ഉപേക്ഷിക്കാൻ മടി, പുതിയ സ്ഥലത്തേക്ക് പ്രിയപ്പെട്ട വീടും കൂടെക്കൊണ്ടുപോയ ദമ്പതികൾ

Published : Jun 13, 2020, 12:36 PM IST
ഉപേക്ഷിക്കാൻ മടി, പുതിയ സ്ഥലത്തേക്ക് പ്രിയപ്പെട്ട വീടും കൂടെക്കൊണ്ടുപോയ ദമ്പതികൾ

Synopsis

കുറെയേറെ പ്രയാസപ്പെട്ടെങ്കിലും ഇപ്പോൾ അവർ സന്തോഷവതിയാണ്. അത്തരമൊരു തീരുമാനത്തിൽ ഇന്നവർ അഭിമാനിക്കുന്നു. കാരണം അതിനുശേഷം ഒരു രാത്രിയിൽ, അതിഭയങ്കരമായ ഒരു കൊടുങ്കാറ്റ് വീശി. ആ കൊടുങ്കാറ്റിൽ അവിടെയുണ്ടായിരുന്ന ഒരു ഭീമൻ ഓക്ക് വീട് മുൻപ് ഇരുന്നിരുന്നിടത്തേക്ക് മറിഞ്ഞുവീണു.

നമ്മുടെ വീട് എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ലോകത്ത് വേറെ എവിടെപ്പോയാലും തിരിച്ച് നമ്മുടെ വീട്ടിൽ എത്തുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ, ജോലിക്കും മറ്റുമായി പലപ്പോഴും നമ്മുടെ വീട് ഉപേക്ഷിച്ച് നമുക്ക് പോകേണ്ടി വരാറുണ്ട്. പതുക്കെ അവിടെ ഒരു സ്ഥലം വാങ്ങി പുതിയൊരു വീട് പണിതു സ്ഥിരതാമസമാക്കാറാണ് പതിവ്. എന്നാൽ, ഇങ്ങനെ സ്ഥലം മാറിപ്പോകുമ്പോൾ നമ്മുടെ വീടും കൂടെ കൊണ്ടുപോകാൻ കഴിഞ്ഞാലോ? ദമ്പതികളായ ജോണിനും, ഏഞ്ചല ഹോഡ്‍ജിനും ഇതുപോലെ ഒരു കുന്നിൻമുകളിൽ  പുതുതായി ഭൂമി വാങ്ങി. എന്നാൽ, അവരുടെ ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ നിരവധി ഓർമ്മകൾ സമ്മാനിച്ച അവരുടെ പ്രിയപ്പെട്ട വീട്  വിട്ടുപോകാൻ അവർക്കൊട്ടും മനസ്സ് വന്നില്ല. പതിനാറാം നൂറ്റാണ്ടിലെ ഗ്രേഡ് II- ലിസ്റ്റുചെയ്ത എലിസബത്തൻ മാനർ ഹൗസായ ബല്ലിംഗ്‍ഡൺ ഹാൾ ആയിരുന്നു അവരുടെ വീട്. എന്ത് ചെയ്യുമെന്നോർത്ത് അവർ ആശയകുഴപ്പത്തിലായി. ഒടുവിൽ അവർ ഒരു മാർഗ്ഗം കണ്ടെത്തി. ഈ വീട് കൊണ്ടുപോയി പുതിയ സ്ഥലത്ത് വയ്ക്കുക. അങ്ങനെ തങ്ങളുടെ സ്വന്തം വീട്ടിലിരുന്ന് താഴ്വരയുടെ സൗന്ദര്യം ആസ്വദിച്ചു സന്തോഷത്തോടെ ജീവിക്കുക.  

കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, 1972 -ലെ ശൈത്യകാലത്ത് അവർ തങ്ങളുടെ വീട് മാറ്റിസ്ഥാപിച്ചു. ഇത് അസാധ്യമായ കാര്യമാണെന്ന് പലരും കരുതി. ഇന്ന് 85 വയസ്സുള്ള മിസ്സിസ് ഹോഡ്‍ജ് പറയുന്നു: ‘അതെന്റെ തീരുമാനമായിരുന്നു. ആദ്യം ഇത് കേട്ടപ്പോൾ എനിക്ക് വട്ടാണെന് എന്‍റെ ഭർത്താവുൾപ്പെടെ എല്ലാവരും കരുതി. പക്ഷേ, ഞാൻ എന്‍റെ വീടിനെ അത്രക്ക് സ്നേഹിച്ചു, അതിൽ തന്നെ ജീവിക്കാൻ ഞാൻ ആഗ്രഹിച്ചു.’

ഈജിപ്‍തിലെ അബു സിംബലായിൽ അവർ കുറച്ചുകാലം താമസിച്ചിരുന്നു. അവിടുത്തെ നൈൽ നദിയുടെ പടിഞ്ഞാറ് കരയിൽ 3,000 വർഷം പഴക്കമുള്ള രണ്ട് ക്ഷേത്രങ്ങളുണ്ടായിരുന്നു. എന്നാൽ, 1960 -കളിൽ അസ്വാൻ ഹൈ ഡാമിന് വേണ്ടി ആ സമുച്ചയങ്ങൾ മുഴുവൻ പൊളിച്ച് ഉയർന്ന കുന്നിൻ മുകളിൽ പുനർനിർമിക്കുകയുണ്ടായി. ഇതായിരുന്നു ഈ വീട് പുനഃസ്ഥാപിക്കാൻ അവർക്ക് പ്രചോദനമായത്. "അബു സിംബലിൽ അത് ചെയ്യാൻ കഴിയുമെങ്കിൽ ഇവിടെയും ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ സ്വയം ചിന്തിച്ചു. എന്നാൽ, ഇതിനായി പലരെയും സമീപിച്ചെങ്കിലും,  വീടിന്റെ കഷ്‍ണം കഷണങ്ങളായി എടുത്ത് പുനർനിർമിക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു. മുഴുവൻ കാര്യങ്ങളും അതേപടി നീക്കുക എന്നതായിരുന്നു ഏക മാർഗം" മിസ്സിസ് ഹോഡ്‍ജ് ഓർത്തു.

ഒടുവിൽ, പിൻ‌ഫോർഡ് (ഇപ്പോൾ ആബി പിൻ‌ഫോർഡ്) എന്ന സ്ഥാപനം ഈ പദ്ധതി ഏറ്റെടുത്തു. ഒരാഴ്‍ചയ്ക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് ധൈര്യത്തോടെ പറഞ്ഞു. എന്നാൽ, വാസ്‍തവത്തിൽ, മിക്ക കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളെയും പോലെ, എല്ലാത്തരം നിയമപോരാട്ടങ്ങളും കഴിഞ്ഞ് ഇത് പുനഃസ്ഥാപിക്കാൻ ഏകദേശം ഒരു വർഷമെടുത്തു. ഗണ്യമായ വലുപ്പവും ഭാരവുമുണ്ടായിരുന്ന ഇത് നീക്കം ചെയ്യുക എളുപ്പമായിരുന്നില്ല. വീട് ഇളക്കുന്നത് എളുപ്പമാക്കാൻ വേണ്ടി ആദ്യം അഞ്ച് കൂറ്റൻ ചിമ്മിനികൾ, ഫയർ‌പ്ലെയ്‌സുകൾ, ചില ഇന്റീരിയർ മതിലുകൾ എന്നിവ നീക്കം ചെയ്‍തു. വീട് പുതിയ സ്ഥാനത്തേക്ക് മാറ്റിയശേഷം ഇവയെല്ലാം പുനർനിർമിച്ചു.

ആദ്യം, പിൻ‌ഫോർഡ് കെട്ടിടത്തിന് ചുറ്റും ഒരു വലിയ കിടങ്ങു കുഴിച്ചു. വീടിനടിയിൽ മരംകൊണ്ടുള്ള വലിയ ബീമുകൾ സ്ഥാപിച്ചു. തുടർന്ന് ഹൈഡ്രോളിക് ലിഫ്റ്റുകൾ ഉപയോഗിച്ച് മുഴുവൻ ഘടനയും 12-15 അടിവരെ ഉയർത്തി. രണ്ട് കൂറ്റൻ ബെയ്‌ലി പാലങ്ങളുടെ (രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച പോർട്ടബിൾ പാലങ്ങൾ) പിന്തുണയോടെ 170 ടൺ ഭാരമുള്ള മരംകൊണ്ടുള്ള വീട് 26 മെറ്റൽ വീലുകളുടെ സഹായത്തോടെ ഉരുട്ടാൻ തുടങ്ങി. വീട് വലിച്ചു കൊണ്ടുപോകാൻ രണ്ട് കൂറ്റൻ കാറ്റർപില്ലർ ട്രാക്ടറുകളും വിന്യസിച്ചു. ആദ്യത്തെ കുറച്ച് ദിവസം  കുറച്ച് ഇഞ്ചുകൾ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ. ഈ ചരിത്ര സംഭവം കാണാൻ ജനങ്ങൾ തടിച്ചുകൂടി. ആളുകളോട് കൂടുതൽ അടുക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ പറഞ്ഞുകൊണ്ടിരുന്നു. ക്രമേണ, ബാലിംഗ്‌ഡൺ ഹാൾ അതിന്റെ പുതിയ മണ്ണിലേയ്ക്ക് ഇഞ്ചിഞ്ചായി താഴ്ത്തി. പുതിയ കിടങ്ങുകൾ ഉപയോഗിച്ച് ബീമുകൾ ഓരോന്നായി നീക്കംചെയ്‍തു. എന്നാൽ, ചിമ്മിനികൾ പുനഃസ്ഥാപിക്കാനും ബേ വിൻഡോകൾക്ക് ചുറ്റും പുതിയ തൂണുകൾ നിർമ്മിക്കാനും പിന്നെയും അഞ്ച് വർഷമെടുത്തു.

കുറെയേറെ പ്രയാസപ്പെട്ടെങ്കിലും ഇപ്പോൾ അവർ സന്തോഷവതിയാണ്. അത്തരമൊരു തീരുമാനത്തിൽ ഇന്നവർ അഭിമാനിക്കുന്നു. കാരണം അതിനുശേഷം ഒരു രാത്രിയിൽ, അതിഭയങ്കരമായ ഒരു കൊടുങ്കാറ്റ് വീശി. ആ കൊടുങ്കാറ്റിൽ അവിടെയുണ്ടായിരുന്ന ഒരു ഭീമൻ ഓക്ക് വീട് മുൻപ് ഇരുന്നിരുന്നിടത്തേക്ക് മറിഞ്ഞുവീണു. "അവിടെ തന്നെയാണ് താമസിച്ചിരുന്നതെങ്കിൽ, ഞങ്ങൾ എല്ലാവരും അതിന്റെ അടിയിൽപ്പെട്ട് അന്ന് മരിച്ചേനെ..." അവർ പറഞ്ഞു.  മിസ്സിസ് ഹോഡ്‍ജിന്റെ ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചു. ഇപ്പോൾ 25 മുറികളുള്ള, മൂന്ന് നിലയുള്ള ഈ വീട് നോക്കാൻ പ്രയാസമായി തോന്നി മനസ്സില്ലാമനസ്സോടെ അത് വിൽക്കാൻ ഒരുങ്ങുകയാണ് അവർ. ഇത് 1.9 ദശലക്ഷം ഡോളറിനാണ് വിൽക്കാൻ ഇട്ടിരിക്കുന്നത്.  

 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്