ഇരകളുടെ മാംസം കൊണ്ട് വിഭവങ്ങളുണ്ടാക്കി കുട്ടികൾക്ക് നൽകിയിരുന്ന സീരിയൽ കില്ലർ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jan 6, 2021, 2:05 PM IST
Highlights

സുക്കോവ മുമ്പ് ഒരു അറവുശാലയിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രായത്തേക്കാൾ കൂടുതൽ ആരോഗ്യവും ശക്തിയും അവർക്കുണ്ടായിരുന്നു.

ഇരകളുടെ ശരീരം ബേക്ക് ചെയ്ത് സ്നാക്സ് ഉണ്ടാക്കിയിരുന്ന സീരിയൽ കില്ലർ മുത്തശ്ശി വിചാരണ കാത്തിരിക്കുന്നതിനിടെ കൊവിഡ് -19 ബാധിച്ച് മരിച്ചു. മൂന്ന് കൊലപാതകക്കേസുകളിൽ പ്രതിയായ സോഫിയ സുക്കോവ വിചാരണ കാത്തിരിക്കുകയായിരുന്നു. 81 വയസുകാരിയുടെ ഇരകളിലൊരാളായിരുന്നു എട്ട് വയസുള്ള അനസ്താസിയ അലക്സീങ്കോ. 2005 -ൽ സുക്കോവ ആ സ്കൂൾ വിദ്യാർത്ഥിനിയുടെ ശിരസ്സ് ഛേദിച്ചു. തുടർന്ന് തന്റെ അപ്പാർട്ട്മെന്റിന് ചുറ്റും ഒത്തുകൂടിയ നായ്ക്കൾക്ക് കുഞ്ഞിന്റെ മാംസം അവർ എറിഞ്ഞുകൊടുത്തു.  

2013 -ൽ സുക്കോവിന്റെ 83 -കാരിയായ ലോഡ്ജർ നീന ബാബെൻകോ മരിക്കുന്നതോടെയാണ് സുക്കോവിന്റെ പ്രവൃത്തിയിൽ ആളുകൾക്ക് സംശയം തോന്നുന്നത്. ചോദ്യം ചെയ്യലിൽ, ലോഡ്ജറോ കൊന്നത് താനാണെന്ന് അവർ സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിൽ, 2005 ഡിസംബർ 14 -ന് കാണാതായ എട്ട് വയസുകാരിയെ കൊന്നതും അവരാണെന്ന് പൊലീസ് കണ്ടെത്തി. "ക്രിമിനോളജിസ്റ്റുകൾ കത്തി കണ്ടെത്തി. അതിൽ ഇരയുടെ രക്തത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി" ഖബറോവ്സ്ക് മേഖലയിലുള്ള റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റിന്റെ വക്താവ് പറഞ്ഞു.

സുക്കോവിനെ അറസ്റ്റുചെയ്തപ്പോൾ, പൊലീസ് അവരുടെ ഫ്രിഡ്ജിൽ മനുഷ്യശരീരങ്ങൾ കണ്ടെത്തിയിരുന്നു. അവർ ആ മാംസാവശിഷ്ടങ്ങൾ കൊണ്ട് പലവിധ വിഭവങ്ങൾ ഉണ്ടാക്കി അടുത്തുള്ള കുട്ടികൾക്കും, അയൽക്കാർക്കും നൽകിയിരുന്നു. മനുഷ്യമാംസമാണ് ഇതെന്ന് മനസിലാകാതെ അവർ അത് വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. അവരെ ക്രിസ്റ്റഫർ ബോണ്ടിന്റെ നാടകത്തിലെ “പൈശാചിക ബാർബർ” സ്വീനി ടോഡുമായിട്ടാണ് പൊലീസ് താരതമ്യപ്പെടുത്തിയത്. സ്വീനി ഇരകളുടെ ശരീരഭാഗങ്ങൾ ഓവനിൽ വച്ച് വിവിധ തരം പൈസ് ഉണ്ടാക്കുമായിരുന്നു.  

സുക്കോവ മുമ്പ് ഒരു അറവുശാലയിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രായത്തേക്കാൾ കൂടുതൽ ആരോഗ്യവും ശക്തിയും അവർക്കുണ്ടായിരുന്നു. പലപ്പോഴും അവർ ഒരു കോടാലിയുമായാണ് നടന്നിരുന്നത്. അടുത്ത പ്രദേശത്തുള്ള പൂച്ചകളെ കൊന്നതിനെ പേരിൽ നാട്ടുകാർ പലപ്പോഴും പരാതിപ്പെട്ടിരുന്നുവെങ്കിലും അവർ ഒരു സീരിയൽ കില്ലറാണെന്ന് ഒരിക്കലും ആരും സംശയിച്ചിരുന്നില്ല. എന്നാൽ, പിന്നീട് കൊലപാതകക്കുറ്റത്തിന് അവർ അറസ്റ്റു ചെയ്യപ്പെട്ടു. വിചാരണയ്ക്ക് മുമ്പ് തടങ്കലിൽ പാർപ്പിച്ചിരിക്കയായിരുന്നു അവരെ.  

“ആരോടും അടുക്കാത്ത അവർ കുട്ടികൾക്കായി ഓരോ വിഭവങ്ങൾ പാചകം ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾ പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. അവ എല്ലായ്പ്പോഴും ഇറച്ചി വിഭവങ്ങളായിരുന്നു. ചിലപ്പോൾ അവർ മുതിർന്നവർക്കും അത് നൽകുമായിരുന്നു. ഒരിക്കൽ അവർ എനിക്കും എന്റെ ഭർത്താവിനും ജെല്ലി മാംസം നൽക്കുകയുണ്ടായി" ഒരു അയൽവാസി പറഞ്ഞു. തന്റെ കെട്ടിടത്തിന്റെ കാവൽക്കാരനെ കൊന്നതായി സുക്കോവ സമ്മതിച്ചിരുന്നു. അവർ ഒക്ടോബറിൽ നടന്ന മറ്റ് കൊലപാതകങ്ങളിൽ വിചാരണ നേരിടുകയായിരുന്നു. അവർക്കെതിരെയുള്ള കുറ്റങ്ങൾ വായിക്കുമ്പോൾ ഉറക്കെ ചിരിച്ചുകൊണ്ട് അവർ കോടതിയെ ഞെട്ടിച്ചു. ജൂണിൽ വീണ്ടും വിചാരണ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുമ്പോഴാണ്, സുക്കോവയ്ക്ക് കൊറോണ വൈറസ് പിടികൂടുന്നത്. ഡിസംബർ 29 -ന് ഖബറോവ്സ്കിലെ ആശുപത്രിയിൽ വച്ച് അവർ മരിച്ചു.

click me!