പത്മശ്രീ നേടിയ നാലാം ക്ലാസുകാരന്‍, അറിഞ്ഞിരിക്കണം ഈ ലക്ഷദ്വീപുകാരനെ കുറിച്ച്...

By Web TeamFirst Published Jan 27, 2021, 11:52 AM IST
Highlights

പ്രകൃതിയായിരുന്നു അലിയുടെ ഗുരു. ചുറ്റുപാടും നിരീക്ഷിച്ച് കാര്യങ്ങൾ പഠിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അങ്ങനെ സ്വയം അധ്യാപകനും, വിദ്യാർത്ഥിയും ഒക്കെയായി അലി. 

അധ്യാപകരായ ദമ്പതികൾ അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ട് മക്കളെ കൊന്നത് ഇന്ത്യയിലാണ്. അതേ ഇന്ത്യയിലാണ് ഇതാ ഒരു നാലാം ക്ലാസുകാരൻ പലവിധ വിഷയങ്ങളിൽ മികവു പുലർത്തുകയും പത്മശ്രീ പുരസ്കാരത്തിന് അർഹനാവുകയും ചെയ്തിരിക്കുന്നത്... ഈ വർഷം പത്മശ്രീ അവാർഡ് ലഭിച്ച102 പ്രമുഖ ഇന്ത്യക്കാരിൽ ഒരാളാണ് ലക്ഷദ്വീപിലെ അലി മാനിക്ഫാൻ. സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ അങ്ങനെ പലതുമാണ് ഈ 82 -കാരൻ. എന്നാൽ, അതിശയമെന്തെന്നാൽ യാതൊരു തരത്തിലുള്ള ഔപചാരിക വിദ്യാഭ്യസവും ഇല്ലാതെയാണ് അദ്ദേഹം ഇത്തരം നിരവധി വിഷയങ്ങളിൽ വിദ​ഗ്ദ്ധനായത് എന്നതാണ്. തീർന്നില്ല, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമ്മൻ, സിംഹള, പേർഷ്യൻ, സംസ്‌കൃതം, തമിഴ്, ഉറുദു തുടങ്ങി നിരവധി ഭാഷകളും മാണിക്ഫാന് മനഃപാഠമാണ്. ഒരു നാലാം ക്ലാസുകാരന് ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കാം. മനസ്സുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ് അലി. 

കാഴ്ചയിലും വേഷത്തിലും വെറുമൊരു സാധാരണക്കാരനായ അദ്ദേഹം പക്ഷേ ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തിൽ അതുല്യനായ പ്രതിഭയാണ്. 1938 മാർച്ച് 16 -ന് മിനിക്കോയ് ദ്വീപിലെ ഒരു പ്രഭു കുടുംബത്തിലാണ് അലി മാണിക്ഫാൻ ജനിച്ചത്. ദ്വീപിൽ പരമ്പരാഗത സ്കൂളുകളൊന്നുമില്ലാതിരുന്നതിന്റെ പേരിൽ, പിതാവ് മൂസ മാനിക്ഫാൻ മകനെ പഠനത്തിനായി കണ്ണൂരിലേയ്ക്ക് അയച്ചു. എന്നാൽ, അലിയ്ക്ക് ഔപചാരിക വിദ്യാഭ്യാസത്തിൽ താൽപ്പര്യമില്ലായിരുന്നു. അദ്ദേഹം പഠനം ഉപേക്ഷിച്ച് മിനിക്കോയിയിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഔപചാരിക പഠനങ്ങൾ ജീവിത യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയതല്ല.  

അതുപോലെ തന്നെ അദ്ദേഹത്തെ ആകർഷിച്ച ഒന്നാണ് കടൽ. സമുദ്രഗവേഷണത്തിൽ താല്പര്യം തോന്നിയ അദ്ദേഹം 1960 -ൽ ഒരു ഗവേഷകനായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയായിരുന്നു. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് സമുദ്ര ജീവശാസ്ത്രജ്ഞനായ ഡോ. സന്തപ്പൻ ജോൺസിനൊപ്പം ഒരു പുതിയ മത്സ്യ ഇനത്തെ അദ്ദേഹം കണ്ടെത്തുന്നത്. ആ പുതിയ ഇനത്തിന് അദ്ദേഹത്തിന്റെ പേര് ലഭിക്കുകയും ചെയ്തു, അബു ദഫ്ദഫ് മണിക്​ഫാനി.

കൃഷിയിലും അലിയ്ക്ക് താല്പര്യമുണ്ടായിരുന്നു. തമിഴ്‌നാടിന്റെ തീരത്തുള്ള രാമനാഥപുരം ജില്ലയിൽ അദ്ദേഹത്തിന് കുറച്ച് സ്ഥലമുണ്ടായിരുന്നു. അവിടെ അദ്ദേഹം ഒരു പരിസ്ഥിതി സൗഹൃദ വീട് വച്ചു. ആ മണ്ണിൽ അദ്ദേഹത്തിന്റെ കാർഷിക രീതികൾ പരീക്ഷിച്ചു.  ഇപ്പോൾ അദ്ദേഹത്തിന് വലിയൂരിൽ 13 ഏക്കർ സ്ഥലമുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ പ്രകൃതിദത്ത പഴങ്ങൾ ഉത്പാദിക്കാൻ അദ്ദേഹത്തിന് അവിടെ സാധിക്കുന്നു. വൈദ്യുതി കണക്ഷന് വേണ്ടിയുള്ള വളരെ കാലത്തേ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വീട്ടിൽ വെളിച്ചമെത്തിച്ചു അദ്ദേഹം. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ചാണ് അലി വൈദ്യുതി ഉല്പാദിപ്പിച്ചത്. ഒരു ഫ്രിഡ്‌ജും അദ്ദേഹം നിർമ്മിക്കുകയുണ്ടായി. കൂടാതെ പഴയ പവർ സ്പ്രേയർ മോട്ടോർ ഉപയോഗിച്ച് ഒരു സൈക്കിളും അദ്ദേഹം നിർമ്മിച്ചു. മകൻ മൂസയ്‌ക്കൊപ്പം ആ സൈക്കിളിൽ തമിഴ്‌നാട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരെ പോയി എല്ലാവരെയും ഞെട്ടിച്ചു. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 35 കിലോമീറ്റർ മാത്രമാണെങ്കിലും, പെട്രോളിൽ ഓടുന്ന ഇരുചക്രവാഹനത്തേക്കാൾ ഇത് വിലകുറഞ്ഞതും കാര്യക്ഷമവുമാണെന്ന് അലി മാണിക്ഫാൻ അവകാശപ്പെടുന്നു.

ഇതൊന്നും പോരാതെ, പരമ്പരാഗത രീതികൾ ഉപയോഗിച്ച് 1981 -ൽ അലി ഒരു പുരാതന അറബ് കപ്പൽ നിർമിച്ചു. ഒമാനിലെ വ്യാപാര കപ്പലായ സോഹർ പുനർനിർമ്മിക്കാൻ ഐറിഷ് സാഹസികനായ ടിം സെവെറിൻ അദ്ദേഹത്തെ സമീപിച്ചു. ഒമാനിലെ സോഹർ നഗരത്തിന്റെ പേരിലുള്ള ഈ കപ്പൽ പരമ്പരാഗത ബോട്ട് നിർമ്മാണ രീതികൾ ഉപയോഗിച്ച് പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ചതാണ്. 27 മീറ്റർ നീളമുള്ള ആ കപ്പൽ നിർമ്മിക്കാൻ ഒരു വർഷമെടുത്തു. സോഹർ ഇപ്പോൾ ഒമാനിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കയാണ്.  

click me!