'കഠിനമാണ്, ശ്വാസം പിടിച്ചുവേണം പരിശീലനം', വെള്ളത്തിനടിയില്‍ നൃത്തം വയ്ക്കുന്ന ഗോഹില്‍ പറയുന്നത്

By Web TeamFirst Published Oct 2, 2020, 11:59 AM IST
Highlights

കാണുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും അദ്ദേഹം പോസ്റ്റുചെയ്യുന്ന ഓരോ രണ്ട് മിനിറ്റ് വീഡിയോയും ഷൂട്ട് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂറോളം എടുക്കുമെന്നതാണ് സത്യം.

ഇന്ന് ഇന്റർനെറ്റിൽ ആളുകൾ വരയ്ക്കുന്നതിന്റെയും, നൃത്തം വയ്ക്കുന്നതിന്റെയും, പാട്ട് പാടുന്നതിന്റെയുമെല്ലാം ആയിരക്കണക്കിന് വീഡിയോകൾ കാണാം. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഗുജറാത്തിൽ നിന്നുള്ള ജയദീപ് ഗോഹിലിന്റെ നൃത്തവീഡിയോകൾ. പലതരം നൃത്തരൂപങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ആരും പരീക്ഷിക്കാൻ തയ്യാറാകാത്ത തീർത്തും വ്യത്യസ്തമായ ഒന്നായിരുന്നു അത്. അതുകണ്ട് ആളുകൾ ഞെട്ടി. മറ്റുള്ളവർ മണ്ണിൽ ചവിട്ടിനിന്ന് നൃത്തം വച്ചപ്പോൾ അദ്ദേഹം വെള്ളത്തിൽ നിന്നുകൊണ്ട് ചുവടുകൾ വച്ചു. നമുക്കറിയാം ആഴമേറിയ വെള്ളത്തിൽ വെറുതെ നടക്കാൻ പോലും പ്രയാസമാണ് എന്നത്. എന്നാൽ, അങ്ങനെയുള്ള വെള്ളത്തിലാണ് ഗോഹിലിൻ അനായാസം നൃത്തം വച്ചത്. ‘ഹൈഡ്രോമാൻ’ എന്ന് അറിയപ്പെടുന്ന ഇദ്ദേഹം രാജ്യത്തെ ഏക അണ്ടർവാട്ടർ നർത്തകനാണ്.    

അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ സെപ്റ്റംബർ 25 -ന് പങ്കുവച്ച വെള്ളത്തിൽ നൃത്തം വയ്ക്കുന്ന വീഡിയോ ക്ലിപ്പ് ഇൻറർനെറ്റിൽ ഇതിനോടകം തന്നെ തരംഗമായി. ക്ലിപ്പ് ആരംഭിക്കുന്നത് തന്നെ ഗോഹിലിന്റെ ചില സുഗമമായ ചുവടുകളോടെയാണ്. 'ഹാപ്പി ന്യൂ ഇയർ' സിനിമയിലെ 'ഇന്ത്യാ വാലെ' എന്ന ഗാനം പശ്ചാത്തലത്തിൽ കേൾക്കുമ്പോൾ അദ്ദേഹം അനായാസമായി അതിനൊപ്പിച്ച് ചുവടുകൾ വയ്ക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് മുൻപും അദ്ദേഹത്തിന്റെ വീഡിയോകളും, സ്റ്റേജ് പെർഫോമൻസുകളും ഉണ്ടായിട്ടുണ്ട്. India’s Got Talent -ലെ ആറാം സീസണിൽ ഒരു മത്സരാർത്ഥിയായും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന്റെ വെള്ളത്തിനിടയിലുള്ള നൃത്തവും, പ്രകടനങ്ങളും കണ്ട് ജഡ്ജസ് അത്ഭുപ്പെട്ടുപോയി. അന്ന് ഓഡിഷനിലുണ്ടായിരുന്ന അക്ഷയ് കുമാറുമായി പിന്നീട് ‘വാട്ടർ സ്റ്റേജ്’ പങ്കിടാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.   

അദ്ദേഹത്തിന്റെ ഈ വിജയത്തിന് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനവും, ദൃഡനിശ്ചയവും, ധൈര്യവുമുണ്ട്. അദ്ദേഹം എല്ലാ ദിവസവും മൂന്ന് മണിക്കൂർ വരെ ഏഴടി താഴ്ചയുള്ള വെള്ളം നിറച്ച ഗ്ലാസ് ക്യൂബിൽ പരിശീലനം നടത്തിവരുന്നു. അത് അദ്ദേഹത്തിന്റെ സ്വകാര്യ സ്റ്റുഡിയോയും സ്റ്റേജുമെല്ലാമാണ്. 2012 -ൽ ദ്വാരകയിലേക്കുള്ള ഒരു യാത്രക്കിടെയാണ് ആദ്യമായി നീന്തലിനോട് അദ്ദേഹത്തിന് കമ്പം കയറുന്നത്. “രസകരമെന്നു പറയട്ടെ, ആ യാത്രയ്ക്ക് പോകാൻ പോലും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല” അദ്ദേഹം പറയുന്നു. ആ നഗരം, കടൽത്തീരത്തിന് പേരുകേട്ടതാണ്. എന്നാൽ ഗോഹിലിന് നീന്താൻ അറിയില്ലായിരുന്നു. അക്കാലത്ത് ഒരു നർത്തകനെന്ന നിലയിൽ അംഗീകാരം നേടാൻ തുടങ്ങിയ അദ്ദേഹം, അവധിക്കാലം ബ്രേക്ക്‌ഡാൻസും, പോപ്പ് ആൻഡ് ലോക്കും പരിശീലിക്കാൻ താത്പര്യപ്പെട്ടു. “പക്ഷേ അച്ഛൻ എന്നെ നിർബന്ധിച്ചു അവിടേയ്ക്ക് കൊണ്ടുപോയി. പോകുമ്പോൾ 'നിന്നെ വെള്ളത്തിനടയിൽ നൃത്തം ചെയ്യാൻ പഠിപ്പിക്കാമെന്ന്' അദ്ദേഹം തമാശയായി പറഞ്ഞു. പക്ഷേ, അത് സത്യമായി" അദ്ദേഹം പറഞ്ഞു. 

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഗോഹിൽ സർക്കാർ നടത്തുന്ന ഒരു നീന്തൽ കേന്ദ്രത്തിൽ ചേരുകയായിരുന്നു. “അവിടെ വച്ചാണ് ഞാൻ ആദ്യമായി വെള്ളത്തിനടിയിൽ എന്റെ നൃത്തചലനങ്ങൾ പരീക്ഷിക്കാൻ തുടങ്ങിയത് ” അദ്ദേഹം പറഞ്ഞു. പിന്നീട്, തന്റെ വീട്ടിലെ ഒരു വാട്ടർ ടാങ്കിൽ പതിവായി അദ്ദേഹം പരിശീലനം നടത്താൻ തുടങ്ങി. “ആദ്യമൊക്കെ വളരെ പ്രയാസമായിരുന്നു. വെള്ളത്തിനിടയിലെ ഇരുട്ടിൽ എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ, പിന്നീട് ഞാൻ വെള്ളത്തിന് മുകളിൽ ലൈറ്റുകൾ തൂക്കി ” അദ്ദേഹം പറയുന്നു. പതുക്കെപ്പതുക്കെ അദ്ദേഹം ചുവടുകൾ സംഗീതവുമായി സമന്വയിപ്പിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുപരിപാടി അരങ്ങേറുന്നത് 2014 ഫെബ്രുവരിയിൽ സഹോദരന്റെ വിവാഹത്തിനോടടുപ്പിച്ചായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്ത് രൂപകൽപ്പന ചെയ്ത ഒരു ടാങ്കിലാണ് ഗോഹിൽ തന്റെ ആദ്യ പൊതുപ്രകടനം നടത്തിയത്. 

കാണുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും അദ്ദേഹം പോസ്റ്റുചെയ്യുന്ന ഓരോ രണ്ട് മിനിറ്റ് വീഡിയോയും ഷൂട്ട് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂറോളം എടുക്കുമെന്നതാണ് സത്യം. ഏകദേശം 50 മുതൽ 60 പ്രാവശ്യം വരെ ടേക്ക് പോകും. എന്നാൽ, ഈ കഠിനമായ പരിശ്രമമാണ് 2020 ജൂണിൽ എന്റർടെയ്‌നർ നമ്പർ 1 -ൽ അദ്ദേഹത്തിന് രണ്ടാം സമ്മാനം നേടിക്കൊടുത്തത്. ഇന്ന് തനിക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഒരുപാട് ഫോളോവേഴ്സ് ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ബാലൻസ് നിലനിർത്തി വെള്ളത്തിനിടയിൽ നീങ്ങാൻ വളരെ പ്രയാസമാണ്. കൂടാതെ ഇത്രയും നേരം ശ്വാസംപിടിച്ച് നിൽക്കുന്ന കാര്യം അതിലും പ്രയാസവും. അതുകൊണ്ട് തന്നെ ഇതിന്റെ പിന്നിൽ എത്രത്തോളം പരിശ്രമമുണ്ട് എന്നത് ഊഹിക്കാവുന്നതേയുള്ളൂ.   

 

click me!