ലൈംഗികത വിലക്കപ്പെട്ട ക്ലാസ്മുറികള്‍

By യാക്കോബ് തോമസ്First Published Jan 1, 2018, 2:46 PM IST
Highlights

ലൈംഗികതയെ ഇങ്ങനെ ചിരിപ്പിക്കുന്ന വിഷയമായി ആണ്‍സാറുമാര്‍ അവകാശമായി കൊണ്ടുനടന്നതെന്തുകൊണ്ടാണ്? നമ്മുടെ നവോത്ഥാനം സൃഷ്ടിച്ച പുരുഷകേന്ദ്രീകൃതമായ ക്ലാസ്മുറികളുടെ യുക്തികള്‍ ഇവിടെ വെളിപ്പെടുന്നു. ലൈംഗികതയെ പുരുഷസാറുമാര്‍ തമാശയായി ആഘോഷിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലെ ചെറിയ വ്യതിയാനംപോലും അസഹനീയമായിക്കണ്ട് അടിച്ചമര്‍ത്തുന്നവരാണ് സ്ത്രീകളായ അധ്യാപകരെന്നാണ് കാണുന്നത്. കുട്ടികളുടെ പ്രണയചേഷ്ടകള്‍പോലും കഠിനമായി വിലക്കുന്നവര്‍. പരസ്പരപൂരകമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തെ ശരീരമുക്തമാക്കുകയായിരുന്നു ഈ ആണ്‍ പെണ്‍ ഗുരുക്കന്മാര്‍.

'അന്നത്തെ അധ്യാപകശ്രേഷ്ഠരെപ്പറ്റി ഓര്‍ക്കുമ്പോള്‍ അവരൊക്കെ എത്രയോ സ്‌നേഹസമ്പന്നരായിരുന്നു എന്ന മധുരചിന്ത തികട്ടിവരും. രസതന്ത്രം രസിച്ചുപഠിപ്പിച്ചിരുന്ന എ വെങ്കിടാചലം സാര്‍ പിന്നീട് ഞങ്ങളോടൊപ്പം ടെന്നീസു കളിക്കുവാന്‍ കൂടുമായിരുന്നു. ഒന്നാംതരം അധ്യാപകര്‍ മാത്രം പഠിപ്പിച്ചിരുന്ന മികച്ച കോളേജുകളായിരുന്നു തിരുവനന്തപുരത്തെ ആര്‍ട്‌സ് കോളേജും സയന്‍സ് കോളേജും  അന്ന്...'

നമ്മുടെ വിദ്യാഭ്യാസചിന്തയിലെ അടിസ്ഥാനപരമായൊരു കാര്യം മിക്ക ആത്മകഥയിലും ജീവചരിത്രക്കുറിപ്പുകളിലും പടര്‍ന്നു കിടക്കുന്നതുകാണാം. നവോത്ഥാനകാലത്ത്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ ജനിച്ചവര്‍ 1930 40കളില്‍ കോളേജുകളില്‍ പഠിക്കാനെത്തുകയും ചെയ്യുന്നതാണ് നമ്മുടെ ആധുനിക വിദ്യാഭ്യാസത്തിന്റെ ചരിത്രധാരയിലെ ഒരു ഘടകം. നവോത്ഥാനത്തിന്റെ ഫലങ്ങളേറെയും സാധ്യമായത് ഈ വിദ്യാഭ്യാസത്തിലൂടെയാണ്. ആധുനിക കേരളത്തിലെ ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം ഈയൊരു ജീവിതപാതയാണ് പൊതുവെയെന്നു കാണാം. ഇവരുടെയെല്ലാം സ്മരണയിലെ പ്രധാനകാര്യം തങ്ങളുടെ വിദ്യാഭ്യാസകാലത്തെ മികച്ച അധ്യാപകരെക്കുറിച്ചുള്ള ഭയഭക്തിപൂര്‍ണമായ അനുസ്മരമാണ്. അത്തരത്തിലൊന്നാണ് ഗുപ്തന്‍നായരുടേതായി മുകളില്‍ കൊടുത്തിരിക്കുന്നത്.

തങ്ങളുടെ പഠനകാലത്ത് മികച്ച അധ്യാപകരാല്‍ ശിക്ഷണം ലഭിക്കുകയും ആ ശിക്ഷാപാരമ്പര്യം തങ്ങളുടെ ശിഷ്യരിലേക്ക് പകരുകയും ചെയ്ത വിജ്ഞാനകുതുകികളാണ് ഈ ഗുരുനാഥന്മാര്‍ എന്നാണ് ഇതിന്റെ രത്‌നച്ചുരുക്കം. 'നല്ലപാലെ' വായനയും പാണ്ഡിത്യവും ഉള്ളവരും കുട്ടികളെ  എല്ലാഘടകവും ചേര്‍ത്തിണക്കി പഠിപ്പിക്കുകയും ചെയ്തിരുന്ന ഇവര്‍ ശിക്ഷാകാര്യങ്ങളില്‍ കര്‍ക്കശത പുലര്‍ത്തുകയും എന്നാല്‍ കുട്ടികളെ ആഴത്തില്‍ സ്‌നേഹിക്കുകയും ചെയ്തിരുന്നവരാണെന്നാണ് പൊതുവേയുള്ള ഗുരുവാഖ്യാനങ്ങളുടെ രീതി. കുട്ടികളെ വിജ്ഞാനപരമായും ധാര്‍മികമായും വളര്‍ത്തുന്നതില്‍ ഗുരുക്കന്മാര്‍ തുല്യപ്രാധാന്യം നല്കി എന്നതാണ് അവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ കാതല്‍. അതില്‍ ധാര്‍മികതയ്ക്കും സദാചാരത്തിനും വളരെ വലിയ ഊന്നല്‍ കാണുകയും ചെയ്യാം. 

ഗുരുസങ്കല്‍പം ദൈവസങ്കല്‍പമായി മാറ്റിയെടുക്കുന്നുമുണ്ട്.

നല്ല ഗുരുക്കന്മാരുടെ ക്ലാസ്മുറികള്‍
ഇങ്ങനെ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംദശകം മുതലുള്ള, കോളേജു വിദ്യാഭ്യാസവും മറ്റും വ്യാപകമാകുന്ന തലമുറയുടെ ജീവിതഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ സുപ്രധാനസ്ഥാനമുള്ള സ്ഥാപനമാകുന്നു അധ്യാപകരെന്ന ഗുരുക്കന്മാര്‍. ചുരുക്കത്തില്‍ കുട്ടികളെ ചെറുപ്പത്തിലും കൗമാരത്തിലും സമൂഹത്തിലം നല്ല ശീലങ്ങളുടെയും ചിന്തകളുടെയും അടിമകളാക്കുന്നതില്‍ മുന്തിയ സ്ഥാനമാണ് സ്‌കൂള്‍/കോളേജ് എന്ന സ്ഥാപനത്തിനും അവിടുത്ത ചിട്ടകള്‍ക്കും കല്‍പിക്കപ്പെടുന്നത്. അതിലൂടെ ഒരു കാലത്തെ വിദ്യാലയങ്ങളും ഗുരുക്കന്മാരും മഹത്തായ ലക്ഷ്യങ്ങളും വിജ്ഞാനവുമുള്ളവരായിരുന്നെന്നും അവര്‍ തങ്ങളുടെ സ്വഭാവമഹികമകള്‍ക്കൊണ്ട് വിദ്യാര്‍ഥികളെ നന്മയിലേക്കും പുതിയ ജീവിതത്തുറകളിലേക്കും നയിച്ചുവെന്നും ഇന്നതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ആഖ്യാനിക്കുന്നു. വിദ്യാഭ്യാസപ്രക്രിയതന്നെ കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗമായിരിക്കുന്നു, നല്ല അധ്യാപകര്‍ ഇല്ലായിരിക്കുന്നു, വിദ്യാര്‍ഥികള്‍ വഴിതെറ്റുന്നു എന്നിവയാണിന്നത്തെ വാദങ്ങള്‍. പുതിയ കാലത്ത് ലൈംഗികതാപരമായ ആരോപണങ്ങളാല്‍ വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതമാകുവുകയും ഗുരുശിഷ്യബന്ധത്തില്‍ സദാചാരപ്രശ്‌നങ്ങള്‍ പലരൂപത്തില്‍ കലരുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ പഴയ മൂല്യവത്തായ ഗുരുശിഷ്യബന്ധം തകര്‍ന്നതാണിന്നത്തെ കുഴപ്പങ്ങള്‍ക്കുകാരണമെന്നും അതിനാലത്  തിരിച്ചുകൊണ്ടുവരണമെന്നും പലരും ആവശ്യപ്പെടുന്നതും കേള്‍ക്കാം. പഴയകാലത്തെ, സ്‌നേഹിക്കുകയും ശാസിക്കുകയും ചെയ്യുന്ന വിജ്ഞാനനിധിയായ ഗുരുവിനെ തേടലായി പല വാദങ്ങളും മാറുന്നുണ്ട്. ആര്‍ഷഭാരതത്തിലെ ഉദാത്തമെന്നു പറയപ്പെടുന്ന ഗുരുകുലവിദ്യാഭ്യാസം എന്ന സംഗതിയെ ഇതുമായി കൂട്ടിക്കെട്ടി ഗുരുസങ്കല്‍പം ദൈവസങ്കല്‍പമായി മാറ്റിയെടുക്കുന്നുമുണ്ട്. 

ഇവിടെയാണ് ഈ ഉദാത്തനായ പഴയഗുരുവിനെ അടുത്തുനിന്നു വായിക്കേണ്ടത് ആവശ്യമാകുന്നത്. മലയാളത്തിലെ മിക്ക ബുദ്ധിജീവികളും തങ്ങളുടെ ബൗദ്ധികജീവിതത്തിന്റെ അടിത്തറയായി വിവരിക്കുന്നത് തങ്ങളുടെ സ്‌കൂള്‍ കോളേജിലെ അധ്യയനവും ഗുരുക്കന്മാരുമാണെന്നു കാണാം. തങ്ങളുടെ കാലത്തെ സ്‌കൂളും കോളേജും ഭൗതികസാഹചര്യങ്ങള്‍ പരിമിതമാണെങ്കിലും അവിടെ വൈജ്ഞാനിക, ധാര്‍മിക സമ്പത്തേറെയുണ്ടായിരുന്നുവെന്ന് മിക്കവരും എഴുതിയിട്ടുണ്ട്. അക്കാലത്തെ അധ്യാപകര്‍ക്ക് കാര്യമായ ശമ്പളമില്ലായിരുന്നവെങ്കിലും സമൂഹം മൂല്യവത്തായ ജോലിയായിട്ടാണ് അതിനെ കണ്ടിരുന്നത്. കുട്ടികള്‍ക്ക് അറിവു പകരുന്നത് സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയായി കാണുകയും ശമ്പളത്തേക്കാള്‍ മികച്ച അംഗീകാരം കിട്ടുന്ന ഒന്നായി വ്യഹരിക്കുകയും ചെയ്തിരുന്നു.  'ഗുരുശാപ'മൊക്കെ ജീവിത്തില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും ഗുരുക്കന്മാരെ അനുസരിക്കുന്നവര്‍ നല്ലവരാകുമെന്നുമുള്ള പാഠങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടിരുന്നു. 'ആശാനക്ഷരമൊന്നുപിഴച്ചാല്‍ അമ്പത്തെട്ടുപിഴയ്ക്കും ശിഷ്യന്' എന്നൊുള്ള പറച്ചിലുകള്‍ അമൂല്യമായ പറച്ചിലുകളായി സമൂഹം കരുതി വരുന്നു. ഇവിടെയാണ്  ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അനിവാര്യമാകുന്നത്. ഈ ഗുരുക്കന്മാരുടെ സാമൂഹ്യമൂലധനം എന്തായിരുന്നുവെന്ന ചോദ്യം നമ്മുടെ ജാതിബോധ്യങ്ങളിലേക്കാണ് നയിക്കുക. ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ ഈഴവനായ ഒരു അധ്യാപകന്‍ വന്നപ്പോള്‍ അയാളെ ചോവന്‍സാര്‍ എന്നു വിളിക്കുകയും അദ്ദേഹത്തെ തല്ലി ഓടിക്കാന്‍ നായര്‍ പ്രമാണികള്‍ പദ്ധതിയിട്ടതും അദ്ദേഹം സ്ഥലംമാറിപ്പോയതും തകഴി അദ്ദേഹത്തിന്റെ ആത്മകഥയിലെഴുതിയിട്ടുള്ളത്  നമ്മുടെ മഹത്തായ ഗുരുപാരമ്പര്യങ്ങളുടെ 'ജാതിപ്പൊരുള്‍' വ്യക്തമാക്കുന്നുണ്ട്. 

യോനി എന്ന വാക്കിന്റെ അര്‍ഥം ചോദിച്ച ചെറുകാടിനെ അധ്യാപകന്‍ ശാസിച്ചു

ലൈംഗികത വിലക്കപ്പെട്ട ക്ലാസ്മുറികള്‍
തൊള്ളായിരത്തിമുപ്പതുകളില്‍ ജനിച്ച് നാല്‍പതുകളിലും അമ്പതുകളിലും സ്‌കൂള്‍ കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രമുഖ സാഹിത്യ നിരുപകനായിരുന്ന കെ പി അപ്പന്റെ ആത്മകഥയിലെ ഗുരുക്കന്മാരും വിദ്യാലയങ്ങളും സവിശേഷമായ ചില ചിന്തകള്‍ പകരുന്നുണ്ട്. ആലപ്പുഴ സനാതനധര്‍മവിദ്യാലയത്തില്‍ പഠിച്ച അപ്പന്‍ അക്കാലത്തെ ചില സ്‌കൂളനുഭവങ്ങളിലൂടെയാണ് തന്റെ വായന രൂപപ്പെട്ടതെന്നു നിരീക്ഷിക്കുന്നു. കതിരിന്മേല്‍ വളം വച്ചിട്ടുകാര്യമില്ലെന്നുള്ളത് മലയാളത്തിലെ പറച്ചിലാണ്. ചെറുപ്പത്തിലേ ശരിയായ വിധത്തിലുള്ള അഭ്യാസം കിട്ടിയെങ്കിലേ മുതിരുമ്പോഴും ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാനാവുകയുള്ളൂവെന്നാണ് ഈ പറച്ചിലിന്റെ അടിസ്ഥാനം. ചെറുപ്പത്തില്‍ നല്ല വായനാശീലമുണ്ടെങ്കില്‍ മുതിരുമ്പോഴും നല്ല വായനാശീലമുണ്ടാകും. കുട്ടിക്കാലത്ത് കിട്ടുന്ന ബോധ്യങ്ങളുടെ തുടര്‍ച്ചയാണ് വളരുമ്പോഴും എന്നൊക്കെയുള്ള ചിന്തകളെയും നമ്മുടെ വിദ്യാഭ്യാത്തിന്റെ, ക്ലാസ് മുറിയുടെ പ്രത്യയശാസ്ത്രപരതയെ വെളിപ്പെടുത്തുന്നുണ്ട് അപ്പന്റെ വിദ്യാലയ സ്മരണകള്‍. 

ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്ന അപ്പന് ഒരിക്കല്‍ തോമസ് മന്നിന്റെ 'വിശുദ്ധപാപി' എന്നനോവല്‍ ലഭിച്ചു. ഇതുമായി അദ്ദേഹം ക്ലാസില്‍ പോയി. അദ്ദേഹം എഴുതുന്നു നോവല്‍ ലൈംഗികപാപത്തിന്റെ കഥയാണെന്നു പുറംചട്ടയില്‍ എഴുതിയിട്ടുണ്ടായിരുന്നു. 'അശ്ലീലഗ്രന്ഥം ക്ലാസില്‍കൊണ്ടുചെന്ന എന്നെ കൈമള്‍സാര്‍ കൈയോടെ പിടികൂടി. ഒരുപാട് വഴക്കു പറഞ്ഞു. അപ്പോള്‍ അതുവഴി കടന്നുവന്ന മണി അയ്യര്‍സാറിനെ പുസ്തകം കാണിച്ചു. അദ്ദേഹവും എന്ന ഒരുപാട് ശാസിച്ചു. പിന്നീട് എന്നെയും തൊണ്ടിസാധനമായ വിശുദ്ധപാപിയെയും കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. എല്ലാവരുംകൂടി വഴക്കുപറഞ്ഞു. അധ്യാപകരുടെ കണ്ണുകള്‍ ആ പുസ്തകത്തെ ശീഘ്രം പിന്തുടരുന്നുണ്ടായിരുന്നു. മണിഅയ്യര്‍സാര്‍ രൂക്ഷമായ ഒരു നോട്ടംകൊണ്ട് എന്നെ ദഹിപ്പിച്ചു. അതോടെ ഞാന്‍ വായിച്ചു മനസില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ ഒറ്റയടിക്കു കത്തിപ്പോയി. വല്ലാച്ചാതിയും സ്റ്റാഫ് റൂമില്‍ നിന്നു രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്. കുറേനേരം കഴിഞ്ഞാണ് എന്നെ വിട്ടയച്ചത്. എന്നാല്‍ പുസ്തകം തന്നില്ല'. 

ഇതിനു സമാനമായ ഒരനുഭവം യു സി കോളേജില്‍ അധ്യാപകനായിരിക്കുമ്പോള്‍ ഉണ്ടായതായും അദ്ദേഹം കുറിക്കുന്നുണ്ട്. ലേഡിചാറ്റര്‍ലിയുടെ കാമുകനെന്ന നോവല്‍ സ്റ്റാഫ് റൂമില്‍ വച്ചുവായിച്ചപ്പോള്‍ അതുകണ്ട പുരോഹിതനായ അധ്യാപകന്‍ നോവലിന്റെ പേരുകേട്ട് നടുങ്ങിയതായും തുറിച്ചുനോക്കിയതായും അദ്ദേഹം പറയുന്നു. അപ്പന്‍ ഏറെ തീവ്രതയോടെ ഇത്തരം വിലക്കപ്പെട്ട നോലുകള്‍ വായിക്കുകയും തന്റെ ബൗദ്ധികജീവിത്തിന്റെയും സൗന്ദര്യശിക്ഷണത്തിന്റെയും അടിസ്ഥാനമാക്കി അവയെ മാറ്റുകയും ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. സ്‌കൂളില്‍ വച്ച് അധ്യാപകര്‍ വായിക്കുരുതെന്നു പറഞ്ഞ നോവലുകളെ വായിച്ച് തന്റെ പില്‍ക്കാല ജീവിതത്തിന്റെ അടിത്തറ അദ്ദേഹം രൂപപ്പെടുത്തുകയാണ്. കടുപ്പമേറിയ വിശ്വാസത്തെ സൗന്ദര്യമാക്കി മാറ്റുന്ന, സദാചാര ധ്വംസനമാണ് ലൈംഗികനോവലുകള്‍ എന്നദ്ദേഹം എഴുതുന്നുണ്ട്. അതായത് സ്‌കൂള്‍വിദ്യാഭ്യാസകാത്തെ അധ്യാപക ശാസനത്തിനു വിരുദ്ധമായി സഞ്ചരിക്കുന്നതിലൂടെയാണ് അദ്ദേഹത്തിന്റെ വായന ബലപ്പെടുന്നത്.

ഇത്തരത്തില്‍ അക്കാലത്തെ ക്ലാസമുറികളില്‍ കടുത്ത ലൈംഗിക വിരുദ്ധതയും സദാചാരപാഠങ്ങളും ശക്തമായി പ്രവര്‍ത്തിക്കുന്നതായിക്കാണാം. ലൈംഗിക നോവലുകള്‍ മാത്രമല്ല ഇന്ദുലേഖപോലെയുള്ള മലയാളത്തിലെ അംഗീകൃതങ്ങളായ സൃഷ്ടിികള്‍പോലും ക്ലാസ്മുറികളില്‍ അനുവദനീയമായിരുന്നില്ലെന്നു പലരും എഴുതയിട്ടുണ്ട്. കുട്ടികള്‍ അതിനാല്‍ ഒളിച്ചും പാത്തുമായിരുന്നു ഇവ വായിച്ചിരുന്നത്രേ. അക്കാലത്തെ ഏറ്റവും വിലക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നായിരുന്നു തകഴി, ബഷീര്‍ മുതലായവര്‍ ചേര്‍ന്നെഴുതിയ അഞ്ചുചീത്തക്കഥകളെന്ന പുസ്തകം. പുസ്തകങ്ങള്‍ക്കുമാത്രമല്ല ശരീരസംബന്ധിയായ സംശയങ്ങള്‍ക്കും വിലക്കായിരുന്നുവെന്ന് എഴുത്തുകാരനായ ചെറുകാടിന്റെ ക്ലാസ്മുറി അനുഭവങ്ങള്‍ കാട്ടിത്തരുന്നുണ്ട്. 

യോനി എന്ന വാക്കിന്റെ അര്‍ഥം ചോദിച്ച ചെറുകാടിനെ അധ്യാപകന്‍ ശാസിച്ചു. എന്നാല്‍ അദ്ദേഹം നിരന്തരം ചോദിച്ചപ്പോള്‍ സഹിക്കവയ്യാതെ ഒരു കടലാസില്‍ ഉത്തരം എഴുതിക്കൊടുത്തത്രേ. ഇതുപറഞ്ഞിട്ട് ചെറുകാട് പറയുന്നുണ്ട്, ഇത് തന്റെ അടുത്ത വീട്ടിലെ അപ്പനും മക്കളും ഒന്നിച്ചിരിക്കുമ്പോള്‍ ഉറക്കെ പറയുന്ന കാര്യങ്ങളാണ് ഇവയെന്ന്. ലൈംഗിക പരാമര്‍ശമുള്ള കവിതകളും മറ്റും പഠിപ്പിക്കാതെ അലസമായി വായിച്ചു വിടുകയും ഇതൊന്നും ശരിയല്ലെന്നു ക്ലാസ്മുറികളില്‍ത്തന്നെ അധ്യാപകര്‍ പറയുകയും ചെയ്തുകൊണ്ടിരുന്നു. തിരുവിതാംകൂറിലെ ബുക്ക് കമ്മറ്റി സ്‌കൂളില്‍ പഠിപ്പിക്കാനായി വച്ച കവിതയിലെ 'മാരക്രീഡ' പരാമര്‍ശങ്ങള്‍ തങ്ങളെ പഠിപ്പിച്ച അധ്യാപകന്‍ ഒഴിവാക്കിയതും ഇത്തരം കവിതകള്‍ ഉള്‍പ്പെടുത്തിയ കമ്മറ്റിയെ ആക്ഷേപിക്കുകയും ചെയ്തത് എ പി ഉദയഭാനു അദ്ദേഹത്തിന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ശരീരം, ലൈംഗികത എന്നിവയെ ക്ലാസ് മുറിയില്‍ നിന്നു മാറ്റിനിര്‍ത്തുന്ന സംസ്‌കാരമാണ് അക്കാലത്തെ സൃഷ്ടിച്ചിരുന്നത്. ലൈംഗികത പാപമായും അതില്ലാത്ത വിശുദ്ധ ഇടമായി ക്ലാസ്മുറിയും നിര്‍വചിക്കപ്പെടുന്നു. അധ്യാപകര്‍/ ഗുരുക്കള്‍ ഈ പാപമില്ലാത്ത 'ദൈവികജ്ഞാനത്തിന്റെ' പുരോഹിതരാക്കപ്പെടുന്നു. അതിനാല്‍ വിദ്യാഭ്യാസമെന്നത് ലൈംഗികതയെന്ന പാപം പഠിപ്പിക്കാത്ത ഇടമാണെന്നും അത്തരം പാപത്തെ വിദ്യാര്‍ഥികളുടെ മനസില്‍നിന്നും നീക്കി ശുദ്ധമാക്കുന്ന പ്രവര്‍ത്തനമാണെന്നും ഉറപ്പിക്കുന്നു. 

ശരീര ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങളും ശീലങ്ങളും നിര്‍മിക്കേണ്ടിയിരിക്കുന്നു. 

വിശുദ്ധ ക്ലാസ്മുറികളിലെ അശ്ലീലതമാശകള്‍
ഇത്തരം ലൈംഗികതാ വിരുദ്ധമായ സദചാരപാഠത്തിലൂടെ രൂപപ്പെടുന്ന അധ്യാപകര്‍ എങ്ങനെയാണ് തങ്ങളുടെ വിജ്ഞാനത്തെ രൂപപ്പെടുത്തിയിരുന്നതെന്ന പ്രശ്‌നവും കെ പി അപ്പന്റെ ഓര്‍മകളില്‍ കാണാം. മിക്ക അധ്യാപകരും വിശേഷിച്ച് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ ലൈംഗികതയെ 'അശ്ലീല'മാക്കി പരിഹാസത്തിനു ഉപയോഗിച്ചിരുന്നവരാണെന്നുള്ളതാണ്. ക്ലാസ്മുറികളിലെ എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളെന്നത് ഈ അശ്ലീലം പുരണ്ടവയായിരിക്കും. സഹപ്രവര്‍ത്തകരായ ചന്ദ്രശേഖരന്‍, വേലുപ്പിള്ള ശാസ്ത്രി തുടങ്ങിയ അധ്യാപകരെക്കുറിച്ചുള്ള വര്‍ണന ഇപ്രകാരമാണ്.  

'വാത്സ്യായന വിഷയങ്ങള്‍ ബൗദ്ധികഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച് ക്ലാസില്‍ ചിരിയുടെ വനമഹോത്സവങ്ങള്‍ തീര്‍ക്കുകയായിരുന്നു വേലുപ്പിള്ള ശാസ്ത്രി എന്ന അധ്യാപകന്‍. അതേസമയം ചന്ദ്രശേഖരനാവട്ടെ രതിഭാവംകൊണ്ട് ബൗദ്ധിക പ്രഹസനം സൃഷ്ടിക്കുകയായിരുന്നു'

ലൈംഗികതാ പരാമര്‍ശങ്ങളിലൂടെ അശ്ലീലംവിടര്‍ത്തി ചിരി സൃഷ്ടിച്ച് വിദ്യാര്‍ഥികളെ ആനന്ദിപ്പിക്കുകയായിരുന്നു പലരുമെന്നാണ് സൂചിതം.  അഥവാ ജനപ്രിയരായ അധ്യാപകരുടെ ക്ലാസ്മുറിസമീപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് അക്കാലത്തെ പുരുഷസദാചാരമായിരുന്നു. അശ്ലീലത്തിലൂടെ ചിരിക്കാനുള്ള വിഭവമായി ലൈംഗികതയെ ഉപയോഗിക്കുകയും എന്നാല്‍ ലൈംഗികതയെ മറച്ചുവയ്ക്കുകയും ചെയ്യുന്ന സംസ്‌കാരം. വാത്സ്യായന വിഷയങ്ങളെന്ന പ്രയോഗം ശ്രദ്ധേയമാണ്. കാമസൂത്രം പറഞ്ഞിരുന്നത് ലൈംഗികതയെ പുരുഷന്റെ സുഖത്തിനായി സ്ത്രീയെ ഉപഭോഗിക്കുന്നതാണ്. അതാണ് നമ്മുടെ ക്ലാസ് മുറികളിലെ ചിരിയുടെ ഒരടിസ്ഥാനമെങ്കില്‍ ജനാധിപത്യവിരുദ്ധമായ, പുരുഷാധിപത്യപരമായ ലൈംഗികസങ്കല്പങ്ങളുടെ ആവര്‍ത്തനത്തിലൂടെ ആണിനുമാത്രം മനസിലാകുന്ന, പെണ്ണിന് നാണം സൃഷ്ടിക്കുന്ന വിഷയമാക്കി ലൈംഗികതയെ അവതരിപ്പിച്ച് നുണയുകയാണ് ഇത്തരം ക്ലാസ്മുറികളെന്നു സാരം. ഭാഷാക്ലാസ് മുറികളാണ് ഇത്തരത്തില്‍ ഏറെ ഉപയോഗിക്കപ്പെട്ടതെന്നു വ്യക്തം. ശാകുന്തളംപോലുള്ളവ പഠിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ കാമസൂത്രപ്രയോഗങ്ങളുടെ കൂത്തരങ്ങായി ക്ലാസ് മുറികള്‍ മാറുന്നത് ഇന്നത്തെയും അനുഭവമാണ്. കമ്പിക്കഥകള്‍ അഥവാ അശ്ലീലസാഹിത്യമെന്നു മുദ്രയടിക്കപ്പെട്ടവയിലെ പുല്ലിംഗകേന്ദ്രീകൃതമായ ലൈംഗികഭാവനകളുടെ അതിശയോക്തികളുടെ പ്രചരണപ്പലകയാണ് നമ്മള്‍ ഏറെ ആരാധിക്കുന്ന അധ്യാപകന്റെ അധ്യാപന മൂലധനമെന്നത്. തന്റെ വിജ്ഞാനംകൊണ്ട് ഇത്തരം കാര്യങ്ങളെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കാതെ നിലവിലെ അറിവുകളെല്ലാം 'പ്രകൃതിദത്തമാണെന്നും' അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കല്‍പിക്കുകയാണ് അയാള്‍. 

അധ്യാപകര്‍ക്കു 'തെറിപറയാന്‍' അവകാശം ഉണ്ടായിരിക്കുകയും എന്നാല്‍ വിദ്യാര്‍ഥികളുടെ ലൈംഗികതസംബന്ധിച്ച് പ്രശ്‌നങ്ങളെ സദാചാരചൂരല്‍കൊണ്ട് അടിച്ചമര്‍ത്തുകയും ചെയ്തിരുന്ന പ്രവര്‍ത്തനമാണ് നമ്മുടെ നവോത്ഥാന, നവോത്ഥാനാനന്തര ക്ലാസ്മുറികളെ വിശുദ്ധഇടമാക്കി നിര്‍വചിച്ചതെന്നു കാണാം. മിക്കവരുടെയും അധ്യാപകസ്മരണകളില്‍ ഇങ്ങനെ തമാശകള്‍ പറ!ഞ്ഞിരുന്ന അധ്യാപകരെ നല്ലപോലെ അനുസ്മരിക്കുന്നതും കാണാം. തമാശയൊക്കെ പറഞ്ഞ് കുട്ടികളെ ആഹ്ലാദിപ്പിക്കുന്നവരാണ് ജനപ്രിയരായ അധ്യാപകരെന്നുള്ള വഴക്കം എല്ലാവരിലും കാണാം. അവര്‍ പറയുന്ന തമാശകളുടെ കേന്ദ്രം മിക്കപ്പോഴും ഇത്തരത്തിലുള്ള പുരുഷകേന്ദ്രീകൃതമായ, ആണ്‍കുട്ടികള്‍ക്കു മാത്രം പൂര്‍ണമായും മനസിലാകുന്ന ലൈംഗികതയാണെന്നും പറയാം.  അങ്ങനെ ലൈംഗികതയെന്നത് പരിഹാസത്തിനും ചിരിക്കും വിധേയമാകുന്ന ഒന്നാണെന്നും അതങ്ങനെ ഒളിപ്പിച്ചു ഗൂഢമായി സംസാരിക്കണമെന്നും പഠിപ്പിച്ചത് നമ്മുടെ പുരുഷാധ്യാപകരുടെ ക്ലാസ്മുറികളാണ്. 

നിരവധി വനിതാ അധ്യാപകരുടെ സ്മരണകള്‍ ലഭ്യമാണെങ്കിലും ഇപ്പോള്‍ അവയിലൊന്നിലും ഇത്തരത്തിലൊന്ന് കാണില്ല. ലൈംഗികതയെ ഇങ്ങനെ ചിരിപ്പിക്കുന്ന വിഷയമായി ആണ്‍സാറുമാര്‍ അവകാശമായി കൊണ്ടുനടന്നതെന്തുകൊണ്ടാണ്? നമ്മുടെ നവോത്ഥാനം സൃഷ്ടിച്ച പുരുഷകേന്ദ്രീകൃതമായ ക്ലാസ്മുറികളുടെ യുക്തികള്‍ ഇവിടെ വെളിപ്പെടുന്നു. ലൈംഗികതയെ പുരുഷസാറുമാര്‍ തമാശയായി ആഘോഷിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലെ ചെറിയ വ്യതിയാനംപോലും അസഹനീയമായിക്കണ്ട് അടിച്ചമര്‍ത്തുന്നവരാണ് സ്ത്രീകളായ അധ്യാപകരെന്നാണ് കാണുന്നത്. കുട്ടികളുടെ പ്രണയചേഷ്ടകള്‍പോലും കഠിനമായി വിലക്കുന്നവര്‍. പരസ്പരപൂരകമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തെ ശരീരമുക്തമാക്കുകയായിരുന്നു ഈ ആണ്‍ പെണ്‍ ഗുരുക്കന്മാര്‍. ഇത്തരം ലൈംഗിക വിരുദ്ധത ഉല്പാദിപ്പിച്ചു നിര്‍മിച്ചതാണ് സ്‌കൗട്ട് ഗൈഡ്‌സ് പോലുള്ള പ്രസ്ഥാനങ്ങള്‍. കുട്ടികളിലെ 'ചീത്ത'കളെ ഇല്ലായ്മചെയ്ത് 'നല്ലതു'കളെ വളര്‍ത്താനും ദേശസ്‌നേഹമായി പരിവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ട് ശരീരത്തെ പാകപ്പെടുത്താന്‍വേണ്ടി. ഇതായിരുന്നു ഹോസ്റ്റലുകളിലും മറ്റും നടന്നതും. ശരീരം കാണുമെന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍മാത്രം കുളിച്ചാല്‍ മതിയെന്ന ചിട്ടകളുണ്ടായിരുന്ന ക്രൈസ്തവ പെണ്‍ ബോര്‍ഡിംഗുകള്‍ ഉണ്ടായിരുന്നുവത്രേ.

അശ്ലീലംവിടര്‍ത്തി ചിരി സൃഷ്ടിച്ച് വിദ്യാര്‍ഥികളെ ആനന്ദിപ്പിക്കുകയായിരുന്നു

വേണ്ടത് ശരീര ജനാധിപത്യത്തിന്റെ പുതിയ ക്ലാസ്മുറികള്‍    
കേരളത്തിന്റെ ആധുനികതയെയും അതിലെ വിദ്യാഭ്യാസത്തെയും സാധ്യമാക്കിയത് കൊളോണിയലിസവും മിഷനറിമാരുമാണെന്നും അവര്‍ അവരുടെ നാട്ടിലെ വിക്‌ടോറിയന്‍ സദാചാരം ഇവിടെ അതിലൂടെ അവതരിപ്പിക്കുകയായിരുന്നുവെന്നും വസ്തുതയാണ്. കേരളത്തിലെ നമ്പൂതിരിമാര്‍ ഒഴിച്ചുള്ളവരുടെ ഇടയില്‍ നിലനിന്ന  ലിംഗപരമായ അയവുകളും ലൈംഗികമായ പ്രദര്‍ശനപരതയും പാടേ വിലക്കിയും ശരീരം കാണുന്നതുപോലും പാപമാണെന്ന ചിന്ത അടിച്ചേല്പിച്ചു. വസ്ത്രം ധരിക്കാത്ത കേരളീയ സ്ത്രീ പുരുഷ ശരീരങ്ങളെ വസ്ത്രംകൊണ്ട് മൂടി  ശരീരത്തിന്റെ ചെറിയ പ്രദര്‍ശനംപോലും അപകടമാണെന്നും, വിശേഷിച്ച് സ്ത്രീകളുടേത്, നിരന്തരം ആവര്‍ത്തിച്ചു. ലൈംഗികതയെന്നത് വീടിനുള്ളിലെ സ്വകാര്യതയില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ നിര്‍വഹിക്കേണ്ടുന്ന, സന്താനോല്‍പാദനലക്ഷ്യം മാത്രമുള്ള രഹസ്യകര്‍മമാണെന്നു പഠിപ്പിച്ചു. അങ്ങനെ ശരീരവും ലൈംഗികതയും വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളുടെ ദയവിനാല്‍ മാത്രം സാധ്യമാകേണ്ടുന്ന ഒന്നായി അമര്‍ത്തിയ ആധുനികത/ നവോത്ഥാന ചിന്തകള്‍ അതിനുള്ള ഉപകരണമായിട്ടാണ് വിദ്യാഭ്യാസത്തെ കണ്ടത്. 

അങ്ങനെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തീയും പടക്കവും പോലെ ചേര്‍ന്നാല്‍ പൊട്ടിത്തെറിക്കുന്നവരാണെന്നുറപ്പിക്കുകയും അതിനാല്‍ അവരെ അകറ്റിനിര്‍ത്തണമെന്നു പഠിപ്പിക്കയും ചെയ്തു. അതിനായി പെണ്‍സ്‌കൂളും ആണ്‍സ്‌കൂളും കേരളത്തിന്റെ എല്ലായിടത്തും സ്ഥാപിച്ചു. ആണും പെണ്ണും 'പ്രകൃതിദത്തമായി' വ്യത്യസ്തരാണന്നും അവര്‍ക്ക് വ്യത്യസ്തമായ കര്‍മമാങ്ങളാണെന്നും സ്ത്രീയെ വീടുമായി ബന്ധപ്പെട്ട ശീലങ്ങളേറെ പഠിപ്പിക്കണമെന്നും ആവര്‍ത്തിച്ചു. ചാരിത്ര്യംപോലുള്ളവയെ ഉദാത്തീകരിച്ച് സ്ത്രീയെ വീടിനുള്ളിലും ആണിനെ വീടിനെ സംരക്ഷിക്കുന്ന ലൈംഗികതയിലും മറ്റും സ്വാതന്ത്ര്യമുള്ളവനായും നിര്‍വചിച്ചു. അങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ ആണാണ് കര്‍ത്താവെന്നും പെണ്ണ് പുരുഷന്‍ നല്‍കുന്നവ ഏറ്റുവാങ്ങുന്നവാളാണെന്നുമുള്ള അറിവുകളുടെ ആഘോഷത്തിലാണ് നമ്മുടെ ഗുരുക്കന്മാരുടെ ക്ലാസുകള്‍ ആരംഭിക്കുന്നത്. അവര്‍ വാത്സ്യായന ഹാസ്യങ്ങള്‍ ക്ലാസില്‍ വാരിവിതറുന്നത്. കാമസൂത്രഭാഷ്യങ്ങള്‍ ചിരിപ്പിക്കാനുള്ള വിഷയമാക്കിയ ഗുരുക്കന്മാരുടെ ക്ലാസുകളില്‍ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദ,പ്രണയാദികാര്യങ്ങള്‍ വിലക്കപ്പെട്ടിരുന്നു. അത്തരത്തിലുള്ള പുസ്തകങ്ങളുടെ വായനയും ചിന്തയും നിരോധിക്കപ്പെട്ടിരുന്നു.

ഇവിടെയാണ് ഇനി വഴിമാറിച്ചിന്തിക്കേണ്ടത്, നമ്മുടെ നവോത്ഥാനം സൃഷ്ടിച്ച ഈ ഉദാത്ത ക്ലാസ് മുറികളെ നാം പൊളിച്ചു കളയേണ്ടിയിരിക്കുന്നു. ഈ ഗുരുക്കന്മാരുടെ പാരമ്പര്യത്തെയും റദ്ദാക്കേണ്ടിയിരിക്കുന്നു. ശരീരത്തെ ഭീതിയില്ലാതെ കാണുന്ന, തൊടുന്ന, സ്പര്‍ശിക്കുന്ന,  ശരീരങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തെ സൃഷ്ടിക്കുന്ന പുതിയ ക്ലാസ്മുറികളെയും ബൗദ്ധികാന്തരീക്ഷത്തെയും നാം പണിതുയര്‍ത്തേണ്ടിയിരിക്കുന്നു. പുല്ലിംഗകേന്ദ്രീകതമായ സദാചാരശിക്ഷണങ്ങളെ റദ്ദാക്കുന്ന, പെണ്ണും ആണും മാത്രമുള്‍പ്പെടുന്ന ദ്വിലിംഗരീതിയെ ബഹുലിംഗസംസ്‌കാരത്തിലേക്കു വഴിമാറ്റുന്ന ശരീര ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങളും ശീലങ്ങളും നിര്‍മിക്കേണ്ടിയിരിക്കുന്നു. 

സഹായക ഗ്രന്ഥങ്ങള്‍:
കെ പി അപ്പന്‍: തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്, ഡി സി ബുക്‌സ്
എസ് ഗുപ്തന്‍നായര്‍: മനസാസ്മരാമി, ഡി സി ബുക്‌സ്
ചെറുകാട: ജീവിതപ്പാത, കറന്റ് ബുക്‌സ്
എ പി ഉദയഭാനു: എന്റെ കഥയും അല്‍പം, ഡി സി ബുക്‌സ്
തകഴി: ആത്മകഥ, ഗ്രീന്‍ബുക്‌സ്

.................................................................

ദീപ സൈറ: ആലിംഗനം ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
ആമി അലവി: എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?
വി.എം ഗിരിജ: ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...

 

click me!