ലോകപ്രശസ്തമായ ആ ചുംബന ചിത്രത്തിലെ നായിക വിട പറഞ്ഞു

By Web DeskFirst Published Sep 11, 2016, 7:19 AM IST
Highlights

 

ന്യൂയോര്‍ക്ക്: നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ആ ചുംബന ചിത്രത്തിലെ നായിക 92ാം വയസ്സില്‍ വിട പറഞ്ഞു. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം, ജപ്പാന്റെ തോല്‍വി ഉറപ്പായ നേരത്ത് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ നടന്ന വിജയാഘോഷത്തിനിടെ, ഒരു അമേരിക്കന്‍ നാവികന്‍ ഗാഢമായി ആശ്ലേഷിച്ച് ചുംബിക്കുന്ന യുവതിയുടെ ചിത്രമാണ് ആ കാലത്തിന്റെ ഐക്കണായി മാറിയത്. 

ഗ്രേറ്റ ഫ്രൈഡ്മാന്‍ എന്ന യുവതി ആയിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ വിര്‍ജീനിയയില്‍ താമസിക്കുന്ന ഗ്രേറ്റ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗ്രേറ്റ ഇന്നലെ വിടപറഞ്ഞതായി മകന്‍ ജോഷ്വ ഫ്രൈഡ് മാന്‍ ആണ് അറിയിച്ചത്. വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍,  അന്തരിച്ച ഭര്‍ത്താവിന്റെ ശവകുടീരത്തിന് അടുത്താവും ഗ്രേറ്റയുടെ അന്ത്യ വിശ്രമം എന്നും മകന്‍ അറിയിച്ചു. 

ഗ്രേറ്റ ഫ്രൈഡ്മാനും ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജോര്‍ജ് മെന്‍ഡോന്‍സയും പില്‍ക്കാലത്ത്
സൈനിക യൂനി ഫോമിട്ട ഒരു നാവികന്‍ വിജയാഘോഷത്തിനിടെ സുന്ദരിയായ ഒരു യുവതിയെ ചുംബിക്കുന്നതായിരുന്നു ആ ഫോട്ടോ.  1945 ആഗസ്ത് 14നായിരുന്നു ആ സംഭവം. അന്ന് ഡെന്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഗ്രേറ്റ. ആല്‍ഫ്രഡ് ഐന്‍സ്‌റ്റേറ്റ് എന്ന വിഖ്യാത ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജോര്‍ജ് മെന്‍ഡോന്‍സ എന്ന നാവികനായിരുന്നു ചുംബന ചിത്രത്തിലെ നാവികന്‍. ചുംബന ശേഷം ഇരുവരും പിരിഞ്ഞു പോവുകയും ചെയ്തു. 

അടുത്ത ആഴ്ചത്തെ ലൈഫ് മാഗസിനിലായിരുന്നു ആ ചിത്രം പ്രസിദ്ധീകരിച്ചത്. അതോടെ ചിത്രം പ്രശസ്തമായി. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ചുംബന ചിത്രങ്ങളില്‍ മുന്‍നിരയില്‍ അതു വന്നു. ഫോട്ടോയിലുള്ളവരെ 1980 വരെ തിരിച്ചറിഞ്ഞിരുന്നില്ല. ആ വര്‍ഷം ലൈഫ് മാഗസിന്‍ ആ ഫോട്ടോയിലുള്ളവരോട് സ്വയം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജോര്‍ജ് മെന്‍ഡോന്‍സ താനായിരുന്നു ആ നാവികനെന്ന് വ്യക്തമാക്കി പുറത്തു വന്നു. വൈകാതെ ഗ്രേറ്റയും. 
 

click me!