വയസ് വെറും പതിനാല്; പക്ഷെ, ഇവനാള് പുലിയാണ്!

By Web TeamFirst Published Oct 6, 2018, 12:02 PM IST
Highlights

ഏഴാമത്തെ വയസില്‍ തന്‍മയ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ടാക്കി, 'തന്‍മയ് ടീച്ച്സ്' എന്നായിരുന്നു പേര്. പ്രോഗ്രാമിങ്ങിനെ കുറിച്ചും, അതിന്‍റെ സാധ്യതകളെ കുറിച്ചുമൊക്കെ വിശദീകരിക്കുന്ന ക്ലാസുകളായിരുന്നു അത്. 

ദില്ലി: തന്‍മയ് ഭക്ഷിക്ക് വയസ് വെറും പതിനാലാണ്. എന്നാല്‍, കുട്ടി എന്നോ, പയ്യന്‍ എന്നോ പറഞ്ഞ് ഒഴിവാക്കാന്‍ വരട്ടെ. തന്‍മയ് അത്ര ചില്ലറക്കാരനല്ല. അധ്യാപകനാണ്, TEDx സ്പീക്കറാണ്, എഴുത്തുകാരനാണ്. പ്രോഗ്രാമിങ്ങിന്‍റെ ലോകത്തെ പുലിയാണ്. 

കമ്പ്യൂട്ടറുമായുള്ള സൌഹൃദമാണ് പ്രോഗ്രാമിങ്ങിന്‍റെ ലോകത്തേക്കുള്ള തന്‍മയ്യുടെ യാത്രക്ക് വഴിയൊരുക്കുന്നത്. '' കുഞ്ഞായിരിക്കുമ്പോള്‍ തന്നെ, കമ്പ്യൂട്ടര്‍  എന്നെ ആകര്‍ഷിച്ചിരുന്നു, അതിന്‍റെ പ്രവര്‍ത്തനങ്ങളും. എന്‍റെ ഈ ആകാംക്ഷ കണ്ട് അച്ഛനാണ് എനിക്ക് പ്രോഗ്രാമിങ്ങിനെ കുറിച്ച് പറഞ്ഞു തരുന്നത്. അങ്ങനെ പതിയെ പതിയെ ഞാനാ ലോകത്തേക്കെത്തിപ്പെട്ടു. പ്രോഗ്രാമിങ്ങിന്‍റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. പിന്നീട് cracking C, C++, Java ഇതിലേക്കൊക്കെ എത്തിപ്പെട്ടു. '' തന്‍മയ് പറയുന്നു. തന്‍മയുടെ അച്ഛന്‍ പുനീത് ഭക്ഷി വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്.

ഏഴാമത്തെ വയസില്‍ തന്‍മയ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ടാക്കി, 'തന്‍മയ് ടീച്ച്സ്' എന്നായിരുന്നു പേര്. പ്രോഗ്രാമിങ്ങിനെ കുറിച്ചും, അതിന്‍റെ സാധ്യതകളെ കുറിച്ചുമൊക്കെ വിശദീകരിക്കുന്ന ക്ലാസുകളായിരുന്നു അത്. 

''പ്രോഗ്രാമിങ്ങ് ഒരു നല്ല കരീര്‍ സാധ്യതയാണ്. അതിലൊരു ഭാഷയുണ്ടാക്കുന്നതില്‍ ഒരു കലയുണ്ട്. എന്ത് സാങ്കേതികതയിലായാലും ഒരു കമ്പനിക്ക് പ്രോഗ്രാമറെ ആവശ്യമുണ്ട്. അതിന് നല്ലൊരു പാക്കേജും ലഭിക്കും. '' തന്‍മയി പറയുന്നു. യൂട്യൂബ് ചാനലിന് 2.8 ലക്ഷം സബ്സ്ക്രൈബര്‍മാരുണ്ട്. 

നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യയിലും തന്‍മയ് ആദരിക്കപ്പെട്ടിരുന്നു. ''ഇന്ത്യ പുതിയ പുതിയ സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും തുടങ്ങാന്‍ അനുയോജ്യമായ സ്ഥലമാണ്. ഐഐടി പോലെയുള്ള ഇന്‍സ്റ്റിറ്റിയൂട്ടുകളും, പ്രോയോഗികതയിലൂന്നിയ നിരവധി കോഴ്സുകള്‍ നടത്തുന്നുണ്ടെ''ന്നും തന്‍മയ് പറയുന്നു. 

ഒന്നാമത്തെ വയസ് തൊട്ട് ഇന്ത്യക്ക് പുറത്ത് കഴിയുന്നുവെങ്കിലും തന്‍റെ രാജ്യത്തെ മുന്നോട്ട് നയിക്കാനാകുന്നതെന്തെങ്കിലും ചെയ്യാനാണിഷ്ടം. അതിനായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലെയൊക്കെ ആകണമെന്നാണ് ആഗ്രഹമെന്നും തന്‍മയ് പറയുന്നു. 

ഇപ്പോള്‍ പത്തിലാണ് തന്‍മയ് പഠിക്കുന്നത്. പ്രോഗ്രാമിങ്ങിന് പുറമെ സയന്‍സ്, ഫിക്ഷന്‍, ഡിറ്റക്ടീവ് പുസ്തകങ്ങളൊക്കെ വായിക്കാനാണ് ഈ മിടുക്കനിഷ്ടം. 

click me!