തൂവാല ഉയര്‍ത്തിക്കാണിച്ചാല്‍ അര്‍ത്ഥമിതാണ്, കവിളില്‍ പുസ്‍തകം ചേര്‍ത്തുവെച്ചാല്‍ ഇതും; ചില രഹസ്യ സന്ദേശങ്ങള്‍

By Web TeamFirst Published Jul 12, 2020, 9:47 AM IST
Highlights

ഒരുപക്ഷേ ഏറ്റവും രസകരമായത്, ഈ കാർഡുകളെ കൂടാതെ പുസ്‍തകങ്ങൾ, കുടകൾ, പെൻസിലുകൾ, തൊപ്പികൾ, തൂവാലകൾ, അല്ലെങ്കിൽ കണ്ണുകൾ എന്നിവയും പരസ്‍പരം സന്ദേശങ്ങൾ കൈമാറാൻ അവർ ഉപയോഗിച്ചിരുന്നു. 

ഇന്നത്തെ കാലത്ത് നമുക്കൊരാളോട് പ്രണയം തോന്നിയാൽ അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിക്ടോറിയൻ ഇംഗ്ലണ്ടിൽ അതില്ലായിരുന്നു. ലൈംഗികതയെ അടിച്ചമർത്തുന്ന ഒരു കാലഘട്ടത്തിൽ ആളുകൾക്ക് പരസ്യമായി പരസ്‍പരം സ്നേഹം പങ്കുവെക്കാൻ അനുവാദമില്ലായിരുന്നു. എന്നിട്ടുമവർ പ്രേമിക്കാതിരുന്നില്ല. അതിനായി അവർ അവരുടേതായ രഹസ്യതന്ത്രങ്ങൾ കണ്ടെത്തി. അന്നത്തെ കാലത്ത് വശീകരണ കലയിൽ, രഹസ്യാത്മകതയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. താൽപ്പര കക്ഷികൾ ആരോരുമറിയാതെ സ്വകാര്യ സന്ദേശങ്ങൾ കൈമാറിയത് കാർഡുകൾ വഴിയായിരുന്നു. അവയെ ഫ്ലർട്ടേഷൻ കാർഡുകൾ എന്ന് വിളിച്ചു. ഇത് കേൾക്കുമ്പോൾ വളരെ നിസാരമായി തോന്നുമെങ്കിലും, മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കാത്ത സങ്കീർണ്ണമായ കോഡുകൾ ഉപയോഗിച്ചാണ് അവർ ആശയവിനിമയം നടത്തിയിരുന്നത്.  

വിക്ടോറിയൻ കാലഘട്ടത്തിൽ, ആളുകൾ പരസ്‍പരം വശീകരിക്കാനുള്ള പലവിധ രഹസ്യ കളികളും നടത്തിപ്പോന്നു. ഉദാഹരണത്തിന് ഒരു സ്ത്രീയും പുരുഷനും ഒരു തെരുവിൽ കണ്ടുമുട്ടുന്നു. അവർ പരസ്‍പരം നോട്ടം കൈമാറുന്നു. നടക്കുന്നതിനിടയിൽ, സ്ത്രീ ഒരു തൂവാല ഉയര്‍ത്തിക്കാണിക്കുന്നു. അതൊരു കോഡാണ്. പുരുഷനിൽ അവൾക്ക് താൽപ്പര്യമുണ്ടെന്നതിന്റെ അടയാളമാണ്. അയാൾക്കും താല്‍പര്യമുണ്ടെങ്കിൽ‌, ഇരുവരും സംഭാഷണം ആരംഭിക്കുന്നു. ഒരാൾ മറ്റൊരാൾക്ക് വ്യക്തിഗത കോളിംഗ് കാർഡ് നൽകുന്നു. പരസ്‍പരം കണ്ടുമുട്ടാൻ ഒരു തീയതി നിശ്‌ചയിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ അവിവാഹിതർക്ക് കർശനമായ സാമൂഹ്യ വിലക്കുകൾ മറികടന്ന് പരസ്‍പരം ഇഷ്‍ടം അറിയിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു ഈ കാർഡുകൾ. പലവിധത്തിലുള്ള കാർഡുകൾ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. സാധാരണയായി സ്ത്രീയുടെ വീട് സന്ദർശിക്കുന്നതിനോ അവളുടെ കൂട്ട് ആഗ്രഹിക്കുമ്പോഴോ പുരുഷന്മാർ കാർഡുകൾ വഴി സ്ത്രീകൾക്ക് സന്ദേശങ്ങൾ കൈമാറുന്നു. ഇവയെ കോളിംഗ് കാർഡുകൾ എന്നാണറിയപ്പെട്ടിരുന്നത്. കാർഡുകൾ ചിലപ്പോൾ അച്ചടിച്ചതോ കൈകൊണ്ട് എഴുതിയതോ ആയിരിക്കും. തീപ്പെട്ടിക്കൂടിനെക്കാളും കുറച്ചുകൂടി വലുപ്പമുള്ള അവയിൽ സന്ദേശങ്ങൾ പ്രിന്റ് ചെയ്‍തിരിക്കും. ഇന്നത്തെ കാലത്തെ ബിസിനസ് കാർഡ് പോലെ അന്നത്തെ കാലത്ത് പ്രണയിക്കാൻ ഒരു കാർഡ്.   

ഒരുപക്ഷേ ഏറ്റവും രസകരമായത്, ഈ കാർഡുകളെ കൂടാതെ പുസ്‍തകങ്ങൾ, കുടകൾ, പെൻസിലുകൾ, തൊപ്പികൾ, തൂവാലകൾ, അല്ലെങ്കിൽ കണ്ണുകൾ എന്നിവയും പരസ്‍പരം സന്ദേശങ്ങൾ കൈമാറാൻ അവർ ഉപയോഗിച്ചിരുന്നു. നിങ്ങളുടെ ഇടത് കവിളിൽ ഒരു പുസ്‍തകം ചേർത്തുവച്ചാൽ 'ശ്രദ്ധിക്കണം, ആരോ നമ്മളെ നിരീക്ഷിക്കുന്നുണ്ട്' എന്നാണ് അർത്ഥം. നിങ്ങളുടെ കാൽമുട്ടിൽ ബുക്ക് വച്ചാൽ 'സംസാരിക്കാം' എന്നർത്ഥം.  പല്ലുകൾക്കിടയിൽ പുസ്‍തകമിരുന്നാൽ 'അത് കഴിഞ്ഞു' എന്നാണ് ഉദ്ദേശിക്കുന്നത്. മടിയിൽ ഒരു പുസ‍തകം വച്ചിരുന്നാൽ 'നിങ്ങൾക്ക് എന്നോട് സംസാരിക്കാം'  എന്നർത്ഥം. ഒരു സംഭാഷണം ആരംഭിക്കുന്നതിനോ പരസ്പരം കാണുന്നതിനോ ഇത്തരം കോഡുകൾ അവർ ഉപയോഗിച്ചിരുന്നു. പുസ്‍തകം കൂടാതെ, പെൻസിൽ ഫ്ലർട്ടേഷൻ, ഐ ഫ്ലർട്ടേഷൻ, തൊപ്പി ഫ്ലർട്ടേഷൻ, തൂവാല ഫ്ലർട്ടേഷന്‍... എന്നിങ്ങനെ പലരൂപത്തിലും കോഡുകൾ ചെറുപ്പക്കാർ കൈമാറിയിരുന്നു.  

കാർഡുകളിലെ ഉള്ളടക്കം ചിലപ്പോൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതായി അനുഭവപ്പെടാം. ചിലതിലെ സന്ദേശങ്ങൾ ഇതാണ്: 'ഡിയർ മിസ്: നിങ്ങൾ വിവേകമുള്ളവളും, നല്ലവളുമാണ്. നിങ്ങൾക്ക് സ്ത്രീത്വത്തിന്റെ എല്ലാ മനോഹാരിതകളും ഉണ്ട്, നിങ്ങളുടെ കണ്ണുകൾ നിങ്ങൾക്ക് മുകളിലുള്ള നക്ഷത്രങ്ങളോട് സാമ്യമുണ്ട്, എനിക്ക് നിങ്ങളെ സ്നേഹിക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ ദുഃഖിതനാകും.'  ആദ്യം കാണുമ്പോൾ തന്നെ ഒരു സ്ത്രീയോട് പറയാൻ പറ്റുന്ന വാചകങ്ങളായി ഇതിനെ നമുക്ക് കാണാൻ സാധിക്കില്ല. മറ്റൊന്ന് ഇതാണ്: 'ഞാൻ നിങ്ങളുടെ വീട്ടിൽ വരട്ടെ. അതോ ഞാൻ വേലിക്കപ്പുറത്ത് നിന്ന് നിങ്ങളെ നോക്കിയിരുന്നാൽ മതിയോ?' ചിലത് ബിസിനസ്സ് കാർഡിനെ ഓർമിപ്പിക്കുന്നതാണ്. 'നിങ്ങളെ പരിചയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. സമ്മതമെങ്കിൽ, സമയവും സ്ഥലവും കാർഡിന്റെ മറുവശത്ത് എഴുതി മടക്കി നൽകുക!'  ഇങ്ങനെ നീളുന്നു കാർഡിന്റെ ഉള്ളടക്കങ്ങൾ. 

ഇന്നത്തെ പോലെ മൊബൈൽ ഫോണും, ഇന്റർനെറ്റും ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ പുരുഷമാർക്കും സ്ത്രീകൾക്കുമിടയിൽ ഇത്തരം രസകരമായ കോഡുകൾ നിലനിന്നിരുന്നുവെന്നത് കൗതുകകരമാണ്. ഈ സാങ്കേതിക യുഗത്തിൽ പലരും തങ്ങളുടെ രഹസ്യസന്ദേശങ്ങൾ കൈമാറാൻ സെൽഫോൺ പോലുള്ള കൂടുതൽ ആധുനിക മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ, ഇത്തരം പഴയ ശീലങ്ങൾ ഭൂതകാലത്തിലെ  വിചിത്രമായ ഒരു ഏടായി അവശേഷിക്കുന്നു. 

click me!