ലോകത്ത് ഏറ്റവും ശുദ്ധമായ വായുവുള്ളത് ഇവിടെയാണോ?

By Web TeamFirst Published Jun 5, 2020, 3:31 PM IST
Highlights

എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിലും, ഭൂമിയുടെ മറ്റ് പ്രദേശങ്ങളിൽ ഇതല്ല സ്ഥിതി. പ്രതിവർഷം ഏഴ് ദശലക്ഷം ആളുകളാണ് വായു മലിനീകരണം മൂലം ലോകത്തിൽ മരിക്കുന്നത്. 

ലോകത്ത് ഏറ്റവും ശുദ്ധമായ വായു ഉള്ളത് എവിടെയാണ്? വിഷവാതകങ്ങളും, പുകയും മൂലം മലിനമാക്കപ്പെട്ട നമ്മുടെ ഭൂമിയിൽ എവിടെയാണ് അത്തരമൊരിടമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ, ലോകത്തിന്റെ ഭൂപടത്തിൽ ഇനിയും മാലിന്യം എത്തിപ്പെടാത്ത ഒരു സ്ഥലമുണ്ട്, ഏറ്റവും ശുദ്ധമായ വായുവുള്ള ഒരിടം. വിദൂരമായ കാടിനു നടുവിലോ, വിജനമായ ദ്വീപിലോ ഒന്നുമല്ല. പകരം, അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള തെക്കൻ സമുദ്രത്തിന് മുകളിലുള്ള വായുവാണ് അത്.  

ദക്ഷിണ സമുദ്രത്തിലെ ബയോ എയറോസോൾ ഘടനയെക്കുറിച്ച് ആദ്യമായി നടത്തിയ പഠനത്തിലാണ് കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഇത് കണ്ടെത്തിയത്. മനുഷ്യന്റെ പ്രവർത്തനം കൊണ്ട് മലിനമാകാത, പൊടിയും പുകയും ഇല്ലാത്ത ശുദ്ധമായ വായുവാണ് തെക്കൻ സമുദ്രത്തിന് മുകളിലത്തേതെന്ന് പ്രൊഫസർ സോണിയ ക്രെഡെൻ‌വീസും സംഘവും പ്രസ്‍താവിച്ചു. വായുവിലെ ബാക്ടീരിയകളെ ഉപയോഗിച്ചാണ് അന്തരീക്ഷത്തിന്റെ സവിശേഷതകൾ ഗവേഷകർ മനസ്സിലാക്കിയത്.  ഈ പ്രദേശത്തെ താഴ്ന്ന മേഘങ്ങൾ സൃഷ്ടിക്കുന്ന വായു, എയറോസോൾ കണങ്ങളിൽ നിന്ന് മുക്തമാണ് എന്നവർ കണ്ടെത്തി. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുക, ചില വിളകൾ നട്ടുപിടിപ്പിക്കുക, രാസവളങ്ങൾ ഉപയോഗിക്കുക, മലിനജലം പുറന്തള്ളുക തുടങ്ങിയ പ്രവർത്തനങ്ങൾ മൂലമാണ് എയറോസോൾ കണികകൾ വായുവിൽ ഉണ്ടാകുന്നത്. ഇത് വായുമലിനീകരണത്തിന് കാരണമാകുന്നു. 

ഗവേഷകർ സൂക്ഷ്മാണുക്കളുടെ ഡിഎൻ‌എ പരിശോധിക്കുകയും അവയുടെ ഉറവിടങ്ങൾ കണ്ടെത്തുകയും ചെയ്‌തു. അതുകൂടാതെ കാറ്റിന്റെ പാത മനസ്സിലാക്കുകയും, അവ എവിടെ നിന്ന് വരുന്നുവെന്ന് കണ്ടെത്തുകയും ചെയ്‍തു. അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള സൂക്ഷ്മാണുക്കൾ കൽക്കരി ഉദ്‌വമനം പോലുള്ള വായു മലിനീകരണത്തിൽ നിന്ന് വ്യത്യസ്‍തമായി സമുദ്രത്തിൽ നിന്നുള്ളതാണെന്ന് അവർ കണ്ടെത്തി. അവയെ വിശദമായി പഠിച്ചപ്പോൾ, വിദൂര കരകളിൽ നിന്നുള്ള പൊടിയും, മനുഷ്യ പ്രവർത്തനങ്ങളായ മലിനീകരണം തെക്കൻ അന്റാർട്ടിക്കയിലേക്ക് എത്തുന്നില്ലെന്ന് ഗവേഷകർ മനസ്സിലാക്കി. ഗവേഷണ ശാസ്ത്രജ്ഞനും സംഘത്തിലെ ഒരാളുമായ തോമസ് ഹിൽ വിശദീകരിച്ചു: "എസ്ഒ (സതേൺ ഓഷ്യൻ) -യിലുള്ള മേഘങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന എയറോസോളുകൾ സമുദ്ര ജൈവ പ്രക്രിയകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിലെ മനുഷ്യ പ്രവർത്തനങ്ങൾ അധികം ബാധികാത്ത വളരെ കുറച്ച് സ്ഥലങ്ങളിൽ ഒന്നാണ് എസ്‌ഒ." 

എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിലും, ഭൂമിയുടെ മറ്റ് പ്രദേശങ്ങളിൽ ഇതല്ല സ്ഥിതി. പ്രതിവർഷം ഏഴ് ദശലക്ഷം ആളുകളാണ് വായു മലിനീകരണം മൂലം ലോകത്തിൽ മരിക്കുന്നത്. കുട്ടികളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും, ഹൃദ്രോഗം, ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ തകരാറുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഇത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.  

             

click me!