
അത്ര പെട്ടെന്ന് മാപ്പ് നല്‍കാവുന്ന കുറ്റമല്ല അവരുടെ കണ്ണില്‍ നൂറ ചെയ്തത്. സ്വന്തം ഭര്‍ത്താവിനെയാണ് അവര്‍ കുത്തിക്കൊലപ്പെടുത്തിയത്. എന്തിനാണ് അവര്‍ ആ കൊലപാതകം നടത്തിയത്? ഹൈറുന്നീസ എഴുതുന്നു
2014 ഒക്‌ടോബര്‍ 25നായിരുന്നു ലോകത്തെ കരയിച്ച ആ വധശിക്ഷ. ബലാത്സംഗം ചെയ്തയാളെ കൊന്നതിന് റെയ്ഹാന ജബ്ബാറിയെന്ന 26 കാരിയെ ഇറാനില്‍ തൂക്കിക്കൊന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എല്ലാ ശ്രമങ്ങളെയും വിഫലമാക്കിയാണ് ഇറാന്‍ വധശിക്ഷ നടപ്പാക്കിയത്. പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ ഇറാന്‍ തല കുനിച്ചില്ല. നിശ്ചയിച്ച സമയത്തുതന്നെ റെയ്ഹാനയെ തൂക്കിലേറ്റി.
മൂന്ന് വര്‍ഷം കഴിഞ്ഞ്, 2017ലാണ് സമാനമായ മറ്റൊരു പ്രതിഷേധം ലോകമെങ്ങും ഉയരുന്നത്. ഇത്തവണ ഇറാനായിരുന്നില്ല ഇടം. സുഡാന്‍. തന്നെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പത്തൊമ്പതുകാരിയായ നൂറ ഹുസൈനെയാണ് സുഡാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മേല്‍ക്കൂരയില്ലാത്ത തടവറയില്‍ തൂക്കുകയര്‍ കാത്ത് കിടന്ന നൂറയ്ക്ക് വേണ്ടിയും ശബ്ദം ഉയര്‍ന്നു. ജസ്റ്റിസ് ഫോര്‍ നൂറ എന്ന ഹാഷ് ടാഗില്‍ വ്യാപക ക്യാംപെയിന്‍ നടന്നു. പ്രതിഷേധം വെറുതെയായില്ല. നൂറയുടെ വധശിക്ഷ കോടതി പിന്‍വലിച്ചു. അഞ്ചു വര്‍ഷം ജയില്‍ശിക്ഷയായി അതു ചുരുക്കി.
അത്ര പെട്ടെന്ന് മാപ്പ് നല്‍കാവുന്ന കുറ്റമല്ല അവരുടെ കണ്ണില്‍ നൂറ ചെയ്തത്. സ്വന്തം ഭര്‍ത്താവിനെയാണ് അവര്‍ കുത്തിക്കൊലപ്പെടുത്തിയത്. എന്തിനാണ് ആ കൊലപാതകം നടത്തിയത്?
നൂറയുടെ വധശിക്ഷ കോടതി പിന്‍വലിച്ചു. അഞ്ചു വര്‍ഷം ജയില്‍ശിക്ഷയായി അതു ചുരുക്കി.
പതിനാറാം വയസ്സില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് നടത്തിയ വിവാഹമായിരുന്നു നൂറയുടേത്. 32 വയസ്സുള്ള ബന്ധു അബ്ദുറഹ്മാന്‍ ആയിരുന്നു വരന്‍. തനിക്ക് പഠിക്കണം എന്ന് വാശിപിടിച്ച നൂറയെ വീട്ടുകാര്‍ അനുവദിച്ചില്ല. അവര്‍ അവളുടെ സമ്മതമില്ലാതെ നിക്കാഹ് നടത്തി. തുടര്‍ന്ന് 350 കിലോ മീറ്റര്‍ അകലെയുള്ള വല്യമ്മയുടെ വീട്ടിലേക്ക് നൂറ ഒളിച്ചോടി. തന്നെ വിട്ടുകൊടുക്കരുതെന്ന് കരഞ്ഞു പറഞ്ഞു. രണ്ടു നാള്‍ക്കുശേഷം വീട്ടുകാരെത്തി അവളെ കൊണ്ടുപോയി. പിന്നെ രണ്ടുവര്‍ഷം സ്വന്തം വീട്ടില്‍ തടങ്കല്‍ ജീവിതം. കുടുംബത്തിലെ മുതിര്‍ന്നവരെല്ലാം അവളെ അബ്ദുറഹ്മാനൊപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചു. അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ രണ്ടു വര്‍ഷത്തിനുശേഷം അവളെ അയാള്‍ക്കൊപ്പം നിര്‍ബന്ധിച്ച് അയച്ചു.
തന്നെ തൊടാന്‍ നൂറ അനുവദിച്ചില്ല. ഒരാഴ്ച അവള്‍ പിടിച്ചു നിന്നു. കരഞ്ഞു നിലവിളിച്ചു. പട്ടിണി കിടന്നു. ബഹളം വെച്ചു. ഒടുവില്‍ ഏഴാം നാള്‍, കുറേ ബന്ധുക്കള്‍ക്കൊപ്പം അബ്ദുറഹ്മാന്‍ വീട്ടിലെത്തി. അവരവളെ ബലമായി പിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചു കീറി. കൈകള്‍ കെട്ടിയിട്ടു. അബ്ദുറഹ്മാന്‍ അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു.
വന്നവര്‍ തിരിച്ചുപോയി. ഒരു കത്തി അവള്‍ തനിക്കുവേണ്ടിത്തന്നെ കരുതി. രണ്ടാം ദിവസവും ശരീരത്തിനു നേരെ അയാള്‍ അക്രമാസക്തനായി അടുത്തപ്പോള്‍ അടങ്ങിക്കിടക്കാന്‍ നൂറയ്ക്കായില്ല. അങ്ങേയറ്റത്തെ അപമാനവും വേദനയും രോഷമായി മാറി. തലയിണക്കീഴില്‍ ഒളിപ്പിച്ചുവച്ച കത്തി വലിച്ചൂരിയെടുത്തു.
എങ്ങനെയാണ് ഒരാളെ കൊലപ്പെടുത്തുക?
അബോധത്തിന്റെ നിമിഷങ്ങളിലായിരുന്നു അയാളെ താന്‍ കൊലപ്പെടുത്തിയതെന്ന് ജയിലില്‍ കാണാനെത്തിയ അമ്മയോട് നൂറ പറഞ്ഞിരുന്നു. അതൊരു കൊലപാതകമല്ലെന്ന് ലോകവും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അതിജീവനത്തിനുള്ള പിടച്ചിലായിരുന്നു..... ഒടുവില്‍ അവള്‍ വിജയിക്കുക തന്നെ ചെയ്തു. അയാള്‍ കൊല്ലപ്പെട്ടു. അവള്‍ കൊലയാളിയായി മാറി. ജയിലിലായി. കോടതി അവള്‍ക്ക് വധശിക്ഷ വിധിച്ചു.
ഒരു കത്തി അവള്‍ തനിക്കുവേണ്ടിത്തന്നെ കരുതി.
വധശിക്ഷയില്‍ നിന്ന് നൂറയെ വിമോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ ആദ്യമൊന്നും സുഡാന്‍ ഗൗനിച്ചില്ല. എന്നാല്‍, പ്രതിഷേധം ശക്തമായ തലത്തിലെത്തി. ഹോളിവുഡ് താരങ്ങളടക്കം നിരവധി സെലബ്രിറ്റികള്‍ അവള്‍ക്കു വേണ്ടി രംഗത്തിറങ്ങി. എതിര്‍പ്പുകള്‍ക്കു മുന്നില്‍ ഒടുക്കം സുഡാന്‍ വഴങ്ങി. നിശ്ചയിക്കപ്പെട്ട മരണത്തില്‍ നിന്ന് നൂറ ജീവിതത്തിലേക്ക് തിരികെയെത്തുമ്പോള്‍ സുഡാന്‍ തലയുയര്‍ത്തി ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്. ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ആകെ അട്ടിമറിച്ച പെണ്‍കുട്ടി.
ബാലവിവാഹവും ബലാല്‍സംഗവുമെല്ലാം സര്‍വസാധാരണയായി കാണുന്ന ഒരു ജനതയുടെ മുന്നിലേക്ക് അഞ്ചുവര്‍ഷത്തെ തടവു കൂടി കടന്നാല്‍ അവളിറങ്ങി വരും. സുഡാനോ ഇറാനോ മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ വ്യവസ്ഥയുടെ ഭാഗമായി കണ്ട്, നിശ്്ശബ്ദമായി അതിനെ അംഗീകരിച്ച് മുന്നോട്ടുപോകുന്നവരെല്ലാം നൂറയെ അറിയണം.
സ്ത്രീകള്‍ ഭയപ്പെടേണ്ട രാജ്യങ്ങളില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന നമ്മുടെ രാജ്യവും നൂറയെ പരിചയപ്പെടണം. ഇന്ത്യയെ സംബന്ധിച്ച് പൊതുവിടത്തിലെ അരക്ഷിതാവസ്ഥയോളം തന്നെ ഭീകരമാണ് വീട്ടകങ്ങളിലെ അന്തരീക്ഷവും. ഭര്‍ത്താക്കന്മാര്‍ പ്രതിസ്ഥാനത്താകുന്ന എത്ര ബലാല്‍സംഗം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യാത്ത പീഡനകഥകള്‍ അതിലേറെ. നിത്യജീവിതത്തിന്റെ ഭാഗമായി ഈ അടിച്ചമര്‍ത്തലിനെ കാണുന്നവര്‍ക്ക് നൂറയും റെയ്ഹാനയുമെല്ലാം മാതൃകകളാണ്. ശരീരത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാനും അതിന്റെ പേരിലെത്തുന്ന തിരിച്ചടികളെ സധൈര്യം അഭിമുഖീകരിക്കാനും മനസ്സില്‍ ഇത്തരം ചില മാതൃകകള്‍ സൂക്ഷിക്കുന്നത് ഓരോ സ്ത്രീയ്ക്കും ഊര്‍ജ്ജമേകും, ഉറപ്പ്.
'എന്നെ ബലാത്സംഗം ചെയ്തയാളെ കൊന്നില്ലായിരുന്നുവെങ്കില്‍ ഭീതീതമായ ആ രാത്രിയില്‍ ഞാന്‍ കൊല്ലപ്പെടുമായിരുന്നു'-
'എന്നെ ബലാത്സംഗം ചെയ്തയാളെ കൊന്നില്ലായിരുന്നുവെങ്കില്‍ ഭീതീതമായ ആ രാത്രിയില്‍ ഞാന്‍ കൊല്ലപ്പെടുമായിരുന്നു'-ഇറാനില്‍ തൂക്കിലേറ്റപ്പെട്ട റെയ്ഹാന അമ്മയ്ക്ക് അവസാനമായി എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. 'നഗരത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ എന്റെ ശരീരം കണ്ടെടുക്കുമ്പോള്‍ വേദനയോടെ നിങ്ങള്‍ മനസ്സിലാക്കും, ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന്. അന്ന് കൊലയാളികളെ നിങ്ങള്‍ തിരിച്ചറിയില്ല. അവരുടെ അധികാരത്തിനൊപ്പം നമുക്ക് നില്‍ക്കാനാവില്ല. മരണം ജീവിതത്തിന്റെ അവസാനമല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ....'
അത്രയും തീക്ഷണമായ ഒരു പോരാട്ടത്തിന്റെ പകുതി വഴിയില്‍ വച്ച് റെയ്ഹാന മടങ്ങി. എന്നാലിപ്പോള്‍ നൂറ അതിന്റെ തുടര്‍ച്ചയായിരിക്കുന്നു. ലോകം മഹത്തായ ഒരതിജീവനത്തിന് സാക്ഷിയായിരിക്കുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം