ശുചിമുറികളില്ലാത്ത, റോഡില്ലാത്ത, ദാരിദ്ര്യം മാത്രമുണ്ടായിരുന്ന ഒരു ഗ്രാമത്തെ ഈ യുവതി മാറ്റിയെടുത്തത് ഇങ്ങനെ!

By Web TeamFirst Published Feb 10, 2020, 9:12 AM IST
Highlights

തുടക്കത്തിൽ ശുചിമുറി എന്ന ആശയം ഉൾക്കൊള്ളാൻ ആളുകൾക്ക് മടിയായിരുന്നു. ഗ്രാമത്തിൽ ആകെ ഒമ്പത് ടോയ്‌ലെറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആളുകളോട് സംസാരിക്കാനും അതിൻ്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താനും അധികാരികൾ സമയം കണ്ടെത്തി.

ബർഖേഡി അബ്ദുല്ല... മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിൽ നിന്ന് 25 മിനിറ്റ് യാത്രയേ ഉള്ളൂ ഈ ഗ്രാമത്തിലേക്ക്... തലസ്ഥാനത്തിന് ഇത്രയടുത്ത് കിടന്നിട്ടും, ആ ഗ്രാമത്തിൽ പക്ഷേ അടിസ്ഥാന സൗകര്യങ്ങളിലായിരുന്നു. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ, ഓലമേഞ്ഞ കുടിലുകൾ, ഒരു മഴ വന്നാൽ മുങ്ങുന്ന തെരുവോരങ്ങൾ, ഇതെല്ലാമായിരുന്നു ആ ഗ്രാമത്തിന് ആകെ ഉണ്ടായിരുന്ന സമ്പാദ്യം. മഴക്കാലത്ത്  സ്‍കൂളുകളിലും മറ്റും വെള്ളം കയറി, വിദ്യാർത്ഥികൾക്ക് ചിലപ്പോൾ മാസങ്ങളോളം സ്‍കൂളില്‍ പോകാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. വീടുകളിലാണെങ്കിൽ വൈദ്യുതിയും, വെള്ളവും ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിൽ ജീവിക്കുന്ന അവിടത്തെ കുഞ്ഞുങ്ങളിൽ പോഷകാഹാരക്കുറവ് സർവ്വസാധാരണമായിരുന്നു. പലർക്കും പഠിപ്പ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ, ആഹാരവും, വെള്ളവുമില്ലാതെ ആ ഗ്രാമത്തിലെ ആളുകൾ  വളരെയേറെ കഷ്ടപ്പെട്ടിരുന്നു. എന്നാൽ, അഞ്ച് വർഷം കൊണ്ട്, ആ ഗ്രാമം ഒരു മാതൃകാ ഗ്രാമമായി മാറി. ഒരു വലിയ പരിവർത്തനത്തിന് ഗ്രാമം സാക്ഷിയായി. ഗ്രാമത്തിന്റെ ഈ മാറ്റങ്ങൾക്ക് കാരണമായത് ഒരു യുവതിയുടെ പരിശ്രമമാണ്. അവരാണ് അവിടുത്തെ സര്‍പഞ്ച് അഥവാ ഗ്രാമമുഖ്യ, പേര് ഭക്തി ശർമ്മ. 

ഭക്തി ശർമ്മ

ഭക്തിയുടെ ജന്മനാടായിരുന്നു ബർഖേഡി അബ്ദുല്ല. ഗൃഹാതുരതയുടെയും, കുട്ടിക്കാല ഓർമ്മകളുടെയും പ്രിയപ്പെട്ട ഇടമായിരുന്നു അതവർക്ക്. ചെറിയ കുട്ടിയായിരുന്നപ്പോൾ ഭക്തി, എല്ലാ ആഴ്ചയും അച്ഛനോടും, മുത്തച്ഛനോടും ഒപ്പം ഗ്രാമം സന്ദർശിക്കുമായിരുന്നു. മാമ്പഴം കഴിക്കുന്നതും, പുളിമരങ്ങൾക്കിടയിൽ ഊഞ്ഞാല്‍ കെട്ടുന്നതും എല്ലാം ഭക്തിക്ക് മറക്കാനാവാത്ത ഓർമ്മകളാണ്.

"വിഭജനവേളയിൽ എൻ്റെ മുത്തച്ഛൻ ലാഹോറിൽ നിന്ന് ഭോപ്പാലിലേക്ക് മാറി. അക്കാലത്ത്, വനഭൂമികൾ സ്വകാര്യവൽക്കരിക്കപ്പെട്ടപ്പോൾ, ഏക്കറുകളോളം വരുന്ന വനഭൂമി അദ്ദേഹത്തിന് സ്വന്തമായി. 1971 -ൽ ഈ വനഭൂമികൾ ദേശസാൽക്കരിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍, കൃഷി ചെയ്യാനായി ഒരു ഭൂമി വാങ്ങാൻ സാമൂഹിക പ്രവർത്തകനായ അദ്ദേഹം തീരുമാനിച്ചു. അതിനായി ഒരു വലിയ സ്ഥലം വാങ്ങി അദ്ദേഹം. ഇന്ന് ബർഖേഡി അബ്ദുല്ല ഗ്രാമം സ്ഥിതിചെയ്യുന്ന അതേ ഭൂമി. അന്ന് അത് ആരുടെയും നാടായിരുന്നില്ല. മുത്തച്ഛൻ ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു. കഠിനാധ്വാനത്തിലൂടെ, ഈ തരിശുഭൂമിയെ അദ്ദേഹം കൃഷിഭൂമിയാക്കി മാറ്റി. പല കുടിയേറ്റ കുടുംബങ്ങൾക്കും താമസിക്കാനും അതിൽ സ്വന്തമായി കൃഷിനടത്താനും മുത്തച്ഛൻ അനുവാദം നൽകി” ഭക്തി പറഞ്ഞു. മുത്തച്ഛന്റെ സേവന പാരമ്പര്യം പിന്തുടരുകയാണ് ഭക്തി ഇപ്പോൾ.

എന്നാൽ, ചെറുപ്പത്തിൽ ഭക്തിക്ക് ഒരു സിവിൽ സെർവന്‍റ് ആകണമെന്നായിരുന്നു ആഗ്രഹം. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, സിവിൽ സർവീസിനായി തയ്യാറെടുക്കാൻ ഭക്തി തീരുമാനിച്ചു. പക്ഷേ, നിരവധി തവണ ശ്രമിച്ചിട്ടും അതിൽ വിജയിക്കാൻ അവർക്കായില്ല. ഒടുവിൽ മനസ്സുമടുത്ത് ജീവിതം അവസാനിപ്പിക്കാൻപോലും ഒരു ഘട്ടത്തിൽ ഭക്തി വിചാരിച്ചു. എന്നാൽ, കുടുംബം നൽകിയ ശക്തി അവരെ ആ ചിന്തകളിൽനിന്ന് പിന്തിരിപ്പിച്ചു.

അതെല്ലാം മറക്കാനും ഒന്ന് സ്വസ്ഥമാകാനുമായി ഏതാനും മാസത്തേക്ക് ഒരു ബന്ധുവിനൊപ്പം താമസിക്കാൻ ഭക്തി യുഎസ്സിലേക്ക് പോയി. പക്ഷേ, അവിടെ കഴിഞ്ഞ സമയത്ത് സ്വന്തം നാടിനെകുറിച്ചും, കുടുംബത്തെ കുറിച്ചുമുള്ള ഓർമ്മകൾ അവരെ വല്ലാതെ വേട്ടയാടി. ഒടുവിൽ തിരികെവന്നു സ്വന്തം ഗ്രാമത്തെ സേവിക്കാൻ ഭക്തി തീരുമാനിച്ചു. അങ്ങനെ നാട്ടിലേക്ക് മടങ്ങിയ അവർ ഗ്രാമത്തിന് വേണ്ടിയുള്ള വികസന പദ്ധതികളിൽ പങ്കാളിയാകാൻ തുടങ്ങി. 

 

അപ്പോഴും ഗ്രാമത്തിന് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അതിന് ആദ്യ ചുവടെന്നോണം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചു. ജനങ്ങൾക്ക് അവരിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ അവർ വിജയിക്കുക തന്നെ ചെയ്‍തു. അങ്ങനെ നാല് ഗ്രാമങ്ങളടങ്ങിയ ബർഖേഡി അബ്ദുല്ല പഞ്ചായത്തിനെ ഭക്തി നയിക്കാൻ തുടങ്ങി. റോഡുകൾ മെച്ചപ്പെടുത്തുക എന്നതാണ് വിജയിച്ചശേഷം ആദ്യമായി അവർ ചെയ്തത്. ഇതിനായി 3.92 കോടി രൂപയുടെ റോഡ് നിർമ്മാണ പദ്ധതിക്ക് അവർ അനുമതി നേടി എടുത്തു . ഗ്രാമത്തെ പരസ്പരം ബന്ധിപ്പിക്കാനായി 15 -ലധികം റോഡുകൾ ആ ഫണ്ട് ഉപയോഗിച്ച് അവർ നിർമ്മിച്ചു. ഏറ്റവും പ്രധാനമായി, ഗ്രാമത്തിൽ നിന്ന് സ്‍കൂളിലേക്കുള്ള റോഡ് ശരിയാക്കി.



പിന്നെയും ഒരുപാട് മാറ്റങ്ങൾ ആ ഗ്രാമത്തിലുണ്ടാവാൻ തുടങ്ങി. ഇപ്പോൾ, പഞ്ചായത്തിലെ 80 ശതമാനത്തിലധികം വീടുകളും ഭവന പദ്ധതി പ്രകാരം പുതുക്കി. അതും പോരാതെ, ഓരോ വീടിനും വൈദ്യുതി കണക്ഷനും പ്രവർത്തിക്കുന്ന ടാപ്പും നൽകി. തെരുവുകൾ സൗരോർജ്ജത്തിൽ പ്രകാശിക്കാൻ തുടങ്ങി. പോരാതെ ഗ്രാമത്തിലെ മലിനജലം ഒഴുക്കിക്കളയാനായി പുതിയ പദ്ധതികളും അവർ ആവിഷ്കരിച്ചു. മഴവെള്ള സംഭരണികൾക്കായി, എല്ലാ വീടുകളിലും മഴക്കുഴികളും, ഹാൻഡ് പമ്പുകളും സ്ഥാപിച്ചു. ഇത് അധികജലം ഭൂമിയിലേക്ക് ഒഴുകുന്നതിനും ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിനും സഹായിച്ചു.

തുടക്കത്തിൽ ശുചിമുറി എന്ന ആശയം ഉൾക്കൊള്ളാൻ ആളുകൾക്ക് മടിയായിരുന്നു. ഗ്രാമത്തിൽ ആകെ ഒമ്പത് ടോയ്‌ലെറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആളുകളോട് സംസാരിക്കാനും അതിൻ്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താനും അധികാരികൾ സമയം കണ്ടെത്തി. അതിന്റെ ഫലമായി ഇന്ന്, ഈ പഞ്ചായത്തിലെ എല്ലാ വീടുകളിലും ടോയ്‌ലെറ്റ് ഉണ്ട്. "ഞാൻ എൻ്റെ ടീമിനൊപ്പം വീടുകൾ സന്ദർശിച്ച് അവരോട് ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു, ‘'ഈ നിർമ്മാണം സുഗമമാക്കുന്നതിന് സർക്കാരിന്റെ ഒരു പദ്ധതി നിലവിലുണ്ടെങ്കിൽ, എന്തുകൊണ്ട് ഇത് പ്രയോജനപ്പെടുത്തിക്കൂടായെന്ന്. ഇന്ന്, എല്ലാ വീടുകളിലും ടോയ്‌ലെറ്റ് ഉണ്ട്" ഭക്തി പറയുന്നു.

കൂടാതെ, പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളും റേഷൻ കാർഡ് ഉടമകളാണ് ഇന്ന്. ഒരു കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്ന കുടുംബങ്ങൾ ഇപ്പോൾ അവരുടെ ബിപിഎൽ റേഷൻ കാർഡുകൾ മാറ്റി വൈറ്റ് റേഷൻ കാർഡുകളിലേക്ക് മാറി. (ഒരു ലക്ഷം രൂപയും അതിൽ കൂടുതലും വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് വൈറ്റ് റേഷൻ കാർഡുകൾ നൽകുന്നു.) ഇതിനുപുറമെ, കർഷകരായ ഗ്രാമീണർക്ക് ബാങ്ക് അക്കൗണ്ടുകളുമുണ്ട്. സർക്കാർ പദ്ധതികൾക്ക് കീഴിൽ അർഹരായ പെൻഷൻകാർ ഒടുവിൽ അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ തുടങ്ങി.



മലയോര പ്രദേശങ്ങളിലായതിനാൽ ഇവിടെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം ലഭിക്കാൻ പ്രയാസമാണ്. വെള്ളത്തിനായി കർഷകർ കിലോമീറ്ററുകൾ നീണ്ട വരിയിൽ കാത്തുനിൽക്കണമായിരുന്നു. മറ്റ് പഞ്ചായത്തുകളുമായി സഹകരിച്ച് ഒടുവിൽ ഗ്രാമം 10 കോടി രൂപയുടെ വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് അനുമതി നേടിയെടുത്തു. ഉടൻ ആരംഭിക്കുന്ന ഈ പദ്ധതി മറ്റ് മൂന്ന് പഞ്ചായത്തുകൾക്കും ഗുണം ചെയ്യും. കൂടാതെ 2500 ഏക്കർ ഭൂമിയിൽ ജലസേചനം നടത്താനും, കാർഷിക മേഖലയ്ക്ക് ആക്കം കൂട്ടാനും ഇതുവഴി സാധിക്കും. ഇതിനെല്ലാം പുറമെ, ഉപജീവന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, പഞ്ചായത്ത് നൈപുണ്യ വികസന കേന്ദ്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. അവിടെ ടൈലറിംഗ്, ക്ഷീരോല്പാദനം തുടങ്ങിയവ പഠിപ്പിക്കുന്നു. ഇത് ഗ്രാമീണരിൽ സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കാൻ കാരണമായി. പഞ്ചായത്തിലെ യുവാക്കൾ ഫാഷൻ ഡിസൈനിംഗ്, ഫോട്ടോഗ്രഫി മുതലായ കരിയറുകളിലേക്ക് മാറാൻ തുടങ്ങി. അങ്ങനെ സാമ്പത്തികമായും, സാമൂഹ്യമായും ഗ്രാമം പച്ച പിടിക്കാൻ തുടങ്ങി.

ഭക്തിയുടെ ഈ പ്രവർത്തങ്ങൾക്ക് ഒരുപാട് അംഗീകാരങ്ങൾ അവരെ തേടി വന്നിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളെ 2018 -ൽ പ്രധാനമന്ത്രി അനുമോദിക്കുകയുണ്ടായി. അത് കൂടാതെ നിരവധി സംസ്ഥാന, ദേശീയ തലത്തിലുള്ള അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ 100 സ്ത്രീകളുടെ പട്ടികയിലും അവർ ഇടം നേടി. റ്റെഡ്, യുഎൻ 74 -ാമത് ജനറൽ അസംബ്ലി, ഇന്തോ-അയർലൻഡ് യൂത്ത് സമ്മിറ്റ്, ഇന്ത്യ-ഓസ്‌ട്രേലിയ യൂത്ത് ഡയലോഗ് തുടങ്ങിയ ആഗോള വേദികളിൽ അവർ സംസാരിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ, റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറം- SPIEF 2019 -ൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട് അവർ.  

 

click me!