ആ രാത്രിയില്‍ ഡയാന രാജകുമാരിക്ക്  എന്താണ് സംഭവിച്ചത്?

By അരുണ്‍ അശോകന്‍First Published Aug 31, 2016, 7:54 AM IST
Highlights

ട്രവര്‍...ആ രാത്രി തുരങ്കത്തില്‍ വച്ച് സംഭവിച്ചതെന്താണെന്ന് ഓര്‍മ്മയുണ്ടോ?

പച്ച നിറത്തിലുള്ള ജാലകത്തിന്റെ തിളങ്ങുന്ന പശ്ചാത്തലത്തില്‍ ട്രവറിന്റെ മുഖം ചുവന്നു. ടൈറ്റാനിയം ലോഹക്കഷ്ണങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച കീഴ്ത്താടിയും ചുണ്ടുകളും വിറകൊണ്ടു, പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. പിന്നെ നഷ്ടപ്പെട്ട ഓര്‍മ്മയുടെ വേദനയില്‍ ട്രവര്‍ റീസ് ജോണ്‍സ് എന്ന മുന്‍സൈനികന്‍ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ വിതുമ്പി.
 
ട്രവര്‍ ആര്‍ യു ഓള്‍ റൈറ്റ് ?
                             
നോ....... ലോകത്തെ ഒന്നാകെ ഭയക്കുന്നുവെന്ന് തോന്നിക്കുമാറ് അയാള്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഒരു ഗര്‍ജ്ജനത്തോടെ എഴുന്നേറ്റ് ഓടി. മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു ഭ്രാന്തനെപ്പോലെ അലറി, വാതിലില്‍ ആഞ്ഞടിച്ചു.  കൃഷ്ണമണികളിലേക്ക് വീഴുന്ന വെളിച്ചത്തെപ്പോലും ഭയക്കുന്ന ട്രവറെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചാനല്‍ റിപ്പോര്‍ട്ടറും  ക്യാമറാമാനും സ്തബ്ധരായി മുറിയില്‍ തുടര്‍ന്നു.

ട്രവര്‍ റീസ് ജോണ്‍സ്
 
ട്രവറിനെ ഭയപ്പെടുത്തുന്ന ആ തുരങ്കം ഫ്രാന്‍സിന്റെ  തലസ്ഥാനമായ പാരീസിലാണ്. 1997 ഓഗസ്റ്റ് മാസം 31 ന് അര്‍ദ്ധരാത്രി 12.20നായിരുന്നു ആ കാറപകടം. പാരീസിലെ പ്രശസ്തമായ റിറ്റ്‌സ് ഹോട്ടലില്‍  നിന്ന് പുറപ്പെട്ട കറുത്ത ബെന്‍സ് കാര്‍ പോണ്‍ഡെ ലാമ തുരങ്കത്തിനുള്ളിലെ പതിമൂന്നാം നമ്പര്‍ തൂണില്‍ ഇടിച്ച് തകരുകയായിരുന്നു.  കാര്‍ ഓടിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഹെന്റി പോള്‍, ഹോട്ടലുടമ മുഹമ്മദ് അല്‍ ഫയാദിന്റെ മകന്‍ ഡോഡി അല്‍ ഫയാദ്  എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍  ഡോഡിയുടെ ബോഡി ഗാര്‍ഡായിരുന്ന ട്രവറാണ് . ഇവര്‍ മൂന്ന് പേരെക്കൂടാതെ കാറിലുണ്ടായിരുന്ന നാലാമത്തെ വ്യക്തി അപകടത്തിന് മൂന്നര മണിക്കൂറിന് ശേഷം പാരീസിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ വനിത, ഡയാന രാജകുമാരി.

ഒരു കാര്‍ അപകടത്തിന്റെ രൂപത്തില്‍ വിധി ഡയാനയെ മരണത്തിന്റെ കൈകളിലേക്ക് വലിച്ചെറിഞ്ഞതാണോ?

ഡയാന രാജകുമാരി.

ഇന്നും ലോകത്തിലെ ഏറ്റവും ശക്തമായ അധികാര കേന്ദ്രങ്ങളില്‍ ഒന്നായ ബ്രിട്ടീഷ് രാജകുടുംബം, ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ .6, ബ്രിട്ടീഷ് വ്യോമസേനയിലെ സ്‌പെഷ്യല്‍ എയര്‍ സര്‍വീസ്, മാധ്യമ പാപ്പരാസികള്‍. പലരെയും ഇന്നും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണ് ആ അപകടം.
 
നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ ഉദ്യോഗം, ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സുമായുള്ള പ്രണയം, വിവാഹം, ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധം, വിവാഹമോചനം, വിടാതെ പിന്തുടരുന്ന പാപ്പരാസികള്‍, ഡോഡി അല്‍ ഫയാദുമായുള്ള അടുപ്പം ഒടുവില്‍  ഒരു കാറപകടത്തില്‍ ദാരുണഅന്ത്യം.  സസ്‌പെന്‍സ്, ഗ്ലാമര്‍ , ഇമോഷന്‍, ഹിറോയിസം, ട്രാജഡി ...ഒക്കെ നിറയുന്ന ഒന്നിലധികം ഹോളിവുഡ് സിനിമകള്‍ക്കുള്ള കഥയാണ് ഡയാനയുടെ ജീവിതം. 19 വര്‍ഷം തികയുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളില്‍ ഒന്നായി തുടരുകയാണ് ഡയാനയുടെ മരണം.
  
1981 മേയ് മാസത്തില്‍ സ്‌കോട്‌ലന്റിലെ ബാല്‍മൊറാലില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തിയ ചാള്‍സിനെ പിന്തുടര്‍ന്ന കെന്‍ ലെനോക്‌സ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് ഒരു അപൂര്‍വ ചിത്രം വീണുകിട്ടി. മീന്‍ പിടിക്കാന്‍ ആരും അറിയാതെ കാടു കയറിയ ചാള്‍സിനൊപ്പം ഒരു പെണ്‍കുട്ടി. കറുത്ത നീളന്‍ ഓവര്‍കോട്ടും നീളന്‍ ബൂട്ട്‌സും തൊപ്പിയും അണിഞ്ഞിരുന്ന അവളുടെ മുഖം പകര്‍ത്താന്‍ അന്ന് ലെനോക്‌സിന് കഴിഞ്ഞില്ല. അതേ വര്‍ഷം ജൂലൈ 29ന് ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ വച്ച് അതേ പെണ്‍കുട്ടിയെ ചാള്‍സ് വിവാഹം കഴിച്ചതോടെ പാപ്പരാസികള്‍ക്ക് പിന്തുടരാന്‍ ഒരു രാജകീയ വ്യക്തിത്വം കൂടി കിട്ടി. 

ഡയാന രാജകുമാരി. ഡയാനയുടെ മനോഹരമായ ചിരിയും ഇന്ദ്രനീലക്കണ്ണുകളും ലോകത്തെയാകെ ആകര്‍ഷിച്ചു.  ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സെലിബ്രറ്റികളില്‍ ഒരാളായി അവര്‍ മാറി.  ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പുതിയ അവകാശികളായി ചാള്‍സിനും ഡയാനയ്ക്കും രണ്ട് ആണ്‍കുട്ടികളും പിറന്നു വില്യം, ഹാരി.

ചാള്‍സ് രാജകുമാരനൊപ്പം

എന്നാല്‍ ചാള്‍സിന്റെ ഭാര്യ എന്ന നിലയില്‍ സന്തോഷകരമായിരുന്നില്ല ഡയാനയുടെ ജീവിതം.  1992ല്‍ പുറത്തിറങ്ങിയ ഡയാന, ഹെര്‍ ട്രു സ്റ്റോറി എന്ന ആന്‍ട്രു മോര്‍ട്ടന്റെ പുസ്തകം അതിന്റെ തെളിവായിരുന്നു.  ചാള്‍സിന്റെ അവഗണനയെത്തുടര്‍ന്ന് ഡയാന അഞ്ച് തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാര്‍ത്ത ബ്രിട്ടനെ ഞെട്ടിച്ചു. കാമില്ല പാര്‍ക്കറുമായി ചാള്‍സ് തുടര്‍ന്നുവന്ന ബന്ധവും പുറം ലോകം അറിഞ്ഞു. ഡയാനയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മോര്‍ട്ടന്‍ എഴുതിയ പുസ്തകത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ഡയാന തന്നെയായിരുന്നു.  

ഒഴിവാക്കാനാകാത്ത ദുരന്തങ്ങളുടെ അനന്തരഫലമെന്നോണം 1996ല്‍ ഡയാനചാള്‍സ് ബന്ധം അവസാനിച്ചു.  തന്റെ ജീവകാരുണ്യ പ്രവൃത്തികളിലൂടെ ഡയാന അന്നും  ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു.  വിവാഹമോചന ശേഷവും  പാപ്പരാസികള്‍ ഡയാനയെ വിടാതെ പിന്തുടര്‍ന്നു. എന്നാല്‍ പാപ്പരാസികള്‍ മാത്രമല്ല തന്നെ പിന്തുടരുന്നതെന്ന് ഡയാനക്ക് അറിയാമായിരുന്നു. കാറപകടത്തിന്റെ രൂപത്തില്‍ തന്നെ അപകടപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി  1996 ഒക്ടോബറില്‍ സുഹൃത്തിന് അയച്ച കത്തില്‍ ഡയാന സൂചിപ്പിച്ചിരുന്നു.

ഡയാന ഡോഡി അല്‍ ഫയാദിനൊപ്പം
  
1997 ല്‍ പാപ്പരാസികള്‍ക്ക് ഡയാനയുമായി ബന്ധപ്പെടുത്തി ഒരു പുതിയ പേര് കിട്ടി. ഈജിപ്ഷ്യന്‍ ബിസിനസ് സാമ്രാട്ട് മുഹമ്മദ് അല്‍ ഫയാദിന്റെ മകന്‍ ഡോഡി അല്‍ ഫയാദ്.  1997 ഓഗസ്റ്റില്‍ ഡയാനയും ഡോഡും പാരീസില്‍ വിമാനം ഇറങ്ങിയതുമുതല്‍ പാപ്പരാസികള്‍ പിന്നാലെകൂടി.  അവരില്‍ നിന്ന് രക്ഷപ്പെടാനാണ് ഓഗസ്റ്റ് 31 ന് അര്‍ത്ഥരാത്രി പാരിസിലെ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള യാത്രക്ക് ഡയാനയും ഡോഡിയും റിറ്റ്‌സ് ഹോട്ടലിന്റെ പിന്‍വാതില്‍ തെരഞ്ഞെടുത്തത്.

എന്നാല്‍ പിറ്റേന്ന് ലോകം അറിഞ്ഞത് ഡയാന രാജകുമാരി കാറപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ്. പിന്നാലെ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും വന്ന് തുടങ്ങി. കാറിനെ പിന്തുടര്‍ന്ന പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. അവരെ പിന്തുടര്‍ന്ന  7 ഫോട്ടോഗ്രാഫര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന ഹെന്റി പോള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നു.  എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഓരോന്നായി ഉയര്‍ന്നുവരികയായിരുന്നു. 

ഗൂഢാലോചന നടന്നത് ബെക്കിംഗ്ഹാം കൊട്ടാരത്തിലാണെന്നും പദ്ധതി നടപ്പിലാക്കിയത് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം.ഐ. 6  , സ്‌പെഷ്യല്‍ ഏയര്‍ സര്‍വീസ് എന്നിവയില്‍ നിന്നെത്തിയ  ഇന്‍ക്രിമെന്റ് ടീം  ആണെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമുള്ള ശ്രമം ഫ്രഞ്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ആരോപണം ഉയര്‍ന്നു. 

ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ പ്രമുഖന്‍ ഡോഡി അല്‍ ഫയാദിന്റെ അച്ഛന്‍ മുഹമ്മദ് അല്‍ ഫയാദ് തന്നെയായിരുന്നു.  ഡോഡിയില്‍ ഡയാന ഗര്‍ഭിണിയായെന്നും ഇരുവരും ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറാകുന്നതിനിടെ രാജകുടുംബം ഇരുവരെയും വകവരുത്തിയെന്നുമാണ് അല്‍ഫയാദ് ഉന്നയിച്ച ആരോപണം. ഇംഗ്ലണ്ടിന്റെ ഭാവി രാജാവിന് ഒരു മുസ്ലിം അര്‍ദ്ധസഹോദരന്‍ ഉണ്ടാകുന്നത് തടയാനും ചാള്‍സിനെ സംബന്ധിച്ച കൂടുതല്‍ രഹസ്യങ്ങള്‍ ഡയാന പുറത്തുവിടാതിരിക്കാനുമായിരുന്നു കൊലയെന്നും ഫയാദ് മാധ്യമങ്ങളോട് പറഞ്ഞു.  ഇതിനോടൊപ്പം പല സംശയങ്ങളും അദ്ദേഹത്തിന്റെതായും വേറെ പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നു. 

 

അപകട സ്ഥലത്ത് നിന്ന് മൂന്ന് മൈല്‍ മാത്രമകലെയുള്ള ആശുപത്രിയിലേക്ക് എത്താന്‍ ഡയാനയുമായി പുറപ്പെട്ട ആംബുലന്‍സിന് 1 മണിക്കൂര്‍ 10 മിനിറ്റ് വേണ്ടി വന്നു. ഇതിനിടയില്‍ രണ്ട് തവണ ആംബുലന്‍സ് നിറുത്തുകയും ചെയ്തു. ഡയാനയുടെ മരണം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് ഫയാദും ഗൂഢാലോചനാ വാദക്കാരും പറയുന്നത്. അപകടം നടന്ന ടണലില്‍ ഉണ്ടായിരുന്ന 10 സിസി ടിവി ക്യാമറകളില്‍ ഒന്ന് പോലും അപകടദിവസം പ്രവര്‍ത്തിച്ചിരുന്നില്ല. അപകടശേഷം തുരങ്കം അടച്ചില്ലെന്ന് മാത്രമല്ല പുലരുന്നതിന് മുമ്പേ പ്രത്യേക വാഹനം ഉപയോഗിച്ച് അപകടസ്ഥലം ഫ്രഞ്ച് പൊലീസ് വൃത്തിയാക്കുകയും ചെയ്തു. 

ഹെന്റി പോള്‍ അമിത അളവില്‍ മദ്യപിച്ചിരുന്നില്ല എന്നതിന് തെളിവായി ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  ഹെന്റിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി. കൂടാതെ അപകടത്തില്‍ പെട്ട ബെന്‍സ് കാറില്‍ ഒരു വെളുത്ത ഫിയറ്റ് യുനോ കാര്‍ ഇടിച്ചിരുന്നുവെന്ന് ചില ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയെന്നും വാര്‍ത്തകള്‍ ഉണ്ടായി. ഇതിന്റെ പാട് ബെന്‍സ് കാറിലും ഉണ്ടായിരുന്നത്രെ.  ഇതിനെല്ലാം പുറമെ സ്‌പെഷ്യല്‍ എയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പല കഥകളും പല സമയത്തായി പുറത്ത് വന്നിട്ടുണ്ട്.  ഈ വാദങ്ങളെല്ലാം അന്വേഷണം നടത്തിയ ഫ്രഞ്ച് സംഘവും സ്‌കോട്ട്‌ലന്റ് യാര്‍ഡ് പൊലീസ് ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഏജന്‍സികളും തള്ളിക്കളഞ്ഞു.
 
എന്നാല്‍ ത്രില്ലടിപ്പിക്കുന്ന ഹോളിവുഡ് സിനിമകള്‍ പോലെ പുതിയ പുതിയ കഥകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. രാജകൊട്ടാരം , സീട്ട്രട് സര്‍വീസ് ഏജന്റ്‌സ, കഥകള്‍ക്ക് നിറം  കൂടാന്‍ വേറെ എന്ത് വേണം. അന്ന് രാത്രി എന്താണ് നടന്നതെന്നതിന് സാക്ഷിയായ ഒരു മനുഷ്യന്‍ മാത്രമെ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ട്രവര്‍ റീസ് ജോണ്‍സ്. 

എന്നാല്‍ ആ നിമിഷങ്ങളിലെ ഓര്‍മ്മ ട്രവറിന്റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു.  അതോ ട്രവറും ഒരു എം.ഐ. 6 ഏജന്റായിരുന്നോ? അങ്ങനെയും ഒരു കഥ വായുവില്‍ പറന്നുനടക്കുന്നുണ്ട്! 

click me!