ഓർ​ഗാനിക് ഭക്ഷണം തന്നെ വേണം, കസ്റ്റഡിയില്‍ ആഹാരം കഴിക്കാതെ കാപിറ്റോൾ കലാപത്തിൻ്റെ 'മുഖം' ആയ വംശീയവാദി

By Web TeamFirst Published Jan 12, 2021, 3:13 PM IST
Highlights

എന്നാൽ, ഇപ്പോൾ കസ്റ്റഡിയിൽ കഴിയുന്ന അയാൾ ഓർഗാനിക് ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ എന്നും അത് ലഭിക്കാത്തതിന്റെ പേരിൽ ഒരാഹാരവും കഴിക്കുന്നില്ലെന്നും എബിസി 15 റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ബുധനാഴ്ച യുഎസ് ക്യാപിറ്റോൾ ഹില്ലിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഒരുസംഘം ട്രംപ് അനുയായികൾ സായുധരായി ക്യാപിറ്റോൾ കെട്ടിടത്തിന് നേരെ ആക്രമണം നടത്തുകയുണ്ടായി. അക്കൂട്ടത്തിൽ ഒരാൾ മാത്രം വേറിട്ടു നിന്നിരുന്നു. മേൽവസ്ത്രമില്ലാതെ, മുഖത്ത് ചായം പൂശി, തലയിൽ കൊമ്പ് പിടിപ്പിച്ച രോമത്തൊപ്പിയും അണിഞ്ഞ അയാളുടെ ഫോട്ടോ പെട്ടെന്നു തന്നെ വൈറലായി. അധികം താമസിയാതെ ക്യാപിറ്റോൾ കലാപത്തിന്റെ മുഖമായി അയാൾ മാറി. അത് മറ്റാരുമല്ല, വംശീയവാദി നേതാവ് ക്യു അനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ആഞ്ചെലി. 

ഉടനെ ഇയാൾ ആരാണെന്നുള്ള തിരച്ചിലായി. കഴിഞ്ഞ ഒരു വർഷമായി അരിസോണയിലെ വലതുപക്ഷ രാഷ്ട്രീയ റാലികളിൽ സാന്നിധ്യമായ ജേക്ക്, ക്യു അനോണിന്റെ പിന്തുണക്കാരനാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രംപിനെയും അനുകൂലികളെയും പരോക്ഷമായി പിന്തുണക്കുന്ന തീവ്ര വലതുപക്ഷ സംഘമാണ് 'ക്യു അനോൺ'. വാഷിംഗ്ടൺ ഡി.സിയിൽ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാർക്കിടയിൽ അയാളും ഉണ്ടായിരുന്നു. ഒരുഘട്ടത്തിൽ, യു‌എസ് സെനറ്റിന്റെ അറയിൽ ജേക്ക് പ്രത്യക്ഷപ്പെട്ടു. വലതുകൈ വളച്ചുകെട്ടി, ഇടതുകൈയിൽ യുഎസ് പതാക കോർത്തിട്ടിരിക്കുന്ന ആറടി നീളമുള്ള ഒരു കുന്തവുമായിട്ടാണ് അന്ന് അയാൾ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജേക്ക് സ്വയം പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.

ജേക്ക് എഫ്ബിഐയുടെ വാഷിംഗ്ടൺ ഓഫീസിലേക്ക് വിളിക്കുകയും, ഏജന്റുമാരോട് ഇങ്ങനെ പറയുകയും ചെയ്തു: "ജനുവരി 6 -ന് എല്ലാ 'ദേശസ്നേഹികളും' ഡിസിയിലേക്ക് വരണമെന്ന പ്രസിഡന്റിന്റെ അഭ്യർത്ഥനപ്രകാരമാണ് അരിസോണയിൽ നിന്നുള്ള മറ്റ് ദേശസ്നേഹികൾക്കൊപ്പം താൻ വന്നത്." അറസ്റ്റിലാകുന്നതിനുമുമ്പ്, ജനക്കൂട്ടം എങ്ങനെയാണ് ക്യാപിറ്റോളിലേയ്ക്ക് നുഴഞ്ഞുകയറിയതെന്നും നിയമനിർമ്മാതാക്കളെ അവിടെ നിന്ന് ഓടിച്ചതെന്നും അയാൾ എൻ‌ബി‌സി ന്യൂസിനോട് വിശദീകരിച്ചു. “ഓഫീസിൽ ഒരുകൂട്ടം രാജ്യദ്രോഹികൾ ഉണ്ടായിരുന്നു. അവർ ഒളിച്ചിരിക്കുകയായിരുന്നു. അവർ ഗ്യാസ് മാസ്കുകൾ ധരിച്ച് അവരുടെ ഭൂഗർഭ ബങ്കറിലേക്ക് തിരിച്ചുപോയി, ഇത് ഒരു വിജയമായി ഞാൻ കരുതുന്നു” അയാൾ എൻ‌ബി‌സി ന്യൂസിനോട് പറഞ്ഞു. നിരവധി കുറ്റങ്ങൾ ജേക്കിനുമേൽ ചുമത്തിയിട്ടുണ്ട്. 

എന്നാൽ, ഇപ്പോൾ കസ്റ്റഡിയിൽ കഴിയുന്ന അയാൾ ഓർഗാനിക് ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ എന്നും അത് ലഭിക്കാത്തതിന്റെ പേരിൽ ഒരാഹാരവും കഴിക്കുന്നില്ലെന്നും എബിസി 15 റിപ്പോർട്ട് ചെയ്യുന്നു. അയാളുടെ അമ്മ മാർത്തയും മകന്റെ ഭക്ഷണത്തെക്കുറിച്ച് ന്യൂസ് പോർട്ടലിനോട് വിശദീകരിച്ചു. "ഓർഗാനിക് ഭക്ഷണം കഴിച്ചില്ലെങ്കിൽ അവന് അസുഖം വരും. അക്ഷരാർത്ഥത്തിൽ അവൻ രോഗിയായി തീരും" മാർത്ത പറഞ്ഞു. അയാൾക്ക് ആവശ്യമായത് നൽകാൻ മജിസ്‌ട്രേറ്റ് ജഡ്ജി ഡെബോറ ഫൈൻ നിർദേശം നൽകിയിട്ടുണ്ട്.  

2019 മുതൽ, വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉയർത്തി പിടിച്ച് ജേക്ക് അരിസോണ ക്യാപിറ്റോളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇവയിൽ മിക്കതും ക്യൂ അനോൺ ഉന്നയിച്ച വിശാലമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. അരിസോണ റിപ്പബ്ലിക്കിന് നൽകിയ അഭിമുഖത്തിൽ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് താൻ രോമക്കുപ്പായം ധരിക്കുന്നതും, മുഖം വരയ്ക്കുന്നതെന്നും ജേക്ക് പറഞ്ഞു. 2020 മെയ് മാസത്തിലെ ഒരു അഭിമുഖത്തിലും അയാൾ ഇതേ വസ്ത്രത്തിലാണ്  പ്രത്യക്ഷപ്പെട്ടത്.   

click me!