വിമര്‍ശനപ്പെരുമഴക്കിടയിലും ടാന്‍സാനിയയില്‍ വീണ്ടും ജോണ്‍ മഗുഫുലി തന്നെ പ്രസിഡണ്ടാകുമ്പോള്‍

By Web TeamFirst Published Nov 3, 2020, 5:03 PM IST
Highlights

എന്നാൽ,ഇപ്പോൾ മഗുഫുലി രണ്ടാമതും വിജയിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കെതിരെ പ്രതിപക്ഷ പരാതികൾ ഉണ്ടായിരുന്നിട്ടും, സംസ്ഥാന ഉദ്യോഗസ്ഥർ അതെല്ലാം നിഷേധിക്കുകയാണുണ്ടായത്.

ടാന്‍സാനിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ജോണ്‍ മഗുഫുലി തന്നെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ആരംഭം മുതലേ ടാൻസാനിയ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷം ഈ വിജയത്തെ കള്ളത്തരമായി തള്ളിക്കളയുന്നുണ്ടെങ്കിലും, മഗുഫുലി തന്നെ രണ്ടാം തവണയും വിജയിച്ചിരിക്കുകയാണ്. കൊറോണ വൈറസ് മഹാമാരിക്കെതിരെ പ്രസിഡന്റ് ജോൺ മഗുഫുലി കൈകൊണ്ട പ്രതിരോധ നടപടികളുടെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ആഗോളതലത്തിൽ രാജ്യത്തിന് നേരിടേണ്ടിവന്നത്. 

ടാൻസാനിയയിൽ ആദ്യമായി കൊവിഡ് -19 രേഖപ്പെടുത്തിയപ്പോൾ, ആളുകൾ വീട്ടിൽ തന്നെ തുടരണമെന്ന് മഗുഫുലി ആവശ്യപ്പെട്ടില്ല. പകരം ആളുകളോട് ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കാനാണ് പറഞ്ഞത്. "കൊറോണ വൈറസ്, ഒരു പിശാചാണ്, ക്രിസ്തുവിന്റെ ശരീരത്തിൽ അതിജീവിക്കാൻ അതിന് കഴിയില്ല... തൽക്ഷണം കത്തിച്ചാമ്പലാവും" മഗുഫുലി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് കൈകൊണ്ട പല നടപടികളും വിമർശനങ്ങൾക്ക് ഇടനല്‍കുന്നതായിരുന്നു. സാമൂഹികാകലം പാലിക്കുന്നതിനും, മാസ്‍ക് ധരിക്കുന്നതിനും എതിരെ സംസാരിച്ച മഗുഫുലി, സമ്പദ്‌വ്യവസ്ഥയെ അടച്ചുപൂട്ടാൻ തനിക്ക് കഴിയില്ലെന്നും പറഞ്ഞ് അയൽരാജ്യങ്ങളെ പ്രകോപിപ്പിക്കുകയുമുണ്ടായി. പിന്നീട് ടെസ്റ്റ് കിറ്റുകൾ ഉപയോഗ്യമാണോ എന്നറിയാൻ വിവിധ മൃഗങ്ങളിലും പഴങ്ങളിലും വൈറസ് പരിശോധിക്കാൻ അയച്ചതിനുശേഷം, ഒരു പപ്പായ, ആട് എന്നിവയെല്ലാം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയുണ്ടായി. പലരും മഗുഫുലിയുടെ സമീപനത്തെ വിചിത്രമെന്ന് തള്ളിക്കളഞ്ഞിരുന്നു.

2015 ഒക്ടോബറിൽ 56 -ാം ജന്മദിനത്തിൽ ജോൺ മഗുഫുലിയെ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോൾ, ടാൻസാനിയയ്ക്ക് കാര്യക്ഷമതയുള്ള  അഴിമതിരഹിതനായ ഒരു  പ്രസിഡന്റ്റിനെ ലഭിച്ചു എന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും. അദ്ദേഹത്തിന്റെ കീഴിൽ ഒരു പുതിയ രാജ്യം രൂപം കൊള്ളുമെന്ന് എല്ലാവരും വിചാരിച്ചു. അധികാരത്തിലേറി ആദ്യദിവസം തന്നെ, അഴിമതിക്കാരോ, വേണ്ടവിധം പ്രവര്‍ത്തിക്കാത്തവരോ ആണെന്ന് കരുതുന്ന ഉദ്യോഗസ്ഥരെ പരസ്യമായി പുറത്താക്കി മഗുഫുലി. 54 വർഷത്തിനിടെ ആദ്യമായി അമിതചെലവാണെന്ന് കണ്ട് സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി. പകരം, സ്റ്റേറ്റ് ഹൗസിന് പുറത്ത് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടു. മാഗ്‌ഫുലി പ്രസിഡന്റായ ആദ്യവർഷത്തിൽ, ഈ സമീപനങ്ങൾ കൊണ്ട് വളരെയധികം പ്രശംസ ലഭിക്കുകയുണ്ടായി. എന്നാൽ തുടക്കത്തിൽ തന്നെ, മഗുഫുലി നേതൃത്വത്തിന് ഒരു ഇരുണ്ട വശമുണ്ടെന്ന് വ്യക്തമായിരുന്നു.  

2016 ജനുവരിയിൽ, മഗുഫുലി ഭരണം തുടങ്ങി രണ്ട് മാസങ്ങൾക്കുള്ളിൽ, ചെലവ് ചുരുക്കൽ നടപടിയായി സ്റ്റേറ്റ് ടിവി ഇനി പാർലമെൻറ് നടപടികൾ തത്സമയം പ്രക്ഷേപണം ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ ഭരണകൂടം പ്രഖ്യാപിച്ചു. എന്നാൽ, പ്രതിപക്ഷം ഇതിനെ സെൻസർഷിപ്പായിട്ടാണ് കണ്ടത്. ഇതിനെതിരെ പ്രകടനങ്ങൾ ആസൂത്രണം ചെയ്തെങ്കിലും എല്ലാ പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ട് സർക്കാർ അതിനോട് പ്രതികരിച്ചു. അത്തരം സെൻസർഷിപ്പിന്റെ മറ്റൊരു ഉദാഹരണമാണ് ജനപ്രിയ ടാൻസാനിയൻ റാപ്പർ Nay wa Mitego -യുടെ 2017 -ലെ ഗാനത്തോടുള്ള മഗുഫുലിയുടെ പ്രതികരണം. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ Mitego പൊലീസ് കസ്റ്റഡിയിൽ എത്തിയത്.  ഇതിനെല്ലാം പുറമെയാണ് 2018 -ൽ, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ചോദ്യം ചെയ്യുന്ന ആരെയും ശിക്ഷിക്കാൻ ടാൻസാനിയ ഒരു നിയമം പാസാക്കിയത്. ഈ മാറ്റങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് ലോക ബാങ്ക് പ്രസ്‍താവിക്കുകയും ചെയ്‍തിരുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത കാലത്തായി ടാൻസാനിയയുടെ വികസനത്തിന് മഗുഫുലി സംഭാവന നൽകിയിട്ടുണ്ടെന്ന് വിമർശകരും സമ്മതിക്കുന്നു. പ്രധാന ഹൈവേകളുടെ വികസനം, വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കൽ തുടങ്ങിയവയെല്ലാം മഗുഫുലിയുടെ നേട്ടങ്ങളാണ്. കൂടാതെ സെക്കൻഡറി സ്കൂളിന്റെ നാലാം വർഷം വരെ പൊതുവിദ്യാലയങ്ങളില്‍ എല്ലാ ടാൻസാനിയക്കാർക്കും സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തി.  

എന്നാൽ, കോറോണയെ തുരത്തുന്നതിൽ അദ്ദേഹത്തിന് എവിടെയൊക്കെയോ പാളിച്ചകൾ സംഭവിച്ചു. മാർച്ച് 16 -ന് ഉണ്ടായ ആദ്യത്തെ കേസിന് ശേഷം, സ്‍കൂളുകളും പഠനസ്ഥാപനങ്ങളും മാത്രമാണ് അടച്ചുപൂട്ടിയത്. കായിക പ്രവർത്തനങ്ങൾ നിർത്തുക, അതിർത്തികൾ അടയ്ക്കുക എന്നിങ്ങനെയുള്ള മറ്റ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ രാജ്യത്തിന് ഒരു മാസമെടുത്തു. ആരാധനാലയങ്ങളും, മാർക്കറ്റുകളും മറ്റ് ജോലിസ്ഥലങ്ങളും സാധാരണപോലെ തുറന്നിരുന്നു. "ഞങ്ങൾക്ക് എയ്ഡ്സ്, മീസിൽസ് തുടങ്ങി നിരവധി വൈറൽ രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. നമുക്ക് സമ്പദ്‌വ്യവസ്ഥയായിരിക്കണം ആദ്യ പരിഗണന. അത് ഉറങ്ങരുത്... ജീവിതം മുന്നോട്ട് പോകണം" അന്നദ്ദേഹം പറഞ്ഞു. 

അതുപോലെ ജൂൺ തുടക്കത്തിൽ മഗ്‌ഫുലി രാജ്യം 'കൊറോണ വൈറസ് രഹിതം' എന്ന് പ്രഖ്യാപിക്കുകയും ആരോഗ്യ മന്ത്രാലയം ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും മറ്റും ചെയ്‍തിരുന്നു. മെയ് മാസത്തിൽ ടാൻസാനിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കുന്നത് നിർത്തി. അതേസമയം ഏപ്രിൽ 29 -ന് രാജ്യത്ത് അന്തിമ കണക്കുകൾ പ്രസിദ്ധീകരിച്ചപ്പോൾ 509 അണുബാധകൾ ഉണ്ടായിരുന്നതായും കാണാമായിരുന്നു.

എന്നാൽ,ഇപ്പോൾ മഗുഫുലി രണ്ടാമതും വിജയിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കെതിരെ പ്രതിപക്ഷ പരാതികൾ ഉണ്ടായിരുന്നിട്ടും, സംസ്ഥാന ഉദ്യോഗസ്ഥർ അതെല്ലാം നിഷേധിക്കുകയാണുണ്ടായത്. തെരുവ് പ്രതിഷേധം നടത്തുന്നതിൽ നിന്ന് പ്രതിപക്ഷത്തെ വിലക്കുകയും അവരുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ വികസനം തുടരുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്യുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭരണരീതിയിൽ മാറ്റം വന്നില്ലെങ്കിൽ ഇനിയും പ്രതിഷേധങ്ങൾ കനക്കാനാണ് സാധ്യത.  
 

click me!