പ്രായപൂര്‍ത്തിയായാല്‍ മുതിര്‍ന്നവരുടെ അനുവാദത്തോടെ ഒരുമിച്ച് കഴിയാം, പിരിയണമെങ്കില്‍ പിരിയാം; വേറിട്ട ആചാരം

By Web TeamFirst Published Sep 27, 2020, 11:09 AM IST
Highlights

ആചാരത്തിന് അതിന്റേതായ ചില നിയമങ്ങളൊക്കെയുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും ഗോട്ടുലിൽ ചേർന്നുകഴിഞ്ഞാൽ പേര് മാറ്റേണ്ടതുണ്ട്. ഏഴു ദിവസത്തിനുശേഷം, അവർ ഒന്നുകിൽ കൂടെ കഴിയുന്ന പങ്കാളിയെ വിവാഹം കഴിക്കണം അല്ലെങ്കിൽ മറ്റൊരു പങ്കാളിയെ അന്വേഷിക്കണം. 

ഇന്ത്യയിൽ ഇന്നും പരസ്യമായി ചർച്ചചെയ്യാൻ മടിക്കുന്ന കാര്യമാണ് ലൈംഗികത. എന്നാൽ, ഇന്ത്യയിലെ തന്നെ ഛത്തീസ്‌ഗഢിലുള്ള ആദിവാസി ഗോത്രമായ മുരിയ വിഭാഗം ലൈംഗികതയോട് തികച്ചും വ്യത്യസ്‍തമായ ഒരു സമീപനമാണ് കൈക്കൊള്ളുന്നത്. മുരിയകൾക്ക് 'ഗോട്ടുൽ' എന്നറിയപ്പെടുന്ന ഒരു പാരമ്പര്യമുണ്ട്. ഗോട്ടുൽ എന്നാൽ വാസ്തവത്തിൽ മുളയും ചെളിയും കൊണ്ട് നിർമ്മിച്ച ഒരു കുടിലാണ്. അവിടെ ചെറുപ്പക്കാർക്ക് ആടാം, പാടാം, ലൈംഗികതയെ കുറിച്ചറിയാം, ഒന്നിനും ഒരു വിലക്കുമില്ല. ആൺകുട്ടികളും, പെൺകുട്ടികളും ഗോട്ടുലിൽ ഒത്തുചേരുമ്പോഴാണ് ആചാരം ആരംഭിക്കുന്നത്. വിവാഹിതർ ഡ്രംസ് വായിക്കുമ്പോൾ, യുവാക്കൾ പാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യുന്നു. അവരുടേതായ മദ്യവും ഇവിടെ ലഭ്യമാണ്. ഇവിടെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും സംസാരിച്ചിരിക്കാന്‍ മുതല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വരെയുള്ള അനുവാദം മുതിര്‍ന്നവര്‍ നല്‍കുന്നുണ്ട്.

രാത്രിയാകുമ്പോൾ, പരസ്പര സമ്മതത്തോടെ വിവാഹിതരല്ലാത്ത ഒരു സ്ത്രീക്കും പുരുഷനും ഗോട്ടുലിന്റെ ഡോർമിറ്ററിയിൽ പ്രവേശിക്കാം. ഇഷ്ടപ്പെട്ട ഇണയെ തെരഞ്ഞെടുത്ത് ഇവിടെ ഒരുമിച്ചു നില്‍ക്കാം. ശേഷം അവര്‍ക്ക് വിവാഹിതരാവണമെങ്കില്‍ വിവാഹിതരാവാം. ഇല്ലെങ്കില്‍ പിരിയുകയും പുതിയ പങ്കാളിയെ തെരഞ്ഞെടുക്കുകയും ചെയ്യാം. നാരായൺപൂരിൽ 20,000-25,000 മുരിയ ഗോത്രവർഗക്കാർക്കായി ഏകദേശം 500 ഗോട്ടുലുകളുമുണ്ട്. പത്ത് വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കുള്ള ലൈംഗിക വിദ്യാഭ്യാസ കേന്ദ്രമായും ഗോട്ടുൽ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, പ്രായപൂർത്തിയായതിനുശേഷം മാത്രമേ അവർക്ക് ഗോട്ടുൽ ആചാരത്തിൽ പങ്കെടുക്കാൻ കഴിയൂ - പെൺകുട്ടികൾക്ക് 18 ഉം ആൺകുട്ടികൾക്ക് 21 ഉം വയസാവണം. മാത്രവുമല്ല, ചൂഷണം അവര്‍ അംഗീകരിക്കില്ല. സ്ത്രീകളുടെ സമ്മതം വളരെ പ്രധാനവുമാണ്.

ആചാരത്തിന് അതിന്റേതായ ചില നിയമങ്ങളൊക്കെയുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും ഗോട്ടുലിൽ ചേർന്നുകഴിഞ്ഞാൽ പേര് മാറ്റേണ്ടതുണ്ട്. ഏഴു ദിവസത്തിനുശേഷം, അവർ ഒന്നുകിൽ കൂടെ കഴിയുന്ന പങ്കാളിയെ വിവാഹം കഴിക്കണം അല്ലെങ്കിൽ മറ്റൊരു പങ്കാളിയെ അന്വേഷിക്കണം. പക്ഷേ, പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് പൂർണസ്വാതന്ത്ര്യം അവർക്കുണ്ട്. ഈ ദിവസങ്ങളുടെ അവസാനം, ദമ്പതികൾ ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നു. പെൺകുട്ടിയുടെ അനുമതിയോടെ പെൺകുട്ടിയുടെ മുടിയിൽ ഒരു പുഷ്പം വച്ചാണ് ആൺകുട്ടി തീരുമാനം പ്രഖ്യാപിക്കുന്നത്. ചെറുപ്പക്കാർക്ക് ഗോട്ടുലിൽ ചില ചുമതലകളൊക്കെ നിറവേറ്റേണ്ടതായിട്ടുമുണ്ട്. വീടുവൃത്തിയാക്കുക, പാചകം ചെയ്യുക തുടങ്ങിയ ഒരു വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം അവിടെ അവർ ശീലിക്കുന്നു.
 
ലിംഗസമത്വത്തിന്‍റെയും, പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്‍റെയും വക്താക്കളാണ് മുരിയ സമുദായം എന്ന് പറയാറുണ്ട്. അവര്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. ഏതായാലും ഇന്ന് സമുദായത്തിനിടയില്‍ ചെറുപ്പക്കാര്‍ പുറത്ത് പോയി ഉപരിപഠനം നടത്തുകയും മറ്റും ചെയ്യുന്നുണ്ട്. ചിലരൊക്കെ സമുദായത്തിലെ ഗോട്ടുലുമായി ബന്ധപ്പെട്ട ആചാരങ്ങളെയും രീതികളെയും എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. 

(ചിത്രങ്ങള്‍ മുരിയ വിഭാഗത്തിന്‍റെ നൃത്തത്തില്‍ നിന്ന്, കടപ്പാട് വിക്കിപീഡിയ)

click me!