വീടുകള്‍ക്ക് ഇനി പെണ്‍കുട്ടികളുടെ പേരുമതി; പുതിയ കാല്‍വെപ്പുമായി ഹരിയാനയിലെ ഗ്രാമങ്ങള്‍

By Web TeamFirst Published Oct 23, 2020, 10:08 AM IST
Highlights

കിരോരി എന്ന ഗ്രാമത്തിലാണ് ആദ്യമായി ഇത് നടപ്പിലാക്കുന്നത്.  ഓരോ വീട്ടിന്റെ മുന്നിലും പെൺമക്കളുടെ പേരെഴുതിയ നെയിംപ്ലേറ്റ് ഉള്ള സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യത്തെ ഗ്രാമമായി അങ്ങനെ കിരോരി മാറി.

നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സ്ത്രീകൾക്ക് ഇവിടെ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടേണ്ടി വരുന്നു. പല സംസ്‌ഥാനങ്ങളിലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത് കടുത്ത അനീതികളാണ്. അത്തരം ലിംഗ അസമത്വം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് ഹരിയാന. 2011 -ലെ സെൻസസ് പ്രകാരം ഏറ്റവും താഴ്ന്ന ലിംഗാനുപാതമുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഹരിയാന. എന്നാൽ, 2017 ആയപ്പോഴേക്കും ഹരിയാന അവരുടെ നിലമെച്ചപ്പെടുത്തി. ഇന്ന് സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി ഒരുപാട് കാര്യങ്ങൾ ഈ സംസ്ഥാനം ചെയ്തു വരുന്നു. അതിലൊന്നാണ് അവിടത്തെ വീടുകളുടെ മുന്നിൽ ഗൃഹനാഥന്റെ പേരിന് പകരം അവരുടെ പെണ്‍മക്കളുടെ പേര് വയ്ക്കാനുള്ള തീരുമാനം.

പെൺമക്കളുടെ പേരിൽ ആ വീട് അറിയപ്പെടണമെന്നും, അങ്ങനെ പുരുഷാധിപത്യമുള്ള ആ സമൂഹത്തിൽ സ്ത്രീകൾക്കും ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കണം എന്നും അവിടത്തെ ആളുകൾ ആഗ്രഹിക്കുന്നു. സുനിൽ ജഗ്ലാൻ എന്ന ബിബിപൂർ ഗ്രാമത്തിലെ മുൻ സർപഞ്ച് ആണ് ‘ലാഡോ സ്വാഭിമാൻ’  എന്ന പേരിൽ ഈ പുതിയ പദ്ധതിയ്ക്ക് ജീവൻ നൽകിയത്. 'സെല്‍ഫി വിത്ത് ഡോട്ടര്‍' എന്ന ക്യാമ്പയിൻ ആരംഭിച്ചതിന്റെ പേരിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ നേടിയ വ്യക്തിയാണ് സുനിൽ.

കിരോരി എന്ന ഗ്രാമത്തിലാണ് ആദ്യമായി ഇത് നടപ്പിലാക്കുന്നത്.  ഓരോ വീട്ടിന്റെ മുന്നിലും പെൺമക്കളുടെ പേരെഴുതിയ നെയിംപ്ലേറ്റ് ഉള്ള സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യത്തെ ഗ്രാമമായി അങ്ങനെ കിരോരി മാറി. ഇന്ന് നുഹ്, അലിപൂർ തുടങ്ങിയ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് വീടുകളുടെ മുന്നിലും പെണ്മക്കളുടെ പേരെഴുതിയ ഫലകങ്ങളുണ്ട് . "ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു വലിയ മാറ്റമാണ്. ഇനി മുതൽ ഞങ്ങളുടെ പേരുകളിൽ ഞങ്ങളുടെ വീടുകൾ അറിയപ്പെടും"  17 -കാരിയായ മുസ്‌കാൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു. പെൺകുട്ടികൾക്ക് സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ ഇതുപോലുള്ള സംരംഭങ്ങൾ സഹായിക്കുമെന്ന് 15 -കാരിയായ ഹപ്‌ഷ കൂട്ടിച്ചേർത്തു. ഇത് ലിംഗസമത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. അടിസ്ഥാന അവകാശങ്ങളെ കുറിച്ച് പറയുന്ന പുസ്‍തകങ്ങളും പെൺകുട്ടികൾക്ക് അവിടെ സൗജന്യമായി വിതരണം ചെയ്യുന്നു.  

സമാനമായ ഒരു പ്രചരണം വനിതാ-ശിശു വികസന വകുപ്പും നടത്തുന്നു. ഫലകത്തിൽ അവരുടെ പേര് പരാമർശിക്കുന്നത് പെൺകുട്ടികൾക്ക് ആദരവും അംഗീകാരവും സ്വീകാര്യതയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൂടാതെ ഹരിയാനയിൽ ഗ്രാമീണർ അവരുടെ പെൺമക്കളുടെയും പേരക്കുട്ടികളുടെയും പേരിൽ തൈകളും നട്ടുപിടിപ്പിക്കുന്നു. ആ തൈകളെ നന്നായി പരിപാലിക്കുന്ന കുടുംബങ്ങളെ ബഹുമാനിക്കുകയും ചെയ്യും. ഇത് ഇന്ത്യയിലുടനീളം പ്രചോദനാത്മകമായ ഒരു സന്ദേശം നൽകുമെന്നതിൽ സംശയമില്ല. 

click me!