Latest Videos

അമര്‍സിംഗ് ഒരിക്കലും  പാക്കിസ്ഥാനില്‍ പോയിട്ടില്ല!

By Yasmin N KFirst Published May 8, 2017, 12:55 PM IST
Highlights

സിയാല്‍ കോട്ടിനു മുകളിലൂടെ കടന്നു പോയ ആ വര, അമര്‍ സിങ്ങിന്റെ മുത്തച്ചന്റെ വീട് രണ്ടായി പകുത്തു. അടുക്കള ഉള്‍പ്പെടെ ഒരു ഭാഗം പാകിസ്ഥാനിലും മുന്‍ വശവും മുറികളും ഇന്ത്യയിലും!

തുമാരാ നാം ക്യാഹേ, ഓണം ഏക് ദേശീയ ത്യോഹാര്‍ ഹേ തുടങ്ങിയ എന്റെ ഹിന്ദി പാണ്ഡിത്യം കൊണ്ട് ഇവിടെ  ജീവിച്ച് പോകാനാകില്ലെന്ന് ആഗ്രയില്‍ കാലു കുത്തിയ ആദ്യ ദിവസം  തന്നെ മനസ്സിലായി. കുത്തും കോമയും നീട്ടലുമൊന്നുമില്ലാത്ത പച്ച ഹിന്ദിയായിരുന്നു മുഴുവനും. ചന്തയില്‍ പോയി പച്ചക്കറിക്ക് വില പേശിയും വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീകളോട് നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞും ഞാനത് വേഗം പഠിച്ചെടുത്തു. അമര്‍ സിങ്ങായിരുന്നു ഇക്കാര്യത്തില്‍ എന്റെ ഗുരു.

ആഗ്രയില്‍ വന്നത് മുതല്‍ അമര്‍ സിങ്ങിന്റെ കടയില്‍ നിന്നാണ് ഞാന്‍ സാധനങ്ങള്‍ വാങ്ങാറ്.  ആദ്യമൊക്കെ വലിയ വിഷമമായിരുന്നു. സാധനങ്ങളുടെയൊന്നും ഹിന്ദി വാക്കുകള്‍ അറിയില്ല. മറ്റുള്ളവര്‍ വാങ്ങുന്നത് നോക്കി നിന്ന് 'ഏക് കിലോ മുജേ ഭി, ഹാഫ് കിലൊ മുജേ ഭീ' എന്ന് പറയുന്ന എന്നെ കാണുമ്പോള്‍ അമര്‍ സിങ് ചിരിക്കും. അന്നേരമാണു പണ്ട് ഹിന്ദി ക്ലാസ്സുകള്‍ ബങ്ക് ചെയ്തതിന്റെ കുറ്റബോധം ഞാന്‍ അനുഭവിക്കുക. ക്ലാസ്സില്‍ കയറാതെ മുങ്ങി നടക്കുകയും പരീക്ഷക്ക് മുന്നെ ഏതേലും ഗൈഡ് വാങ്ങി പഠിച്ച് പരീക്ഷ പാസാകുകയുമായിരുന്നു അന്നത്തെ രീതി. 

'പലായനം ഞങ്ങളുടെ കൂടെയുള്ളതാണ്, വിധി! ഓടിക്കൊണ്ടേയിരിക്കലാണ് ഞങ്ങളുടെ ജീവിതം'

1984 ലെ ഇന്ദിരാ വധവും തുടര്‍ന്നുണ്ടായ സിക്ക് കൂട്ടക്കൊലയുടേയും കലാപത്തിന്റേയും നാളുകളില്‍ ഡല്‍ഹിയില്‍ നിന്നും താരതമ്യേന ശാന്തമായ ആഗ്രയിലേക്ക് കുടിയേറിയതാണു അമറും കുടുംബവും.

'പലായനം ഞങ്ങളുടെ കൂടെയുള്ളതാണ്, വിധി! ഓടിക്കൊണ്ടേയിരിക്കലാണ് ഞങ്ങളുടെ ജീവിതം'-എന്ന് പറഞ്ഞ് അമര്‍ വലിയ വയര്‍ കുലുങ്ങ് മാറ് പൊട്ടിച്ചിരിക്കും.

അമര്‍ സിങ്ങിന്റെ മാതാപിതാക്കളും മറ്റ് ബന്ധുക്കളുമൊക്കെ പഞ്ചാബിലെ ഗുരുദാസ് പൂരിലാണ്. 

 1947 ല്‍ സര്‍ സിറിള്‍ റാഡ്ക്ലിഫ്,  കൈയിലിരുന്ന പെന്‍സില്‍ കൊണ്ട് മേശപ്പുറത്ത് തന്റെ മുന്നില്‍ നിവര്‍ത്തി വെച്ച മാപ്പില്‍ ഒരു വര വരച്ചു.  താന്‍ വിഭജിക്കാന്‍ പോകുന്ന ഭൂഭാഗങ്ങള്‍ ഒന്നു മുഴുവനായ് കാണാനുള്ള സാവകാശമൊന്നും അദ്ദേഹത്തിനു കിട്ടിയിരുന്നില്ല.

സിയാല്‍ കോട്ടിനു മുകളിലൂടെ കടന്നു പോയ ആ വര, അമര്‍ സിങ്ങിന്റെ മുത്തച്ചന്റെ വീട് രണ്ടായി പകുത്തു. അടുക്കള ഉള്‍പ്പെടെ ഒരു ഭാഗം പാകിസ്ഥാനിലും മുന്‍ വശവും മുറികളും ഇന്ത്യയിലും!

വിട്ട് പോരേണ്ടിവന്ന വീടിനേയും നാടിനേയും പറ്റിയുള്ള ഒടുങ്ങാത്ത ഉള്ളുരുക്കത്തോടെ തന്നെയാണ് മുത്തച്ഛന്‍ മരിച്ചതും.

പിന്നീട് ഉള്ളതെല്ലാം പെറുക്കി കെട്ടി ഒരു പലായനമായിരുന്നു. ചരിത്രം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹം. സമാനകളില്ലാത്ത മഹാ ദുരന്തം. നെഹ്രുവും പട്ടേലും ജിന്നയും അടക്കമുള്ള വിഭജനവാദികള്‍ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ വാഗാ അതിര്‍ത്തിയിലൂടെ   ലക്ഷക്കണക്കിന് മനുഷ്യര്‍ അന്യോന്യം കടന്നു പോയിക്കൊണ്ടിരുന്നു. ദു;ഖം കൊണ്ടും പട്ടിണി കൊണ്ടും അവശത കൊണ്ടൂം കോടിപ്പോയ കുറേ മനുഷ്യര്‍. ഒരു വരി അങ്ങോട്ടും, ഒരു വരി ഇങ്ങോട്ടും. നിശ്ശബ്ദത ഭേദിച്ച് കൊണ്ട് ഇടക്കുയരുന്ന ആര്‍ത്തനാദങ്ങള്‍, ആര്‍പ്പു വിളികള്‍, അട്ടഹാസങ്ങള്‍. അവരില്‍ പലര്‍ക്കും സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയുമായിരുന്നില്ല. 

 കടയില്‍ ആളില്ലാത്ത നേരമാണെങ്കില്‍ അമര്‍ സിങ് പഴയ കഥകള്‍ പറയും. അയാളുടെ പൂര്‍വ്വികരുടെ ജീവിതങ്ങള്‍. പഞ്ചാബിലെ ഗോതമ്പ് പാടങ്ങളെ കുറിച്ചും കടുക് പാടങ്ങളെ കുറിച്ചും ഉറക്കെ കവിതകള്‍ ചൊല്ലും. ഗൃഹാതുരതയുടെ കാര്യത്തില്‍ പഞ്ചാബിയും ഒട്ടും മോശമല്ല തന്നെ.

അമര്‍സിംഗ് ഒരിക്കലും പാകിസ്ഥാനില്‍ പോയിട്ടില്ല. മുത്തച്ഛന്‍ പറഞ്ഞ് കേട്ട അറിവേയുള്ളു അമര്‍സിംഗിന്. വിട്ട് പോരേണ്ടിവന്ന വീടിനേയും നാടിനേയും പറ്റിയുള്ള ഒടുങ്ങാത്ത ഉള്ളുരുക്കത്തോടെ തന്നെയാണ് മുത്തച്ഛന്‍ മരിച്ചതും.

ഇക്കാണുന്ന കമ്പി വേലികളൊക്കെ കെട്ടപ്പെട്ടിരിക്കുന്നത്  മണ്ണിലല്ല, മനസ്സുകളിലാണ്!

ഒരു കാലത്ത് സ്വന്തക്കാരും ബന്ധക്കാരുമൊക്കെയായി കൊണ്ടും കൊടുത്തും സ്‌നേഹത്തില്‍  കഴിഞ്ഞവര്‍ തന്നെയാണ് ഇന്നു കൊടുംശത്രുക്കളെ പോലെ പരസ്പരം പോര്‍വിളി നടത്തുന്നത്. എന്തിനു വേണ്ടിയിട്ടാണെന്ന് കൂട്ടിയും കിഴിച്ചുംനോക്കിയാലും ഒരുത്തരവും ഇല്ല.

അതിര്‍ത്തികളില്‍ മുട്ടിത്തിരിയാത്ത രാജ്യങ്ങള്‍. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് നിര്‍ബാധം കടന്നു പോകുന്ന ജനങ്ങള്‍. ഒരു സഞ്ചാരിയുടെ എന്നത്തെയും സ്വപ്‌നം. 

പക്ഷെ വാഗ ബോര്‍ഡറിലെ കസര്‍ത്ത് കണ്ട് നില്‍ക്കുമ്പോള്‍ കയ്‌പ്പോടെ കടന്ന് വരുന്ന ഒരു തിരിച്ചറിവുണ്ട്-ഇക്കാണുന്ന കമ്പി വേലികളൊക്കെ കെട്ടപ്പെട്ടിരിക്കുന്നത്  മണ്ണിലല്ല, മനസ്സുകളിലാണ്!

 

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

കുടജാദ്രിയിലേക്കുള്ള വഴി!

ബസ് യാത്രകളില്‍ ഒരു സ്ത്രീ  ഏറ്റവും ഭയക്കുന്ന നിമിഷം!

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, മഞ്ഞറിയുമ്പോള്‍ ഒരുവള്‍ കുട്ടിക്കാലം തൊടുന്നു!

പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!

click me!