ഝാർഖണ്ഡിൽ ഇനി മുതൽ സർക്കാർ ജോലി വേണമെങ്കിൽ പുകയില ഉപേക്ഷിക്കണം

By Web TeamFirst Published Dec 5, 2020, 2:47 PM IST
Highlights

കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിലിൽ സർക്കാർ എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. 

സർക്കാർ ജോലി പലർക്കുമൊരു സ്വപ്നമാണ്. എന്നാൽ, ഝാർഖണ്ഡിൽ ഇപ്പോൾ സർക്കാർ ജോലി കിട്ടണമെങ്കിൽ പഠിച്ച് പരീക്ഷ പാസ്സായാൽ മാത്രം പോരാ, മറിച്ച് പുകയില പൂർണമായും ഉപേക്ഷിക്കുക കൂടി വേണം. സർക്കാർ ഓഫീസുകൾ പുകയില വിമുക്തമാക്കാനും, ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുമായി ഝാർഖണ്ഡ് സർക്കാരാണ് ഈ പുതിയ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. അതും വെറുതെ പറഞ്ഞാൽ പോരാ, രേഖാമൂലം എഴുതി നൽകണം. സർക്കാർ ജോലിയ്ക്ക് അപേക്ഷിക്കുന്നവരും, നിലവിലെ സംസ്ഥാന ജോലിക്കാരുമാണ് പുകവലിക്കുകയോ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകേണ്ടത്.  

ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പുകയില നിയന്ത്രണ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് ഇറക്കിയ പ്രസ്താവന പ്രകാരം, ഈ വ്യവസ്ഥ 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. അതിനുള്ളിൽ സർക്കാർ ജോലികളിലുള്ളവർ പുകയില ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണമെന്നും അതിൽ പറയുന്നു. സ്കൂളുകളിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ ഗുട്ട്ക അല്ലെങ്കിൽ സിഗരറ്റ് വിൽക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിങ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

COVID-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിലിൽ സർക്കാർ എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ പാൻ മസാലയുടെ നിർമ്മാണം, വിൽപ്പന, സംഭരണം എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ മിനിസ്റ്റി എസ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. പാൻ മസാല ചവച്ച് തുപ്പുന്നത് കൊവിഡ് -19 വ്യാപിപ്പിക്കാൻ കാരണമാകുമെന്ന് ഉത്തരവിൽ പറയുന്നു.
 

click me!