
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എഴുപത്തിമൂന്ന് വയസുകാരനായ ബംഗളൂരുവില്‍ നിന്നുള്ള ധന്‍രാജ് ദാഗ ഹൃദയസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്കായി ഒരു ആശുപത്രി തുടങ്ങണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷെ, തന്‍റെ സ്വപ്നം പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടി വന്നു.
ആര്‍.കെ ശിപനി അദ്ദേഹത്തിന്‍റെ അളിയനും അടുത്ത കൂട്ടുകാരനുമാണ്. അദ്ദേഹം ദാഗയുടെ ആഗ്രഹം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു. അര്‍ബുദ ചികിത്സയ്ക്കും പരിചരണത്തിനുമായി ഒരുപാട് കാശ് ചെലവാക്കേണ്ടി വരും. പാവപ്പെട്ടവര്‍ക്ക് അത് സാധ്യമായിരിക്കില്ല. അതിനാലാണ് അവര്‍ക്കായി സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഒരു ആശുപത്രി തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നത്.
ദാഗ മരിക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശിപാനിക്കൊപ്പം കിഡ്വായി ആശുപത്രിയിലെത്തി ഡയറക്ടറോട് ആശുപത്രി തുടങ്ങാനുള്ള അനുവാദം വാങ്ങിയിരുന്നു. ശിപാനി വീടില്ലാത്തവര്‍ക്കായി ഒരു ചാരിറ്റബിള്‍ ഹോം നടത്തുന്നുണ്ട്. അവിടെയുള്ളവര്‍ മിക്കവരും മാനസികാസ്വാസ്ഥ്യമുള്ളവരും ഭിന്നശേഷിക്കാരുമായ വൃദ്ധരായിരുന്നു. പലരെയും വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചേര്‍ന്നവര്‍.
ഇപ്പോള്‍ ദാഗയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി അദ്ദേഹം പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്കായി ആശുപത്രിയും തുടങ്ങിയിരിക്കുന്നു. 'തന്‍റെ ബാല്യകാലം മുതലുള്ള സുഹൃത്തും ബന്ധുവുമായ ദാഗയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അടുത്തുതന്നെ കൂടുതല്‍ അര്‍ബുദ രോഗികള്‍ക്കായി ചികിത്സ നല്‍കും' എന്നാണ് ശിപാനി പറയുന്നത്.