17 വർഷം മുമ്പ് തനിക്ക് ലോൺ നിഷേധിച്ച ബാങ്ക് തന്നെ വിലക്ക് വാങ്ങിയ സംരംഭകന്‍

Web Desk   | others
Published : Oct 06, 2020, 02:20 PM ISTUpdated : Oct 06, 2020, 02:31 PM IST
17 വർഷം മുമ്പ് തനിക്ക് ലോൺ നിഷേധിച്ച ബാങ്ക് തന്നെ വിലക്ക് വാങ്ങിയ സംരംഭകന്‍

Synopsis

"ഒരു മേശയോ കസേരയോ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, ഞാൻ നാലുമാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്" ആദം തന്റെ ഇൻസ്റ്റാഗ്രാമിൽ എഴുതുന്നു.

'പ്രതികാരം മധുരമാണ്'. 39 -കാരനായ ആദം ഡീറിംഗ് പറഞ്ഞു. മുൻപ് 21 വയസ്സുള്ളപ്പോൾ അദ്ദേഹം ബിസിനസ് തുടങ്ങാൻ ലോൺ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിക്കുകയുണ്ടായി, എന്നാൽ അന്ന് 'വളരെ ചെറുപ്പമാണെന്നും, അനുഭവപരിചയമില്ലെന്നും' പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ ആ ധനകാര്യ സ്ഥാപനം തള്ളിക്കളഞ്ഞു. ഇന്ന് 17 വർഷങ്ങൾക്ക് ശേഷം, വായ്പ നൽകാൻ തയ്യാറാകാത്ത ആ ബാങ്കുതന്നെ വിലയ്ക്ക് വാങ്ങിയിരിക്കയാണ് ആദം.  

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇംഗ്ലണ്ടിലെ ഉർസ്റ്റൺ നിവാസിയായ ആദം ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ, കൈയിൽ ആവശ്യത്തിന് പണമില്ലാതിരുന്ന അദ്ദേഹം അതിനായി ഒരു ബാങ്ക് വായ്പ എടുക്കാൻ തീരുമാനിച്ചു. ഒരു അക്കൗണ്ട് തുറക്കാനും ബിസിനസ് വായ്പയെ കുറിച്ചറിയാനുമായി അദ്ദേഹം ബാങ്ക് മാനേജരെ കാണാൻ പോയി. “ഞാൻ അന്ന് വളരെ ടെൻഷനിലായിരുന്നു. മനസ്സിൽ ലോൺ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ബാങ്കിലേയ്ക്ക് ഞാൻ കാലെടുത്തു വച്ചത്. എന്റെ കൈയിൽ അന്ന് സ്വന്തമെന്ന് പറയാൻ കുറേ പ്രതീക്ഷകളും, സ്വപ്നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണമില്ലായിരുന്നു. ബാങ്ക് വായ്പയെ ആശ്രയിച്ചായിരുന്നു എല്ലാം ഇരുന്നിരുന്നത്” ആദം പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ബിസിനസ് പദ്ധതികൾ കേട്ടപ്പോൾ, അക്കാലത്ത് മാനേജറായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തിന് വായ്പ നിഷേധിക്കുകയായിരുന്നു.  

അദ്ദേഹം വളരെ ചെറുപ്പമാണെന്നും, ബിസിനസ്സ് ചെയ്ത് പരിചയമില്ലെന്നുമെല്ലാം അവർ ആദത്തോട് പറഞ്ഞു. ഈ ഘട്ടത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ആ വാർത്ത വല്ലാത്ത നിരാശയാണ് സമ്മാനിച്ചത്. "എനിക്ക് അപമാനവും, നിരാശയും, സങ്കടവും എല്ലാം അനുഭവപ്പെട്ടു" ആദം പറഞ്ഞു. ഏറ്റവും കഷ്ടം, ഈ സ്വപ്നത്തിനായി അദ്ദേഹം ഉണ്ടായിരുന്ന സെയിൽസ്മാൻ ജോലി ഇതിനകം തന്നെ ഉപേക്ഷിച്ചിരുന്നു എന്നതാണ്. അതിൽ നിന്ന് ലാഭം പിടിച്ച തുക ഉപയോഗിച്ച് ഓഫീസിന്റെ ഒരു മാസത്തെ വാടക അദ്ദേഹം നൽകി. എന്തൊക്കെ തടസ്സം നേരിട്ടാലും താൻ പരാജയപ്പെടില്ലെന്ന് അദ്ദേഹം നിശ്ചയിച്ചു.  

കടം വാങ്ങിയ ഒരു ഫോൺ ഉപയോഗിച്ച്, ആദ്യത്തെ നാല് മാസം തന്റെ ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലയിന്റുകളെ വിളിച്ചു. "ഒരു മേശയോ കസേരയോ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, ഞാൻ നാലുമാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്" ആദം തന്റെ ഇൻസ്റ്റാഗ്രാമിൽ എഴുതുന്നു. "ആദ്യ മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഇത് തുടരാൻ കഴിയുമോ എന്ന് ഞാൻ പലവട്ടം സംശയിച്ചു. അടുത്തമാസം ബില്ലുകൾ എങ്ങനെ അടക്കും എന്നോർത്ത് ഒരുപാട് രാത്രികൾ ഞാൻ ഉറങ്ങാതെ കിടന്നു. എല്ലാം തീർന്നെന്ന് കരുതിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിരുന്നു. പക്ഷേ, അത് ഉപേക്ഷിക്കാൻ മാത്രം ഞാൻ തയ്യാറായില്ല" അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നാൽ പാഴായില്ല. ഒരു ഡെബ്റ്റ് മാനേജുമെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2014 -ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് (6.4 ദശലക്ഷം ഡോളർ) വിൽക്കുകയും ചെയ്‌തു. ഇന്ന് അദ്ദേഹത്തിന് സ്വന്തമായി അഞ്ച് മൾട്ടി മില്യൺ കമ്പനിയുണ്ട്. അന്ന് 10000 ഡോളറിന്റെ വായ്‌പ നിഷേധിച്ച ബാങ്ക് ഇന്ന് അദ്ദേഹം 450,000 ഡോളർ കൊടുത്താണ് വാങ്ങിയത്.

ഒരു മോട്ടിവേഷണൽ സ്പീക്കറായ അദ്ദേഹം ഇപ്പോൾ തന്റെ കഠിനാധ്വാനത്തിന്റെ കഥ ആയിരങ്ങളോട് പങ്കിടുന്നു. "നിങ്ങളുടെ സ്വപ്നം ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുപാട് തടസ്സങ്ങളുണ്ടാകും, എന്നിരുന്നാലും കഠിനമായി പരിശ്രമിച്ചാൽ ഒരുദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും" അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

ഇങ്ങനെയുള്ള മാനേജറൊക്കെ ഈ ലോകത്തുണ്ടോ, ഭാഗ്യം വേണം; വൈറലായി പോസ്റ്റ്, കമന്‍റുകളുമായി നെറ്റിസണ്‍സ്
50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?