വീഡിയോ: ഹസ്സന്‍റെ കയ്യിലുണ്ട് പരിക്കേറ്റ മൃഗങ്ങള്‍ക്ക് നല്‍കാനായി കൃത്രിമക്കാലുകള്‍

By Web TeamFirst Published Nov 8, 2018, 2:50 PM IST
Highlights

നമുക്ക് വേദന വന്നാല്‍ പറയാന്‍ കഴിയും. എന്നാല്‍ മൃഗങ്ങള്‍ക്ക് അതിനു കഴിയില്ല. പക്ഷെ, അവയുടെ കണ്ണുകളില്‍ അത് കാണാന്‍ കഴിയുമെന്നും ഹസ്സന്‍ പറയുന്നു. വാക്കറുകളിലോ, കൃത്രിമക്കാലുകളിലോ നടക്കാന്‍ തുടങ്ങുമ്പോള്‍ അവയുടെ മുഖത്ത് ആ സന്തോഷം കാണാനുണ്ടാകുമെന്നും. 
 

ഇസ്താംബുള്‍: ഇത് ഹസ്സന്‍. ഇത്രയേറെ മൃഗസ്നേഹിയായ ഒരാളെ കണ്ടുമുട്ടുക പ്രയാസമായിരിക്കും. പരിക്കേറ്റ് നടക്കാനാവാത്ത നൂറുകണക്കിന് മൃഗങ്ങള്‍ക്കാണ് ഹസ്സന്‍ കൃത്രിമക്കാലുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. 

തുര്‍ക്കിയിലാണ് ഹസ്സന്‍. ' മൃഗങ്ങളെ പണ്ടേ ഇഷ്ടമാണ്. പരിക്കേറ്റ് ഒരു പൂച്ച ചത്തുപോയത് കണ്ടതോടെയാണ് എങ്ങനെയെങ്കിലും ഈ മൃഗങ്ങളെയൊക്കെ രക്ഷിക്കണമെന്ന് തോന്നുന്നത്. എങ്ങനെ രക്ഷിക്കുമെന്നതായി അടുത്ത ചിന്ത. കുറേ ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് വാക്കറും, കൃത്രിമക്കാലുകളും നിര്‍മ്മിച്ചുകൂടാ എന്ന് തോന്നിയത്.' ഹസ്സന്‍ പറയുന്നു. 

ആട്, പശു, നായകള്‍, പൂച്ചകള്‍ ഇവയുടെ ഒക്കെ നടുവിലായിരുന്നു ഹസ്സന്‍ വളര്‍ന്നത്. അതുകൊണ്ട്, ചെറുപ്പത്തിലെ പക്ഷികളോടും മൃഗങ്ങളോടും പ്രത്യേക ഇഷ്ടമുണ്ട് ഹസ്സന്. താനെപ്പോഴും അവയോട് സംസാരിക്കും. അവ കണ്ണുകള്‍ കൊണ്ട് അവയെല്ലാം കേള്‍ക്കും. ഹസ്സന്‍ പറയുന്നു. 

ആദ്യം ഒരു പിവിസി പൈപ്പും, വാഷര്‍ മെഷീനും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ആദ്യം വീട്ടില്‍ തന്നെയിരുന്നായിരുന്നു നിര്‍മ്മാണം. പക്ഷെ, ഹസ്സന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിഞ്ഞ ഒരു ഷോപ്പിങ്ങ് സെന്‍റര്‍ ഹസ്സന് ജോലി ചെയ്യാന്‍ സ്ഥലം നല്‍കി. മൂന്നര വര്‍ഷമായി ഹസ്സന്‍ കാല് വയ്യാത്ത മൃഗങ്ങള്‍ക്കായി വാക്കറും കൃത്രിമക്കാലുകളും ഉണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 200 മൃഗങ്ങളെയാണ് ഇങ്ങനെ സഹായിച്ചത്. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ജനങ്ങള്‍ ഹസ്സനിലേക്കെത്തിച്ചേരുന്നത്. ഇന്‍സ്റ്റഗ്രാം, ഈ മെയില്‍ എല്ലാം ഇതിനായി ഉപയോഗിക്കുന്നു. സൗജന്യമായാണ് കൃത്രിമക്കാലുകള്‍ നല്‍കുന്നത്. പണവും, അവ ഉണ്ടാക്കാനുള്ള സാധനങ്ങളും കണ്ടെത്തുന്നത് പ്രയാസമാണെന്നും ഹസ്സന്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സൗജന്യമായി ചെയ്ത് നല്‍കുന്നതെന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നും ഹസ്സന്‍ പറയുന്നു. 

നമുക്ക് വേദന വന്നാല്‍ പറയാന്‍ കഴിയും. എന്നാല്‍ മൃഗങ്ങള്‍ക്ക് അതിനു കഴിയില്ല. പക്ഷെ, അവയുടെ കണ്ണുകളില്‍ അത് കാണാന്‍ കഴിയുമെന്നും ഹസ്സന്‍ പറയുന്നു. വാക്കറുകളിലോ, കൃത്രിമക്കാലുകളിലോ നടക്കാന്‍ തുടങ്ങുമ്പോള്‍ അവയുടെ മുഖത്ത് ആ സന്തോഷം കാണാനുണ്ടാകുമെന്നും. 

അടുത്തിടെയാണ് കാലൊടിഞ്ഞുപോയ ഒരു പരുന്തിന് കൃത്രിമക്കാല്‍ വെച്ചുനല്‍കിയത്. ത്രീ ഡി പ്രിന്‍ററും മറ്റുമുപയോഗിച്ചാണ് അത് നിര്‍മ്മിച്ചത്. ഇപ്പോള്‍ ആ കാലുപയോഗിച്ച് പരുന്ത് പറക്കുന്നു. 

ഏതായാലും ഹസ്സന്‍ നിര്‍മ്മിച്ച കൃത്രിമക്കാലുകള്‍ ഉപയോഗിച്ച് നടക്കാനായത് നൂറുകണക്കിന് മൃഗങ്ങള്‍ക്കാണ്. 

click me!