പിടഞ്ഞുമരിക്കുന്ന സിറിയന്‍ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാറയ്ക്ക് ഡോക്ടറാവണം!

Web Desk |  
Published : Jun 20, 2018, 04:19 PM ISTUpdated : Jun 29, 2018, 04:14 PM IST
പിടഞ്ഞുമരിക്കുന്ന സിറിയന്‍ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാറയ്ക്ക് ഡോക്ടറാവണം!

Synopsis

സാറ, സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ് 'ഡോക്ടറാകണം. സര്‍ജനാകണം. ഡോക്ടറായാല്‍ ജനങ്ങളെ സഹായിക്കാം. 'ഇതാണവളുടെ സ്വപ്നം

ബൈറൂത്ത്: സാറയെന്ന പതിനൊന്നു വയസുകാരി പെണ്‍കുട്ടിക്ക് ഒരു സ്വപ്നമുണ്ട്. അവള്‍ക്ക് പഠിച്ച് ഒരു ഡോക്ടറാകണം.  'ഞാനൊരു സര്‍ജനാവും' ഈ പ്രായത്തില്‍ തന്നെ അവള്‍ ഉറപ്പിച്ച് പറയുന്നു. പക്ഷെ, അതൊട്ടും എളുപ്പമല്ല. സാധാരണ കുട്ടികള്‍ സഞ്ചരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, എത്രയോ ദൂരം സഞ്ചരിച്ചാലാണ് അവള്‍ക്കതിന് സാധിക്കുക. കാരണം, സാറയിപ്പോള്‍ താമസിക്കുന്നത് ലെബനനിലെ, ബേഖാ വാലിയിലെ ഒരു രണ്ടുമുറി ടെന്‍റിലാണ്. അവള്‍ക്കൊപ്പം മൂന്ന് അനിയന്‍മാരും മാതാപിതാക്കളുമുണ്ട്. ഏറെ പ്രിയപ്പെട്ട നാടും, വീടും, സ്കൂളും, കൂട്ടുകാരെയും എല്ലാം ഉപേക്ഷിച്ച് അവള്‍ക്ക് ഓടിപ്പോരേണ്ടി വന്നിരിക്കുകയാണ്. 

സാറ, സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ്. യുദ്ധത്തേയും കലാപത്തേയും തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രം.  ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിന (world refugee day)ത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്ന അനേകം ജീവിതങ്ങളില്‍ ഒന്നു മാത്രമാണ് സാറയുടേത്. 

ജീവിതത്തിന്‍റെ ഏറ്റവും ആസ്വാദ്യകരമായ ബാല്യത്തില്‍ നിന്നും കുടിയിറക്കപ്പെട്ടവരാണ് സാറയടക്കമുള്ളവര്‍. സന്തോഷവും സമാധാനവും നിറഞ്ഞൊരു ബാല്യത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍. ബാല്യം തന്നെ നഷ്ടമായ തലമുറ! അതിനൊപ്പം തന്നെ നികത്താനാവാത്ത നഷ്ടമാണ് ഇവരുടെ വിദ്യാഭ്യാസം. 

അഭയാര്‍ത്ഥികളായ കുഞ്ഞുങ്ങളെ അപേക്ഷിച്ച് സാറ പക്ഷെ കുറച്ചു ഭാഗ്യവതിയാണ്. അവള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടുന്നുണ്ട്. അതവളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രാപ്തയാക്കുന്നു. സ്കൂള്‍ അനുഭവങ്ങള്‍ വളരെ അഭിമാനത്തോടെയാണ് അവള്‍ പറയുന്നത്. അറബി, ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ജ്യോഗ്രഫി, സ്പോര്‍ട്സ്, ആര്‍ട്സ് എന്നിവയിലെല്ലാം അവള്‍ക്ക് ക്ലാസ് കിട്ടുന്നുണ്ട്. സ്കൂള്‍, അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഇടമാണ്. സുഹൃത്തുക്കളേയും അധ്യാപകരേയും ക്ലാസുമെല്ലാം അവള്‍ക്ക് വളരെ ഇഷ്ടമാണ്. ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഇംഗ്ലീഷാണ്. അതിനവള്‍ പറയുന്ന കാരണം, അവള്‍ക്ക് ഇംഗ്ലീഷ് ടീച്ചറെ ഒരുപാട്  ഇഷ്ടമാണ് എന്നതാണ്. 

ടെന്‍റിനുള്ളിലെ ജീവിതം

സ്കൂള്‍  വിട്ട് വന്ന് കഴിഞ്ഞാല്‍ അവള്‍ നേരെ ടെന്‍റിലെത്തും. അവിടെ അമ്മയെ സഹായിക്കും. അനിയന്‍മാരോടൊപ്പം കളിക്കും. അപ്പോഴും അവള്‍ സ്വന്തം സ്വപ്നത്തെ കുറിച്ച് ബോധവതിയാണ്. 'ഡോക്ടറാകണം. സര്‍ജനാകണം. ഡോക്ടറായാല്‍ ജനങ്ങളെ സഹായിക്കാം. ' എല്ലാ സമയത്തും സാറയുടെ മനസില്‍ അതുണ്ട്. 

രണ്ടുമുറി ടെന്‍റിലിരുന്ന്, പലായനത്തിന്‍റെ ഓര്‍മ്മകള്‍ പേറി, കഷ്ടപ്പാടുകള്‍ സഹിച്ച്  അതൊട്ടും എളുപ്പമല്ലെന്ന് അവള്‍ക്കറിയാം. അതിനായി മറ്റ് കുഞ്ഞുങ്ങളേക്കാള്‍ അവളൊരുപാട് കഷ്ടപ്പെടേണ്ടിവരും.  സ്കൂളും, അധ്യാപകരും അവളെ സ്വന്തം സ്വപ്നത്തിലേക്കെത്തിച്ചേരാന്‍ സഹായിക്കും എന്നാണ് സാറയുടെ വിശ്വാസം. സയന്‍സും അവള്‍ക്കിഷ്ടപ്പെട്ട വിഷയമാണ്. അതൊരു നല്ല വിഷയമാണെന്നാണ് സാറ പറയുന്നത്. 

അവള്‍, ഹോംവര്‍ക്കുകള്‍ ചെയ്യുന്നത്, പഠിക്കുന്നത് ഒക്കെ അച്ഛന്‍ തയ്യാറാക്കി നല്‍കിയ, ടെന്‍റിലെ പ്രധാന മുറിയിലിരുന്നാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഈ വീട്ടിലാണവരുടെ താമസം. 

അഞ്ച് വര്‍ഷം മുമ്പാണ് സാറ അവളുടെ കുടുംബത്തോടൊപ്പം ലെബനനിലെത്തിയത്. സിറിയയിലെ അവരുടെ വീട് ആക്രമിക്കപ്പെടുകയും തകരുകയും ചെയ്ത സമയത്താണത്. അവരുടെ അയല്‍ക്കാരൊക്കെ അപ്പോഴേക്കും പ്രാണഭയം കൊണ്ട് വീടുപേക്ഷിച്ച് യാത്രയായിരുന്നു. 

പലപ്പോഴായി അവര്‍ക്ക് അവിടെ നിന്നും ഓടിപ്പോരേണ്ടി വന്നിട്ടുണ്ട്. രാജ്യത്ത് നിന്നും പലായനം ചെയ്യുമ്പോള്‍ സാറയ്ക്ക് ആറ് വയസായിരുന്നു പ്രായം. അച്ഛന്‍ ഖാസന്‍ തയ്യല്‍ക്കാരനായിരുന്നു. പക്ഷെ, ഇപ്പോഴയാള്‍ കുടുംബത്തെ പോറ്റാന്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണ്. സാറയുടെ അമ്മ ഫാത്തിമ കിന്‍ഡര്‍ ഗാര്‍ഡനില്‍ അധ്യാപികയായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം കാരണം അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്ക് അവര്‍ക്കിപ്പോള്‍ ആ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. 

'കുറച്ചുകൂടി മെച്ചപ്പെട്ട എങ്ങോട്ടെങ്കിലും മാറിത്താമസിക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. ടെന്‍റിനകത്ത് വേനല്‍ക്കാലത്ത് സഹിക്കാന്‍ പറ്റാത്ത ചൂടാവും, മഞ്ഞുകാലത്ത് സഹിക്കാന്‍ പറ്റാത്ത തണുപ്പും ' ഫാത്തിമ പറയുന്നു. ഭാവിയില്‍ എവിടെ ജീവിക്കണം എന്ന ചോദ്യത്തിന് ഇവര്‍ക്ക് ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അക്രമങ്ങളില്ലാത്ത ഒരു രാജ്യത്ത്, സുരക്ഷിതമായൊരിടത്ത്. 

സാറയുടെ വിദ്യാഭ്യാസം ഏറ്റെടുത്തിരിക്കുന്നത് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയും, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും, എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൌണ്ടേഷനും (EAA)കൂടിയാണ്. 

സിറിയന്‍ സ്കൂളുകളില്‍ നിന്ന് അക്രമത്തെ തുടര്‍‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പലായനം ചെയ്യേണ്ടി വന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചുനില്‍ക്കുന്നതിലൂടെ ഇവര്‍ക്ക്  ലെബനന്‍,ജോര്‍ദ്ദാന്‍,സിറിയന്‍ അഭയാര്‍ത്ഥികളില്‍ നിന്നുള്ള  66000 വിദ്യാര്‍ത്ഥികളെ പ്രാഥമിക വിദ്യാഭ്യാസത്തിനെത്തിക്കാന്‍ കഴിഞ്ഞു. 

എജുക്കേറ്റ് എ ചൈല്‍ഡ് (EDUCATE A CHILD) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മേരി ജോയ് പിഗോസി പറയുന്നത്, ''സാറ ഒരു ഉദാഹരണമാണ്. അതുപോലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസം നേടണം. പലായനം ചെയ്യേണ്ടി വന്നതുകൊണ്ട് മാത്രം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കരുത്. എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്തുകൊണ്ട് അവര്‍ക്ക് അവരുടെ സ്വപ്നത്തിലേക്കെത്തിച്ചേരാന്‍ കഴിയണം" എന്നാണ്. 
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്