പത്മാസനത്തില്‍ നീന്തി റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന അധ്യാപകൻ

By Web TeamFirst Published Dec 22, 2020, 3:28 PM IST
Highlights

"പത്മാസനത്തിൽ വെറും നിലത്ത് തന്നെ ഇരിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ആ പോസിൽ കിടന്ന് കാലുകൾ ചങ്ങലകൊണ്ട് കെട്ടിയാണ് നീന്തിയത്. ഇത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്" ഖാർവി പറഞ്ഞു.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്മാസനത്തിൽ ഇരിക്കുക പ്രയാസമേറിയ ഒരു കാര്യമാണ്. അങ്ങനെയെങ്കിൽ പത്മാസനത്തിൽ കിടന്ന് വെള്ളത്തിൽ നീന്തുന്ന കാര്യമൊന്ന് ചിന്തിച്ചു നോക്കിയേ? സാധാരണഗതിയിൽ, കാലുകൾ അനക്കാൻ സാധിക്കാതെ വെള്ളം കുടിച്ച് മരിക്കും, അല്ലെ? എന്നാൽ കർണാടകയിലെ കുന്ദപുരയിലുള്ള ഒരു അദ്ധ്യാപകൻ പത്മാസനത്തിൽ നീന്തിയെന്ന് മാത്രമല്ല, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടാൻ ശ്രമിക്കുകയും ചെയ്‌തു. കാലുകൾ ചങ്ങലകൊണ്ട് കെട്ടിയാണ് അദ്ദേഹം പത്മാസനത്തിൽ നീന്തിയത്.    

ബന്ത്‌വാൾ താലൂക്കിലെ കൽമഞ്ച ഗവൺമെന്റ് ഹയർ പ്രൈമറി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന നാഗരാജ് ഖാർവി ഒരു കിലോമീറ്റർ ദൂരം 25 മിനിറ്റ് 16 സെക്കൻഡിൽ പൂർത്തിയാക്കി. രാവിലെ 8:55 -ന് നീന്താൻ തുടങ്ങിയ അദ്ദേഹം രാവിലെ 9:20 -ന് നീന്തൽ പൂർത്തിയാക്കി. അറേബ്യൻ കടലിൽ അദ്ദേഹം പത്മാസനത്തിൽ ബ്രെസ്റ്റ്സ്ട്രോക്ക് ശൈലി ഉപയോഗിച്ചാണ് നീന്തിയത്. വളരെ അപൂർവ്വമായ നേട്ടമെന്നാണ് ഇതിനെ ഖാർവി വിശേഷിപ്പിച്ചത്. "പത്മാസനത്തിൽ വെറും നിലത്ത് തന്നെ ഇരിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ആ പോസിൽ കിടന്ന് കാലുകൾ ചങ്ങലകൊണ്ട് കെട്ടിയാണ് നീന്തിയത്. ഇത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്" ഖാർവി പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ധൈര്യം തന്നത് തന്റെ ഗുരു ബി.കെ നായിക്കാണ് എന്നദ്ദേഹം പറഞ്ഞു. “ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കടലിൽ നീന്താൻ പഠിക്കുന്നുവെങ്കിലും, എന്റെ നീന്തൽ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞത് ബി.കെ നായിക്കാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.  

"ഞാൻ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ നിന്നാണ് വരുന്നത്. ചെറുതായിരിക്കുമ്പോൾ തന്നെ ഞാൻ നീന്തൽ പഠിച്ചിരുന്നു. ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതിർന്നവരോടൊപ്പം ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകുമായിരുന്നു. ജോലിയിൽ ചേർന്നതിനുശേഷം ഞാൻ അധ്യാപകർക്കായി സംഘടിപ്പിച്ച നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. താലൂക്കിലും ജില്ലാതലത്തിലുമുള്ള എന്റെ കഴിവ് ടീച്ചർ ബി കെ നായിക് ശ്രദ്ധിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഖാർവി റെക്കോർഡ് സൃഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, കൊവിഡ് -19 ലോക്ക്ഡൗൺ കാരണം അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞില്ല. "രണ്ട് ഗസറ്റഡ് ഓഫീസർമാർ ഒപ്പിട്ട ഈ വീഡിയോയുടെ ഡിവിഡി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അയച്ചിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോർഡിലേക്കും ഒരു പകർപ്പ് അയയ്ക്കാൻ ഞാൻ ആലോചിക്കുന്നു” അദ്ദേഹം പറഞ്ഞു.

click me!