അന്ന് ഈ രാജ്യക്കാര്‍ ജീവന്‍ പണയംവച്ച് കടത്തിയിരുന്നത് പുസ്‍തകങ്ങള്‍, പിടിക്കപ്പെട്ടാല്‍ ചമ്മട്ടികൊണ്ട് അടി...

By Web TeamFirst Published Jul 30, 2020, 11:36 AM IST
Highlights

അതീവ രഹസ്യമായിട്ടാണ് അവർ ഇത് ചെയ്‍തുവന്നത്. അബദ്ധത്തിന് എങ്ങാൻ റഷ്യൻ സൈനികരുടെ കൈയിൽ പെട്ടാൽ, തീർന്നു. അതുകൊണ്ട് തുടക്കത്തിൽ അവർ ചാക്കുകളിലോ പൊതിഞ്ഞ വണ്ടികളിലോ പുസ്‍തകങ്ങൾ കൊണ്ടുപോയി ലിത്വാനിയയിലുടനീളമുള്ള സ്റ്റേഷനുകളിൽ എത്തിച്ചു.

എല്ലാക്കാലത്തും എല്ലായിടത്തും കള്ളക്കടത്തുകള്‍ നടന്നിട്ടുണ്ട്. അതിലധികവും എപ്പോഴെങ്കിലും പിടിക്കപ്പെടുകയും ചെയ്‍തിട്ടുണ്ട്. 1863-1904 കാലഘട്ടത്തിൽ ലിത്വാനിയയിലെ ആളുകളും ഇതുപോലെ കള്ളക്കടത്ത് നടത്തിയിരുന്നു. അവർ ഒളിച്ച് കടത്തിയിരുന്നത് പക്ഷേ, സ്വർണ്ണവും, കുഴൽപ്പണവും, മയക്കുമരുന്നും ഒന്നും ആയിരുന്നില്ല, മറിച്ച് പുസ്‍തകങ്ങളായിരുന്നു. അതിന്റെ പേരിൽ കള്ളന്റെ പരിവേഷമല്ല, പകരം ഒരു നായകന്റെ പരിവേഷമായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. പുസ്‍തകങ്ങൾ കടത്തുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ ചിന്തിക്കാൻ പോലും സാധിക്കില്ലെങ്കിലും, അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളാണ് അതിന് വഴിവച്ചത്.  

അക്കാലത്ത് ലിത്വാനിയ സാറിസ്റ്റ് റഷ്യയുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. ലാറ്റിൻ അച്ചടിച്ചിരുന്ന എല്ലാ ലിത്വാനിയൻ പ്രസ്സുകളും നിരോധിച്ചുകൊണ്ട് ലിത്വാനിയൻ ഐഡന്റിറ്റിയെ നശിപ്പിക്കാൻ റഷ്യൻ സാമ്രാജ്യം തീരുമാനിച്ചു. ലാറ്റിൻ ഭാഷയിൽ പുസ്‍തകങ്ങൾ  പ്രസിദ്ധീകരിക്കുന്നതും, ഇറക്കുമതി ചെയ്യുന്നതും റഷ്യ നിരോധിച്ചു. ഇതിനുപുറമെ ലിത്വാനിയൻ ഭാഷയിൽ പഠിപ്പിക്കുന്നതും, പഠിക്കുന്നതും അവർ വിലക്കി.

എന്നാൽ, ആ ദുർഘടസമയത്ത്, ഇതിനെതിരെ പൊരുതാൻ ഒരുകൂട്ടം ആളുകൾ തീരുമാനിച്ചു. അവരാണ് ബുക്ക് സ്‍മഗ്ലേഴ്‍സ് അഥവാ പുസ്‍തക കള്ളക്കടത്തുകാർ. സ്വന്തം നാട്ടിലല്ലേ അച്ചടിക്കാൻ പാടില്ലാത്തത്, എന്നാൽ, ഞങ്ങൾ വിദേശത്ത് പോയി സ്വന്തം ഭാഷ അച്ചടിക്കും എന്നവർ തീർച്ചപ്പെടുത്തി. അങ്ങനെ പല ലിത്വാനിയക്കാരും വിദേശത്തെ പ്രസ്സിൽ ലിത്വാനിയൻ പുസ്‍തകങ്ങൾ അച്ചടിക്കാൻ തുടങ്ങി. തങ്ങളുടെ ഭാഷ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, അതിർത്തിക്കപ്പുറത്ത് പുസ്‍തകങ്ങൾ കടത്തുകയും ലിത്വാനിയയിലുടനീളം നിയമവിരുദ്ധമായി പ്രചരിപ്പിക്കുകയും ചെയ്‍തു അവർ. 

അതീവ രഹസ്യമായിട്ടാണ് അവർ ഇത് ചെയ്‍തുവന്നത്. അബദ്ധത്തിന് എങ്ങാൻ റഷ്യൻ സൈനികരുടെ കൈയിൽ പെട്ടാൽ, തീർന്നു. അതുകൊണ്ട് തുടക്കത്തിൽ അവർ ചാക്കുകളിലോ പൊതിഞ്ഞ വണ്ടികളിലോ പുസ്‍തകങ്ങൾ കൊണ്ടുപോയി ലിത്വാനിയയിലുടനീളമുള്ള സ്റ്റേഷനുകളിൽ എത്തിച്ചു. രാത്രിയിലാണ് കൂടുതലും അവർ പ്രവർത്തിച്ചിരുന്നത്. ലിത്വാനിയക്കാർ അവരുടെ നിയമവിരുദ്ധ പുസ്‍തകങ്ങൾ മറച്ചുവെക്കാൻ വളരെയധികം ശ്രദ്ധിച്ചു. യാചകരായി വസ്ത്രം ധരിച്ച് സ്ത്രീകൾ ചീസ്, മുട്ട, റൊട്ടി ചാക്കുകളിൽ പുസ്‍തകങ്ങൾ ഒളിപ്പിച്ച് കടത്താറുണ്ടായിരുന്നു. ചിലർ കരകൗശല തൊഴിലാളികളായി വേഷമിട്ട് പത്രങ്ങൾ കട്ടിയുള്ള വസ്ത്രങ്ങൾക്കടിയിൽ പൊതിഞ്ഞു കടത്തി.  

തടി, പുല്ല്, ശവപ്പെട്ടി എന്നിവയിൽ പോലും അവർ പുസ്‍തകങ്ങൾ ഒളിപ്പിച്ചു കടത്തി. തീർച്ചയായും അവരിൽ എല്ലാവരും വിശുദ്ധരായിരുന്നില്ല. പുസ്‍തക കള്ളക്കടത്ത് വളരെ ലാഭകരമായിരുന്ന ഒരു സംരംഭം കൂടിയായിരുന്നു. പതുക്കെ കൂടുതൽ ആളുകൾ ഇതിൽ ചേരാൻ തുടങ്ങി. ഈ പുതിയ സംഘടനകൾ പാഠപുസ്‍തകങ്ങൾ, ഇയർബുക്കുകൾ, സയൻസ് ബുക്കുകൾ, ഫിക്ഷൻ, നാടോടിക്കഥകൾ, മതപ്രഭാഷണങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ വിതരണം ചെയ്‍തു. ജനപ്രീതി ഉണ്ടായിരുന്നിട്ടും, കള്ളക്കടത്ത് എളുപ്പമായിരുന്നില്ല. അപകടസാധ്യതകൾ കൂടുതലായിരുന്നു, ലിത്വാനിയൻ അതിർത്തി കടക്കാൻ പ്രയാസമായിരുന്നു. റഷ്യൻ സുരക്ഷയുടെ മൂന്ന് വരികൾ കടന്ന് വേണം അവർക്ക് എത്താൻ.  

ആദ്യവരിയിൽ അതിർത്തിയിലുള്ള സൈനികർ ഉൾപ്പെടുന്നു. രണ്ടാമത്തെ വരിയിൽ, മറ്റൊരു നിര സൈനികർ കാത്തിരുന്നു. ഗ്രാമങ്ങളിലൂടെ ചാരന്മാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന റഷ്യൻ പൊലീസുകാരാണ് അവസാന പ്രതിരോധം. ഇനി എങ്ങാൻ റഷ്യൻ അതിർത്തിസേനയുടെ കണ്ണിൽ പെട്ടാൽ, സൈനികർ ഒരു പോസ്റ്റിൽ കെട്ടി ചമ്മട്ടി കൊണ്ട് അവരെ അടിക്കുകയും ജയിലടക്കുകയും ചെയ്‍തു. ഓടാൻ ശ്രമിച്ചാൽ വെടി കൊള്ളുമെന്ന് ഉറപ്പാണ്. തുടർന്ന്, കണ്ടുകെട്ടിയ പുസ്‍തകങ്ങൾ സേന കത്തിച്ചു കളയുമായിരുന്നു. 1800 -കളുടെ അവസാനത്തോടെ, ഇത് കൂടുതൽ സർഗ്ഗാത്മകമായിക്കൊണ്ടിരുന്നു. ചിലർക്ക് റഷ്യൻ പൊലീസിന്റെ സഹായം തേടാൻ കഴിഞ്ഞു. ഉദാഹരണത്തിന്, 1895 -ൽ മധ്യ ലിത്വാനിയയിലെ അരിയോഗാലയുടെ ഹെഡ് ഓഫീസർ കള്ളക്കടത്ത് ഗൂഡാലോചനയിൽ പങ്കുചേർന്നു. പിന്നീട്, ഒരു സന്ദർഭത്തിൽ, ബാബിലോണിയക്കാരെ പോലെ ലിത്വാനിയക്കാർ കളിമൺ സ്ലാബുകളിൽ വരെ പാഠങ്ങൾ അച്ചടിക്കുകയുണ്ടായി. അധികാരികളുടെ നോട്ടത്തിൽ, കളിമൺ എഴുത്തുകൾ പുസ്‍തകങ്ങളായി കണക്കാക്കപ്പെട്ടിരുന്നില്ല, അതിനാൽ അവ നിയമവിരുദ്ധമായിരുന്നില്ല.

നിയമവിരുദ്ധമായ പുസ്തകങ്ങൾ ഉപയോഗിച്ച് ലിത്വാനിയൻ കുട്ടികളെ അവരുടെ ഭാഷ പഠിപ്പിക്കുന്ന രഹസ്യ സ്‍കൂളുകളും പ്രദേശവാസികൾ ആരംഭിച്ചു. ആരും അറിയാതിരിക്കാൻ, ലിത്വാനിയൻ കുട്ടികൾ റഷ്യൻ സ്റ്റേറ്റ് സ്‍കൂളുകളിലും ചേർന്നു. അവരുടെ യഥാർത്ഥ വിദ്യാഭ്യാസം എവിടെയാണ് നടക്കുന്നതെന്ന് ആരും അറിഞ്ഞില്ല. എത്ര ലിത്വാനിയൻ പുസ്‍തകങ്ങൾ നിയമവിരുദ്ധമായി അച്ചടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്‍തുവെന്ന് വ്യക്തമല്ല, എന്നാൽ 1891 -നും 1901 -നും ഇടയിൽ റഷ്യൻ ഉദ്യോഗസ്ഥർ 173,259 -ലധികം പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടി.  ലിത്വാനിയയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നത് 1918 -ലല്ല, മറിച്ച് ഈ പുസ്‍തകവാഹകരുടെ സമയത്താണ്. ഇവരാണ് സ്വാതന്ത്ര്യത്തിനുള്ള പാത ഒരുക്കിയത്. റഷ്യൻ അടിച്ചമർത്തലിനെതിരെ പോരാടേണ്ടത് അത്യാവശ്യമാണെന്ന് ആദ്യമായി പ്രചരിപ്പിക്കുന്നത് ഇവരാണ്. 
 

click me!