
മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ലളിത് സാല്‍വേ തിരികെ ജോലിയില്‍ പ്രവേശിച്ചു. ലളിതാ സാല്‍വേ എന്ന പേരില്‍ 2009 ലാണ് ജോലിയില്‍ പ്രവേശിച്ചത്. വനിതാ കോണ്‍സ്റ്റബിളായി ജീവിച്ച ലളിത മെയ് 25ന് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറുകയായിരുന്നു. 29 വയസ്സുള്ള ലളിത ഇപ്പോള്‍ ലളിത് സാല്‍വേ ആണ്. രണ്ട് വര്‍ഷത്തെ ചിന്തകള്‍ക്കും മാനസികസംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ലളിത് സാല്‍വേ പുരുഷനായി മാറിയത്.
ആദ്യമൊന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള അനുമതിക്കായി പല ഓഫീസുകളും സാല്‍വേ കയറിയിറങ്ങി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം, സര്‍ജറിക്കാവശ്യമായ ലീവ് വേണം, പോലീസില്‍ തന്നെ തുടരണം ഇത്രയുമായിരുന്നു ലളിത് സാല്‍വേയുടെ ആവശ്യം.
നവംബര്‍ 2017 ല്‍ സാല്‍വേ ഹൈക്കോടതിയെ സമീപിച്ചു. തന്നെ പോലീസ് സേനയില്‍ പുരുഷനായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഇത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സാല്‍വേയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് പോലീസ് വകുപ്പിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ വളരെ വലിയ ആത്മസംഘര്‍ഷം അനുഭവിക്കുകയായിരുന്നു. പക്ഷെ, സര്‍ജറി കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ ഞാനനുഭവിച്ച സമാധാനം വളരെ വലുതായിരുന്നു. സര്‍ജറിക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും തന്‍റെ വീട്ടുകാരും നാട്ടുകാരും തന്നെ സ്വീകരിച്ച രീതി അദ്ഭുതപ്പെടുത്തിയെന്ന് സാല്‍വേ പറയുന്നു.
സര്‍ജറി കഴിഞ്ഞെത്തിയ സാല്‍വേയെ സ്വീകരിക്കാന്‍ വീട്ടുകാരും നാട്ടുകാരുമടക്കം നിരവധി പേരുണ്ടായിരുന്നു. ഒരു ഹീറോയെപ്പോലെയാണ് സാല്‍വേ നാട്ടില്‍ സ്വീകരിക്കപ്പെട്ടത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എന്നാണ് സാല്‍വേ ഇതിനെ കുറിച്ച് പറഞ്ഞത്. അവരൊക്കെ തന്‍റെ കൂടെത്തന്നെ നിന്നു. എന്നെ അധിക്ഷേപിച്ച മനുഷ്യരെയേ ഞാന്‍ കണ്ടിട്ടുള്ളൂ. പക്ഷെ, എന്നെ സ്നേഹിക്കുന്ന മനുഷ്യര്‍ അതിനേക്കാള്‍ കൂടുതലാണെന്ന് ഇപ്പോള്‍ മനസിലാവുന്നു. അവരെന്‍റെ വികാരങ്ങളും വേദനയും മനസിലാക്കി. മാധ്യമങ്ങളോടും, മുഖ്യമന്ത്രിയോടും, പോലീസ് ഡിപ്പാര്‍ട്മെന്‍റിനോടും വീട്ടുകാരോടും എല്ലാവരോടും എനിക്ക് നന്ദിയുണ്ട്- സാല്‍വേ പറയുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം