മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ കുട്ടികള്‍ തകര്‍ത്തത് 48 ലക്ഷത്തോളം വിലവരുന്ന ചില്ലുകോട്ട...

By Web TeamFirst Published Jul 23, 2020, 2:23 PM IST
Highlights

മെയ് 30 -നാണ് നിർഭാഗ്യകരമായ ആ അപകടമുണ്ടായത്. കുടുംബത്തോടൊപ്പം വന്ന രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ തടസം മറികടന്ന് ശില്‍പം തട്ടിപ്പൊട്ടിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് കോട്ട സ്ഥിതിചെയ്‍തിരുന്നത് ചൈനയിലെ ഷാങ്ഹായ് മ്യൂസിയം ഓഫ് ഗ്ലാസ് -ലായിരുന്നു. ഏകദേശം 500 മണിക്കൂറോളം പണിയെടുത്തിട്ടാണ് സ്‍പാനിഷ് കലാകാരനായ മിഗേൽ അരിബാസ് ഈ ഗ്ലാസ് കൊണ്ടുള്ള കോട്ട നിർമ്മിച്ചത്. ഏകദേശം 48 ലക്ഷത്തോളം വിലമതിക്കുന്ന ഈ അമൂല്യശില്‍പമാണ് മ്യൂസിയം കാണാൻ വന്ന രണ്ടു കുട്ടികൾ മെയ് മാസം അവസാനം തട്ടിത്തകർത്തു കളഞ്ഞത്.      

കഴിഞ്ഞ വാരാന്ത്യത്തിലാണ് ഷാങ്ഹായ് മ്യൂസിയം ഓഫ് ഗ്ലാസ് ഈ വാർത്ത പുറത്തുവിട്ടത്. മ്യൂസിയത്തിന്‍റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 2016 -ൽ സമ്മാനമായി ലഭിച്ചതാണ് അരിബാസിന്‍റെ ഈ ശില്‍പം. സിൻഡ്രല്ലയുടെ കോട്ടയ്ക്ക് സമാനമായി രൂപകൽപ്പന ചെയ്‍ത ഇത് ഏറ്റവും മനോഹരമായ ഗ്ലാസ് ശില്‍പങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, നിമിഷങ്ങളുടെ അശ്രദ്ധകൊണ്ട് അത് പാടെ തകർന്നു പോയി. 500,000 ഗ്ലാസ് ലൂപ്പുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. 60 കിലോഗ്രാം ഭാരമുള്ള ഇതിൽ, 24 കാരറ്റ് സ്വർണം ഉപയോഗിച്ച് നിർമ്മിച്ച അഗ്രഭാഗങ്ങളുമുണ്ട്. ഏകദേശം 30,000 ഭാഗങ്ങൾ ചേർത്തുവെച്ചാണ് ഈ ശില്‍പം ഉണ്ടാക്കിയിരിക്കുന്നത്.

 

 

മെയ് 30 -നാണ് നിർഭാഗ്യകരമായ ആ അപകടമുണ്ടായത്. കുടുംബത്തോടൊപ്പം വന്ന രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ തടസം മറികടന്ന് ശില്‍പം തട്ടിപ്പൊട്ടിക്കുകയായിരുന്നു. ശില്‍പം നന്നാക്കാൻ സാധിക്കുമോ എന്നറിയാൻ ഷാങ്ഹായ് മ്യൂസിയം ഓഫ് ഗ്ലാസ് ഇതിനകം അരിബാസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, കൊവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട് യാത്രാ നിയന്ത്രണങ്ങൾ കാരണം അവർക്ക് നിലവിൽ ചൈനയിലേക്ക് പോകാൻ കഴിയില്ലെന്നറിയിച്ചിരിക്കുകയാണ്. 

കുട്ടികളുടെ മാതാപിതാക്കൾ സംഭവത്തിൽ ക്ഷമ ചോദിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ലോകമെമ്പാടുമുള്ള ഡിസ്‍നി ലൊക്കേഷനുകളിൽ സ്റ്റോറുകളുള്ള അരിബാസ് ബ്രദേഴ്‍സ് എന്ന കമ്പനിയുടെ സഹസ്ഥാപകനാണ് മിഗേൽ അരിബാസ്.   

click me!