'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

By Rasheed KPFirst Published Aug 26, 2017, 4:53 PM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  ',  എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

ആവശ്യമായി  വരുന്നത് ഇടുങ്ങിയ  ചിന്താഗതികളിലുള്ള ചില തിരുത്തലുകളാണ്-ഹാഷിം പറമ്പില്‍ പീടിക എഴുതുന്നു 

നമ്മുടെ സമൂഹത്തില്‍ മാത്രമല്ല പല ഇടങ്ങളിലും സ്ത്രീകള്‍ തന്നെയാണ് വിവാഹത്തോട് വിമുഖത കാണിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍  അംഗീകരിക്കാതെ നമുക്ക് സ്ത്രീ, കുടുംബം, വിവാഹം എന്നിവയെ കാണാനാവില്ല. 

താനൊരു  സ്വതന്ത്ര ചിന്താഗതിക്കാരനാണ് എന്ന അവകാശപ്പെടുന്നവര്‍ പോലും, ഭാര്യ ഒരു പുരുഷ സുഹൃത്തുമായി സംസാരിക്കുമ്പോള്‍  നീരസം പ്രകടിപ്പിക്കുകയും ജോലിയുടെ കാര്യത്തില്‍  നിബന്ധനകള്‍ മുന്നോട്ടു വെച്ച് കൊണ്ട് മാത്രം  സമ്മതിക്കുകയും ചെയ്യുന്നത് കാണാം. ഇക്കാര്യം  തുറന്നു പറഞ്ഞില്ലെങ്കില്‍ പോലും  മനസ്സില്‍ ഇതുതന്നെയാവും. വിവാഹം തങ്ങളുടെ ലോകം ചുരുക്കുന്ന ഒരു  ബന്ധനമായി സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ കാണുന്നതില്‍ അത്ഭുതമില്ല .

രണ്ടുപേര്‍ ഒന്നായി ചേര്‍ന്ന് ഒരു ജീവിതം തുടങ്ങുമ്പോള്‍ അവിടെ ചിന്തയും പ്രവൃത്തിയും കൂടി ഒരു പോലെ ആവുമ്പോള്‍ മാത്രമേ നമ്മുടെ സമൂഹത്തിന്റെ കണ്ണില്‍ അവര്‍ നല്ല  ദമ്പതികള്‍ ആവുന്നുള്ളൂ. കാര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുമ്പോള്‍ ഇതെങ്ങനെയാണ് ശരിയാവുന്നത്? രണ്ടില്‍ ഒരാള്‍  അതല്ലെങ്കില്‍ രണ്ടാളും തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തി  തങ്ങള്‍ക്കു ഇഷ്ടമില്ലാത്തത് പോലും സ്വീകരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നല്ലത് എന്ന പറച്ചില്‍ സാമാന്യ  ബുദ്ധിക്കു നിരക്കുന്നതല്ലല്ലോ .

അപ്പോള്‍, ആവശ്യമായി  വരുന്നത് ഇടുങ്ങിയ  ചിന്താഗതികളിലുള്ള ചില തിരുത്തലുകളാണ്.

ഒരുമിച്ചു ജീവിതം  തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍  തനിക്കും  പങ്കാളിക്കും  സ്വന്തമായി ഒരു വ്യക്തിത്വം  ഉണ്ടെന്നു മനസ്സിലാക്കി  തങ്ങളുടെ ഇഷ്ടനിഷ്ടങ്ങള്‍ പരസ്പരം പങ്കു വെക്കുകയും  ഓരോ  കാര്യങ്ങളിലും  തങ്ങളുടെ  നിലപാടുകളും ചിന്തകളും  പരസ്പരം ചര്‍ച്ച ചെയ്യുകയും  കൂടി ചെയ്യുമ്പോള്‍ ഇരുവര്‍ക്കും കാര്യങ്ങളെ  കുറച്ചു കൂടി വിശാല മനസ്സോടു കൂടി സമീപിക്കാന്‍ സാധിക്കും എന്നതാണ് യാഥാര്‍ഥ്യം. 

വിവാഹം കൊണ്ട് ഒരു അടിമയെ ലഭിക്കുന്നു എന്ന ധാരണയുള്ള ഇക്കാലത്തു  ഇത്തരം ചര്‍ച്ചകള്‍ നടക്കാതെ  ഏകപക്ഷീയമായ  തീരുമാനങ്ങള്‍ക്ക്  ഒരു പക്ഷം  മുതിരുമ്പോള്‍  മറുപക്ഷം ഒന്നുകില്‍  പ്രതികരിച്ചു  പുറത്തു പോവുകയോ അല്ലെങ്കില്‍ നിരാശയില്‍  തുടങ്ങി യാന്ത്രികതയിലേക്ക്  എത്തുകയോ ചെയ്യും. രണ്ടായാലും അവിടെ ബന്ധങ്ങള്‍ ശിഥിലമാവുകയാണ്.

നിത്യേന  ഇത്തരം കാഴ്ചകള്‍ക്ക് സാക്ഷിയാവുന്ന  യുവതലമുറ ഇത്തരം ബന്ധങ്ങള്‍ക്ക്  തയ്യാറാവാതിരിക്കുക  എന്നത് സ്വാഭാവികമായി വരുന്നു. വിവാഹത്തെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ചുമുള്ള  സാമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളില്‍ മാറ്റമാണ് ആവശ്യം.

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
 

 


 

click me!