തെറ്റൊന്നും ചെയ്‍തില്ലെങ്കിലും ജയിലില്‍ കിടക്കാം, പ്രേമിക്കാന്‍വരെ സൗകര്യവുമുണ്ട്!

By Web TeamFirst Published Jan 19, 2020, 3:36 PM IST
Highlights

“ആളുകൾക്ക് കുറ്റം ചെയ്യാതെ തന്നെ ജയിൽ ജീവിതം അനുഭവിക്കാനായി ഞങ്ങൾ ഇവിടെ അവസരമൊരുക്കുന്നു" ആറുമാസം മുമ്പ് ഭാര്യയോടൊപ്പം ഈ ഹോട്ടൽ തുടങ്ങിയ സിതിചായ് പറഞ്ഞു. 
 

പൊതുവെ ജയിലിൽ കഴിയാൻ ആരും ആഗ്രഹിക്കാറില്ല. എന്നാലും ഒരുദിവസം അവിടെ കഴിയാൻ ഒരവസരം ലഭിച്ചാലോ? ജയിലിനകത്തെ ജീവിതം ആരും ആഗ്രഹിക്കുന്നില്ലെങ്കിലും, അത് എങ്ങനെയിരിക്കുമെന്നറിയാൻ പലർക്കും ഒരു കൗതുകം കാണും. കുറ്റം ചെയ്യാതെതന്നെ ജയിൽവാസം എങ്ങനെയാണെന്നറിയാൻ തായ്‌ലൻഡിൽ ചെന്നാൽ മതി. സ്ഥലങ്ങളും കാണാം, ജയിലിലും കഴിയാം. തായ്‌ലൻഡിൽ വരുന്ന സഞ്ചാരികളെ സ്വീകരിക്കാൻ ജയിലിന്റെ മാതൃകയിൽ ഒരു ഹോട്ടൽ ഉണ്ടിവിടെ. 

തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ സ്ഥിതിചെയ്യുന്ന 'The Sook Station’ എന്ന ഹോട്ടലാണ് ഈ വ്യത്യസ്തമായ അനുഭവം  ഒരുക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി ആളുകൾ എന്തൊക്കെ പരീക്ഷിക്കുന്നു എന്ന് നമുക്ക് അത്ഭുതം തോന്നാം. 55 -കാരനായ സിതിചായ് ചൈവോറപ്രഗ് നിർമ്മിച്ച ഈ ഹോട്ടലിൽ ഒമ്പത് ചെറുതും, ഇരുണ്ടതുമായ മുറികളും, സിമന്റ് മതിലുകളും, ബങ്ക് ബെഡ്ഡുകളുണ്ട്. ഇത് തുടങ്ങാൻ മോർഗൻ ഫ്രീമാനും, ടിം റോബിൻസും അഭിനയിച്ച 1994 -ലെ ജയിൽ നാടകമായ 'ദി ഷോഷാങ്ക് റിഡംപ്ഷൻ' -നാണ് തനിക്ക് പ്രചോദനമായത് എന്നദ്ദേഹം  പറഞ്ഞു.

ആദ്യകാഴ്ചയിൽ ഇത് ഒരു യഥാർത്ഥ ജയിൽ തന്നെയാണോ എന്ന് നമുക്ക് സംശയവും തോന്നുംവിധമാണ് അതിന്റെ രൂപകല്‍പന. നമ്മുടെ നാട്ടിലെ ജയിൽ പോലെയല്ല, മറിച്ച് അവിടത്തെ ജയിലിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വളരെ ചെറിയ ഒരു ജനൽ മാത്രമാണ് പുറംകാഴ്ചകൾക്കായി തുറന്നിട്ടിരിക്കുന്നത്. എന്നാൽ, പുറംലോകവുമായി നിങ്ങൾ തീർത്തും വിച്ഛേദിക്കപ്പെട്ടു എന്ന ഭയം വേണ്ട. അവിടെ വൈഫൈ ലഭ്യമാണ്. “ആളുകൾക്ക് കുറ്റം ചെയ്യാതെ തന്നെ ജയിൽ ജീവിതം അനുഭവിക്കാനായി ഞങ്ങൾ ഇവിടെ അവസരമൊരുക്കുന്നു" ആറുമാസം മുമ്പ് ഭാര്യയോടൊപ്പം ഈ ഹോട്ടൽ തുടങ്ങിയ സിതിചായ് പറഞ്ഞു. 

സൂക്ക് സ്റ്റേഷനിലെ സ്ലൈഡിംഗ് വാതിലുകൾ കട്ടിയുള്ള ഇരുമ്പുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഏകാന്തത ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. റൂം നമ്പർ 203 അതിന് വേണ്ടിയുള്ളതാണ്. “ഇരുട്ട്” എന്ന് വിളിക്കുന്ന ഈ ഏകാന്തതടവറ പേര് സൂചിപ്പിക്കുന്നപോലെ തന്നെ ജനലുകളിലാത്ത ഒരു ഇരുണ്ട മുറിയാണ്. തീർന്നില്ല, ഇനിയുമുണ്ട് പ്രത്യേകതകൾ. ഒരു ജയിലാകുമ്പോൾ, ജയിലിലെ വസ്ത്രങ്ങൾ വേണമല്ലോ?  അതും ഇവിടെ ലഭ്യമാണ്. അതിഥികൾക്ക് ചെക്ക്-ഇൻ ചെയ്യുമ്പോൾ വരകളുള്ള പൈജാമകൾ വാങ്ങാൻ ഇവിടെ അവസരമുണ്ട്. വേണമെങ്കിൽ ആ വസ്ത്രം ധരിച്ച്, ഹോളിവുഡ് ചിത്രങ്ങളിലെല്ലാം കാണുന്ന പോലെ ഉയരം രേഖപ്പെടുത്തിയിട്ടുള്ള മതിലിൽ ചാരിനിന്ന് ഒരു കലക്കൻ ഫോട്ടോയും എടുക്കാം. ഇനി വസ്ത്രം ഇട്ടുനോക്കി ഇഷ്ടപ്പെട്ടാൽ, ആ യാത്രയുടെ ഒരു ഓർമ്മയ്ക്കായി സൂക്ഷിക്കാൻ വേണമെങ്കിൽ അത് വിലകൊടുത്ത് വാങ്ങുകയുമാവാം. അതുപോലെതന്നെ ചെക്ക് ഇൻ ചെയ്യുമ്പോൾ, അതിഥികൾക്ക് അവരുടെ മുറികളുടെ താക്കോലുകൾ നൽകാറില്ല, പകരം ജയിലിലേത് പോലെ റൂം കോഡുകളായി ഉപയോഗിക്കാവുന്ന നമ്പറുകളാണ് നൽകുന്നത്. കൂടാതെ ഒരു സമ്മാനമായി ക്രിമിനൽ റെക്കോർഡും നിങ്ങൾക്ക് ഇവിടെ ലഭിക്കും.

ജയിലിലാണെന്ന് കരുതി സൗകര്യങ്ങൾ തീരെ ഉണ്ടാകില്ല എന്ന് ആശങ്ക വേണ്ട. ഒരു ഹോട്ടലിൽ ലഭ്യമാകുന്ന എല്ലാ സുഖസൗകര്യങ്ങളും ഇവിടെയും ലഭ്യമാണ്. ഔട്ട്ഡോർ ജാക്കുസിയും, ഒരു വിശ്രമ ലോഞ്ചും, ഓഫീസ് സ്ഥലവും, ആഘോഷങ്ങൾ നടത്താനായി വലിയ ഹാളുകളും ഇവിടെയുണ്ട്. പോരാത്തതിന് അവിടത്തെ മുറികളെല്ലാം ശീതികരിച്ചതുമാണ്. പ്രേമിക്കാനും ജയിലിൽ അവസരമുണ്ട്. അതിനായി ഫെയറി ലൈറ്റുകളുള്ള ഒരു റൊമാന്റിക് ഡിന്നർ തീൻമേശയും ടെറസിൽ സജ്ജമാണ്. ഇതിനുപുറമെ 24 മണിക്കൂർ കോഫി ഷോപ്പും, റെസ്റ്ററന്റും ഇവിടെയുണ്ട്. സാധാരണയായി ഒരുപാട് പണം മുടക്കി, ജയിലിൽ നിന്ന് പുറത്തു കടക്കാൻ ആളുകൾ ശ്രമിക്കും. എന്നാൽ ജയിലിൽ കിടക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറായിട്ടാണ് ഇവിടെ ആളുകൾ വരുന്നത്. കാലംപോയ പോക്കേ! 

click me!