
പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും മനുഷ്യരെ ആകർഷിച്ചിരുന്നു. അതിപ്പോൾ പുസ്തകങ്ങളായാലും ശരി, സിനിമകളോ സീരീസുകളോ ആണെങ്കിലും ശരി. ഇപ്പോഴിതാ പ്രശസ്ത സാഹിത്യകാരനും ഡ്രാക്കുളയുടെ രചയിതാവുമായ ബ്രാം സ്റ്റോക്കറുടെ ഒരു പ്രേതകഥ 134 വർഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു.
'ഗിബ്ബെറ്റ് ഹില്‍' എന്ന പ്രേതകഥയാണ് നൂറിലധികം വർഷങ്ങൾക്കുശേഷം വായനക്കാരിലേക്ക് എത്താൻ പോകുന്നത്. ഒരു അമാനുഷിക കഥാപാത്രമാണ് ഈ കഥയിലെ നായകൻ. 1890 -ലാണ് ഒരു ഐറിഷ് ദിനപത്രത്തിൽ ഈ കഥ അച്ചടിച്ച് വരുന്നത്. എന്നാൽ, പിന്നീട് ഇത് എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, ബ്രാം സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇത് ഉൾപ്പെട്ടിരുന്നില്ല.
ഒടുവിൽ ഇപ്പോൾ അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയുടെ ചരിത്രരേഖകളില്‍ നിന്നും ഇത് കണ്ടെത്തുകയായിരുന്നു. സ്റ്റോക്കറുടെ വലിയ ആരാധകൻ കൂടിയായ ചരിത്രകാരൻ ബ്രയാൻ ക്ലിയറിയാണ് ഇത് കണ്ടെത്തിയത്. 1891 -ൽ ഇറങ്ങിയ ഡബ്ലിന്‍ ഡെയ്‌ലി എക്‌സ്പ്രസിൽ ഗിബ്ബെറ്റ് ഹില്ലിനെ കുറിച്ച് ഒരു പരസ്യമുണ്ടായിരുന്നു. പിന്നാലെ, അതുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനൊടുക്കമാണ് രണ്ടാഴ്ച മുൻപുള്ള പത്രത്തിൽ കഥ വന്നിരുന്നു എന്ന് ക്ലിയറി കണ്ടെത്തുന്നത്.
ഈ പ്രേതകഥയിൽ പറയുന്നത് മൂന്നു കുറ്റവാളികൾ ചേർന്ന് കെട്ടിത്തൂക്കിയ ഒരു നാവികന്റെ കഥയാണ്. അതുവഴി കടന്നുപോകുന്ന യാത്രക്കാർക്കുള്ള മുന്നറിയിപ്പായിട്ടാണ് നാവികനെ മൂവരും ചേർന്ന് കെട്ടിത്തൂക്കുന്നത്.
ഡ്രാക്കുള എഴുതുന്നതിന് മൂന്നു വർഷം മുമ്പാണ് ഈ പ്രേതകഥ സ്റ്റോക്കർ എഴുതിയത് എന്നാണ് കരുതുന്നത്. ഈ മാസം 25 മുതല്‍ 28 വരെ ഡബ്ലിനില്‍ നടക്കുന്ന ബ്രാം സ്റ്റോക്കര്‍ ഫെസ്റ്റിവല്ലിൽ 'ഗിബ്ബെറ്റ് ഹില്ലി'ന്റെ ഔദ്യോഗികപ്രകാശനം നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.