
തിരുവനന്തപുരം: മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന 'അക്ഷര മേള 2025' സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും. വൈ എം സി എ യും കേരള ബുക്ക് സ്റ്റോറും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഉദ്ഘാടനം ചെയ്യും.
വൈ എം സി എ യിൽ രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംവാദവും ക്വിസ് മത്സരവും സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് സൈറ ദ ബാൻഡിൻ്റെ സംഗീത വിരുന്നുമുണ്ട്. ജൂണ്‍ 21 ന് കുട്ടികൾക്കായുള്ള സാഹിത്യ മത്സരങ്ങൾ, കഥപറയൽ മത്സരം, സാഹിത്യ ശില്പശാല, എഴുത്തുകാരനായ അമൽദേവുമായി കൂടിക്കാഴ്ച്ച എന്നിവ നടക്കും.
ജൂൺ 22 ഞായറാഴ്ച്ച വർക്ക് ഷോപ്പും എഴുത്തുകാരനായ എസ് കെ ഹരിനാഥുമായി കൂടിക്കാഴ്ച്ചയും സംഘടിപ്പിക്കും. മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന അക്ഷര മേള ജൂൺ 22നാണ് സമാപിക്കുക. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബുക്ക് സ്റ്റോറായ കേരള ബുക്ക് സ്റ്റോർ, മലയാള പുസ്തകങ്ങളുടെ വിപുലമായ ശ്രേണിയുമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വായനക്കാർക്ക് ഒപ്പമുണ്ട്.