
കന്യാകുമാരി: രാജ്യത്തെ ഏറ്റവും പ്രായംചെന്ന വില്ലുപാട്ട് കലാകാരി പൂങ്കനി അമ്മ (84) ഇനിയില്ല. യക്ഷിയമ്പലങ്ങളിലെയും മാടൻതറകളിലെ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിലായി രൂപമെടുത്ത അനുഷ്ഠാന കലയായ വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ചയാളാണ് പൂങ്കനി അമ്മ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊട്ടാരം ഗ്രാമത്തിലെ വീട്ടിൽ വച്ച് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
ഈ വർഷം ഏപ്രിലിൽ പ്രശസ്ത റാപ്പ് ഗായിക ലേഡി കഷ്, പൂങ്കനി അമ്മയ്ക്കുവേണ്ടി ഒരുക്കിയ 'വില്ലുപാട്ട്' എന്ന് ആൽബത്തിലൂടെയാണ് പൂങ്കനി അമ്മയെ ആളുകൾ അറിയാൻ തുടങ്ങിയത്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വില്ലുവില്ലുപാട്ടിനെ ഒരുകാലത്ത് പരിശീലിച്ചിരുന്ന പൂങ്കനി അമ്മയെ സർക്കാരോ അധികൃതരോ വേണ്ടവിധം പരിഗണിച്ചിരുന്നില്ല. വില്ലുപാട്ട് കലാകാരനായിരുന്ന ഭർത്താവ് മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട അമ്മയ്ക്ക് അയൽക്കാരായിരുന്നു തുണ. സർക്കാരിൽനിന്നും ലഭിക്കുന്ന തുച്ഛമായ പെൻഷൻകൊണ്ട് ജീവിക്കുക അസാധ്യമായിരുന്നു. സർക്കാർ ഒരു അവാർഡ് പോലും നൽകി അമ്മയെ ആദരിച്ചിരുന്നില്ലെന്നതും വളരെ ശ്രദ്ധേയ കാര്യമാണ്.
പാട്ടുകളിലൂടെ കഥ പറയുന്ന കലാരൂപമാണ് വില്ലുപാട്ട്. കേരളത്തിലെ തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട വില്ലുപാട്ട് കന്യാകുമാരിയിലെ ചിലയിടങ്ങളിലും വ്യാപകമായി പരിശീലിച്ചിരുന്നു. സംഗീത ഉപകരണമായ വില്ലാണ് വില്ലുപാട്ടിൽ ഉപയോഗിക്കുന്ന പ്രധാന ഉപകരണം. പണ്ടുകാലത്ത് വളരെ പ്രശസ്തമായ ഈ കാലാരൂപം പിന്നീട് കുറച്ച് കുറച്ചായി നശിക്കാൻ തുടങ്ങി. പുതിയ തലമുറ വില്ലുപാട്ട് പരിശീലിക്കുന്നതിൽനിന്നും പിന്നോട്ട് വലിഞ്ഞു.
പത്താം വയസ്സിലാണ് അമ്മ വില്ലുപാട്ട് പരിശീലിക്കാൻ തുടങ്ങിയത്. തുടർന്ന് നിരവധി വേദികളിൽ വില്ലുപാട്ട് അവതരിപ്പിച്ചു. 70-ാം വയസ്സിലാണ് അവസാനമായി അമ്മ വില്ലുപാട്ട് അവതരിപ്പിച്ചത്. വാർധക്യ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന തന്നെ സഹായിക്കാൻ ആരും ഇല്ലെന്നും അതിനാൽ വില്ലുപാട്ട് അവതരിപ്പിക്കുന്നത് നിർത്തുകയാണെന്ന് ടിഎൻഎം നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
( കടപ്പാട്: ദ ന്യൂസ് മിനുട്ട് )