ആളുകൾ വർഷങ്ങളോളം ഉറങ്ങിപ്പോകുന്നു, ഒന്നാം ലോക മഹായുദ്ധകാലത്തെ ആ രോഗമേതായിരുന്നു ?

By Web TeamFirst Published Mar 7, 2020, 3:18 PM IST
Highlights

എന്നാൽ, ഇത് സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും എൻസെഫലൈറ്റിസ് ലിതാർജിക്ക പകർച്ചവ്യാധിയുടെ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. 

എല്ലാവരും സ്ലീപ്പിങ് ബ്യൂട്ടിയുടെ കഥ കേട്ടിട്ടുണ്ടാകുമല്ലോ? ഒരു  മന്ത്രവാദിനിയുടെ ശാപം മൂലം ഒരു നാടും അതിലെ രാജകുമാരിയും വർഷങ്ങളോളം ഉറങ്ങിപ്പോയ കഥ. അത് വെറും ഒരു മുത്തശ്ശിക്കഥ മാത്രമാണ് എന്ന് നമുക്കറിയാം. എന്നാൽ, ശരിക്കും അത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടാകുമോ? ഇല്ല എന്ന് പറയാൻ വരട്ടെ. ഒന്നാം മഹാലോകയുദ്ധകാലത്ത്, യൂറോപ്പിലുടനീളം ഒരു പകർച്ചവ്യാധി പടർന്ന് പിടിക്കുകയുണ്ടായി. അതിൻ്റെ ലക്ഷണങ്ങൾ വളരെ വിചിത്രമായിരുന്നു. അസുഖം ബാധിച്ച എല്ലാവരും മരിച്ചപോലെ ഉറങ്ങാൻ തുടങ്ങി. ചിലപ്പോൾ നടക്കുന്നതിനിടയിൽ, ചിലപ്പോൾ കഴിക്കുന്നതിനിടയിൽ, ചിലപ്പോൾ സംസാരിച്ചിരിക്കുന്നതിനിടയിൽ എല്ലാം അവർ ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്നു. കുറച്ചു മണിക്കൂറു നേരത്തേക്കല്ല, മറിച്ച് ദിവസങ്ങളോളം, ചിലപ്പോൾ മാസങ്ങളോളം അവർ തങ്ങളുടെ ഉറക്കം തുടർന്നു. 

ഒന്നാം ലോകമഹായുദ്ധകാലം, യൂറോപ്പ് ബാക്ടീരിയകളുടെയും, വൈറൽ പകർച്ചവ്യാധികളുടെയും വിളനിലമായിരുന്നു. ലോകമെമ്പാടുമുള്ള സൈനികർ പോഷകാഹാരക്കുറവും, അജ്ഞാതമായ അണുബാധകളും കൊണ്ട് അവശരായി സ്വന്തം വീടുകളിലേയ്ക്ക് മടങ്ങി. കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ കാട്ടുതീപോലെ പടരുന്ന കാലമായിരുന്നു അത്. അങ്ങനെയിരിക്കുമ്പോഴാണ് 1916 -ൽ ഒരു പുതിയ രോഗം ജനങ്ങളുടെ ജീവന് ഭീഷണിയായി ഉയർന്നുവന്നത്. രോഗികളെ വിശദമായി പരിശോധിച്ച ഡോക്ടർമാർക്ക്, പക്ഷേ അത് എന്താണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. എല്ലാവരും ആശയക്കുഴപ്പത്തിലായി. സൈനികരെയാണ് ഇത് ആദ്യം ബാധിക്കുന്നത്. രോഗം ബാധിച്ച സൈനികർ രാവുംപകലും ഒരൊറ്റ കാര്യം മാത്രം ചെയ്‍തു, ഉറങ്ങുക! അവരെ ഉണർത്താനുള്ള എല്ലാ ശ്രമങ്ങളും വ്യർത്ഥമായി തീർന്നു.  

വിയന്നയിലെ ന്യൂറോളജിസ്റ്റായ കോൺസ്റ്റാന്റിൻ വോൺ ഇക്കണോമോയാണ് ഈ പുതിയ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആളുകളെ നിശ്ചലമാക്കാൻ കഴിവുള്ള ഒരു ക്രൂരമായ രോഗമായിരുന്നു അത്. രോഗത്തെ ഏറ്റവും പ്രകടമായ ലക്ഷണം അലസത അല്ലെങ്കിൽ ഉറക്കമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അതിനെ ‘എൻസെഫലൈറ്റിസ് ലിതാർജിക്ക’ (ENCEPHALITIS LETHARGICA) എന്ന് വിളിച്ചു. അദ്ദേഹം സാധാരണക്കാർക്കിടയിൽ സമാനമായ കേസുകൾ പഠിക്കാൻ തുടങ്ങി. മെഡിക്കൽ ക്ലിനിക്കുകൾ ഉറക്കം തൂങ്ങുന്ന ആളുകളെ കൊണ്ട് നിറയാൻ തുടങ്ങി. ചിലർ ഡിന്നർ ടേബിളിൽ ഭക്ഷണം ചവയ്ക്കുന്നത്തിനിടയിൽപോലും ഉറങ്ങിപ്പോയി. രോഗികളുടെ കണ്ണുകളിൽ അശ്രദ്ധയും, താൽപ്പര്യമില്ലായ്മയും നിഴലിച്ചിരുന്നു.  

ഇത്തരം രോഗികളിൽ ഭൂരിഭാഗവും ശ്വസനവ്യവസ്ഥയിലെ തകരാറുകളെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ന്യൂറോളജിസ്റ്റ് വോൺ ഇക്കണോമോ ഈ വിചിത്രമായ രോഗത്തെക്കുറിച്ച് ഒരു സൂചന കണ്ടെത്താൻ മരണപ്പെട്ട രോഗികളുടെ തലച്ചോർ പരിശോധിക്കുകയുണ്ടായി. ആളുകളിൽ ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ രോഗം ബാധിച്ചതായി അദ്ദേഹം കണ്ടെത്തി.   

1929 ആയപ്പോഴേക്കും രോഗികളുടെ എണ്ണം കുറഞ്ഞുവന്നു. രോഗം ബാധിച്ചവരിൽ മൂന്നിലൊന്നുപേരും അജ്ഞാതമായ കാരണങ്ങളാൽ സുഖം പ്രാപിച്ചു, മൂന്നിലൊന്നുപേർ മരിച്ചു, ശേഷിക്കുന്ന മൂന്നിലൊന്ന് പാർക്കിൻസൺസ് രോഗത്തിന് സമാനമായ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടി. അസുഖം ബാധിച്ച ആളുകളുടെ ശരീരം പതിറ്റാണ്ടുകളായി മരവിച്ചുകിടന്നു. 1960 -കളിൽ ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഒലിവർ സാക്സ് ബ്രോങ്ക്സിലെ ബേത്ത് അബ്രഹാം ഹോസ്പിറ്റലിൽ പക്ഷാഘാതം ബാധിച്ച രോഗികളെ കാണുകയുണ്ടായി. ചില രോഗികൾ സംഗീതത്തോട് പ്രതികരിക്കുകയോ അല്ലെങ്കിൽ എറിയുന്ന പന്ത് പിടിക്കുകയോ ചെയ്തു. പക്ഷേ, അടുത്തനിമിഷം തന്നെ അവർ വീണ്ടും നിശ്ചലമാകും. ഒന്നിനും അവരുടെ അവസ്ഥയെ മാറ്റാൻ കഴിയില്ല. 

രോത്തിന്‍റെ അവസാനത്തെ ഇര ഫിലിപ്പ് ലെതറായിരുന്നു. പതിനൊന്നാം വയസ്സിലാണ് അദ്ദേഹത്തിന് രോഗം ബാധിക്കുന്നത്. തുടർന്ന് എഴുപത് വർഷത്തിലേറെ 2003 -ൽ മരിക്കുന്നതുവരെ ഒരു ജീവനുള്ള പ്രതിമ കണക്കെ അദ്ദേഹം ജീവിച്ചു. എന്നാൽ, ഇത് സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും എൻസെഫലൈറ്റിസ് ലെതർജിക്ക പകർച്ചവ്യാധിയുടെ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഒരു സിദ്ധാന്തം, ഇൻഫ്ലുവൻസ വൈറസ് തലച്ചോറിനെ ബാധിച്ചിട്ടുണ്ടാകാം എന്നും അത് എൻസെഫലൈറ്റിസ് ലിതാർജിക്കയ്ക്ക് കാരണമായിട്ടുണ്ടാകാം എന്നുമാണ്. എന്നാൽ, മറ്റൊരു വാദം, പോളിയോ വൈറസുമായി ബന്ധപ്പെട്ട ഒരു വൈറസാണ് ഇതിന് കാരണമെന്നതാണ്.  

click me!