിൽ കനം, ക്ഷീണം അനുഭവിക്കുക, ഡ്രൈവിങ്ങിൽ അശ്രദ്ധ തോന്നുക, ജാഗ്രതകുറവ് ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിക്കാം ഉറക്കം നിങ്ങളെ പിടികൂടാൻ തുടങ്ങി എന്ന്. ഓർക്കുക ഒരു അഞ്ചു നിമിഷം കണ്ണടച്ചാൽ എന്താവും സംഭവിക്കുക എന്ന്? അതുകൊണ്ട് നമ്മുടെ ഡ്രൈവിംഗ് മന്ത്രം ഓർക്കുക "Stop, Sip, Sleep" 'വണ്ടി നിർത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ'

 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ