പമ്പ കറുത്തൊഴുകുന്നു; നദിയെ രക്ഷിക്കൂ...

G R ANURAJ |  
Published : May 29, 2017, 07:52 PM ISTUpdated : Oct 05, 2018, 12:01 AM IST
പമ്പ കറുത്തൊഴുകുന്നു; നദിയെ രക്ഷിക്കൂ...

Synopsis

ചെങ്ങന്നൂരിലെ കല്ലിശേരി എന്ന ഗ്രാമത്തില്‍ പമ്പാനദിയുടെ തീരത്ത് താമസിക്കുന്ന രാധാകൃഷ്ണന്‍ ചേട്ടന്‍ എല്ലാദിവസവും പുഴക്കരയില്‍ വന്ന് ഇരിക്കാറുണ്ട്. ശുദ്ധമായ വായു ശ്വസിക്കുന്നതിനായാണ് രാധാകൃഷ്‌ണന്‍ ചേട്ടന്‍ എന്നും പുഴക്കരയില്‍ വരുന്നത്. തെളിനീരൊഴുകുന്ന പമ്പയുടെ തീരത്ത് ഇരുന്നാല്‍ അനുഭവപ്പെടുന്ന കുളിര്‍മയെക്കുറിച്ച് പറയുമ്പോള്‍ രാധാകൃഷ്‌ണന്‍ ചേട്ടന് നൂറു നാവാണ്. അങ്ങനെയിരിക്കെ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നദീതീരത്ത് എത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്‌ചയാണ് കണ്ടത്. തെളിനീരൊഴുകുന്ന തെളിനീരൊഴുകുന്ന പമ്പയുടെ നിറം കറുപ്പായിരിക്കുന്നു. കുളിര്‍മ നല്‍കുന്ന പമ്പയില്‍നിന്ന് മൂക്കുപൊത്തിപ്പോകുന്ന ദുര്‍ഗന്ധം വമിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. രാധാകൃഷ്‌ണന്‍ ചേട്ടന്‍ കൂടി അംഗമായ 'എന്റെ കല്ലിശേരി' എന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ വിഷയം ചര്‍ച്ചയായി. അങ്ങനെ പമ്പയിലെ ജലം കറുത്തതിന്റെ പൊരുള്‍ തേടി അവര്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. അങ്ങനെ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് 'ക്ലീന്‍ പമ്പാ സേവ് പമ്പാ' പ്രവര്‍ത്തകര്‍ ഒരു വള്ളവുമെടുത്ത് കറുക്കുന്ന പമ്പയുടെ ഉറവിടത്തിലേക്ക് തുഴഞ്ഞു.

ചെങ്ങന്നൂര്‍ നഗരം ചുറ്റി ഒഴുകുന്ന ഇല്ലിമലത്തോട്ടില്‍നിന്നാണ് മാലിന്യം പമ്പയിലേക്ക് എത്തുന്നതെന്ന് അവര്‍ കണ്ടെത്തി. കെ എസ് ആര്‍ ടി സി ഡിപ്പോയിലെയും റെയില്‍വേ സ്റ്റേഷനിലെയും സമീപത്തുനിന്നുള്ള ഓടയിലൂടെയാണ് പട്ടണത്തിലെ എല്ലാ മാലിന്യവും ഒഴുകി ഇറങ്ങുന്നത്. ഇതില്‍ കക്കൂസ് മാലിന്യം മുതല്‍ കെഎസ്ആര്‍ടിസി ഗാര്യേജിലെ കരിഓയില്‍ വരെ ഉള്‍പ്പെടും. ഇല്ലിമലത്തോട് വഴി ഈ മാലിന്യം കോടിയാട്ടുകര ചേരിതോട് പാലത്തിനടിയിലൂടെ പമ്പാനദിയില്‍ വന്ന് പതിക്കുന്നതായി ഇവര്‍ മനസിലാക്കി.

ചെറുതും വലുതുമായ ഒട്ടനവധി കുടിവെള്ള പദ്ധതികള്‍ പമ്പയിലുണ്ട്. കുട്ടനാടിന് കുടിവെള്ളം നല്‍കുന്ന നദിയാണ് പമ്പ. ദിവസവും നൂറുകണക്കിന് ആളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പമ്പയെ ആശ്രയിക്കുന്നു. ഇതിനിടയില്‍ നദിയില്‍ കുളിച്ചവരുടെ ശരീരം ചൊറിഞ്ഞുതടിക്കുകയും, കണ്ണുകള്‍ ചുവക്കുകയും നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു. ചെറുമീനുകള്‍ ചത്തുപൊങ്ങുകയും ചെയ്തു. നാട്ടുകാരുടെ ആവലാതികളെത്തുടര്‍ന്നാണ് എന്റെ കല്ലിശേരി വാട്ട്സ്ആപ്പ് കൂട്ടായ്‌മ കറുത്ത നദിയുടെ ഉറവിടം തേടി യാത്രയായത്. പമ്പയിലൂടെ മാലിന്യം ഒഴുകുന്നത് അറിയാതെ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും നദിയിലെ ജലം കുടിച്ചുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം ഇവരുടെ മനസില്‍ ഉണ്ടായിരുന്നു. മഴക്കാലം കൂടി ആകുന്നതോടെ മഞ്ഞപ്പിത്തം പോലെയുള്ള ഗുരുതരമായ സാംക്രമികരോഗങ്ങള്‍ പിടിപെടാന്‍ അധികസമയമൊന്നും വേണ്ടല്ലോ...

കുടിവെള്ളവും കുളിര്‍മയും നല്‍കുന്ന നദിയാണ്, കേരളത്തിന്റെ പുണ്യനദിയെന്ന് അറിയപ്പെടുന്ന പമ്പ. ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പ മലിനമാകുന്നതിന്റെ വാര്‍ത്തകള്‍ ഒരുപാട് വരാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നദിയുടെ ജലം കറുത്തൊഴുകിയത് ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നാണ് നദീതീരത്ത് താമസിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ 'ക്ലീന്‍ പമ്പാ സേവ് പമ്പാ' എന്ന പേരില്‍ 'എന്റെ കല്ലിശേരി' വാട്ട്‌സ്ആപ്പ് കൂട്ടായ്‌മ കൈകോര്‍ത്തു, എങ്ങനെയും പമ്പയെ രക്ഷിക്കണം, ആ തെളിനീര്‍ വീണ്ടുമൊഴുകണം- അതു മാത്രമാണ് അവരുടെ ലക്ഷ്യം. അങ്ങനെ ചെങ്ങന്നൂര്‍ നഗരസഭാ അധികൃതരെ സമീപിച്ചു, പരാതി കൊടുത്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ല. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കി. ജലം മലിനമാകുന്നത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി. ഇപ്പോള്‍ എംഎല്‍എയെയും മന്ത്രിമാരെയും കണ്ടു നിവേദനം നല്‍കി. പ്രിയ പമ്പയുടെ വെന്മ വീണ്ടെടുക്കാന്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 'എന്റെ കല്ലിശേരി' വാട്ട്‌സ്ആപ്പ് കൂട്ടായ്‌മ. ജെയ്ജി ജോയ് അഡ്മിനായ 'എന്റെ കല്ലിശേരി' വാട്ട്‌സ്ആപ്പ് കൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി 'ക്‌ളീന്‍ പമ്പാ സേവ് പമ്പാ' ചെയര്‍മാന്‍ ശ്രീ രാധാകൃഷ്ണന്‍ വള്ളിയില്‍, പ്രസിഡണ്ട് ശ്രീ സജി വര്‍ഗീസ്, സെക്രട്ടറി ശ്രീ ബിനുമോന്‍ പി എസ്, ജോയിന്റ് സെക്രട്ടറി ശ്രീ ലിജു പി ടി, ട്രഷറര്‍ ശ്രീ സോബിന്‍, കണ്‍വീനര്‍ ശ്രീ സിബു ബാലന്‍, ജോയിന്റ് കണ്‍വീനര്‍ ശ്രീ ദേവദാസ് എന്നിവരും രംഗത്തുണ്ട്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?