ബോട്ടുകള്‍ വീടുകളായി മാറുന്നു, തുക കുറവ്, സൗകര്യം കൂടുതല്‍; സാധാരണമാകുന്ന പുതുവീടുകള്‍

By Web TeamFirst Published Oct 1, 2020, 4:01 PM IST
Highlights

"അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു ബോട്ടിലേക്ക് ഞങ്ങൾ താമസം മാറിയെന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അവർ ആദ്യം അത് വിശ്വസിക്കാൻ തയ്യാറായില്ല. അസൂയയോടെയായിരുന്നു അവർ പ്രതികരിച്ചത്" ഹിലാരി പറഞ്ഞു.

ലണ്ടൻ പൊതുവേ ചെലവേറിയ ഒരു നഗരമായിട്ടാണ് കണക്കാക്കുന്നത്. അവിടെ ഒരു ഒറ്റമുറി ഫ്ലാറ്റിന് തന്നെ കൊടുക്കണം നല്ലൊരു തുക. എന്നാൽ, ഇങ്ങനെ കൈയിലുള്ള പണം മുഴുവൻ ചെലവാക്കി ഒരു ചെറിയ ഫ്ലാറ്റിൽ ശ്വാസംമുട്ടി ജീവിക്കാൻ ദമ്പതികളായ ഹിലാരി ഫ്രീമാനും ഭർത്താവ് മൈക്കലും തയ്യാറായില്ല. പകരം അവർ അവരുടെ കാംഡനിലെ രണ്ട് കിടപ്പുമുറി ഫ്ലാറ്റ് ഉപേക്ഷിച്ച്, 70 അടി നീളമുള്ള ഒരു ബോട്ട് സ്വന്തമാക്കി. എന്നിട്ട് അതിനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീടാക്കി മാറ്റി. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ്, ശുദ്ധവായു ശ്വസിച്ച് സ്വതന്ത്രമായി അവർ അവിടെ ഇന്ന് ജീവിക്കുന്നു. നമ്മുടെ കേരളത്തിലും ഹൗസ് ബോട്ടുകൾ ഒരുപാടുണ്ടെങ്കിലും, ഒരു വീടായി അതിനെ സങ്കല്പിക്കാൻ നമുക്ക് സാധിക്കില്ല. അതേസമയം ഈ ദമ്പതികൾ ഒരു ബോട്ടിനെ വീടാക്കി മാറ്റുകയായിരുന്നു. 

"അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു ബോട്ടിലേക്ക് ഞങ്ങൾ താമസം മാറിയെന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അവർ ആദ്യം അത് വിശ്വസിക്കാൻ തയ്യാറായില്ല. അസൂയയോടെയായിരുന്നു അവർ പ്രതികരിച്ചത്" ഹിലാരി പറഞ്ഞു. ഇംഗ്ലണ്ടിലെ കനാലുകളിലൂടെ കൊവിഡിനെ ഭയക്കാതെ ഞങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നുവെന്നും, സെൻട്രൽ ലണ്ടനിൽ ഇതുപോലെ വലുപ്പമുള്ള ഒരു ഫ്ലാറ്റിന് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് തുകയെ ഈ ബോട്ടിന് ചെലവായുളളൂ എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇത് അവരുടെ മാത്രം കഥയല്ല. കഴിഞ്ഞ ഒരു ദശകത്തിൽ, ഹൗസ് ബോട്ടുകളുടെ മൂല്യം ഒരുപാട് വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ലണ്ടനിൽ പതിനായിരത്തിലധികം ആളുകളും ഇപ്പോൾ ബോട്ടുകളിലാണ് താമസിക്കുന്നത്. ഇംഗ്ലണ്ടിലെ 33,000 ഉൾനാടൻ ബോട്ടുകളിൽ 25 ശതമാനവും ഇപ്പോൾ സ്ഥിരമായ വീടുകളായി തീർന്നിരിക്കുന്നു.  

ഈ വർഷം നോക്കിയാൽ, വിറ്റഴിച്ച ബോട്ടുകളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2020 ജൂൺ/ജൂലൈ മാസങ്ങളിൽ ലണ്ടനിൽ ഹൗസ് ബോട്ട് വിൽപ്പന 880 ശതമാനം ഉയർന്നതായി സ്‌പെഷ്യലിസ്റ്റ് ഏജന്‍റ് റിവർഹോംസ് റിപ്പോർട്ട് ചെയ്യുന്നു. റിവർഹോംസിന്റെ സീനിയർ കൺസൾട്ടന്റായ നിക്കോളാസ് ഓസ്റ്റിൻ പറയുന്നത്,‘ഒരുപാട് ദൂരെയാണ് ജോലിസ്ഥലമെങ്കിൽ, പലർക്കും അവിടെ ഒരു വലിയ വീട് വാങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അതേസമയം മണിക്കൂറുകൾ യാത്രചെയ്യാനും അവർക്ക് താല്പര്യം കാണില്ല. അത്തരക്കാർ അതിന് പകരമായി തിങ്കൾ മുതൽ വ്യാഴം രാത്രി വരെ ഹൗസ് ‌ബോട്ടിൽ തങ്ങുകയും, വെള്ളിയാഴ്ച രാത്രികളിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു.’

ലോക്ക്ഡൗൺ സമയത്ത് കുട്ടിയുമായി ഒരു ചെറിയ ഫ്ലാറ്റിൽ ചെലവഴിക്കേണ്ടി വന്ന ഹിലാരിയ്ക്ക്, ഇപ്പോൾ വളരെ ആശ്വാസമാണ് തോന്നുന്നത്. നിരന്തരമായ പൊലീസ് സൈറണുകളില്ല, വണ്ടികളുടെ ഒച്ചയില്ല... ഇപ്പോൾ എല്ലാം ശാന്തമാണ് എന്നവർ പറയുന്നു. അവരുടെ വിശാലമായ ബോട്ടിൽ രണ്ട് വലിയ കിടപ്പുമുറികളും, സെൻട്രൽ ഹീറ്റിംഗും, വൈദ്യുതിയും, ബ്രോഡ്‌ബാൻഡും, പൂർണ്ണമായും സജ്ജീകരിച്ച അടുക്കളയും തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. എട്ടുവർഷം മുമ്പ് മരിച്ച മകളുടെ പേരാണ് ആ ബോട്ടിനും അവർ നൽകിയിരിക്കുന്നത്, എലോഡി. താമസിയാതെ, അവളുടെ പേര് ബോട്ടിന്റെ ഒരു വശത്ത് സ്വർണ്ണ നിറത്തിൽ കൊത്തിവയ്ക്കുമെന്നും ഹിലാരി പറഞ്ഞു. സഞ്ചരിക്കാനും, അതേസമയം താമസിക്കാനും പറ്റിയ ഏറ്റവും നല്ല മാർഗ്ഗമായിത്തീരുകയാണ് ലണ്ടനിൽ ഈ ബോട്ടുവീടുകൾ.  

click me!