യേശുവാണ് എന്ന് അവകാശപ്പെട്ടിരുന്നയാള്‍, അയ്യായിരത്തോളം അനുയായികള്‍, ഒടുവില്‍ സംഭവിച്ചത്...

By Web TeamFirst Published Jan 20, 2021, 9:55 AM IST
Highlights

അതുപോലെ തന്നെ അവിടെ സ്ത്രീകൾ അടിമകളും പുരുഷന്മാർ ഉടമകളുമാണ്. ഒന്നിലധികം പുരുഷന്മാരായുമായി ബന്ധം പുലർത്താൻ സ്ത്രീകളെ ഇവിടെ നിർബന്ധിച്ചിരുന്നു.

ആൾദൈവങ്ങൾക്ക് ഒരു കുറവുമില്ലാത്ത കാലമാണ് ഇന്ന്. സൈബീരിയയിലെ ടൈഗ വനത്തിന് നടുവിലും അത്തരമൊരു ആൾദൈവം പ്രത്യക്ഷപ്പെട്ടിരുന്നു. താൻ യേശുവാണ് എന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചത്. അയ്യായിരത്തോളം ആളുകളാണ് അന്ന് അയാളെ വിശ്വിസിച്ച് വീടും നാടും എല്ലാം ഉപേക്ഷിച്ച് അവിടേയ്ക്ക് ചേക്കേറിയത്. 1990 -ൽ സ്ഥാപിതമായതിനുശേഷം കുറഞ്ഞത് 5,000 അനുയായികളെയെങ്കിലും ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെൻ ആകർഷിച്ചു. ഒറ്റപ്പെട്ടു കഴിഞ്ഞ ആ കമ്മ്യൂണിറ്റിയെ സിറ്റി ഓഫ് സൺ എന്ന് വിളിച്ചു. കഴിഞ്ഞ വർഷം റഷ്യൻ സുരക്ഷാസേന താൻ യേശുവിന്റെ പുനർജന്മമാണെന്ന് അവകാശപ്പെട്ട ആ മുൻ ട്രാഫിക് പൊലീസുകാരനെ അറസ്റ്റ് ചെയ്യുകയുണ്ടായി.  

സെർജി ടൊറോപ്പിനെ എല്ലാവരും അധ്യാപകൻ എന്നർത്ഥം വരുന്ന വിസാരിയൻ എന്നാണ് വിളിച്ചിരുന്നത്. 1980 -കളുടെ അവസാനം വരെ മിനുസിൻസ്കിൽ പട്രോളിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചു അയാൾ. എന്നാൽ, 1990 ഓഗസ്റ്റ് 18 -ന് അയാൾക്കൊരു വെളിപാട് ഉണ്ടായത്രെ: ദൈവവചനം അവന്റേതാണ്. അയാൾ തന്റെ ജന്മനാട്ടിലും പരിസരത്തും പ്രസംഗിക്കാൻ തുടങ്ങി. "ഇതെല്ലാം വളരെ സങ്കീർണ്ണമാണ്. എന്നാൽ ലളിതമായി പറഞ്ഞാൽ, ഞാനാണ് യേശുക്രിസ്തു" ടൊറോപ്പ് 2002 -ൽ ദി ഗാർഡിയനോട് പറഞ്ഞു. "ഞാൻ ദൈവമല്ല. യേശുവിനെ ദൈവമായി കാണുന്നത് തെറ്റാണ്. എന്നാൽ, ഞാൻ പിതാവായ ദൈവത്തിന്റെ ജീവനുള്ള വചനമാണ്. ദൈവം പറയാൻ ആഗ്രഹിക്കുന്നതെല്ലാം അവൻ എന്നിലൂടെ പറയുന്നു" അയാൾ പറഞ്ഞു. താമസിയാതെ, പുതുതായി പരിവർത്തനം ചെയ്യപ്പെട്ട ഒരുപിടി അനുയായികളോടൊപ്പം, പുരാതന ടൈഗയിലേക്ക് പോയി ഒരു പുതിയ ജീവിതം ആരംഭിച്ചു, തികച്ചും പുതിയ ഒരു ലോകം സ്ഥാപിക്കാൻ. 1991-ൽ അയാൾ തന്റെ ശുശ്രൂഷയായ ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റ്മെൻറ് സ്ഥാപിച്ചു. 

 

 

കാഴ്ചയിൽ യേശുവിനെ പോലെ വസ്ത്രം ധരിക്കാനും, മറ്റ് ശാരീരിക മാറ്റങ്ങൾ വരുത്താനും അയാൾ ശ്രദ്ധിച്ചു. ഇത് അനുയായികളിൽ കൂടുതൽ വിശ്വാസം ജനിപ്പിച്ചു. ലോകമെമ്പാടുമുള്ള 4,000 അനുയായികൾ അയാളെ പോലെ വെളുത്ത വസ്ത്രം ധരിക്കുകയും ലളിതമായ തടി കുടിലുകളിൽ താമസിക്കുകയും ചെയ്തു. അവർ പിന്തുടർന്ന കലണ്ടർ ടൊറോപ്പ് ജനിച്ച വർഷം മുതലാണ് ആരംഭിക്കുന്നത്. ക്രിസ്മസ് ആഘോഷിക്കുന്നതിനുപകരം ജനുവരി 14 -ന് അയാളുടെ ജന്മദിനമായി അവർ ആഘോഷിച്ചു. ദിവസത്തിൽ മൂന്നുപ്രാവശ്യം താഴ്‌വരയ്ക്ക് മുകളിലുള്ള ഒരു പർവതത്തിൽ നിന്ന് ഒരു വലിയ മണി മുഴങ്ങും. ആ സമയത്ത് അനുയായികൾ മുട്ടുകുത്തി പ്രാർത്ഥിക്കണം. കഠിനമായ ആ ജീവിതം പിന്തുടരാൻ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അവരുടെ സുഖപ്രദമായ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു.  

സ്പർശനത്തിലൂടെ എയ്ഡ്സ്, ക്യാൻസർ പോലുള്ള രോഗങ്ങൾ സുഖപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് അയാൾ അവകാശപ്പെടുന്നു. കൂടാതെ അന്യഗ്രഹജീവികളിലും അവർ വിശ്വസിക്കുന്നു. ചില അംഗങ്ങൾ തങ്ങൾ യു‌എഫ്‌ഒകളെ നേരിട്ടിട്ടുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു. അതുപോലെ, മിക്ക ആധുനിക സാങ്കേതികവിദ്യയും, മദ്യവും, അധിക്ഷേപകരമായ ഭാഷയും, പുകയിലയും, മാംസാഹാരവും അവിടെ കർശനമായി നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിറ്റിയിൽ ഏതെങ്കിലും തരത്തിലുള്ള പണക്കൈമാറ്റം അനുവദനീയമല്ല. മറ്റുള്ളവരെ വിമർശിക്കുന്നതിൽ നിന്ന് തടയുക, സംഘർഷം ഒഴിവാക്കുക എന്നിവ പ്രസ്ഥാനത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ചിലതാണ്.  

 

ഇതൊന്നും കൂടാതെ മറ്റ് ചില നിയമങ്ങളും ഇവിടെ പാലിക്കേണ്ടതുണ്ട്. ഇവിടെ ചേരുന്ന ആളുകൾ തങ്ങളുടെ സ്വത്തുക്കൾ ഇവിടേയ്ക്ക് നൽകണം. കൂടാതെ അയാളുടെ അനുയായികൾ ചെറിയ കുടിലുകളിൽ കഴിയുമ്പോൾ അയാൾ കുന്നിൻ മുകളിലുള്ള മനോഹരമായ ഒരു കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. ശൈത്യത്തിൽ തണുത്ത് വിറച്ച് അനുയായികൾ കഴിയുമ്പോൾ അയാൾ സ്വർഗ്ഗതുല്യമായ ജീവിതം നയിച്ചു. അതുപോലെ സാങ്കേതികവിദ്യ ഉപേക്ഷിക്കാൻ കൂടെയുള്ളവരോട് പറയുമ്പോളും, അയാളുടെ ഭവനത്തിൽ ടി വി യും, വൈ ഫൈയും പോലുള്ള ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉണ്ടായിരുന്നു. അയാൾ അവിടെ വിശ്രമിക്കുമ്പോൾ പുരോഹിതന്മാരും സഹായികളും അനുയായികളും അനുദിനം അയാളെ പരിപാലിച്ചു. 

കൂടാതെ അയാൾ ന്യൂയോർക്ക്, ജർമ്മനി, നെതർലാന്റ്സ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലേക്ക് മതപരിവർത്തനം നടത്തുന്നതിനായി യാത്രകൾ ചെയ്തുകൊണ്ടിരുന്നു. അതുപോലെ തന്നെ അവിടെ സ്ത്രീകൾ അടിമകളും പുരുഷന്മാർ ഉടമകളുമാണ്. ഒന്നിലധികം പുരുഷന്മാരായുമായി ബന്ധം പുലർത്താൻ സ്ത്രീകളെ ഇവിടെ നിർബന്ധിച്ചിരുന്നു. എന്നാൽ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുംപോലെ ഒടുവിൽ അയാൾ ഇരുമ്പഴിക്കുള്ളിലായി. നിയമവിരുദ്ധമായ ഒരു മതസംഘടന നടത്തിയെന്ന കുറ്റമാണ് അയാൾക്കെതിരെ റഷ്യയുടെ അന്വേഷണ സമിതി ചുമത്തിയത്. ടൊറോപ്പ് വിശ്വാസികളുടെ പണം കവർന്നതായും അവരെ വൈകാരികമായി ദുരുപയോഗം ചെയ്തതായും ‌അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തിയതായും പൊലീസ് പറഞ്ഞു.  

 

click me!