
തിരുവനന്തപുരം: കത്തിച്ചുവച്ച തിരിവിളക്കുകള്‍ക്കു ചുറ്റിലും ചട്ടയും മുണ്ടും ചുറ്റി കൈകൊട്ടിപാടി മാര്‍ഗ്ഗം കളിച്ചത് കേവലം പന്ത്രണ്ടു പേരല്ല, ആയിരം വനിതകളാണ്. ഏഴുവയസ്സുള്ള സാന്ദ്രയും എഴുപത്തിയഞ്ച് വയസ്സുള്ള ലൂയിസ് മുത്തശ്ശിയും തോമസ്മിശ്ശീഹായുടെ ഭാരത പര്യടനത്തെ ആസ്പദമാക്കിയുള്ള ഗാനത്തിനൊപ്പം ചുവട് വെച്ചപ്പോള്‍ തലസ്ഥാനനഗരി കൗതുകത്തോടെ നോക്കിനിന്നു. ദേശാതിര്‍ത്തി നോക്കാതെ ആളുകള്‍ ഒഴുകിയെത്തി.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ആയിരം വനിതകള്‍ ചുവട് വെച്ച മാർഗംകളിയാണ് തലസ്ഥാനത്തിനു പുതിയ അനുഭവമായത്. നെയ്യാറ്റിൻകര സ്വർഗാരോപിത മാതാ ദേവാലയത്തിലെ തിരുനാളിന്‍റെ ഭാഗമായി വ്ളാത്താങ്കരയിലാണ് മാർഗംകളി അരങ്ങേറിയത്. ദേവാലയത്തിന്‍റെ മുറ്റത്ത് ഏഴ് മണിക്ക് തുടങ്ങിയ ഈ റെക്കോർഡ് മാർഗംകളി അവസാനിച്ചത് ഏഴരയോടെയാണ്.
രണ്ട് മാസമായി നാടും നാട്ടുകാരും മാർഗം കളിയുടെ പരിശീലനത്തിലായിരുന്നു. 20 പേരടങ്ങുന്ന ചെറു സംഘങ്ങളാക്കി തിരിച്ചായിരുന്നു ആയിരം പേരെയും കളിപഠിപ്പിച്ചത്. വ്ളാത്താങ്കരയിൽ ഇടവക വികാരി ഫാദർ അനിൽകുമാറടക്കമുള്ളവരാണ് നേതൃത്വം നൽകിയത്. മാതാവിനുള്ള നാട്ടുകാരുടെ ഈ സമ്മാനം ലോക റെക്കാഡിലെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
വീഡിയോ കാണാം
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.