ഭ്രാന്തനെന്ന് വിളിച്ചുപോലും പരിഹാസം, പക്ഷേ പത്മശ്രീ വരെ തേടിയെത്തി; ആരാണ് ദാരിപള്ളി രാമയ്യ?

By Web TeamFirst Published Jul 15, 2020, 12:11 PM IST
Highlights

വിത്തുകൾ വാങ്ങുന്നതിനും തൈകൾ നടുന്നതിനും ആവശ്യമായ പൈസ സ്വരൂപിക്കാനായി ഈ ദമ്പതികൾ അവരുടെ മൂന്ന് ഏക്കർ സ്ഥലംപോലും വിറ്റു.

തെലങ്കാനയിലെ റെഡ്ഡിപള്ളി ഗ്രാമത്തിലെ ദാരിപള്ളി രാമയ്യയെ 'വനജീവി രാമയ്യ' എന്നും 'മരം രാമയ്യ' എന്നുമാണ് സ്നേഹത്തോടെ നാട്ടുകാർ വിളിക്കുന്നത്. അദ്ദേഹത്തിന് ആ പേര് വെറുതെ കിട്ടിയതല്ല. 70 -കാരനായ രാമയ്യയുടെ അധ്വാനത്തിന്റെയും, ഉറച്ച പ്രകൃതി സ്നേഹത്തിന്റെയും ഫലമാണ് അത്. അദ്ദേഹം തന്റെ ജീവിതകാലത്ത് എണ്ണമറ്റ ചെടികൾ നട്ടു. എവിടെ പോയാലും വിത്തുകളുമായി വരുന്ന അദ്ദേഹത്തെ പലരും പരിഹസിച്ചു. ചിലർ ഭ്രാന്തനെന്ന് വിളിച്ചു. കുത്തു വാക്കുകൾക്കിടയിലും, കളിയാക്കലുകൾക്കിടയിലും പ്രകൃതിയോടുള്ള തന്റെ അകമഴിഞ്ഞ സ്നേഹം ഉപേക്ഷിക്കാൻ മാത്രം അദ്ദേഹം തയ്യാറായില്ല. ഒടുവിൽ അദ്ദേഹത്തിന്റെ നന്മ കാലം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ ഈ ഉദ്യമത്തിന് ഒരു അംഗീകാരം എന്ന നിലയിൽ ഭരത രത്‌ന, പത്മവിഭൂഷൻ, പത്മഭൂഷൺ എന്നിവയ്ക്ക് ശേഷം ഒടുവിൽ പരമോന്നത പുരസ്‍കാരമായ പത്മശ്രീ അവാർഡും അദ്ദേഹത്തെ തേടിയെത്തി.   

ഇന്ന് അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്. താൻ എത്ര തൈകൾ നട്ടുപിടിപ്പിച്ചുവെന്നതിന്റെ കണക്ക് രാമയ്യ സൂക്ഷിച്ചിട്ടില്ലെങ്കിലും, 10 ദശലക്ഷമോ അതിൽ കൂടുതലോ വരുമെന്ന് അദ്ദേഹം പറഞ്ഞു. അതായത് തെലങ്കാനയിലെ ഓരോ മൂന്ന് പൗരനും ഒരു മരം എന്ന കണക്കിൽ അദ്ദേഹം മരങ്ങൾ നട്ടുകഴിഞ്ഞു. “തൈകൾ നടുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിനോദം മാത്രമല്ല, ഒരു അഭിനിവേശവുമാണ്. എന്റെ പ്രദേശത്ത് തരിശുനിലം കണ്ടിടത്തെല്ലാം ഞാൻ മരങ്ങൾ നട്ടുപിടിപ്പിച്ചു" അദ്ദേഹം പറയും. വെറുതെ ചെടികൾ നട്ട് പിടിപ്പിക്കുക മാത്രമല്ല, അവ നല്ല രീതിയിൽ വളരുന്നുണ്ടെന്നും അദ്ദേഹം ഉറപ്പാക്കുന്നു. "ഞാൻ നട്ടുപിടിപ്പിക്കുന്ന ഓരോ തൈകളും നിലനിൽക്കുന്നുവെന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒരു ചെടി വാടി നശിച്ചാൽ എനിക്ക് എന്റെ ജീവൻ നഷ്ടപ്പെട്ടത് പോലെയാണ്.” അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്രയൊക്കെ പ്രസിദ്ധനായിട്ടും അദ്ദേഹം തന്റെ എളിയ ജീവിതരീതി മാറ്റിയില്ല. ഇപ്പോഴും പോകുന്നിടത്തെല്ലാം ചെടികളും വിത്തുകളും കൊണ്ടാണ് അദ്ദേഹത്തിന്റെ നടപ്പ്. സൈക്കിളിലാണ് യാത്ര കൂടുതലും.    

പ്ലക്കാർഡുകളും ബാനറുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ന്യായീകരിക്കുന്ന ബോർഡുകളും കൊണ്ട് മൂടിയിരിക്കയാണ് റെഡ്ഡിപള്ളിലെ അദ്ദേഹത്തിന്റെ ചെറിയ വീട്. പോകുന്നിടത്തെല്ലാം തൈകൾ കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ സ്വഭാവരീതിയെ ഭാര്യ ജാനമ്മ കളിയാക്കാറുണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. "അദ്ദേഹം കിലോമീറ്ററുകളോളം സഞ്ചരിച്ച് തരിശുനിലത്തിൽ തൈകൾ നടുകയും വിത്ത് വിതയ്ക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം ഈ പ്രദേശം പച്ചയായി മാറുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു" ഭാര്യ പറഞ്ഞു. "വൃക്ഷോ രക്ഷാ രക്ഷിത" (മരങ്ങൾ സംരക്ഷിക്കുക, അവ നിങ്ങളെ രക്ഷിക്കും) എന്ന് പറയുന്ന ഒരു സ്‍കാർഫ് ധരിച്ചാണ് അദ്ദേഹം തൈകൾ നട്ടുപിടിപ്പിക്കുന്നത്.  

വിത്തുകൾ വാങ്ങുന്നതിനും തൈകൾ നടുന്നതിനും ആവശ്യമായ പൈസ സ്വരൂപിക്കാനായി ഈ ദമ്പതികൾ അവരുടെ മൂന്ന് ഏക്കർ സ്ഥലംപോലും വിറ്റു. ജന്മദിനത്തിലും വാർഷികങ്ങളിലും ആളുകൾക്ക് തൈകൾ സമ്മാനമായി നൽകുന്ന ശീലം ഈ ദമ്പതികൾക്കുണ്ട്. രാമയ്യ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും പുസ്‍തകങ്ങൾ വായിക്കുന്നത് താൻ ഒരിക്കലും ഉപേക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സസ്യങ്ങളെയും മരങ്ങളെയും കുറിച്ച് പ്രസിദ്ധീകരിക്കുന്ന കഥകളുടെയും ലേഖനങ്ങളുടെയും ക്ലിപ്പിംഗുകൾ അദ്ദേഹം ശേഖരിക്കും. എന്നിട്ട് അദ്ദേഹം അവയെല്ലാം തന്റെ വീട്ടിലെ പലകകളിലും ചുമരുകളിലും ഒട്ടിക്കും.  

അദ്ദേഹത്തിന്റെ ഹരിത പ്രചാരണത്തിന് അംഗീകാരമായി നിരവധി സംസ്ഥാന, ദേശീയ അവാർഡുകൾക്ക് പുറമേ, അക്കാദമി ഓഫ് യൂണിവേഴ്‍സൽ ഗ്ലോബൽ പീസ് സെപ്‌റ്റുവജെനേറിയൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയുമുണ്ടായി. 2016 -ൽ തെലങ്കാന സർക്കാർ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകി. തന്റെ അവസാനത്തെ ശ്വാസം വരെയും താൻ ഇത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നാം ആത്മാർഥതയോടെ ചെയ്യുന്ന ഒരു കാര്യവും പാഴായി പോകില്ലെന്ന് ഈ 70 -കാരന്റെ ജീവിതം നമുക്ക് കാണിച്ച് തരുന്നു.  
 

click me!