അതി​ഗൂഢമായ നിധി കണ്ടെത്താനുള്ള ശ്രമത്തിനിടെ സെമിത്തേരി കുഴിച്ചു, നിധിവേട്ടക്കാരന് 12 വർഷം തടവ് ശിക്ഷ

By Web TeamFirst Published Jan 10, 2021, 10:29 AM IST
Highlights

ഒരു കലാചരിത്രകാരനും പുരാവസ്തു ശേഖരണക്കാരനുമായ ഫോറസ്റ്റ് ഫെൻ സ്വർണ്ണവും ആഭരണങ്ങളും മറ്റ് കരകൗശല വസ്തുക്കളും നിറച്ച വെങ്കല പെട്ടി റോക്കി പർവതനിരകളിൽ എവിടെയോ ഒളിപ്പിച്ചു.

പ്രശസ്തമായ ഫോറസ്റ്റ് ഫെൻ നിധി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചരിത്രപരമായ ഫോർട്ട് യെല്ലോസ്റ്റോൺ സെമിത്തേരി കുഴിച്ചതിന് ഒരു യൂട്ടാ മനുഷ്യനെ കാത്തിരിക്കുന്നത് 12 വർഷത്തെ ജയിൽവാസം. റോഡ്രിക് ഡൗക്രെയ്തോർൺ എന്ന 52 -കാരനാണ് നിധി കണ്ടെത്താമെന്ന പ്രതീക്ഷയിൽ 2019 ഒക്ടോബർ ഒന്നിനും 2020 മെയ് 24 -നും ഇടയിൽ ചരിത്രപരമായ ഫോർട്ട് യെല്ലോസ്റ്റോൺ സെമിത്തേരി കുഴിച്ചതെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.

ജനുവരി നാലിന് അയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. പുരാവസ്തു വിഭവങ്ങൾ ഖനനം ചെയ്യുക, അത് കടത്താൻ ശ്രമിക്കുക, കൂടാതെ അമേരിക്കൻ സ്വത്തുകൾക്ക് നാശനഷ്ടങ്ങൾ വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് അയാൾക്കതിരെ ചുമത്തിയിട്ടുള്ളത്. 1888 -നും 1957 -നും ഇടയിൽ 35 -ലധികം ശവശരീരങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സൈനികരോ, കരസേനയിലെ സിവിലിയൻ ജോലിക്കാരോ, സൈന്യത്തിന്റെ ബന്ധുക്കളോ ആണ്. “നിധിയ്ക്ക് വേണ്ടിയുള്ള വേട്ട പലപ്പോഴും നിരുപദ്രവകരമായ ഒന്നാണ്. എന്നാൽ, ആ തെരച്ചിലിൽ പൊതുവിഭവങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കിയത് ഗുരുതരമായ തെറ്റാണ്” യുഎസ് അറ്റോർണി മാർക്ക് ക്ലാസ്സെൻ പ്രസ്താവനയിൽ പറഞ്ഞു. നിരവധി പേർ ഫോറസ്റ്റ് ഫെനിന്റെ നിധി തിരയുന്നതിനിടയിൽ മരണപ്പെട്ടിട്ടുണ്ട്. തുടർന്ന്, അതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി 2017 -ൽ ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് മേധാവി ആളുകളെ അതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയുണ്ടായി. 

ഒരു കലാചരിത്രകാരനും പുരാവസ്തു ശേഖരണക്കാരനുമായ ഫോറസ്റ്റ് ഫെൻ സ്വർണ്ണവും ആഭരണങ്ങളും മറ്റ് കരകൗശല വസ്തുക്കളും നിറച്ച വെങ്കല പെട്ടി റോക്കി പർവതനിരകളിൽ എവിടെയോ ഒളിപ്പിച്ചു. 2010 -ലെ ആത്മകഥയിലെ ഒരു കവിതയിൽ അദ്ദേഹം നിധിയുടെ സ്ഥാനം സംബന്ധിച്ച സൂചനകൾ പ്രസിദ്ധീകരിച്ചു. ഏകദേശം 2 മില്യൺ ഡോളർ വിലമതിക്കുന്നതായിരുന്നു ആ നിധി. "ദി ത്രിൽ ഓഫ് ചേസ്" എന്ന പുസ്തകത്തിലെ ഒരു കവിതയിൽ ഒൻപത് സൂചനകൾ ഫെൻ നൽകിയിരുന്നു. ആളുകളെ വീടിന് പുറത്തിറക്കാനും, പ്രകൃതിയുമായി കൂടുതൽ അടുത്തറിയാനും വേണ്ടിയാണ് ഈ നിധി വേട്ടയാടൽ എന്നാണ് ഫെൻ പറഞ്ഞത്. ഒരു ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾ ഇത് തെരഞ്ഞതായി പറയപ്പെടുന്നു. നിധി കണ്ടെത്തിയതായി ഫെൻ ജൂണിൽ പ്രഖ്യാപിച്ചെങ്കിലും ആരാണ് ഇത് കണ്ടെത്തിയതെന്നോ കൃത്യമായി എവിടെയാണെന്നോ പറഞ്ഞിട്ടില്ല. സെപ്റ്റംബറിൽ ഫെൻ മരിച്ചു.

നിധി തിരയുന്നതിനിടയിൽ ക്രെയ്തോൺ എത്രമാത്രം നാശനഷ്ടം വരുത്തിയെന്ന് കോടതിരേഖകളിൽ നിന്ന് വ്യക്തമല്ല. ഇത് 1,000 ഡോളറിൽ കൂടുതലാണെന്ന് കുറ്റപത്രം പറയുന്നു. 

click me!